ബയോഹാക്കറും അമേരിക്കൻ കോടീശ്വരനുമായ ബ്രയാൻ ജോൺസണ് ഗുരുതരമായ രോഗബാധയെന്ന് റിപ്പോർട്ട്. ശരീരം സ്വയം നശിക്കുന്ന തരത്തിലുള്ള ഓട്ടോഇമ്മ്യൂൺ ഗ്യാസ്ട്രൈറ്റിസ് എന്ന രോഗാവസ്ഥയിലാണ് താനെന്ന് അദ്ദേഹം തന്നെയാണ് എക്സിലൂടെ വെളിപ്പെടുത്തിയത്.
ലോകത്തിൽ ഏറ്റവും കൂടുതൽ ആരോഗ്യപരിശോധനകൾക്ക് വിധേയനാകുന്ന വ്യക്തി എന്ന് അറിയപ്പെടുന്ന 48 കാരനായ ബ്രയാൻ ജോൺസൺ, തന്റെ വയർ സ്വയം തിന്നുകൊണ്ടിരിക്കുകയാണെന്നാണ് (മൈ സ്റ്റൊമക് ഈസ് ഈറ്റിങ് ഇറ്റ്സെൽഫ്) അസുഖത്തിനെ വിശേഷിപ്പിച്ചത്.
എന്താണ് ഓട്ടോഇമ്മ്യൂൺ ഗ്യാസ്ട്രൈറ്റിസ് ?
ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം സ്വന്തം കോശങ്ങളെത്തന്നെ ശത്രുവായി കണ്ട് ആക്രമിക്കുന്ന അവസ്ഥയാണിത്. ഈ രോഗം ബാധിക്കുന്നതോടെ വയറ്റിലെ ആസിഡ് ഉത്പാദിപ്പിക്കുന്ന കോശങ്ങളെ പ്രതിരോധ സംവിധാനം നശിപ്പിക്കുന്നു. ഇത് താഴെ പറയുന്ന ഗുരുതര പ്രശ്നങ്ങളിലേക്ക് നയിക്കാം:
-
പോഷകാഹാരക്കുറവ്: വിറ്റാമിൻ B12, ഇരുമ്പ് എന്നിവ ശരീരം ആഗിരണം ചെയ്യുന്നത് തടസ്സപ്പെടുന്നു.
-
വിളർച്ച: ദീർഘകാലമായി ഇരുമ്പ് ശരീരത്തിൽ ആകിരണം ചെയ്യപ്പെടാത്ത അവസ്ഥയുണ്ടാകുന്നു.
-
കാൻസർ സാധ്യത: ദീർഘനാൾ ഇവ തുടരുന്നത് വയറ്റിലെ കാൻസർ സാധ്യത വർദ്ധിപ്പിക്കുന്നു.
ബ്രയാൻ ജോൺസന്റെ വെളിപ്പെടുത്തൽ
കുട്ടിക്കാലത്തെ മോശം ഭക്ഷണരീതികളും കരിയറിന്റെ തുടക്കത്തിലുണ്ടായ കടുത്ത മാനസിക സമ്മർദ്ദവും വിഷാദരോഗവുമെല്ലാം ഈ അവസ്ഥയ്ക്ക് കാരണമായിട്ടുണ്ടാകാമെന്ന് ബ്രയാൻ പറയുന്നു. 21-ാം വയസ്സിൽ അദ്ദേഹത്തിന് തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുന്ന രോഗം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വയറിനെ ബാധിക്കുന്ന AIG-യും സ്ഥിരീകരിച്ചത്.
‘കഴിഞ്ഞ 11 വർഷമായി എന്റെ ശരീരത്തിൽ ഫെറിറ്റിൻ (ഇരുമ്പിന്റെ അളവ്) വളരെ കുറവായിരുന്നു. ഭക്ഷണത്തിലൂടെയും സപ്ലിമെന്റുകളിലൂടെയും ഇത് വർദ്ധിപ്പിക്കാൻ എത്ര ശ്രമിച്ചിട്ടും പരാജയപ്പെട്ടു. എന്തുകൊണ്ടാണ് ഇരുമ്പ് ശരീരത്തിൽ പിടിക്കാത്തതെന്ന് ഇപ്പോഴാണ് മനസ്സിലായത്’- ബ്രയാൻ ജോൺസൺ കുറിച്ചു.
നിലവിലെ വൈദ്യശാസ്ത്രത്തിൽ രോഗത്തിന് പൂർണ്ണമായ ഒരു പരിഹാരമില്ലെന്നും ലക്ഷണങ്ങളെ നിയന്ത്രിക്കാൻ മാത്രമേ സാധിക്കൂ എന്നുമാണ് ഡോക്ടർമാർ പറയുന്നത് ബ്രായാൻ കുറിച്ചു. എന്നാൽ ഇതിനൊരു ശാസ്ത്രീയ പരിഹാരം കണ്ടെത്താൻ താൻ ശ്രമിക്കുമെന്നും അതിന്റെ വിവരങ്ങൾ ലോകവുമായി പങ്കുവെക്കുമെന്നും ബ്രയാൻ കൂട്ടിച്ചേർത്തു.
ലോകജനസംഖ്യയിൽ 2 മുതൽ 5 ശതമാനം വരെ ആളുകളിൽ ഈ രോഗം ഉണ്ടാകാമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ലക്ഷണങ്ങൾ പ്രകടമല്ലാത്തതിനാൽ പലരിലും ഇത് കൃത്യസമയത്ത് തിരിച്ചറിയാറില്ല എന്നതാണ് പ്രധാന വെല്ലുവിളി.
Content Highlights: Millionaire biohacker Bryan Johnson has revealed he is suffering from Autoimmune Gastritis, a condition where the body's immune system attacks stomach cells, severely impacting iron absorption.
Published: 02 Jul 2026, 02:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented