കൊച്ചി: ചിലന്തിയുടെ കടിയേറ്റ പീറ്റർ പാർക്കർ ’സ്പൈഡർമാനാ’യി മാറിയത് എഴുത്തുകാരൻ സ്റ്റാൻലീയുടെയും ആർട്ടിസ്റ്റ് സ്റ്റീവ് ഡിറ്റ്‌കോയുടെയും അതിസുന്ദരമായ ഭാവനയായിരുന്നു. ആ ഭാവനയ്ക്കപ്പുറമുള്ള ’വിഷവഴി’കളിലൂടെ സഞ്ചരിച്ച മലയാളി ഗവേഷകരുൾപ്പെട്ട സംഘം കണ്ടെത്തിയത് ചിലന്തിവിഷത്തിലെ പ്രോട്ടീനുകൾ, അതും കാൻസർ കോശങ്ങളെപ്പോലും നശിപ്പിക്കാൻ ശേഷിയുള്ളവ. സ്റ്റെഗോഡിഫസ് സരസിനോറം എന്ന ചിലന്തികളുടെ വിഷഗ്രന്ഥിയെക്കുറിച്ചുള്ള പഠനത്തിലാണ് ഔഷധമൂല്യമുള്ള ഘടകങ്ങൾ കണ്ടെത്തിയത്.

To advertise here,

പട്ടാമ്പി ഗവ. കോളേജിലെ സുവോളജിവിഭാഗം പ്രൊഫസർ ഡോ. എ.പി. അജയകുമാറിന്റെ നേതൃത്വത്തിലായിരുന്നു ഈ ഗവേഷണം. അദ്ദേഹത്തിന്റെ ശിഷ്യരടക്കം പന്ത്രണ്ട് ഇന്ത്യൻ ഗവേഷകർ ഇതിൽ പങ്കാളികളായി. അന്താരാഷ്ട്ര ശാസ്ത്ര ജേണലായ നെയ്ച്ചർ സയന്റിഫിക്സ് റിപ്പോർട്ട്‌സിന്റെ പുതിയ ലക്കത്തിൽ ഈ പഠനം പ്രസിദ്ധീകരിച്ചു.

ഇന്ത്യയിൽ വ്യാപകമായി കാണപ്പെടുന്ന ചിലന്തിവർഗമാണ് കോളനികളായി കൂടുണ്ടാക്കി ജീവിക്കുന്ന സ്റ്റെഗോഡിഫസ് സരസിനോറം.

പുളിയുറുമ്പുകളുടെ കൂടുപോലുള്ളവയിൽ നൂറിലേറെ ചിലന്തികൾ വരെയുണ്ടാകും. പാലക്കാട് അട്ടപ്പാടി, കുമ്പിടി, തൃശ്ശൂർ പുല്ലൂറ്റ് എന്നിവിടങ്ങളിൽ നിന്നാണ് ചിലന്തികളെ ശേഖരിച്ചത്. ഐ.ഐ.ടി. ബോംബെയുൾപ്പെടെയുള്ള കേന്ദ്രങ്ങളിലായിരുന്നു ഇവയുടെ വിശകലനങ്ങൾ. കാൻസർ, ബാക്ടീരിയൽ രോഗങ്ങൾ എന്നിവയ്‌ക്കെതിരേയുള്ള പുതിയ മരുന്നുകളുടെ നിർമാണത്തിന്റെ സാധ്യതകളിലേക്ക് വിരൽ ചൂണ്ടുന്നതാണീ ഗവേഷണം.

പ്രധാന കണ്ടെത്തലുകൾ

32 പ്രോട്ടീനുകളും 31 പ്രോട്ടീൻ ഘടകങ്ങളും കണ്ടെത്തി. കാൻസർ ഇമ്മ്യുണോ തെറാപ്പിയിലും ആന്റിബയോട്ടിക്കുകളുടെ വികസനത്തിലും നിലവിൽ ഉപയോഗിച്ചുവരുന്ന പ്രോട്ടീനുകളും ഇതിലുണ്ട്.

അമിനോ ആസിഡുകൾ, ബയോജെനിക് അമീനുകൾ, ഓർഗാനിക് ആസിഡുകൾ ഉൾപ്പെടെ 81 സുപ്രധാന മെറ്റബോളൈറ്റുകൾ കണ്ടെത്തി.

കാൻസർ ഗവേഷണങ്ങൾക്കും ഔഷധപരീക്ഷണങ്ങൾക്കുമായി ഉപയോഗിക്കുന്ന ഡാൽട്ടൺസ് ലിംഫോമ അസൈറ്റീസ് കാൻസർ കോശങ്ങൾക്കെതിരേ ഈ വിഷഗ്രന്ഥി വലിയതോതിലുള്ള കോശനാശകശേഷി കാണിക്കുകയും മികച്ച ആന്റിഓക്‌സിഡന്റ് ശേഷി പ്രകടിപ്പിക്കുകയും ചെയ്തു.

ഗവേഷകസംഘം

പട്ടാമ്പി ശ്രീ നീലകണ്ഠ സർക്കാർ സംസ്‌കൃത കോളേജ് സുവോളജി വിഭാഗത്തിൽ ഡോ. എ.പി. അജയകുമാറിന്റെ മാർഗ്ഗനിർദ്ദേശത്തിൽ ഗവേഷണം നടത്തുന്ന വീണ വേണുഗോപാൽ, ഗവേഷക വിദ്യാർഥി എം.കെ. രോഹിത്, നാട്ടിക എസ്.എൻ. കോളേജിലെ ഡോ. വി.എസ്. ബിനിത, കോഴിക്കോട് ദേവഗിരി സെയ്ന്റ് ജോസഫ്‌സ് കോളേജിലെ ഡോ. അരുണാക്ഷരൻ നാരായണൻ കുട്ടി, കാലിക്കറ്റ് സർവകലാശാലയിലെ പ്രൊഫ. വൈ. ഷീബു വർധനൻ, കോയമ്പത്തൂർ പി.എസ്.ജി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വൻസ്ഡ് സ്റ്റഡീസിലെ രാജേഷ് ഉണ്ണത്ത്പാടി, ഡോ. ബിജി പുള്ളിത്തടത്തിൽ, ആന്ധ്രപ്രദേശ് ഗീതം സർവകലാശാലയിലെ തേജ ബോലിസെട്ടി, ഡോ. രാജ്ദീപ് ദാസ്, യു.എ.ഇ. അജ്മാൻ സർവകലാശാലയിലെ ഡോ. സൂധർ രാമവർമ്മ, ഡോ. കെ.എൻ. ജയരാജ്.