ബെംഗളൂരുവിൽ വ്യാജകാൻസർ മരുന്നുകൾ വിൽക്കുന്ന സംഘത്തിനെതിരേ അന്വേഷണം. നഗരത്തിലെ 90-ലേറെ ആശുപത്രികളിലും ക്ലിനിക്കുകളിലുമായി വ്യാജമരുന്നുകൾ വിതരണം ചെയ്തിട്ടുണ്ടെന്ന സംശയത്തിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം. ബെംഗളൂരു പോലീസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമും (എസ്‌ഐടി) ഡ്രഗ്സ് കൺട്രോൾ വകുപ്പും സംയുക്തമായാണ് അന്വേഷണം നടത്തിയത്. ശൃംഖലയുടെ ഭാഗമെന്ന് സംശയിക്കുന്ന കൃപ ഹെൽത്ത് കെയർ ഫാർമസി ഉടമ വീരേഷ് കുമാർ ജെയ്ൻ അറസ്റ്റിലായി.

To advertise here,

മിനർവ സർക്കിളിന് സമീപമുള്ള കൃപ ഹെൽത്ത് കെയറിൽ നടത്തിയ റെയ്ഡിൽ വൻതോതിൽ വ്യാജമരുന്നുകളെന്ന് സംശയിക്കുന്നവ പിടിച്ചെടുത്തു. ഇതോടെയാണ് അന്വേഷണം മറ്റിടങ്ങളിലേക്കും വ്യാപിപ്പിച്ചത്. കാൻസർ മരുന്നുകൾ, ജീവൻരക്ഷാ മരുന്നുകൾ, ഐസിയു കുത്തിവയ്പ്പുകൾ തുടങ്ങിയവ ആശുപത്രികൾക്കും ക്ലിനിക്കുകൾക്കും മെഡിക്കൽ ഷോപ്പുകൾക്കും 50 ശതമാനം വരെ വിലക്കിഴിവിൽ നൽകുന്നുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നത്.

കാലഹരണപ്പെട്ട മരുന്നുകളുടെ ലേബലുകൾ മാറ്റി ഉയർന്ന നിരക്കിനു വിൽക്കുന്ന രീതിയുമുണ്ട്. മരുന്നുകൾ സൂക്ഷിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള കേന്ദ്രമായി കൃപ ഹെൽത്ത് കെയർ ഉപയോഗിച്ചിരുന്നതായാണ് അധികൃതർ സംശയിക്കുന്നത്. ഇവിടെനിന്നാണ് മെഡിക്കൽ ഷോപ്പുകളിലേക്കും ആശുപത്രികളിലേക്കും ക്ലിനിക്കുകളിലേക്കും മരുന്നുകൾ അയച്ചിരുന്നത്. മരുന്നുകളുടെ വിതരണം എളുപ്പമാക്കാൻ 15-ലധികം മെഡിക്കൽ റെപ്രസെന്റേറ്റീവുകൾ സഹായിച്ചതായും സംശയിക്കുന്നുണ്ട്. 

ആഗസ്റ്റ് 18-ന് ബെംഗളൂരു സൗത്ത് ജില്ലയിലെ ബിഡദി, ഡോഡേരി പ്രദേശങ്ങളിലെ ഒരു ഫാംഹൗസിൽ നടത്തിയ റെയ്ഡിൽ ഏകദേശം 5 കോടി രൂപ വിലമതിക്കുന്ന വ്യാജമരുന്നുകൾ അധികൃതർ പിടിച്ചെടുത്തിരുന്നു. ഈ റെയ്ഡിനെ തുടർന്ന് അന്വേഷണം വ്യാപിപ്പിച്ച അധികൃതർ, കർണാടക, ഹരിയാന, ഹിമാചൽ പ്രദേശ്, തമിഴ്‌നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ 10-ലധികം സ്ഥലങ്ങളിൽ ഒരേസമയം പരിശോധന നടത്തുകയും ചെയ്തിരുന്നു. പിന്നാലെയാണ് കൃപ ഹെൽത്ത് കെയറിലേക്കും അന്വേഷണമെത്തിയത്.

വ്യാജമരുന്നുകൾ ലഭിച്ചിട്ടുണ്ടായേക്കാവുന്ന ആശുപത്രികളും മറ്റ് ക്ലിനിക്കുകളും ഏതൊക്കെയാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് എസ്‌ഐടിയും ഡ്രഗ്സ് കൺട്രോൾ വകുപ്പും.