ആരോഗ്യം കാക്കുന്നതിൽ ഉറക്കത്തിന്റെ പങ്ക് വലുതാണ്. രോഗപ്രതിരോധത്തിനും അമിതവണ്ണത്തെ ചെറുക്കുന്നതിലുമൊക്കെ ആരോഗ്യകരമായ ഉറക്കത്തിനും വലിയ സ്ഥാനമാണുള്ളത്. ഉറക്കശീലങ്ങൾ പലരിലും വ്യത്യസ്തമായിരിക്കും. ചിലർക്ക് കിടന്നയുടൻ സുഖകരമായ ഉറക്കം ലഭിക്കുമെങ്കിൽ മറ്റുചിലർക്ക് മണിക്കൂറുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നാലാകും ഉറക്കം ലഭിക്കുക. ഇനി ചിലർക്കാകട്ടെ മരുന്നുകളുടെ സഹായമില്ലാതെ ഉറങ്ങാനേ കഴിയില്ല. അത്തരത്തിൽ ശരീരത്തിന്റെ സ്ലീപ്സൈക്കിൾ കൃത്യമാക്കാൻ മെലാടോണിൻ മരുന്നുകളിൽ അഭയം തേടുന്നവരുണ്ട്. സെഡേഷൻ നൽകുന്ന ഉറക്കഗുളികകൾ പോലെ അപകടകാരികൾ അല്ലെങ്കിലും ഇവയുടെ അനിയന്ത്രിതമായ ഉപയോഗം ചിലരിൽ ഹൃദയസംബന്ധമായ രോഗങ്ങൾക്കു കാരണമാകുമെന്നാണ് പുതിയൊരു പഠനം പറയുന്നത്. അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ ജേർണലിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട് . മെലാടോണിന്റെ ദീർഘകാല ഉപയോഗം ഹൃദയസ്തംഭനം മുതൽ മരണത്തിനുവരെ കാരണമായേക്കാമെന്നാണ് ഗവേഷകർ കണ്ടെത്തിയത്. സ്വാഭാവികമായ ഉറക്കത്തിന് പലരും സ്വയം വാങ്ങിക്കഴിക്കുന്ന ഇത്തരം മരുന്നുകളുടെ സുരക്ഷയേക്കുറിച്ചാണ് പഠനം വിശകലനം ചെയ്തത്.
ശരീരത്തെ മയക്കുന്ന മറ്റ് ഉറക്കഗുളികകൾ പോലെ അപകടകാരികളല്ല ഇവയെന്നും എങ്കിലും മറ്റേതു മരുന്നുകളെയും പോലെ അനിയന്ത്രിതമായ ഉപയോഗം ആരോഗ്യത്തിന് ഹാനികരമാണെന്നും പറയുകയാണ് പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ ജനറൽ മെഡിസിൻ വിഭാഗം ഫിസിഷ്യനായ ഡോ. സൗമ്യ സത്യൻ. പൊതുവേ ജെറ്റ്ലാഗ് പ്രശ്നമുള്ളവരിലാണ് സാധാരണയായി മെലാടോണിൻ നിർദേശിക്കാറുള്ളത്. ചിലരിൽ രാവിലെ ഉറക്കം കൂടുകയും രാത്രി ഉറക്കം ഇല്ലാതെയിരിക്കുകയും ചെയ്യുന്ന അവസ്ഥയിലും സ്ലീപ് സൈക്കിൾ കൃത്യമാക്കാൻ നൽകും. ചില ന്യൂറോഡെവലപ്മെന്റൽ പ്രശ്നങ്ങൾ നേരിടുന്നവരിലും ഇത്തരം മരുന്നുകൾ നൽകാറുണ്ടെന്ന് ഡോ.സൗമ്യ പറയുന്നു.
പൊതുവേ ഒരുമാസം വരെയൊക്കെയേ ഇത്തരം മരുന്നുകൾ നിർദേശിക്കാറുള്ളൂ എന്നും ഡോ.സൗമ്യ പറയുന്നു. ശരീരഭാരം അനുസരിച്ച് മരുന്നിന്റെ ഡോസ് നിർദേശിക്കുകയും ക്രമേണ സ്ലീപ് സൈക്കിൾ ശരിയാകുന്നുണ്ടോ എന്നു പരിശോധിക്കുകയും ചെയ്യും.
അതേസമയം മരുന്നിന്റെ ഡോസ് കൂടുന്നത് ഹൃദയാരോഗ്യം തകരാറിലാക്കുമെന്നും ഡോക്ടർ പറയുന്നുണ്ട്. കാരണം മെലാടോണിൻ പാരാസിമ്പതറ്റിക് സിസ്റ്റത്തെ ആക്റ്റിവേറ്റ് ചെയ്യും. ഇതുമൂലം ഹൃദയമിടിപ്പും രക്തസമ്മർദവും കുറയും. നേരത്തേ ഹൃദയസംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരും രക്തസമ്മർദത്തിന് മരുന്നു കഴിക്കുന്നവരുമൊക്കെ വീണ്ടും മെലാടോണിൻ അനിയന്ത്രിതമായി എടുക്കുന്നതിലൂടെ ഹൃദയമിടിപ്പിന്റെ താളംതെറ്റാനും രക്തസമ്മർദം കുറയാനും കാരണമാകും. ഇത് ശ്രദ്ധിച്ചില്ലെങ്കിൽ ഹൃദ്രോഗങ്ങളിലേക്കും ഹൃദയസ്തംഭനത്തിലേക്കും നയിക്കുകയും ചെയ്യും.
മെലാടോണിനും ഉറക്കവും
തലച്ചോറിലെ പീനിയൽ ഗ്രന്ഥി സ്വാഭാവികമായി ഉത്പാദിപ്പിക്കുന്ന ഒരു ഹോർമോണാണ് മെലാടോണിൻ. ഉറങ്ങുകയും ഉണരുന്നതിന്റെയും ചക്രം അഥവാ സിർക്കാഡിയൻ റിഥം നിയന്ത്രിക്കാൻ മെലാടോണിൻ സഹായിക്കും. രാത്രിയാകുന്നതോടെ ഈ ഹോർമോണിന്റെ അളവ് കൂടുകയും പകൽ സമയത്ത് വെളിച്ചമാകുന്നതോടെ കുറയുകയും ചെയ്യും. മരുന്നുകളുടെ രൂപത്തിൽ മെലാടോണിൻ നൽകുന്നതിലൂടെ ഉറക്കത്തിന്റെ സൈക്കിൾ മെച്ചപ്പെടും. പൊതുവേ ഉറക്കത്തിൽ തടസ്സം നേരിടുന്നവരിലും ജെറ്റ് ലാഗ് സാഹചര്യങ്ങളിലും രാത്രി ഷിഫ്റ്റിലെ ജോലിക്കുശേഷം ഉറക്കത്തിൽ തടസ്സം നേരിടുന്നവരിലുമൊക്കെയാണ് മെലാടോണിൻ നൽകുക. പലരാജ്യങ്ങളിലും മെലാടോണിൻ ഓവർ ദി കൗണ്ടർ മെഡിസിനായും ലഭിക്കുന്നുണ്ട്.
പഠനം പറയുന്നത്
ന്യൂയോർക്കിലെ ബ്രൂക്ലിനിൽ നിന്നുള്ള SUNY ഡൗൺസ്റ്റേറ്റ് ഹെൽത്ത് സയൻസസ് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഗവേഷകരാണ് പഠനത്തിനു പിന്നിൽ. പഠനത്തിൽ പങ്കാളികളായവരെ രണ്ടുവിഭാഗമായി തിരിച്ചാണ് ഗവേഷണം നടത്തിയത്. ഒരുവർഷത്തോളം മെലാടോണിൻ ഉപയോഗിച്ചവരെ മെലാടോണിൻ ഗ്രൂപ്പ് എന്നും മെലാടോണിൻ ഉപയോഗിച്ചിട്ടേയില്ലാത്തവരെ നോൺ മെലാടോണിൻ ഗ്രൂപ്പ് എന്നും തിരിച്ചു. സാധാരണയായി കരുതുന്നത് പോലെ മെലാടോണിൻ സപ്ലിമെന്റുകൾ അത്ര നിരുപദ്രവകരികളാകണമെന്നില്ല എന്ന് പഠനത്തിന്റെ മുഖ്യ രചയിതാവായ ഡോ. എകെനെഡിലിചുക്വു നാഡി പറഞ്ഞു.
ഒരുവർഷത്തിലേറെയായി മെലാടോണിൻ ഉപയോഗിക്കുന്നവരിൽ മെലാടോണിൻ ഉപയോഗിക്കാത്തവരെ അപേക്ഷിച്ച് ഹൃദയസംബന്ധമായ തകരാറുകൾക്കുള്ള സാധ്യത 90ശതമാനം കൂടുതലാണെന്നു കണ്ടെത്തിയത്. ഇരുഗ്രൂപ്പായി തിരിച്ചു പഠനം നടത്തിയതിൽ 4.6ശതമാനം പേരിൽ ഹൃദയാരോഗ്യം തകരാറിലായപ്പോൾ മെലാടോണിൻ ഉപയോഗിക്കാത്തവരിൽ അതിന്റെ തോത് 2.7ശതമാനമായിരുന്നു.
പൂർണ്ണമായും ഹൃദയം പ്രവർത്തനം നിർത്തുകയല്ല മറിച്ച് ശരീരത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ ആവശ്യമായ ഓക്സിജൻ അടങ്ങിയ രക്തം പമ്പ് ചെയ്യാൻ ഹൃദയത്തിന് കഴിയാതെ വരികയാണ് ചെയ്യുന്നതെന്ന് ഗവേഷകർ പറയുന്നു. മെലാടോണിൻ ഗ്രൂപ്പിലുള്ളവർ നോൺ മെലാടോണിൻ ഗ്രൂപ്പിലുള്ളവരെ അപേക്ഷിച്ച് ഹൃദയസ്തഭനം മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടാനുള്ള സാധ്യത ഏകദേശം 3.5 മടങ്ങ് കൂടുതലാണെന്നും പഠനം കണ്ടെത്തി.
അതേസമയം മെലാടോണിൻ കൈകാര്യം ചെയ്യുന്ന രീതി ഓരോ രാജ്യത്തും വ്യത്യസ്തമാണ് എന്നത് പഠനത്തിന്റെ പ്രധാന പരിമിതിയാണ്. ഇന്ത്യ, യു.എസ്. പോലുള്ള രാജ്യങ്ങളിൽ മെലാടോണിന് കുറിപ്പടി ആവശ്യമാണെങ്കിൽ യു.കെ.യിൽ കുറിപ്പടി ഇല്ലാതെ മെലാടോണിൻ ലഭ്യമാവുകയില്ല. അതിനാൽ മെലാടോണിൻ ഉപയോഗിച്ചവരുടെ കൃത്യമായ വിവരം ലഭിക്കാത്തത് വലിയ പരിമിതിയാണ്. കൂടാതെ കടുത്ത ഉറക്കക്കുറവിലൂടെയും വിഷാദത്തിലൂടെയും ഉത്കണ്ഠയിലൂടെയും കടന്നുപോകുന്നവരാണോ എന്നും പരിശോധിച്ചിട്ടില്ല. ഹൃദയാരോഗ്യവും മെലാടോണിന്റെ സുരക്ഷിതമായ ഉപയോഗവും പരിശോധിക്കാൻ കൂടുതൽ ഗവേഷണം ആവശ്യമാണ് എന്നാണ് പഠനത്തിൽ പങ്കാളികളാത്ത മറ്റ് ഗവേഷകരുടെ വാദം.
സുഖകരമായ ഉറക്കത്തിന് ചെയ്യേണ്ടത്
- സ്ക്രീൻ ടൈം കുറയ്ക്കുക
- ഉറക്കത്തിന് മുമ്പ് മെഡിറ്റേഷൻ പതിവാക്കുക
- ആരോഗ്യകരമായ ഭക്ഷണരീതി പാലിക്കുക
- ഉറക്കത്തിന് രണ്ടുമണിക്കൂർ മുമ്പെങ്കിലും അത്താഴം കഴിക്കുക
- അത്താഴത്തിന് അമിതമായി ഭക്ഷണം കഴിക്കാതിരിക്കുക.
- ഉയർന്ന ശബ്ദത്തിൽ പാട്ടുകേൾക്കുന്ന ശീലമുണ്ടെങ്കിൽ അതൊഴിവാക്ക് ശാന്തമായ അന്തരീക്ഷം ഒരുക്കുക
- ദിവസവും കൃത്യസമയത്ത് ഉറങ്ങാനും എഴുന്നേൽക്കാനും ശ്രമിക്കുക.
- ചായ, കാപ്പി, കോള എന്നിവ ഉത്തേജന സ്വഭാവമുള്ള പാനീയങ്ങൾ ഉറക്കത്തിനുമുമ്പ് വേണ്ട
- ഉറങ്ങുന്നതിന് തൊട്ടുമുൻപ് ഒരുപാട് വെള്ളം കുടിക്കരുത്.
- ദഹിക്കാൻ എളുപ്പമുള്ള ലഘുവായ ആഹാരം അത്താഴത്തിന് തിരഞ്ഞെടുക്കാം.
- ഉറങ്ങുന്നതിനു മുൻപ് ഇഷ്ടമുള്ള മൃദുവായ സംഗീതം കേൾക്കുകയോ ഇഷ്ടമുള്ള പുസ്തകം വായിക്കുകയോ ചെയ്യാം
Content Highlights: Long-term use of melatonin supplements can increase heart-related risks and heart failure., Melatonin activates the parasympathetic system, reducing heart rate and blood pressure., Doctors recommend short-term use and emphasize natural sleep hygiene practices over supplements.
Published: 02 Sept 2026, 03:47 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented