കൊച്ചി: ആയുർദൈർഘ്യം വർധിക്കുകയും മുതിർന്ന പൗരന്മാരുടെ എണ്ണം കൂടുകയും ചെയ്യുന്ന സാഹചര്യത്തിൽ ദീർഘവും ആരോഗ്യകരവുമായ ജീവിതത്തിനായി ഇപ്പോൾ തന്നെ ആരോഗ്യപദ്ധതികൾ ആവിഷ്കരിക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു.

To advertise here,

കൊച്ചി ഗ്രാൻഡ് ഹയാത്തിൽ ഇന്ത്യൻ കോളജ് ഓഫ് കാർഡിയോളജിയുടെ 33-ാമത് ദേശീയ സമ്മേളനമായ ഐസിസികോൺ 2026 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രമേഹം, ഉയർന്ന രക്തസമ്മർദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങൾ വർധിക്കുന്നത് ഹൃദ്രോഗ സാധ്യതയും ഉയർത്തുകയാണ്. മാറുന്ന ഭക്ഷണശീലങ്ങളും ജീവിതരീതികളും ഗൗരവമായി കാണണം. ചികിത്സയ്ക്കൊപ്പം രോഗപ്രതിരോധത്തിനും ഹൃദ്രോഗം നേരത്തേ കണ്ടെത്തുന്നതിനും കൂടുതൽ പ്രാധാന്യം നൽകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, നാനോടെക്നോളജി ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾ രോഗനിർണയത്തെയും ചികിത്സയെയും വലിയ തോതിൽ മാറ്റുകയാണ്. പുതിയ മരുന്നുകളും ചികിത്സാരീതികളും നിരന്തരമായ പഠനത്തിന് വിധേയമാവണം. ആരോഗ്യസംവിധാനവും സർക്കാരുകളും മെഡിക്കൽ സംഘടനകളും ഭാവിയിലെ ജനസംഖ്യാ-ആരോഗ്യ മാറ്റങ്ങൾ മുൻകൂട്ടി കണ്ട് പദ്ധതികൾ തയ്യാറാക്കുകയും വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇന്ത്യൻ കോളജ് ഓഫ് കാർഡിയോളജി (ഐ.സി.സി.) സ്ഥിരംക്ഷണിതാവും ലോക്സഭാംഗവുമായ ഡോ. സി.എൻ. മഞ്ജുനാഥ്, ദേശീയ പ്രസിഡന്റ് ഡോ. കെ.എച്ച്. ശ്രീനിവാസ, പ്രസിഡന്റ് ഇലക്ടും സയന്റിഫിക് കമ്മറ്റി ചെയർമാനുമായ ഡോ. എ. ജാബിർ; ടോണി ചമ്മണി എം എൽ എ; സെക്രട്ടറി ഡോ. സി.എം. നാഗേഷ്, ഓർഗനൈസിങ് ചെയർമാൻ ഡോ. കെ. സുരേഷ്, ഓർഗനൈസിങ് സെക്രട്ടറി ഡോ. വിനോദ് തോമസ്, ഡോ. പി.കെ. അശോകൻ; ഡോ. നടേശ് ബി.എച്ച് എന്നിവർ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിച്ചു.

ഹൃദ്രോഗ ചികിത്സ കൂടുതൽ കൃത്യവും രോഗിക്ക് അനുയോജ്യവുമാക്കുന്നതാണ് പുതിയ സാങ്കേതികവിദ്യകളെന്ന് ഡോ. എ. ജാബിർ പറഞ്ഞു. ഹൃദയധമനിയിലെ തടസ്സമുള്ള ഭാഗത്ത് മരുന്ന് നേരിട്ട് എത്തിക്കുന്ന ഡ്രഗ് കോട്ടഡ് ബലൂൺ ഉപയോഗിക്കുമ്പോൾ മറ്റൊരു സ്ഥിരം സ്റ്റെന്റ് സ്ഥാപിക്കേണ്ട ആവശ്യം പല രോഗികളിലും ഒഴിവാക്കാനാകും.

ഓപ്പൺ ഹാർട്ട് ശസ്ത്രക്രിയ കൂടാതെ കത്തീറ്ററിലൂടെ (നേരിയ ട്യൂബ് വഴി) തകരാറിലായ അയോർട്ടിക് വാൽവ് മാറ്റിവയ്ക്കുന്ന ട്രാൻസ്‌കത്തീറ്റർ അയോർട്ടിക് വാൽവ് റീപ്ലേസ്മെന്റ് (TAVR) ചികിത്സയും കൂടുതൽ രോഗികൾക്ക് പുതിയ സാധ്യതകൾ തുറക്കുകയാണ്, ഡോ. ജാബിർ പറഞ്ഞു.

പുതിയ മരുന്നുകൾ, ഇമേജിങ്, കത്തീറ്റർ അധിഷ്ഠിത സാങ്കേതികവിദ്യകൾ പുതിയ ചികിത്സാമാർഗങ്ങൾ എന്നിവ വർധിക്കുന്നതിനൊപ്പം

മരുന്നുകൾ, ഇമേജിങ്, കത്തീറ്റർ അധിഷ്ഠിത സാങ്കേതികവിദ്യകൾ എന്നിവ ഓരോ രോഗിക്കും ഏത് ചികിത്സ, ഏത് ഘട്ടത്തിൽ നൽകണമെന്ന ഡോക്ടറുടെ തീരുമാനം കൂടുതൽ നിർണായകമാവുകയാണെന്ന് ഓർഗനൈസിങ് ചെയർമാൻ ഡോ. കെ. സുരേഷ് പറഞ്ഞു.

മരുന്നുകൾ കഴിച്ചിട്ടും നിയന്ത്രണത്തിലാകാത്ത ഉയർന്ന രക്തസമ്മർദത്തിന്റെ കാരണങ്ങൾ കണ്ടെത്തുന്നതിനും പുതിയ ചികിത്സാമാർഗങ്ങൾ തിരഞ്ഞെടുക്കുന്നതിനും സമ്മേളനം പ്രാധാന്യം നൽകുന്നുണ്ടെന്ന് ഓർഗനൈസിങ് സെക്രട്ടറി ഡോ. വിനോദ് തോമസ് പറഞ്ഞു.

രക്തസമ്മർദം ഫലപ്രദമായി നിയന്ത്രിക്കുന്നത് ഹൃദയാഘാതം, പക്ഷാഘാതം, ഹൃദയസ്തംഭനം എന്നിവയ്ക്കുള്ള സാധ്യത ഗണ്യമായി കുറയ്ക്കാൻ സാധിക്കും. ഇതിനായി പുതിയ മരുന്നുകൾക്കൊപ്പം രോഗികളിൽ കത്തീറ്റർ ചികിത്സയുടെ സാധ്യതയും വിദഗ്ധർ വിലയിരുത്തുന്നുണ്ട്, അദ്ദേഹം പറഞ്ഞു.

രക്തം കട്ടപിടിച്ച് ശ്വാസകോശത്തിലേക്കുള്ള രക്തയോട്ടം പെട്ടെന്ന് തടസ്സപ്പെടുന്ന പൾമണറി എംബോളിസവും സമ്മേളനത്തിലെ പ്രധാന ചർച്ചാവിഷയമാണ്. രോഗിയുടെ അവസ്ഥയനുസരിച്ച് രക്തക്കട്ട അലിയിക്കുന്ന മരുന്നുകൾ മുതൽ കത്തീറ്റർ ചികിത്സ വരെ ഉപയോഗിക്കാം. രോഗാവസ്ഥ നേരത്തേ തിരിച്ചറിഞ്ഞ് സമയം നഷ്ടപ്പെടുത്താതെ ശരിയായ ചികിത്സ തിരഞ്ഞെടുക്കുന്നത് നിർണായകമാണെന്ന് ഡോ. വിനോദ് തോമസ് പറഞ്ഞു.

മൂന്നുദിവസത്തെ ശാസ്ത്രസമ്മേളനത്തിൽ നിയന്ത്രണാതീതമായ രക്തസമ്മർദം, ഹൃദയസ്തംഭനം, ഗുരുതര ഹൃദയാഘാതം, സങ്കീർണ ഹൃദയധമനി രോഗങ്ങൾ എന്നിവയിലെ ചികിത്സാ തീരുമാനങ്ങൾ വിദഗ്ധർ വിലയിരുത്തും. കാൽസ്യം കൂടുതലായി അടിഞ്ഞതും പൂർണമായി അടഞ്ഞതുമായ ഹൃദയധമനികളിലെ ആധുനിക ആൻജിയോപ്ലാസ്റ്റി, ഇമേജിങ് സഹായത്തോടെയുള്ള ചികിത്സ, ഡ്രഗ് കോട്ടഡ് ബലൂണുകളുടെ പുതിയ സാധ്യതകൾ എന്നിവ പ്രത്യേക സെഷനുകളിൽ ചർച്ചകൾ നടക്കുന്നുണ്ട്.

ഹൃദയമിടിപ്പിലെ തകരാറുകൾ, ഹൃദയത്തിന്റെ ഘടനയെയും വാൽവുകളെയും ബാധിക്കുന്ന രോഗങ്ങൾ എന്നിവ ആദ്യ ദിവസം പ്രധാന ചർച്ചാവിഷയങ്ങളായി. വെൻട്രിക്കുലാർ ടാക്കികാർഡിയ, ലീഡ്‌ലെസ് പേസ്മേക്കർ, അയോർട്ടിക് വാൽവ് രോഗത്തിനുള്ള പുതിയ ചികിത്സകൾ, കാർഡിയാക് ഇമേജിങ് എന്നിവയിൽ പ്രത്യേക സെഷനുകൾ നടന്നു. പൾമണറി എംബോളിസത്തിൽ ഏതൊക്കെ രോഗികൾക്ക് രക്തക്കട്ട അലിയിക്കുന്ന മരുന്ന് നൽകണം, എപ്പോൾ കത്തീറ്റർ ചികിത്സ തിരഞ്ഞെടുക്കണം തുടങ്ങിയ നിർണായക ചികിത്സാ തീരുമാനങ്ങളും ചർച്ചയായി.

നാനോടെക്നോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ പുതിയ മേഖലകളും ശാസ്ത്ര പരിപാടിയുടെ ഭാഗമാണ്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മുന്നൂറിലധികം ഹൃദ്രോഗ വിദഗ്ധർക്കൊപ്പം ജർമനി, അമേരിക്ക, മലേഷ്യ, ശ്രീലങ്ക, ബ്രൂണൈ എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധരും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.