
കാളികാവ്: ഗർഭാശയഗള അർബുദത്തിനെതിരേയുള്ള സൗജന്യ എച്ച്.പി.വി. വാക്സിനേഷൻ പദ്ധതിയിൽ കേരളത്തിന് ലക്ഷ്യം കൈവരിക്കാനായില്ല. വാക്സിനേഷന് അർഹരായ 2,68,864 പേരിൽ 1,70,791 പേർ മാത്രമാണ് ഇതുവരെ കുത്തിവെപ്പെടുത്തത്. 63.52 ശതമാനമാണ് സംസ്ഥാനത്തിന്റെ നേട്ടം.
കഴിഞ്ഞ ജനുവരിയിലാണ് സംസ്ഥാനത്ത് ഈ വാക്സിനേഷൻ തുടങ്ങിയത്. ആദ്യം മൂന്നുമാസത്തേക്കായിരുന്നു. പിന്നീട് രണ്ടുതവണയായി നീട്ടുകയായിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് വരെയുള്ള എട്ടുമാസത്തെ കണക്കിലാണ് കേരളം പിന്നിലായതായി വ്യക്തമായത്.
വാക്സിനേഷൻ നിരക്കിൽ ജില്ലകൾ തമ്മിൽ വലിയ അന്തരമുണ്ട്. 95.84 ശതമാനം നേട്ടവുമായി പത്തനംതിട്ടയാണ് മുന്നിൽ. 87.66 ശതമാനവുമായി കൊല്ലവും 85.37 ശതമാനവുമായി കോട്ടയവും തൊട്ടുപിന്നിലുണ്ട്. 30.78 ശതമാനം മാത്രം പൂർത്തിയാക്കിയ മലപ്പുറമാണ് ഏറ്റവും പിന്നിൽ. ജില്ലയിൽ ലക്ഷ്യമിട്ട 44,929 പേരിൽ 13,828 പേർ മാത്രമാണ് വാക്സിൻ സ്വീകരിച്ചത്.
14, 15 വയസ്സുള്ള പെൺകുട്ടികൾക്കായാണ് സർക്കാർ സൗജന്യമായി എച്ച്.പി.വി. വാക്സിൻ നൽകുന്നത്. സ്വകാര്യ ആശുപത്രികളിൽ 4000 മുതൽ 6500 രൂപവരെ ചെലവുവരുന്ന വാക്സിൻ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലൂടെ സൗജന്യമായി ലഭ്യമാക്കുന്നുണ്ടെങ്കിലും പ്രതികരണം പ്രതീക്ഷിച്ച തോതിലായിട്ടില്ല.
തെറ്റിദ്ധാരണകൾ തിരിച്ചടി
ഗർഭാശയഗള അർബുദത്തിന് പ്രധാന കാരണമാകുന്ന ഹ്യൂമൻ പാപ്പിലോമ വൈറസിൽനിന്ന് രോഗം വരുന്നതിനു മുൻപുതന്നെ പ്രതിരോധമൊരുക്കാൻ വാക്സിനിലൂടെ കഴിയും. എന്നാൽ വാക്സിനെക്കുറിച്ചുള്ള ആശങ്കകളും തെറ്റിദ്ധാരണകളും രക്ഷിതാക്കൾക്കിടയിലെ ബോധവത്കരണക്കുറവും പദ്ധതിക്ക് തിരിച്ചടിയായതായി ആരോഗ്യപ്രവർത്തകർ പറയുന്നു. പദ്ധതിയുടെ പ്രയോജനവും വാക്സിന്റെ സുരക്ഷയും സംബന്ധിച്ച ശാസ്ത്രീയവിവരങ്ങൾ രക്ഷിതാക്കളിലെത്തിക്കാൻ കൂടുതൽ ശക്തമായ ബോധവത്കരണ പ്രവർത്തനങ്ങൾ ആവശ്യമാണെന്നാണ് ആരോഗ്യരംഗത്തുള്ളവരുടെ അഭിപ്രായം.
| ജില്ലകളിലെ നേട്ടം (ശതമാനത്തിൽ)
പത്തനംതിട്ട-95.84 കൊല്ലം-87.66 കോട്ടയം-85.37 ആലപ്പുഴ-85.07 തിരുവനന്തപുരം-84.36 ഇടുക്കി-81.01 എറണാകുളം-74.93 തൃശ്ശൂർ-72.80 വയനാട്-71.49 കണ്ണൂർ-56.39 പാലക്കാട്-55.92 കോഴിക്കോട്-49.20 കാസർകോട്-44.05 മലപ്പുറം-30.78 |
Content Highlights: Misconceptions and lack of awareness among parents hinder Kerala's HPV vaccination efforts, necessitating stronger educational campaigns for better health outcomes.
Published: 05 Sept 2026, 11:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented