അഞ്ചു വയസ്സുള്ള ഗായത്രി എന്ന പെൺകുട്ടിയെ കാഴ്ചപ്രശ്നം എന്ന പരാതിയുമായി മാതാപിതാക്കൾ ക്ലിനിക്കിലേക്ക് കൊണ്ടുവരുന്നു. അവൾക്ക് തിരക്കേറിയ സ്ഥലങ്ങളിൽ ആശയക്കുഴപ്പം അനുഭവപ്പെടുന്നു. മുഖങ്ങൾ തിരിച്ചറിയാൻ പ്രയാസമുണ്ട്. ചിലപ്പോൾ വെളിച്ചം വരുന്ന ഭാഗത്തേക്ക് ദീർഘനേരം നോക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. കൂടാതെ, കൈകൊണ്ട് ഒരു വസ്തു പിടിക്കാൻ ശ്രമിക്കുമ്പോൾ ലക്ഷ്യം തെറ്റിപ്പോകുന്നതായും മാതാപിതാക്കൾ പറഞ്ഞു. ഈ പ്രശ്നങ്ങൾ കുറെ നാളുകളായി തുടരുകയാണ്. വിശദമായ കണ്ണ് പരിശോധന നടത്തിയെങ്കിലും കണ്ണ് സംബന്ധമായ യാതൊരു പ്രശ്നവും കണ്ടെത്താനായില്ല. എന്നിരുന്നാലും കുട്ടിക്ക് ശരിയായി കാണാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടായിരുന്നു. ജനനസമയത്തെ വിവരങ്ങൾ അന്വേഷിച്ചപ്പോൾ കുട്ടി മാസം തികയാതെയാണ് ജനിച്ചതെന്നും തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് നവജാത ശിശു തീവ്രപരിചരണ വിഭാഗത്തിൽ (NICU) ചികിത്സയിൽ ആയിരുന്നെന്നും അമ്മയിൽ നിന്ന് മനസ്സിലായി. തുടർന്ന് നടത്തിയ കൂടുതൽ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് കുട്ടിയുടെ പ്രശ്നം സെറിബ്രൽ വിഷ്വൽ ഇംപെയർമെന്റ് (Cerebral Visual Impairment – CVI) എന്ന അവസ്ഥ മൂലമാണെന്ന് കണ്ടെത്തിയത്.
എന്താണ് സെറിബ്രൽ വിഷ്വൽ ഇംപെയർമെന്റ് ?
കണ്ണുകളിൽ നിന്ന് മസ്തിഷ്കത്തിലേക്ക് എത്തുന്ന ദൃശ്യസിഗ്നലുകൾ ശരിയായി വ്യാഖ്യാനിക്കാൻ കഴിയാത്ത ഒരു അവസ്ഥയാണ്. സാധാരണയായി കണ്ണുകൾ വെളിച്ചം സ്വീകരിച്ച് അതിനെ വൈദ്യുത സിഗ്നലുകളാക്കി മസ്തിഷ്കത്തിലേക്ക് അയയ്ക്കുന്നു. തുടർന്ന് മസ്തിഷ്കത്തിലെ കാഴ്ച വിശകലനം ചെയ്യുന്ന കേന്ദ്രങ്ങൾ ഈ സിഗ്നലുകളെ അർഥവത്തായ ചിത്രങ്ങളാക്കി മാറ്റുന്നു. എന്നാൽ CVI ഉള്ളവരിൽ ഈ പ്രക്രിയയിൽ തടസ്സമോ തകരാറോ ഉണ്ടാകുന്നു. അതിനാൽ കണ്ണുകൾക്ക് കാണാൻ കഴിയുന്നുണ്ടെങ്കിലും കാണുന്ന വസ്തുക്കളെ തിരിച്ചറിയാനും അവയുടെ അർഥം മനസ്സിലാക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടാം. കാഴ്ചയുടെ കൃത്യത (visual acuity) സാധാരണയായിരിക്കാമെങ്കിലും ദൃശ്യവിവരങ്ങൾ പ്രോസസ്സ് ചെയ്യുന്നതിലെ ബുദ്ധിമുട്ടുകളാണ് പ്രധാന പ്രശ്നം.ഈ അവസ്ഥയിൽ കണ്ണുകളുടെ ഘടന സാധാരണമായിരിക്കാം കണ്ണുകൾക്ക് കാണാനും കഴിയും. എന്നാൽ, കണ്ണുകളിൽ നിന്ന് ലഭിക്കുന്ന ദൃശ്യവിവരങ്ങൾ മസ്തിഷ്കത്തിന് ശരിയായി തിരിച്ചറിയാനോ മനസ്സിലാക്കാനോ കഴിയാതെ വരുന്നു.
മാസം തികയാതെയുള്ള ജനനവും മസ്തിഷ്ക ക്ഷതവും സെറിബ്രൽ വിഷ്വൽ ഇംപെയർമെന്റിന് (CVI) കാരണമാകുന്ന പ്രധാന റിസ്ക് ഫാക്ടറുകളിൽ ചിലതാണ്. കണ്ണുകളിൽ വ്യക്തമായ പ്രശ്നങ്ങളൊന്നും കണ്ടെത്താനാകാത്ത സാഹചര്യത്തിലും കാഴ്ച സംബന്ധമായ ബുദ്ധിമുട്ടുകൾ നിലനിൽക്കുന്നുവെങ്കിൽ CVI എന്ന അവസ്ഥയുടെ സാധ്യത സംശയിക്കേണ്ടതാണ്.
കുട്ടികളിൽ കാണപ്പെടുന്ന കാഴ്ചവൈകല്യങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നായി ഇന്ന് CVI മാറിയിട്ടുണ്ട്. ഈ അവസ്ഥ ഓരോ കുട്ടിയിലും വ്യത്യസ്ത രീതികളിൽ പ്രകടമാകുന്നതിനാൽ ഇത് ക്ലിനിക്കൽ തലത്തിൽ തിരിച്ചറിയുന്നതും ഉചിതമായ ഇടപെടലുകൾ (interventions) നടത്തുന്നതും വെല്ലുവിളി നിറഞ്ഞതാണ്. CVI ഉള്ള കുട്ടികളിൽ സാധാരണ കണ്ണ് പരിശോധനകളിൽ പലപ്പോഴും വ്യക്തമായ പ്രശ്നങ്ങൾ കണ്ടെത്താനാകാതെ വരാം. അതിനാൽ രോഗനിർണയം വൈകാൻ സാധ്യത കൂടുതലാണ്. ഈ കാരണത്താൽ, കാഴ്ച സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും കണ്ണുകളുടെ പരിശോധനാഫലങ്ങൾ സാധാരണമായിരിക്കുമ്പോൾ CVI എന്ന സാധ്യത പരിഗണിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ദൃഷ്ടിവൈകല്യമുള്ള കുട്ടികളിൽ ഏകദേശം 30–40 ശതമാനം പേർക്ക് സെറിബ്രൽ വിഷ്വൽ ഇംപെയർമെന്റ് (CVI) ഉണ്ടെന്ന് വിവിധ പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. കുട്ടികളിലെ കാഴ്ചവൈകല്യങ്ങളുടെ പ്രധാന കാരണങ്ങളിൽ ഒന്നായി ഇന്ന് CVI പരിഗണിക്കപ്പെടുന്നു.
ജനനസമയത്തെ ഓക്സിജൻ കുറവ്
ജനനസമയത്ത് കുഞ്ഞിന്റെ തലച്ചോറിന് ആവശ്യമായ ഓക്സിജൻ ലഭിക്കാതെ വന്നാൽ തലച്ചോറിലെ കാഴ്ച നിയന്ത്രിക്കുന്ന ഭാഗങ്ങളെ അത് ബാധിച്ചേക്കാം.
മാസം തികയാതെയുള്ള ജനനം
നേരത്തെ ജനിക്കുന്ന കുഞ്ഞുങ്ങളിൽ തലച്ചോറിന്റെ വികസനം പൂർണ്ണമായിരിക്കണമെന്നില്ല. ഇത് പിന്നീട് കാഴ്ച വിവരങ്ങൾ പ്രോസസ്സ് ചെയ്യുന്നതിനെ ബാധിക്കാം.
മസ്തിഷ്കത്തിലെ രക്തസ്രാവം
മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങളിലും മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ള കുട്ടികളിലും തലച്ചോറിലുണ്ടാകുന്ന രക്തസ്രാവം ദൃശ്യപാതകളെ (Visual Pathways) തകരാറിലാക്കുകയും CVIയ്ക്ക് കാരണമാകുകയും ചെയ്യാം.
തലച്ചോറിനെ ബാധിക്കുന്ന അണുബാധകൾ
ഗർഭാവസ്ഥയിലോ ജനനശേഷമോ ഉണ്ടാകുന്ന മെനിഞ്ചൈറ്റിസ്, എൻസെഫലൈറ്റിസ് തുടങ്ങിയ അണുബാധകൾ തലച്ചോറിലെ കാഴ്ച നിയന്ത്രിക്കുന്ന കോശങ്ങൾക്ക് കേടുപാടുകൾ വരുത്താം.
തലച്ചോറിലെ വെള്ളക്കെട്ട്
തലച്ചോറിൽ വെള്ളം കെട്ടുന്നത് കാഴ്ച നിയന്ത്രിക്കുന്ന ഭാഗങ്ങളെ ബാധിച്ചും CVI ഉണ്ടാകാം.
മറ്റ് കാരണങ്ങൾ
നവജാത ശിശുക്കളിലെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയുന്നത്, അപസ്മാരം, മെറ്റബോളിക് രോഗങ്ങൾ, ജനിതക രോഗങ്ങൾ, മറ്റ് നാഡീവ്യവസ്ഥാ സങ്കീർണ്ണതകൾ എന്നിവയും തലച്ചോറിലെ ദൃശ്യപാതകളുടെ സാധാരണ വളർച്ചയെ ബാധിച്ചേക്കാം.
CVIയുടെ ലക്ഷണങ്ങൾ
CVI ഉള്ള എല്ലാ കുട്ടികളിലും ഒരേ ലക്ഷണങ്ങളായിരിക്കണമെന്നില്ല. ഓരോ കുട്ടിയിലും ലക്ഷണങ്ങളുടെ സ്വഭാവത്തിലും തീവ്രതയിലും വ്യത്യാസമുണ്ടാകും.
മുഖങ്ങളും വസ്തുക്കളും തിരിച്ചറിയാൻ ബുദ്ധിമുട്ട്
പരിചിതരായ ആളുകളെയോ സ്ഥിരമായി ഉപയോഗിക്കുന്ന വസ്തുക്കളെയോ തിരിച്ചറിയാൻ കൂടുതൽ സമയം എടുക്കാം.
തിരക്കേറിയ പശ്ചാത്തലത്തിൽ വസ്തുക്കൾ കണ്ടെത്താൻ പ്രയാസം
ഒരേസമയം നിരവധി വസ്തുക്കളോ നിറങ്ങളോ ചിത്രങ്ങളോ കാണുന്ന സാഹചര്യത്തിൽ ആവശ്യമായ വസ്തുവിനെയോ വ്യക്തിയെയോ കണ്ടെത്താൻ ബുദ്ധിമുട്ടുണ്ടാകാം.
പ്രതികരിക്കാൻ കൂടുതൽ സമയം
ഒരു വസ്തുവിനെയോ വ്യക്തിയെയോ കണ്ടാലും അതിനോട് പ്രതികരിക്കാൻ സാധാരണയേക്കാൾ കൂടുതൽ സമയം എടുക്കാം.
ചലിക്കുന്ന വസ്തുക്കളോട് കൂടുതൽ ശ്രദ്ധ
നിശ്ചലമായ വസ്തുക്കളേക്കാൾ ചലിക്കുന്ന വസ്തുക്കൾ എളുപ്പത്തിൽ ശ്രദ്ധയിൽപ്പെടുകയും അവയിലേക്ക് കൂടുതൽ ആകർഷണം കാണിക്കുകയും ചെയ്യാം.
വെളിച്ചത്തോടുള്ള വ്യത്യസ്ത പ്രതികരണം
ചില കുട്ടികൾ പ്രകാശസ്രോതസ്സുകളിലേക്കോ വെളിച്ചമുള്ള വസ്തുക്കളിലേക്കോ അസാധാരണമായ താൽപര്യം കാണിക്കാം. മറ്റുചിലർക്ക് ശക്തമായ വെളിച്ചം അസ്വസ്ഥത ഉണ്ടാക്കുകയും അത് ഒഴിവാക്കാൻ ശ്രമിക്കുകയും ചെയ്യാം.
കണ്ണും കൈയും ഏകോപിപ്പിക്കാൻ ബുദ്ധിമുട്ട്
എഴുതുക, പന്ത് പിടിക്കുക, ബ്ലോക്കുകൾ അടുക്കുക തുടങ്ങിയ പ്രവർത്തനങ്ങളിൽ ബുദ്ധിമുട്ട് അനുഭവപ്പെടാം.
വസ്തുക്കൾ കൃത്യമായി എത്തിപ്പിടിക്കാൻ പ്രയാസം
വസ്തുവിന്റെ ദൂരമോ സ്ഥാനമോ കൃത്യമായി വിലയിരുത്താൻ ബുദ്ധിമുട്ടുള്ളതിനാൽ അത് പിടിക്കാനോ അതിലേക്ക് കൃത്യമായി കൈ നീട്ടാനോ പ്രയാസപ്പെടാം.
വശങ്ങളിലൂടെ നോക്കുന്ന പ്രവണത
ചില കുട്ടികൾ വസ്തുക്കളെ നേരിട്ട് നോക്കുന്നതിനേക്കാൾ വശങ്ങളിലൂടെ നോക്കുന്നത് കൂടുതൽ സൗകര്യപ്രദമായി കാണാം.
CVI തിരിച്ചറിയാൻ സഹായിക്കുന്ന പ്രത്യേക ലക്ഷണങ്ങൾ
Visual Latency – കാഴ്ച തിരിച്ചറിയാൻ വൈകുന്നത്
ഒരു വസ്തു കണ്ടാലും അത് തിരിച്ചറിയാനോ അതിനോട് പ്രതികരിക്കാനോ സാധാരണയേക്കാൾ കൂടുതൽ സമയം എടുക്കാം.,
Visual Clutter – തിരക്കേറിയ ദൃശ്യങ്ങളിൽ ബുദ്ധിമുട്ട്
ഒരുപാട് വസ്തുക്കൾ ഒരുമിച്ച് കാണുമ്പോൾ പ്രധാനപ്പെട്ട വസ്തു കണ്ടെത്താനും തിരിച്ചറിയാനും പ്രയാസപ്പെടാം. ഉദാഹരണത്തിന്, സാധനങ്ങൾ ചിതറിക്കിടക്കുന്ന ഒരു മുറിയിൽ ആവശ്യമായ ഒരു വസ്തു കണ്ടെത്താൻ ബുദ്ധിമുട്ടുണ്ടാകാം.
ചലിക്കുന്ന വസ്തുക്കളോടുള്ള കൂടുതൽ ശ്രദ്ധ
നിശ്ചലമായ വസ്തുക്കളേക്കാൾ ചലിക്കുന്ന വസ്തുക്കളെ എളുപ്പത്തിൽ ശ്രദ്ധിക്കുകയോ അവയിലേക്ക് കൂടുതൽ ആകർഷിക്കപ്പെടുകയോ ചെയ്യാം.
നിറങ്ങളോടുള്ള മുൻഗണന
ചില കുട്ടികൾക്ക് പ്രത്യേക നിറങ്ങളിലുള്ള വസ്തുക്കൾ, ഉദാഹരണത്തിന് ചുവപ്പ്, മഞ്ഞ തുടങ്ങിയവ, മറ്റ് നിറങ്ങളേക്കാൾ എളുപ്പത്തിൽ ശ്രദ്ധിക്കാനോ തിരിച്ചറിയാനോ കഴിയും.
Visual Variability – കാഴ്ചയിലെ വ്യതിയാനം
ഒരേ വ്യക്തിയുടെ കാഴ്ചശേഷി ദിവസേനയോ സാഹചര്യത്തിനനുസരിച്ചോ മാറാം. ശബ്ദം, തിരക്ക്, വെളിച്ചം തുടങ്ങിയവ കാഴ്ചയെ ബാധിച്ചേക്കാം.
Visual Field Preference – കാഴ്ചയുടെ പ്രത്യേക മേഖല കൂടുതൽ ഉപയോഗിക്കൽ
ചിലർക്ക് ഒരു പ്രത്യേക ദിശയിൽ, ഉദാഹരണത്തിന് വലത്, ഇടത് അല്ലെങ്കിൽ താഴെ ഭാഗത്തുള്ള വസ്തുക്കൾ മറ്റുദിശകളിലുള്ളവയേക്കാൾ എളുപ്പത്തിൽ കാണാൻ കഴിയും.
Visually Guided Reach – കാഴ്ചയുടെ അടിസ്ഥാനത്തിൽ കൈ ചലിപ്പിക്കുന്നതിലെ ബുദ്ധിമുട്ട്. കണ്ട വസ്തുവിലേക്ക് കൈ കൃത്യമായി നീട്ടാനോ അത് എത്തിപ്പിടിക്കാനോ ബുദ്ധിമുട്ട് അനുഭവപ്പെടാം.
പലപ്പോഴും CVI ശരിയായി തിരിച്ചറിയാതെ പോകാം. കാഴ്ച സംബന്ധമായ പ്രശ്നമെന്നതിനേക്കാൾ ഓട്ടിസം, പെരുമാറ്റ പ്രശ്നം, പഠനവൈകല്യം തുടങ്ങിയ അവസ്ഥകളായി ഇത് തെറ്റിദ്ധരിക്കപ്പെടാനുള്ള സാധ്യതയുണ്ട്. അതേസമയം, കാഴ്ചക്കുറവിന് കണ്ണുമായി ബന്ധപ്പെട്ട മറ്റ് പ്രശ്നങ്ങളും കാരണമാകാം. CVIയുടെയും മറ്റ് നേത്രരോഗങ്ങളുടെയും ചില ലക്ഷണങ്ങൾ സമാനമായിരിക്കാമെങ്കിലും അവയുടെ കാരണവും ചികിത്സയും വ്യത്യസ്തമാണ്. കണ്ണിന്റെ ഘടനയിലെ പ്രശ്നങ്ങൾ മൂലമുള്ള കാഴ്ചക്കുറവിന് കണ്ണട, മരുന്ന്, ശസ്ത്രക്രിയ, മറ്റ് നേത്രചികിത്സകൾ എന്നിവ ആവശ്യമായി വന്നേക്കാം. എന്നാൽ CVIയിൽ കണ്ണുകൾ സാധാരണ നിലയിലായിരിക്കുമ്പോഴും തലച്ചോറിന് കാഴ്ചവിവരങ്ങൾ ശരിയായി പ്രോസസ്സ് ചെയ്യുന്നതിലാണ് ബുദ്ധിമുട്ട്. അതുകൊണ്ടുതന്നെ ശരിയായ രോഗനിർണയം വളരെ പ്രധാനമാണ്.
CVIയ്ക്ക് ചികിത്സയുണ്ടോ?
CVI പൂർണ്ണമായി ഭേദമാക്കാൻ കഴിയാത്ത അവസ്ഥയായിരിക്കാം. എന്നാൽ അതുകൊണ്ട് കുട്ടിയുടെ കാഴ്ചശേഷി മെച്ചപ്പെടില്ലെന്ന് അർഥമില്ല.
കാഴ്ച പുനരധിവാസം, വ്യക്തിഗത പരിശീലനം, പരിസ്ഥിതി ലളിതമാക്കൽ, ആവശ്യമായ സഹായോപകരണങ്ങൾ, കുടുംബത്തിന്റെയും അധ്യാപകരുടെയും പിന്തുണ എന്നിവയിലൂടെ കുട്ടിയുടെ പ്രവർത്തനപരമായ കാഴ്ചശേഷി (Functional Vision) മെച്ചപ്പെടുത്താൻ കഴിയും.
ഓരോ കുട്ടിയിലും CVIയുടെ ലക്ഷണങ്ങളും ആവശ്യങ്ങളും വ്യത്യസ്തമായതിനാൽ ചികിത്സയും പരിശീലനവും വ്യക്തിഗതമായി ക്രമീകരിക്കണം.
നേരത്തെയുള്ള തിരിച്ചറിയലും ശരിയായ ഇടപെടലുകളും ലഭിച്ചാൽ കാലക്രമേണ കുട്ടിയുടെ പ്രവർത്തനപരമായ കാഴ്ചശേഷിയിലും ദൈനംദിന പ്രവർത്തനക്ഷമതയിലും ഗണ്യമായ പുരോഗതി കൈവരിക്കാനാകും.
കാഴ്ചയുടെവികസനത്തിനുതകുന്ന പ്രാരംഭപരിശീലനമാർഗങ്ങൾ
CVI ഉള്ള കുട്ടികൾ വിവിധ തരത്തിലുള്ള ദൃശ്യ ഉത്തേജനങ്ങൾ (Visual Stimulation) ലഭിക്കുമ്പോൾ മികച്ച പ്രതികരണം കാണിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഓരോ കുട്ടിയോടുമുള്ള സമീപനം വ്യത്യസ്തമാണെന്നിരിക്കെ പരിശീലനം ലഭിച്ച തെറാപ്പിസ്റ്റിന്റെ (trained therapist) മാർഗനിർദേശത്തിൽ മാത്രമേ കാഴ്ച ഉത്തേജന (vision stimulation) പ്രവർത്തനങ്ങൾ ആരംഭിക്കേണ്ടതുള്ളൂ.
പൊതുവായ കാഴ്ചപരിശീലനഉപകരണങ്ങൾ/മാർഗങ്ങൾ
- വലിപ്പമുള്ളവസ്തുക്കൾ
- ഉയർന്നകോൺട്രാസ്റ്റ്ഉള്ള വസ്തുക്കൾ (High Contrast)
- വെളിച്ചമുള്ള വസ്തുക്കൾ
- വെളിച്ചം പ്രതിഫലിക്കുന്ന വസ്തുക്കൾ
- ചലിക്കുന്നവസ്തുക്കൾ, ഇവ കാഴ്ചയെ ഉത്തേജിപ്പിക്കും.
- കുട്ടിയുടെ ശ്രദ്ധ ആകർഷിക്കാൻ ശബ്ദമോ സ്പർശമോ കൂടെ ചേർക്കുന്ന ത്ദൃശ്യവികസനം മെച്ചപ്പെടുത്താൻ സഹായിക്കും.
- CVI ഉള്ള കുട്ടികൾക്ക് ആവർത്തനാധിഷ്ഠിത (Structured repetition) പഠനരീതിയിൽ Visual Stimulation നൽകുന്നത് അത്യാവശ്യമാണ്. ചെറിയ മാറ്റങ്ങൾ പോലും കുട്ടിയുടെ visual attention, recognition, tracking എന്നീ കഴിവുകൾ മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
- ഒരുസമയം ഒരുവസ്തു മാത്രം കാണിക്കുന്നത് വളരെ പ്രധാനമാണ്. ഒരേസമയം നിരവധി വസ്തുക്കൾ കാണിച്ചാൽ കുട്ടിക്ക് over load ഉണ്ടാകുകയും ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ടുണ്ടാകുകയും ചെയ്യും. അതിനാൽ ലളിതമായ നിറമുള്ള പശ്ചാത്തലത്തിൽ (Plain background) ഒരുവസ്തു മാത്രം ഉപയോഗിച്ച് പരിശീലനം നടത്തുന്നതാണ് കൂടുതൽ ഫലപ്രദം. ശബ്ദവും ദൃശ്യവും ഒരുമിച്ച് ഉപയോഗിക്കുന്നത് കുട്ടിയുടെ ശ്രദ്ധ പിടിച്ചുപറ്റാൻ സഹായിക്കും
- കുട്ടിക്ക് ഒരു വസ്തു കൈകൊണ്ട് സ്പർശിക്കാനും അതേ സമയം കാണാനും അവസരം നൽകുന്നത് മസ്തിഷ്കത്തിൽ multi-sensory connections ശക്തിപ്പെടുത്തും. . ഇതിലൂടെ വസ്തുക്കൾ തിരിച്ചറിയാനുള്ള കഴിവ് വർധിക്കുന്നു.
- അല്പം ചലിക്കുന്ന കളിപ്പാട്ടങ്ങൾ ഉപയോഗിക്കുന്നത് കുട്ടിയുടെ ശ്രദ്ധ വർധിപ്പിക്കുന്നു
- വസ്തുക്കൾ കണ്ണിനടുത്ത് (6–8 ഇഞ്ച്) പിടിക്കുന്ന ത്കൂടുതൽ വ്യക്തമായി കാണാൻ സഹായിക്കുന്നു.
- ഓരോകുട്ടിയുടെയും പ്രതികരണം വ്യത്യസ്തമായതിനാൽ പ്രവർത്തനങ്ങൾ അതനുസരിച്ച്ക്രമീകരിക്കണം.
ദൃശ്യവിവരങ്ങൾവിശകലനം ചെയ്യാൻ കുട്ടിക്ക്കൂടുതൽ ഊർജം ആവശ്യമാണ്. ദിവസത്തിൽ പലതവണ ചെറിയ സമയത്തേക്ക് (5–10 മിനിറ്റ്) പരിശീലനം നടത്തുന്നതാണ് ഉത്തമം. കുട്ടിയെ നിർബന്ധി ച്ച്കാര്യങ്ങൾ ചെയ്യിക്കരുത്. ചെറിയ പുരോഗതികൾ പോലും പ്രോത്സാഹിപ്പിക്കണം. മാതാപിതാക്കളുടെ പങ്ക് ഈ പ്രക്രിയയിൽ വളരെ നിർണ്ണായകമാണ്. കൂടാതെ developmental therapist, occupational therapist, special educator എന്നിവരുടെ മാർഗനിർദ്ദേശം ലഭിക്കുന്നതും വളരെ ഗുണകരമാണ്.
പഠനത്തിലെ വെല്ലുവിളികളെ എങ്ങനെ നേരിടും
- ദൃശ്യപ്രശ്നങ്ങളെപരിഗണിച്ച്പഠനരീതികൾക്രമീകരിക്കണം.
- ലളിതവും വ്യക്തവുമായ ദൃശ്യവസ്തുക്കൾ ഉപയോഗിക്കുക.
- ഒരു സമയം ഒരു കാര്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുക.
- ഉയർന്ന കോൺട്രാസ്റ്റ് ഉള്ള ബോർഡുകളും പഠനസാമഗ്രികളും ഉപയോഗിക്കുക.
- കുട്ടിയുടെ വ്യക്തിഗത ആവശ്യങ്ങൾ പരിഗണിച്ച്പഠനപദ്ധതി തയ്യാറാക്കണം.
- ചോദ്യങ്ങൾക്ക് മറുപടിനൽകാൻ കുട്ടിക്ക് കൂടുതൽസമയം നൽകണം.
- ക്ലാസ്‌റൂം ഭിത്തികളിൽ അധിക അലങ്കാരങ്ങൾ ഒഴിവാക്കി ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുക.
- ആവശ്യമുണ്ടെങ്കിൽ വലിയ അക്ഷരങ്ങൾ ഉള്ള പുസ്തകങ്ങൾ ഉപയോഗിക്കുക
- പഠനമുറിയിൽ നല്ല പ്രകാശം ഉറപ്പുവരുത്തുക.
- കാഴ്ചമണ്ഡലത്തിൽപരിമിതി (Visual Field Deficit) ഉണ്ടെങ്കിൽ ഇരിപ്പിടം അതനുസരി ച്ച്ക്രമീകരിക്കുക.
- ശരിയായ ഇടപെടലുകൾ കുട്ടിയുടെ പഠനക്ഷമതയും ആത്മവിശ്വാസവും മെച്ചപ്പെടുത്താൻ സഹായിക്കും.
തിരുവനന്തപുരം മെഡിക്കൽകോളേജിലെ ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിലെ (CDC) “ദിയ” (Diya) എന്ന്നാമകരണംചെയ്തിരിക്കുന്ന CVI ക്ലിനിക് എല്ലാ ബുധനാഴ്ചകളിലും പ്രത്യേകവൈദഗ്ധ്യമുള്ള നേത്രരോഗവിദ്ഗ്ധന്റെ (Ophthalmologist) നേതൃത്വത്തിൽ ഒരു ടീം പ്രവർത്തിച്ചുവരുന്നു. ക്ലിനിക്കിൽ CVI-യുടെ സമഗ്രമായവിലയിരുത്തലും (Assessment), കൃത്യമായ രോഗനിർണയവും (Diagnosis) നടത്തുന്നു. കൂടാതെ, ഓരോ കുട്ടിയുടെയും കാഴ്ചശേഷി, വികാസം വ്യക്തിഗതആവശ്യങ്ങൾ എന്നിവ വിലയിരുത്തി അതിനനുസരിച്ചുള്ള കാഴ്ചപരിശീലനവും (Individualized Vision Therapy) നൽകുന്നു. കുട്ടിയുടെ പ്രവർത്തനപരമായ കാഴ്ചശേഷി മെച്ചപ്പെടുത്തുന്നതിനും ദൈനംദിന ജീവിതത്തിലും പഠനത്തിലും പരമാവധി സ്വാതന്ത്ര്യം കൈവരിക്കുന്നതിനുമായി മാതാപിതാക്കൾക്ക് ആവശ്യമായ മാർഗനിർദേശങ്ങളും തുടർപരിചരണവും ക്ലിനിക്കിലൂടെ ലഭ്യമാക്കുന്നു.
കടപ്പാട്
ഡോ. അനിത ബാലചന്ദ്രൻ
മെഡിക്കൽ കോളേജ് മുൻ പ്രൊഫസർ
കൺസൾട്ടന്റ് ഓഫ്താൽമോളജിസ്റ്റ്
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ ഡെവലപ്മെന്റൽ തെറാപ്പിസ്റ്റ് ആണ് ലേഖിക.
Content Highlights: Cerebral visual impairment in children presents unique challenges. Explore the key signs, risk factors, and the importance of early diagnosis and intervention.
Published: 04 Sept 2026, 11:07 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented