ഭക്ഷണശേഷം വയറ്റിലുണ്ടാകുന്ന തീവ്രമായ വേദന പലരും താത്ക്കാലികമായ കുടലിന്റെ പ്രശ്നമോ ദഹനപ്രശ്നമോ എന്ന് കരുതി അവഗണിക്കാറാണ് പതിവ്. എന്നാൽ, ഇത് എല്ലായ്പ്പോഴും ഇങ്ങനെ ആവണമെന്നില്ലെന്ന് പറയുകയാണ് ഡോ. കുനാൽ സൂദ്. ഭക്ഷണശേഷം വേദന കഠിനമാകുന്നുണ്ടെങ്കിലോ ഈ പ്രശ്നം ആവർത്തിക്കുന്നുണ്ടെങ്കിലോ ഡോക്ടറെ കാണേണ്ടതാണ്. ഭക്ഷണശേഷം ഇത്തരത്തിൽ കഠിനമായ വേദനയുണ്ടാകുന്നത് പിത്താശയക്കല്ലുകളുടെ ലക്ഷണമാണ്. ഈ ലക്ഷണങ്ങളിൽ നിന്ന് ആശ്വാസം നേടണമെങ്കിൽ ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാമെന്നും ഡോക്ടർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.
പിത്താശയ കല്ല് ഉണ്ടാകാനുള്ള കാരണങ്ങൾ എന്തൊക്കെ?
പിത്തസഞ്ചി പൂർണ്ണമായി ഒഴിയാതിരിക്കുക, പിത്തസഞ്ചിയിലെ പിത്തരസത്തിൽ എൻസൈമുകൾക്ക് അലിയിക്കാനാകാത്ത തരത്തിൽ അധിക കൊളസ്‌ട്രോൾ ഉണ്ടാവുക, കരൾവീക്കം (Liver cirrhosis) പോലെ പിത്തരസത്തിൽ വളരെയധികം ബിലിറൂബിൻ ഉണ്ടാവുക തുടങ്ങിയ സാഹചര്യങ്ങളിലെല്ലാം കല്ല് രൂപപ്പെടാം.
പിത്താശയ കല്ല് രൂപപ്പെടാൻ കാരണമാകുന്ന അപകടഘടകങ്ങൾ എന്തെല്ലാം?
40 വയസ്സിനു മുകളിലുള്ള സ്ത്രീകളിലാണ് പിത്തസഞ്ചിയിലെ കല്ലുകൾ കൂടുതലായി കാണപ്പെടുന്നത്. അമിതവണ്ണം, വ്യായാമക്കുറവ്, കൊഴുപ്പ് അടങ്ങിയ ഭക്ഷണക്രമം, നാരുകളുടെ അപര്യാപ്തത, പ്രമേഹം, രോഗപാരമ്പര്യം എന്നിവ ചില അപകട ഘടകങ്ങളാണ്.
രോഗലക്ഷണങ്ങൾ
പ്രത്യേക ലക്ഷണങ്ങളോടു കൂടി ആയിരിക്കില്ല പിത്തസഞ്ചിയിലെ കല്ലുകൾ പ്രകടമാകുന്നത് (നിശബ്ദമായ കല്ലുകൾ - Silent stones). അല്ലാത്തപക്ഷം, വയറിന്റെ വലതുഭാഗത്തുള്ള വേദനയാണ് സാധാരണയായി കാണപ്പെടുന്ന ലക്ഷണം. ഇത് തീവ്രമാവുകയും പുറകുവശത്തേയ്ക്കും വലതു തോളിലേക്കും പ്രസരിക്കാനും സാധ്യതയുണ്ട്. വയറു പെരുക്കം, ഓക്കാനം, ഛർദ്ദി, ഭക്ഷണം കഴിക്കുമ്പോൾ ഈ ലക്ഷണങ്ങൾ വഷളാകുക എന്നിവയാണ് മറ്റു പ്രധാന ലക്ഷണങ്ങൾ. കല്ല് പിത്തനാളിയിൽ എത്തുകയാണെങ്കിൽ, അത് മഞ്ഞപ്പിത്തത്തിനും കടുത്ത പനിക്കും കാരണമാകും.
(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണ്ണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)
Content Highlights: Don`t ignore sharp, stabbing pain after meals. It might be gallstones and not just indigestion. Learn when to seek medical help.
Published: 15 Jan 2026, 08:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented