ലോകാരോ​ഗ്യസംഘടനയുടെ കണക്കനുസരിച്ച് ആ​ഗോളതലത്തിൽ ഏകദേശം 61.9 കോടി ജനങ്ങളാണ് നടുവേദനയുമായി ജീവിക്കുന്നത്. 2050ആകുമ്പോഴേക്ക് ഇത് 84.3 കോടിയായി ഉയരുമെന്നാണ് വിലയിരുത്തൽ. പ്രായവും ജനിതകഘടകങ്ങളും  അമിതവണ്ണവും ജീവിതരീതിയും മറ്റുരോ​ഗങ്ങളുമൊക്കെ നടുവേദനയുടെ സാധ്യത കൂട്ടുന്ന ഘടകങ്ങളാണ്. ഇപ്പോഴിതാ നടുവേദനയും നടത്തവും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന പഠനമാണ് പുറത്തുവന്നിരിക്കുന്നത്. 

To advertise here,

ജാമാ നെറ്റ്വർക്ക് ഓപ്പണിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. നോർവേയിലെ നോർവീജിയൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ്&ടെക്നോളജിയിലെ ​ഗവേഷകനായ ‍ഡോ.റയാനെ ഹഡാജ് ആണ് പഠനത്തിന് നേതൃത്വം നൽകിയത്. നടക്കുന്നതിന്റെ സമയം എത്രത്തോളം കൂട്ടുന്നോ അതിനനുസരിച്ച് കടുത്ത നടുവേദന വരാനുള്ള സാധ്യതയാണ്‌ പഠനത്തിൽ കണ്ടെത്തിയത്. 

ഏകദേശം അമ്പത്തിയഞ്ച് വയസ്സ് പ്രായമുള്ള 11,000 പേരുടെ ആരോ​ഗ്യവിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. 2017 മുതൽ 2019 വരെയുള്ള കാലയളവിനെ മുൻനിർത്തി പഠനം നടത്തുകയും 2021 മുതൽ 2023 വരെയുള്ള കാലയളവിൽ അത് വീണ്ടും നിരീക്ഷണത്തിന് വിധേയമാക്കുകയും ചെയ്തു. പഠനത്തിൽ പങ്കാളികളായവരുടെ നടത്തത്തിന്റെ രീതിയാണ് പ്രധാനമായും നിരീക്ഷിച്ചത്. തുടർന്നാണ് ദിവസവും നൂറ് മിനിറ്റിൽ കൂടുതൽ നടക്കുന്നവരിൽ നടുവേദനയ്ക്കുള്ള സാധ്യത 23ശതമാനം കുറവാണെന്ന് കണ്ടെത്തിയത്. 

നടത്തത്തിന്റെ തീവ്രത എത്രത്തോളം കൂടുതലാണോ അതിനനുസരിച്ച് നടുവേദന വരാനുള്ള സാധ്യതയും കുറയുന്നതായി കണ്ടുവെന്നാണ് ​ഗവേഷകർ പറയുന്നത്. നടത്തം പേശികൾക്ക് കരുത്ത് നൽകുകയും രക്തചംക്രമണം വർധിപ്പിക്കുകയും ശരീരത്തിലെ വീക്കം കുറയ്ക്കുകയും വണ്ണം കുറയ്ക്കാൻ സഹായിക്കുകയുമൊക്കെ ചെയ്യുന്നതിലൂടെ നടുവേദനയും കുറയാനിടയുണ്ടെന്നാണ് ​ഗവേഷകരുടെ വിലയിരുത്തൽ. 

അതേസമയം നടത്തത്തിലൂടെ മാത്രം നടുവേദന കുറയ്ക്കാനാവില്ലെന്നും കടുത്ത വേദനയുള്ളവർ വിദ​ഗ്ധ ചികിത്സ തേടിയതിനുമാത്രം ഇത്തരം മാർ​ഗങ്ങൾക്ക് പുറകെ പോവേണ്ടതാണെന്ന വിമർശനവും പഠനത്തിനുണ്ട്. തീവ്രമായ വേദന അനുഭവപ്പെടുമ്പോഴും എന്തെങ്കിലും പരിക്കുകളുടെ ഭാ​ഗമായി നടുവേദന അനുഭവപ്പെടുമ്പോഴുമൊക്കെ നടക്കുന്നത് വേദന വർധിപ്പിക്കാമെന്നതാണ് പ്രധാനവിമർശനം. 

നടുവേദനയുടെ കാരണങ്ങൾ

ഡിസ്ക് തേയ്മാനമാണ് പലപ്പോഴും നടുവേദനയ്ക്ക് കാരണമാകാറുള്ളത്. വ്യായാമം നടുവേദനയുടെ ഫലപ്രദമായ പ്രതിരോധമാർ​ഗമാണ്. അസ്ഥിയുടെ തേയ്മാനം, ഡിസ്ക്കിനുണ്ടാകുന്ന പ്രശ്നങ്ങൾ, നട്ടെല്ലിനുണ്ടാകുന്ന ക്ഷതങ്ങൾ, അർബുദം, നീർക്കെട്ട് തുടങ്ങിയവയാണ് പ്രധാനമായി നടുവേദനയിലേക്ക് നയിക്കുന്ന കാരണങ്ങൾ. നടുവേദന കാലങ്ങളായി തുടരുക, വണ്ണംകുറയുക, കാലുകളിലേക്കും വേദന പടരുക, ചെറിയ പ്രായത്തിലേ നടുവേ​ദന വരിക, മല-മൂത്രസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാവുക തുടങ്ങിയവയുണ്ടെങ്കിൽ ചികിത്സ വൈകിക്കരുത്. 

നല്ല പോസ്ചർ ശീലമാക്കുക

പലരും ദീർഘനേരം ഒരേ പോസിൽ ഇരിക്കുകയോ, നടുവിന് സമ്മർദം നൽകുന്ന രീതിയിൽ ഇരിക്കുകയോ ഒക്കെ ചെയ്യുന്നവരാണ്. ഫലമോ ഇടയ്ക്കിടെ വരുന്ന നടുവേദനയും. പോസ്ചർ ശരിയാക്കുകവഴി പുറത്തെ പേശികൾക്കും ഡിസ്ക്കിനുമൊക്കെയുണ്ടാകുന്ന സമ്മർദം കുറയ്ക്കാവുന്നതാണ്. നിവർന്നുതന്നെ ഇരിക്കാനും നിൽക്കാനും ശ്രദ്ധിക്കുക. ചുമലുകളും അരക്കെട്ടുമൊക്കെ നിവർന്നുതന്നെയിരിക്കണം. മുൻവശത്തേക്കോ പുറകിലേക്കോ ഒക്കെ വളഞ്ഞിരിക്കുന്ന രീതിയും ഒഴിവാക്കണം. 

വ്യായാമം പ്രധാനം

പല ആരോ​ഗ്യപ്രശ്നങ്ങൾക്കും പിന്നിലെ കാരണങ്ങളിലൊന്നായി വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നത് വ്യായാമമില്ലായ്മയാണ്. നടുവേദന പോലുള്ള ശരീരവേദനകൾക്കും വ്യായാമം ശീലമാക്കുന്നത് ഒരു പരിഹാരമാണ്. വ്യായാമം പുറംപേശികളെ ശക്തിപ്പെടുത്തുകയും മെയ്വഴക്കം നൽകുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യും. വ്യായാമം ശീലമാക്കുകവഴി ശരീരഭാരം കുറയുന്നതും പുറംവേദനയ്ക്ക് പരിഹാരമാകും. 

ഭാരം കുറയ്ക്കാം

പുറംവേദന പരാതിയായി പറയുന്നവരിലേറെയും അമിതവണ്ണം മൂലമുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്നവരാണ്. വണ്ണംകൂടുന്നത് നട്ടെല്ലിനും പുറത്തെ പേശികൾക്കും സമ്മർദം നൽകുന്നു. ആരോ​ഗ്യകരമായ ഭക്ഷണരീതിയും വ്യായാമവും തുടർന്ന് വണ്ണംകുറയ്ക്കുന്നതിലൂടെ പുറംവശത്തിനുള്ള സമ്മർദം കുറയ്ക്കാവുന്നതും നടുവേദന കുറയ്ക്കാവുന്നതുമാണ്. 

ഉറങ്ങുന്ന രീതിയും പ്രധാനം

നന്നായി ഉറങ്ങണമെന്നു മാത്രമല്ല ഉറക്കത്തിന്റെ രീതിയും നടുവേദന അകറ്റുന്നതിൽ പ്രധാനമാണ്. നട്ടെല്ലിന് സമ്മർദം നൽകാത്ത രീതിയിലുള്ള കിടക്കയും തലയിണയും തിരഞ്ഞെടുക്കണം. കമിഴ്ന്നുകിടക്കുന്ന ശീലവും ഒഴിവാക്കണം, ഇതും നട്ടെല്ലിന് സമ്മർദമേകും. 

മാനസികാരോ​ഗ്യം കാക്കണം

മാനസികാരോ​ഗ്യം കാത്തുസൂക്ഷിക്കേണ്ടതും നടുവേദന പരിഹരിക്കപ്പെടുന്നതിൽ പ്രധാനമാണ്. മാനസികസമ്മർദം കൂടുന്നത് മസിലുകളുടെ ആരോ​ഗ്യത്തെ ബാധിക്കുകയും  ശരീരവേദനയ്ക്ക് കാരണമാവുകയും ചെയ്യും. 

ഇടയ്ക്കിടെ നടക്കാം

ഓഫീസ് ജോലിക്കാരിൽ പലരും നടുവേദനയുമായി ജീവിക്കുന്നവരാണ്. ദീർഘനേരം ഒരേ ഇരിപ്പ് ഇരിക്കുന്നതിലാണ് പലതിനും പിന്നിൽ. ഒരിടത്ത് ദീർഘസമയം ചടഞ്ഞുകൂടി ഇരിക്കാതെ ഇടയ്ക്കിടെ എഴുന്നേറ്റു നടക്കാം. ഇത് പുറംഭാ​ഗത്തിനു നൽകുന്ന  സമ്മർദം കുറയ്ക്കും. 

പുകവലി ഉപേക്ഷിക്കാം

പുകവലി ശീലവും പുറംവേ​ദനയും തമ്മിലും അഭേദ്യമായ ബന്ധമുണ്ട്. പുകവലി ശീലമായിട്ടുള്ളവരിൽ ‍ഡിസ്ക്കുകളിലേക്കുള്ള രക്തചംക്രമണം തടസ്സപ്പെടും. കാൽസ്യം ആ​ഗിരണം ചെയ്യുന്നത് കുറയ്ക്കുകയും അസ്ഥികളുടെ വളർച്ച തടസ്സപ്പെടുത്തുകയും ചെയ്യും. അസ്ഥികളുടെ ആരോ​ഗ്യം നശിക്കാനും ക്ഷയിക്കാനും കാരണമാകും. 

മേല്‍പ്പറഞ്ഞ രീതികൾ പരീക്ഷിച്ചിട്ടും ഫലം കാണുന്നില്ലെങ്കിൽ വിദ​ഗ്ധചികിത്സ തേടേണ്ടത് പ്രധാനമാണ്.