രു തീവണ്ടിയാത്രപോലെയാണ് ജീവിതമെന്ന് ദ്രൗപദി പറയും. “യാത്ര തുടങ്ങിയാൽ ഇറങ്ങുന്നതുവരെ തടസ്സമില്ലാതെ പോകണം. അതിനിടയിൽ പലതും സംഭവിക്കും. അതിനെയൊക്കെ യാത്രയുടെ ഭാഗമായി കാണണം. രോഗിയുടെ വിഷമം കുടുംബത്തിെന്റയും സമൂഹത്തിെന്റയും വിഷമമായി മാറാതിരുന്നാൽ ജീവിതയാത്ര ഉല്ലാസകരമാകും” -വേദന മറന്ന് ചിലങ്കകെട്ടിയാടുന്ന ദ്രൗപദി എൻ. നമ്പൂതിരിയുടെ വാക്കുകൾക്ക് 64-ന്റെ ചെറുപ്പം.

To advertise here,

അർബുദത്തോട് പോകാൻപറഞ്ഞ് തിരുവാതിരകളിയുടെയും മോഹിനിയാട്ടത്തിെന്റയും തിരക്കിലാണിപ്പോൾ ദ്രൗപദി. കലാപഠനത്തിനും ആസ്വാദനത്തിനും മുമ്പിൽ പ്രായവും രോഗവും മുട്ടുമടക്കുമെന്ന് അവർ തെളിയിച്ചു.

കണ്ണൂർ ചെറുതാഴം കൂലയിൽ കാരയ്ക്കാട്ടില്ലത്ത് ജനിച്ച കുട്ടിക്ക് നൃത്തപഠനം അന്ന് ബാലികേറാമലയായിരുന്നു. മുത്തച്ഛൻ വണ്ടിക്കൂലിയായി നൽകിയ 25 പൈസകൊണ്ട് ഒരുമാസം നൃത്തം പഠിച്ചു. പിന്നെ മതിയാക്കി. രോഗത്തിന്റെ വേദന മറക്കാനും മനസ്സിന്റെ ഉല്ലാസത്തിനുമായി വർഷങ്ങൾക്കുശേഷം വീണ്ടും നൃത്തച്ചുവടുകൾ വെച്ചു.

തിരുവനന്തപുരം പടിഞ്ഞാറേകോട്ടയിൽ കൗസ്തുഭത്തിൽ ശബരിമല മുൻ കീഴ്ശാന്തി ഡി.പി.നാരായണൻ നമ്പൂതിരിയുടെ ഭാര്യയായ ദ്രൗപദി അർബുദബാധിതയായത് 2017-ൽ. അന്ന് പാർവണം തിരുവാതിരകളി സംഘത്തിലെ അംഗമായിരുന്നു. ചികിത്സയ്ക്കിടെ ബുദ്ധിമുട്ടുണ്ടാക്കിയ ദിവസങ്ങളൊഴിച്ച് തിരുവാതിരകളിൽ വ്യാപൃതയായി. ആറ് കീമോതെറാപ്പി നടത്തി. ഇതിനിടെ മോഹിനിയാട്ടം ഓൺലൈനായി പഠിച്ചു. ഭർത്താവ് താങ്ങായി കൂടെനിന്നു. തിരുവനന്തപുരം എസ്.പി. മെഡിഫോർട്ട് ഹോസ്പിറ്റലിലെ ഡോ. ബോബൻ തോമസ് ആത്മബലം നൽകി.

അമ്മയുടെ മനസ്സ് വിഷാദത്തിലേക്ക് വഴുതിവീഴാതെ, മക്കളായ നിധീഷും നിധിനും മരുമക്കളും കൂടെനിന്നു. അമൃത രാധാകൃഷ്ണന്റെ ശിക്ഷണത്തിൽ മോഹിനിയാട്ടം അഭ്യസിച്ച ദ്രൗപദി 2021-ൽ കരിക്കകം ക്ഷേത്രത്തിൽ അരങ്ങേറ്റം നടത്തി. 2017-ൽ ലിംഫോമയെന്ന അർബുദത്തിനുപുറമേ 2023-ൽ സ്തനാർബുദവും പിടികൂടി. വീണ്ടും ആറ് കീമോയും സർജറിയും. കീമോയുടെ ഇടവേളകളിൽ മോഹിനിയാട്ടം തുടർന്നു. കളിക്ക് തടസ്സമുണ്ടാകാതിരിക്കാൻ ഡോക്ടർ പലതവണ കീമോയുടെ തീയതിപോലും മാറ്റിക്കൊടുത്തു.

ആറ്റുകാൽ ക്ഷേത്രം, പദ്മനാഭസ്വാമി ക്ഷേത്രം, ഗുരുവായൂർ ക്ഷേത്രം എന്നിവിടങ്ങളിൽ ദ്രൗപദി വേദനമറന്ന് ചിലങ്കകെട്ടി. 18 വയസ്സുമുതൽ 60 വയസ്സുവരെയുള്ളവർ പങ്കെടുക്കുന്ന തിരുവാതിര സംഘത്തിലും യോഗക്ഷേമസഭയുടെ പ്രവർത്തനങ്ങളിലും നിറസാന്നിധ്യം.