പ്രവർത്തനത്തിന്റെ പത്ത് വർഷം പൂർത്തിയാക്കുന്ന വേളയിൽ തിരുവനന്തപുരം ജില്ലയ്ക്ക് പുറത്തേക്കും സേവനം വ്യാപിപ്പിക്കാൻ ഹിന്ദ്ലാബ്സ്. എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ പുതിയ ഡയഗ്നോസ്റ്റിക് സെന്ററുകളും സ്പെഷ്യാലിറ്റി ക്ലിനിക്കുകളും ആരംഭിക്കാനാണ് പദ്ധതി. 2016 സെപ്റ്റംബർ ഏഴിന് തിരുവനന്തപുരം മെഡിക്കൽ കോളേജിന് എതിർവശത്തെ ട്രിഡ സോപാനം ബിൽഡിംഗിലാണ് കേന്ദ്രം പ്രവർത്തനം ആരംഭിച്ചത്. ഇതുവരെ തിരുവനന്തപുരത്തുനിന്നും സമീപ ജില്ലകളിൽനിന്നുമായി 15 മുതൽ 16 ലക്ഷം വരെ പേർ ഹിന്ദ്ലാബ്സിന്റെ സേവനങ്ങൾ പ്രയോജനപ്പെടുത്തിയതായാണ് കണക്ക്.

To advertise here,

മൈക്രോബയോളജി, ഹീമറ്റോളജി, ക്ലിനിക്കൽ പഥോളജി, ബയോകെമിസ്ട്രി, സെറോളജി, ഇമ്മ്യൂണോ കെമിസ്ട്രി തുടങ്ങിയ വിഭാഗങ്ങളിലെ വിവിധ ലബോറട്ടറി പരിശോധനകൾക്കു പുറമെ ഇസിജി, അൾട്രാസൗണ്ട്, എക്സ്റേ, ട്രെഡ്മിൽ ടെസ്റ്റ്, പൾമണറി ഫങ്ഷൻ ടെസ്റ്റ് തുടങ്ങിയവയും വിദഗ്ധ ഡോക്ടർമാരുടെ ഒ.പി. കൺസൾട്ടേഷനുകളും ഹിന്ദ്ലാബ്സ് നൽകുന്നു. മുതിർന്ന പൗരന്മാർ, അനീമിയ, തൈറോയ്ഡ്, പ്രീഡയബറ്റിസ്, വിവിധ ഘട്ടങ്ങളിലെ പ്രമേഹം എന്നിവയ്ക്കുള്ള ആരോഗ്യ പരിശോധനാ പാക്കേജുകളും ലഭ്യമാണ്.

സ്വകാര്യ ഡയഗ്നോസ്റ്റിക് കേന്ദ്രങ്ങളിലെ നിരക്കുകളെ അപേക്ഷിച്ച് പാക്കേജുകൾക്ക് 40 മുതൽ 60 ശതമാനം വരെ കുറവാണ് ഹിന്ദ്ലാബ്സിലെ നിരക്കുകൾ. 2017-ൽ രണ്ട് കേന്ദ്രങ്ങളുമായി ആരംഭിച്ച സാമ്പിൾ ശേഖരണ ശൃംഖല ഇപ്പോൾ തിരുവനന്തപുരത്ത് 23 കേന്ദ്രങ്ങളിലെത്തി. 2021-ൽ എൻ.എ.ബി.എൽ അംഗീകാരം നേടിയ ഹിന്ദ്ലാബ്സിന് അംഗീകാരമുള്ള 113 പരിശോധനകളുണ്ട്. ലാബിലെത്താൻ കഴിയാത്തവർക്കായി വീടുകളിലെത്തി സാമ്പിൾ ശേഖരിക്കുന്ന സേവനവുമുണ്ട്.

വിപുലീകരണത്തിന്റെ ഭാഗമായി ഉള്ളൂരിൽ ഫിസിയോതെറാപ്പി ആൻഡ് റീഹാബിലിറ്റേഷൻ സെന്ററും ഹിന്ദ്ലാബ്സ് കേന്ദ്രത്തിൽ ബോൺ മിനറൽ ഡെൻസിറ്റോമെട്രി, മാമോഗ്രാഫി സേവനങ്ങളും ഈ വർഷം ആരംഭിക്കും. തിരുവനന്തപുരം കോർപ്പറേഷനുമായി സഹകരിച്ച് 50 പുതിയ രക്തസാമ്പിൾ ശേഖരണ കേന്ദ്രങ്ങളും എംആർഐ, സി.ടി, യു.എസ്.ജി, എക്സ്റേ, എക്കോ തുടങ്ങിയ സേവനങ്ങളുള്ള സമഗ്ര ഡയഗ്നോസ്റ്റിക് സെന്ററും ആരംഭിക്കാനും പദ്ധതിയുണ്ട്. നഴ്സിംഗ്, കെയർഗിവിംഗ്, ഫിസിയോതെറാപ്പി, റീഹാബിലിറ്റേഷൻ, ഡോക്ടർ കൺസൾട്ടേഷൻ, മരുന്ന് മാനേജ്മെന്റ്, പാലിയേറ്റീവ്, വയോജന പരിചരണം, ആംബുലൻസ് തുടങ്ങിയ സേവനങ്ങൾ ഉൾപ്പെടുന്നതാണ് ഹിന്ദ് ലാബ്സിന്റെ സമഗ്ര ഹോം ഹെൽത്ത്കെയർ പദ്ധതി.

2008-ൽ ന്യൂഡൽഹിയിൽ ആരംഭിച്ച ഹിന്ദ്ലാബ്സ് ഇന്ന് രാജ്യത്താകെ 230-ലേറെ കേന്ദ്രങ്ങളുള്ള ശൃംഖലയായി വളർന്നിട്ടുണ്ട്. കേരളത്തിലെ അഞ്ച് മെഡിക്കൽ കോളേജുകളിലും ജില്ലാ, താലൂക്ക് ആശുപത്രികളിലും ഹിന്ദ്ലാബ്സ് എംആർഐ, സി.ടി, അൾട്രാസൗണ്ട് ഉൾപ്പെടെയുള്ള ഡയഗ്നോസ്റ്റിക് സേവനങ്ങൾ നൽകി വരുന്നു.