പലകാരണങ്ങളാൽ തിരക്കിട്ട് ഓടുകയാണ് ഇന്നത്തെ ലോകം. കുറച്ചുനേരം വ്യായാമം ചെയ്യാൻ പോലും ആർക്കും സമയമില്ല. എന്നാൽ, ദിവസവും 30 മിനിറ്റ് മിതമായ രീതിയിലെങ്കിലും വ്യായാമം ചെയ്യുന്നത് ഗുരുതരമായ രോഗസാധ്യത കുറയ്ക്കാൻ സഹായിച്ചേക്കുമെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
ഹൃദ്രോഗം
ദിവസേന 30 മിനിറ്റ് നേരമോ ആഴ്ചയിൽ 150 മിനിറ്റ് നേരമോ നടത്തം, സൈക്ലിങ്ങ് പോലുള്ള മിതമായ വ്യായാമങ്ങളിൽ ഏർപ്പെടുന്നത് കൊറോണറി ഹൃദ്രോഗ സാധ്യത ഏകദേശം 30-50% കുറയ്ക്കാൻ സഹായിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. വ്യായാമം ഹൃദയത്തിന്റേയും രക്തക്കുഴലിന്റേയും ആരോഗ്യത്തിന് നല്ലതാണ്. ഇത് രക്തസമ്മർദ്ദം കുറയ്ക്കുകയും, എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുകയും ചെയ്യുന്നു.
പക്ഷാഘാതം
ചിട്ടയായ വ്യായാമം രക്തസമ്മർദ്ദം നിയന്ത്രിക്കും. ഇത് വീക്കം കുറയ്ക്കാനും ശരീരഭാരം ആരോഗ്യത്തോടെ നിലനിർത്താനും സഹായിക്കുന്നു. ഇവയെല്ലാം, പക്ഷാഘാത സാധ്യത കുറയ്ക്കുന്ന ഘടകങ്ങളാണ്.
ടൈപ്പ് 2 പ്രമേഹം
കൃത്യമായ വ്യായാമം ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്തുകയും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുകയും ചെയ്യുന്നു. ഇതിന് പുറമെ, ടൈപ്പ് 2 പ്രമേഹസാധ്യതയും കുറയ്ക്കുന്നു. നിഷ്ക്രിയ ജീവിതശൈലിയുമായി താരതമ്യപ്പെടുത്തുമ്പോൾ രോഗസാധ്യത 25-50% വരെ കുറയുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ഉയർന്ന രക്തസമ്മർദ്ദം
മിതമായ വ്യായാമം ആരോഗ്യകരമായ രക്തസമ്മർദ്ദം നിലനിർത്താനും രക്തക്കുഴലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഇത് ഉയർന്ന രക്തസമ്മർദ്ദത്തിന്റെയും രക്തക്കുഴലുമായി ബന്ധപ്പെട്ട രോഗാവസ്ഥകളുടേയും അപകടസാധ്യത കുറയ്ക്കുന്നു.
അർബുദം
സ്ഥിരമായ വ്യായാമം വൻകുടൽ കാൻസർ, ആർത്തവവിരാമത്തിനു ശേഷമുള്ള സ്തനാർബുദം പോലുള്ള ചില രോഗങ്ങളുടെ അപകടസാധ്യത 10–30% കുറയ്ക്കുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. വ്യായാമം വിട്ടുമാറാത്ത വീക്കം കുറയ്ക്കുകയും ഹോർമോണുകളെ നിയന്ത്രിക്കുകയും ചെയ്യുന്നു. കൂടാതെ, പ്രതിരോധ സംവിധാനം മെച്ചപ്പെടുകയും ആരോഗ്യകരമായ ശരീരഭാരം നിലനിർത്താൻ സഹായിക്കുകയും ചെയ്യും ഇവയെല്ലാം കാൻസർ അപകടസാധ്യതയെ ബാധിക്കുന്ന ഘടകങ്ങളാണ്.
വിഷാദം
സ്ഥിരമായ വ്യായാമം മാനസികനില മെച്ചപ്പെടുത്താനും സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കാനും സഹായിക്കും. കൂടാതെ, ഉറക്കം മെച്ചപ്പെടാനും മസ്തിഷ്കാരോഗ്യം വർധിക്കുന്നതിനും ഈ ശീലം നല്ലതാണ്. ദീർഘകാലാടിസ്ഥാനത്തിൽ, ഇത് വിഷാദത്തിന്റെ അപകടസാധ്യത കുറയ്ക്കുന്നു.
അതേസമയം, വ്യായാമത്തിന് പുറമെ സമീകൃതാഹാരം, മതിയായ ഉറക്കം, പുകവലി, മദ്യപാനം പോലുള്ള ശീലങ്ങൾ ഒഴിവാക്കുക എന്നിവയും പ്രധാനമാണ്. സ്ഥിരമായി വ്യായാമം ചെയ്യുന്നതും പ്രധാനമാണ്.
(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണ്ണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)
Content Highlights: Discover how just 30 minutes of daily moderate exercise can significantly reduce your risk of major chronic diseases like heart disease, stroke, and type 2 diabetes.
Published: 12 Dec 2025, 11:59 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented