എഗ് ഫ്രീസിങ് ചെയ്തതിനേക്കുറിച്ചു തുറന്നുപറഞ്ഞ് നടി സുരഭി ലക്ഷ്മി. ഈ പ്രായത്തിൽ എടുത്ത ഏറ്റവും വലിയ തീരുമാനമാണ് ഇതെന്നും സുരഭി പറഞ്ഞു. സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് സുരഭി ഇതേക്കുറിച്ചു പങ്കുവെച്ചത്.
ഇരുപതുകളിലും മുപ്പതുകളിലുമൊക്കെ ചെയ്യേണ്ട കാര്യമായിരുന്നു ഇത്. ശരിയായ പങ്കാളി ഇന്നോ, നാളെയോ വരും എന്നു കരുതി നീണ്ടുപോയതാണെന്നും നടി പറഞ്ഞു. എഗ് ഫ്രീസിങ് ചെയ്യാൻ പൊതുവേയുള്ള കാരണങ്ങളേക്കുറിച്ചും സുരഭി പങ്കുവെച്ചിട്ടുണ്ട്.
എഗ് ഫ്രീസിങ്ങിനേക്കുറിച്ച്
അണ്ഡങ്ങൾ പിൽക്കാലത്തേക്കുള്ള ഗർഭധാരണത്തിനായി സൂക്ഷിച്ചുവെയ്ക്കുന്ന പ്രക്രിയയാണ് എഗ് ഫ്രീസിങ്. കീമോതെറാപ്പി, റേഡിയേഷൻ പോലുള്ള ചികിത്സകൾക്ക് വിധേയമായി പ്രത്യുത്പാദനശേഷിക്ക് തകരാർ സംഭവിച്ചവർക്കും നിലവിൽ ഗർഭം ധരിക്കാൻ ആഗ്രഹിക്കാത്തവർക്കുമാണ് എഗ് ഫ്രീസിങ് പ്രയോജനപ്പെടുത്താനാവുക എന്നാണ് അമേരിക്കൻ സൊസൈറ്റി ഓഫ് റീപ്രൊഡക്റ്റീവ് മെഡിസിൻ പറയുന്നത്. ഒരു വ്യക്തിയുടെ ഭാവിലെ പ്രത്യുത്പാദന ശേഷി സംരക്ഷിക്കുന്നതിനായി അണ്ഡങ്ങൾ വേർതിരിച്ചെടുക്കാനും ശീതീകരിച്ച് സൂക്ഷിക്കാനുമുള്ള ഒരു വൈദ്യശാസ്ത്ര നടപടിയാണിത്.
ഒന്നിലധികം പൂർണവളർച്ചയെത്തിയ അണ്ഡങ്ങൾ ഉത്പ്പാദിപ്പിക്കാൻ അണ്ഡാശയത്തെ സഹായിക്കുന്നതിനായി 10 മുതൽ 12 ദിവസം വരെ ദിവസേന ഹോർമോൺ കുത്തിവയ്പ്പുകൾ എടുക്കുന്നതാണ് ഇതിന്റെ ആദ്യഘട്ടം. ശേഷം ഫോളിക്കിളിന്റെ വളർച്ച നിരീക്ഷിക്കുന്നതിനായി 3 മുതൽ 6 തവണ രക്തപരിശോധനയും അൾട്രാസൗണ്ട് സ്കാനിങ്ങും ചെയ്യണം. 20 മുതൽ 30 മിനിറ്റ് വരെ നീണ്ടുനിൽക്കുന്ന ചെറിയ സർജിക്കൽ പ്രക്രിയയിലൂടെ അണ്ഡാശയത്തിൽ നിന്ന് അണ്ഡങ്ങൾ ശേഖരിക്കും. അതേദിവസം തന്നെ അണ്ഡങ്ങളെ ഫ്രീസ് ചെയ്യും.
ഗർഭധാരണത്തിനായി തയ്യാറാകുമ്പോൾ ഫ്രീസ് ചെയ്തിരിക്കുന്ന അണ്ഡങ്ങൾ പ്രത്യേക ചൂടുള്ള ദ്രാവകത്തിൽ വച്ച് പരിശോധിക്കും. ഈ പ്രക്രിയയെ സുരക്ഷിതമായി അതിജീവിച്ച അണ്ഡങ്ങളെ ഇൻട്രാസൈറ്റോപ്ലാസ്മിക് സ്പേം ഇൻജക്ഷൻ (ICSI) വഴി ബീജസങ്കലനം നടത്തും. ഇതിൽ ഒരു ബീജത്തെ നേരിട്ട് അണ്ഡത്തിലേക്ക് കുത്തിവയ്ക്കുകയാണ് ചെയ്യുക. ശേഷം ഭ്രൂണം തയ്യാറാകുന്നതോടെ ഗർഭപാത്രത്തിലേക്കുമാറ്റും.
37 വയസ്സിനു മുമ്പ് അണ്ഡങ്ങൾ ശീതീകരിക്കുന്നത് വിജയനിരക്ക് കൂട്ടും. കാരണം ഈ പ്രായത്തിൽ അണ്ഡങ്ങളുടെ ഗുണനിലവാരവും അളവും കൂടുതലായിരിക്കും.
ആർക്കെല്ലാം ഉപകാരപ്പെടും ?
- ഗർഭധാരണശേഷിയെ ബാധിച്ചേക്കാവുന്ന കീമോതെറാപ്പിയും പെൽവിക് റേഡിയേഷൻ തെറാപ്പി തുടങ്ങിയവ ആവശ്യമുള്ള കാൻസർബാധിതരായ സ്ത്രീകൾ.
- അണ്ഡാശയത്തിന് കേടുപാടുകൾ വരുത്തിയേക്കാവുന്ന ശസ്ത്രക്രിയ ചെയ്യുന്ന സാഹചര്യങ്ങളിൽ.
- ക്രോമസോം തകരാറുകൾ (ഉദാ: ടർണർ സിൻഡ്രോം, ഫ്രജൈൽ എക്സ് സിൻഡ്രോം) മൂലം അണ്ഡാശയത്തിന് നേരത്തേ തകരാറുകൾ ഉണ്ടാകാൻ സാധ്യതയുള്ളപ്പോൾ
- അണ്ഡാശയത്തിന് കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുള്ള അണ്ഡാശയ രോഗമുള്ളപ്പോൾ.
- അണ്ഡാശയം നീക്കം ചെയ്യേണ്ടി വരുമ്പോൾ.
Content Highlights: Surabhi Lakshmi opens up about her egg freezing decision, sharing insights on social media about the process and its significance for future pregnancy.
Published: 14 Sept 2026, 01:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented