രോഗപ്രതിരോധ സംവിധാനത്തിന് വരുന്ന തകരാറാണ് ലൂപസ് എന്ന ഓട്ടോഇമ്മ്യൂൺ രോഗത്തിലേക്ക് നയിക്കുന്നത്. ലൂപസിനേക്കുറിച്ച് അവബോധം പരത്തുന്നതിനായാണ് എല്ലാവർഷവും മേയ് പത്തിന് ലോക ലൂപസ് ദിനമായി ആചരിക്കുന്നത്. ശ്രദ്ധിച്ചില്ലെങ്കിൽ ചർമം, സന്ധികൾ, വൃക്കകൾ, ശ്വാസകോശം, ഹൃദയം, മസ്തിഷ്കം തുടങ്ങി ശരീരത്തിലെ പല പ്രധാന അവയവങ്ങളേയും ബാധിക്കുന്ന രോഗമാണിത്.

To advertise here,

പുറമേനിന്ന് ആരോഗ്യവാന്മാരായി കാണാമെങ്കിലും അടിക്കടിയുള്ള ക്ഷീണം, വേദന എന്നിവയിൽ തുടങ്ങി മറ്റുപല സങ്കീർണതകളിലേക്കും നയിക്കും. ‘മേക്ക് ലൂപസ് വിസിബിൾ’ എന്നതാണ് ഈ വർഷത്തെ ലൂപസ് ദിനത്തിന്റെ തീം. ലൂപസിനേക്കുറിച്ച് കൂടുതൽ ചർച്ച ചെയ്യുക, അവബോധമുണ്ടാക്കുക എന്നതാണ് ഇതുകൊണ്ട് അർഥമാക്കുന്നത്.

എന്താണ് ലൂപസ്?

സിസ്റ്റമിക് ലൂപസ് എരിതോമറ്റോസിസ് എന്ന ഓട്ടോഇമ്മ്യൂൺ അസുഖത്തിന്റെ ചുരുക്കപ്പേരാണ് SLE അഥവാ 'ലൂപസ്'. ശരീരത്തിന്റെ രോഗപ്രതിരോധശേഷിയിലുണ്ടാകുന്ന വ്യതിയാനമാണ് ലൂപസ് രോഗത്തിന് കാരണമാകുന്നത്. രോഗപ്രതിരോധ സംവിധാനം ശരീരത്തിനെതിരെ തിരിഞ്ഞ് ആരോഗ്യമുള്ള കോശങ്ങളെ ആക്രമിക്കുകയാണ് ഇവിടെ ചെയ്യുന്നത്. സാധാരണ, രോഗപ്രതിരോധശക്തി പുറത്തുനിന്നുള്ള ബാക്ടീരിയ, വൈറസ് തുടങ്ങിയവയിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്നു. എന്നാൽ ഇതിനുവിപരീതമായി രോഗപ്രതിരോധശക്തി സ്വന്തംകോശങ്ങളെ ആക്രമിക്കുകയും അവയെ നശിപ്പിക്കുകയും ചെയ്യുന്നതാണ് ലൂപസ് രോഗം. ഏതു പ്രായക്കാരേയും രോഗം ബാധിക്കാമെങ്കിലും പതിനഞ്ചുമുതൽ നാൽപത്തിനാലു വയസ്സുവരെ പ്രായമുള്ള സ്ത്രീകളിലാണ് കൂടുതൽ കാണാറുള്ളത്. തൊലി, കണ്ണ്, അസ്ഥി, ഹൃദയം, സന്ധികൾ, വൃക്ക, ശ്വാസകോശം, കരൾ തുടങ്ങിയ ഭാഗങ്ങളേയൊക്കെ ലൂപസ് രോഗം ബാധിക്കാം.

രോഗലക്ഷണങ്ങൾ

  • രോഗത്തിന്റെ തുടക്കത്തിൽ ത്വക്കിലുണ്ടാകുന്ന ചുവന്ന ഫോട്ടോസെൻസിറ്റീവ് പാടുകളായോ കവിൾത്താടങ്ങളിലെ ചുവന്ന പുള്ളികളായോ (Butterfly rash) കാണാം.
  • ത്വക്കിലെ തിണർപ്പ്
  • അടിക്കടി വായിലുണ്ടാകുന്ന പുണ്ണുകൾ, സന്ധികളിൽ ഉണ്ടാകുന്ന വേദന, നീർക്കെട്ട്
  • വിട്ടുമാറാത്ത പനി
  • വിശ്രമത്തിലൂടെ മെച്ചപ്പെടാത്ത അമിതമായ ക്ഷീണം
  • തലയോട്ടി കാണും വിധമുള്ള മുടികൊഴിച്ചിൽ
  • കാലുകളിലെ നീര്
  • അപസ്മാരം,ഓർമക്കുറവ്
  • ശ്വാസതടസ്സം
  • നെഞ്ചുവേദന
  • തലവേദന
  • സന്ധിവേദന, വീക്കം
  • കാൽപാദങ്ങൾ, കാലുകൾ അല്ലെങ്കിൽ കണ്ണുകളെ ചുറ്റിപ്പറ്റിയുള്ള വീക്കം
  • ആശയക്കുഴപ്പം അല്ലെങ്കിൽ ഓർമ്മ പ്രശ്നങ്ങൾ

ഈ ലക്ഷണങ്ങൾ ഉണ്ടെന്നതുകൊണ്ട് ലൂപസ് ആണെന്ന് അർഥമാക്കേണ്ടതില്ല. അവ നീണ്ടുനിൽക്കുകയോ, ആവർത്തിക്കുന്നതോ, ദൈനംദിന ജീവിതത്തെ ബാധിക്കുന്നതോ ആണെങ്കിൽ വിദഗ്ധ ചികിത്സ തേടേണ്ടത് പ്രധാനമാണ്.

പ്രാരംഭഘട്ടത്തിൽ തന്നെ രോഗം തിരിച്ചറിഞ്ഞ് ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ ആന്തരിക അവയവങ്ങളെ സാരമായി ബാധിച്ചേക്കാം.