മുൻ അഫ്ഗാൻ ക്രിക്കറ്റ് താരം ഷപൂർ സാദ്രാൻ മാരക‌രോഗത്തോട് മല്ലിട്ട് ചികിത്സയിൽ. പ്രതിരോധ സംവിധാനത്തെ തകരാറിലാക്കുന്ന മാരകമായ ഹീമോഫാഗോസൈറ്റിക് ലിംഫോ ഹിസ്റ്റിയോസിസ്റ്റോസിസ് (HLH) എന്ന രോഗമാണ് ഷപൂറിനെ കീഴടക്കിയത്.

To advertise here,

ജനുവരിയിലാണ് ന്യൂഡൽഹിയിലെ ആശുപത്രിയിൽ ഷപൂറിനെ പ്രവേശിപ്പിച്ചത്. ഗുരുതരമായ അണുബാധയാണ് ഷപൂറിനെ ബാധിച്ചതെന്നും ശരീരം മുഴുവൻ അണുബാധ വ്യാപിച്ചെന്നും ഷപൂറിന്റെ സഹോദരൻ ഗമായ് സാദ്രാൻ മാധ്യമങ്ങളോട് പറഞ്ഞു. ട്യൂബർക്കുലോസിസും ഷപൂറിനെ ബാധിച്ചിട്ടുണ്ട്. ഇത് മസ്തിഷ്കത്തിലേക്ക് അടക്കം വ്യാപിച്ചെന്ന് സ്കാനിങ്ങിൽ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.

തുടക്കത്തിൽ ചികിത്സയോട് പ്രതികരിച്ചിരുന്ന ഷപൂറിനെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തിരുന്നു. എന്നാൽ, ഇരുപത് ദിവസത്തിനുള്ളിൽ വീണ്ടും അണുബാധ സ്ഥിരീകരിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

എന്താണ് ഹീമോഫാഗോസൈറ്റിക് ലിംഫോഹിസ്റ്റിയോസിസ്റ്റോസിസ് (HLH) ?

പൊതുവേ നവജാതശിശുക്കളേയും ചെറിയ കുട്ടികളേയും ബാധിക്കുന്ന അവസ്ഥയാണിത്. ചില സാഹചര്യങ്ങളിൽ മുതിർന്നവരേയും ബാധിക്കും. ചിലതരം അണുബാധകളും അർബുദങ്ങളുമാണ് മുതിർന്നവരിൽ എച്ച്എൽഎച്ച് സ്ഥിരീകരിക്കുന്നതിന് പിന്നിൽ.

അത്യപൂർവ രോഗമായ എച്ച്എൽഎച്ച് ഉള്ളവരിൽ പ്രതിരോധസംവിധാനം തകരാറിലാവും. അമിതമായ രോഗപ്രതിരോധ പ്രതികരണം മൂലം ഹിസ്റ്റിയോസൈറ്റ്സ്, ലിംഫോസൈറ്റ്സ് എന്ന വെളുത്ത രക്താണുക്കൾ മറ്റ് ബ്ലഡ് സെല്ലുകളെ ആക്രമിക്കുകയാണ് ചെയ്യുന്നത്. കുടുംബത്തിൽ അച്ഛനോ അമ്മയ്ക്കോ എച്ച്എൽഎച്ച് ഉണ്ടെങ്കിൽ കുട്ടിക്ക് വരാനുള്ള സാധ്യത 25ശതമാനം കൂടുതലാണ്. കൂടാതെ എപ്സ്റ്റീൻ ബാർ വൈറസ് പോലുള്ള അണുബാധകൾ, മറ്റ് അണുബാധകൾ, ക്ഷയിച്ച പ്രതിരോധ സംവിധാനം, കാൻസർ തുടങ്ങിയവയും രോഗസാധ്യത കൂട്ടും.

ലക്ഷണങ്ങൾ

  • കരൾ വീക്കം
  • ലിംഫ്നോഡുകളുടെ വീക്കം
  • ചർമത്തിൽ ചൊറിച്ചിലും അസ്വസ്ഥതയും
  • മഞ്ഞപ്പിത്തം
  • ചുമയും ശ്വാസതടസ്സവും മറ്റ് ശ്വാസകോശ പ്രശ്നങ്ങളും
  • വയറുവേദന, ഛർദി, വയറിളക്കം മറ്റ് ദഹനപ്രശ്നങ്ങൾ
  • തലവേദന, നടക്കാൻ ബുദ്ധിമുട്ട്, കാഴ്ചാ തകരാർ, ക്ഷീണം

ലക്ഷണങ്ങൾ പ്രകടമായാൽ വൈറ്റ് ബ്ലഡ് സെല്ലുകൾ, റെഡ് ബ്ലഡ് സെല്ലുകൾ, ട്രൈഗ്ലിസറൈഡുകൾ, ഫെറിറ്റിൻ, ഫൈബ്രിനോജെൻ തുടങ്ങിയവയുടെ നില എന്നിവ പരിശോധിച്ച് രോഗസ്ഥിരീകരണം നടത്തും.

ചികിത്സ

കീമോതെറാപ്പി, ഇമ്മ്യൂണോതെറാപ്പി, സ്റ്റിറോയ്ഡുകൾ, ആന്റിബയോട്ടിക്കുകൾ, ആന്റിവൈറൽ മരുന്നുകൾ തുടങ്ങിയവയാണ് ചികിത്സയായി നൽകാറുള്ളത്. മരുന്നുകളോട് ശരീരം പ്രതികരിച്ചില്ലെങ്കിൽ സ്റ്റെം സെൽ ട്രാൻസ്പ്ലാന്റ് ആണ് സ്വീകരിക്കാറുള്ളത്.