തലയുയർത്തി നിൽക്കേണ്ട ഒരു സമൂഹം തലകുനിച്ചും മുന്നോട്ട് ആഞ്ഞും ഇരിക്കാൻ തുടങ്ങിയപ്പോൾ നമ്മൾ മനുഷ്യർക്ക് പണ്ട് പതിവില്ലാത്ത പല വേദനകൾക്ക് കൂടിയാണ് തുടക്കമായത്.

To advertise here,

സ്മാർട്ട്‌ഫോണുകൾ, ലാപ്ടോപ്പുകൾ, ടാബ്‌ലെറ്റുകൾ തുടങ്ങിയ ഗാഡ്‌ജറ്റുകൾ ഉപയോഗിക്കുമ്പോൾ ദീർഘനേരം തല മുന്നോട്ട് ആഞ്ഞും താഴേക്ക് കുനിച്ചും ഇരിക്കുന്നത് മൂലം സെർവിക്കൽ സ്പൈനിൽ (Cervical Spine) ഉണ്ടാകുന്ന അതികഠിനമായ സമ്മർദ്ദവും ആഘാതവുമാണ് 'ടെക്സ്റ്റ് നെക്ക് സിൻഡ്രോം' (Text Neck Syndrome) അല്ലെങ്കിൽ 'ടെക് നെക്ക്' എന്നറിയപ്പെടുന്നത്.

സ്ഥിതിവിവരക്കണക്കുകൾ

വിവിധ പഠനങ്ങൾ അനുസരിച്ച്, വിദ്യാർത്ഥികളിൽ ഏകദേശം 73% ആളുകൾക്കും വർക്ക് ഫ്രം ഹോം ജീവനക്കാരിൽ 64-65% ആളുകൾക്കും ടെക്സ്റ്റ് നെക്ക് സിൻഡ്രോം മൂലം കഴുത്തിലോ മുതുകിലോ വിട്ടുമാറാത്ത വേദന അനുഭവപ്പെടുന്നുണ്ട്. ഇത് തൊഴിൽപരമായ ഉത്പാദനക്ഷമതയെയും (Work Productivity) ദൈനംദിന ജീവിതത്തെയും സാരമായി ബാധിക്കുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു.

ബയോ-മെക്കാനിക്സും അനാട്ടമിക്കൽ മാറ്റങ്ങളും

സാധാരണ നിലയിൽ (0° Tilt) മനുഷ്യന്റെ തലയ്ക്ക് സ്പൈനിൽ അനുഭവപ്പെടുന്ന ഭാരം 4.5 മുതൽ 5.4 കിലോഗ്രാം (10-12 lbs) ആണ്. എന്നാൽ ഫോർവേഡ് ഹെഡ് പോസ്റ്റർ (Forward Head Posture - FHP) മൂലം തല താഴേക്ക് കുനിയുമ്പോൾ ഈ ഭാരം ക്രമാതീതമായി വർദ്ധിക്കുന്നു:

15° ചരിവിൽ: കഴുത്തിന് ~12 കിലോഗ്രാം (27 lbs) ഭാരം അനുഭവപ്പെടുന്നു.

30° ചരിവിൽ: കഴുത്തിന് ~18 കിലോഗ്രാം (40 lbs) ഭാരം അനുഭവപ്പെടുന്നു.

45° ചരിവിൽ: കഴുത്തിന് ~22 കിലോഗ്രാം (49 lbs) ഭാരം അനുഭവപ്പെടുന്നു.

60° ചരിവിൽ: കഴുത്തിന് ~27 കിലോഗ്രാം (60 lbs) വൻ സമ്മർദ്ദം അനുഭവപ്പെടുന്നു (Compressed Disc).

ഈ ചരിവുകളും അളവുകളും വായിക്കാൻ സുഖകരമല്ലാത്ത അക്കങ്ങൾ ആണെങ്കിലും നമ്മുടെ സ്വൈര്യമായ ജീവിതത്തിന്റെ നിർണായകഘടകങ്ങൾ ആണെന്ന് കൂടി മനസ്സിലാക്കുക.

ഈ ചരിവ് തലയോടും കഴുത്തും തമ്മിലുള്ള ക്രാനിയോവെർട്ടിബ്രൽ ആംഗിൾ (Craniovertebral Angle) കുറയ്ക്കുകയും നട്ടെല്ലിലെ ഡിസ്കുകളിൽ അമിത സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്നു. കൂടാതെ കഴുത്തിന് പിൻഭാഗത്തുള്ള സബ്ഓക്സിപിറ്റൽ (Suboccipital), അപ്പർ ട്രപീസിയസ് (Upper Trapezius) പേശികൾ വലിഞ്ഞു മുറുകുകയും, മുൻഭാഗത്തെ പേശികൾ ബലഹീനമാവുകയും തോളുകൾ മുന്നോട്ട് കൂനുകയും ചെയ്യുന്നു.

പ്രധാന ക്ലിനിക്കൽ ലക്ഷണങ്ങൾ

  • കഴുത്തും തോൾ വേദനയും: കഴുത്തിലും തോളിലും മുതുകിന്റെ മുകൾ ഭാഗത്തും ഉണ്ടാകുന്ന വിട്ടുമാറാത്ത വേദനയും പേശിമുറുക്കവും.
  • തലവേദന: സബ്ഓക്സിപിറ്റൽ മസിലുകളിലെ വലിഞ്ഞുമുറുക്കം കാരണം ഉണ്ടാകുന്ന ടെൻഷൻ ഹെഡ് എയ്ക്ക് (Tension Headache), മൈഗ്രേൻ.
  • തരിപ്പും വേദനയും: നാഡികളിൽ ഏൽക്കുന്ന സമ്മർദ്ദം മൂലം കൈകളിലേക്കും വിരലുകളിലേക്കും പടരുന്ന തരിപ്പും വേദനയും (കാർപൽ ടണൽ സിൻഡ്രോം സാധ്യത).
  • ശ്വാസകോശത്തിന്റെ കപ്പാസിറ്റി കുറയൽ: നെഞ്ചിൻ കൂടിന്റെ വികാസം കുറയുന്നത് മൂലം പൾമനറി വൈറ്റൽ കപ്പാസിറ്റിയും ബ്രീത്തിങ് കപ്പാസിറ്റിയും കുറയുന്നു.
  • കമ്പ്യൂട്ടർ വിഷൻ സിൻഡ്രോം: കാഴ്ച വ്യക്തതയ്ക്കായി തല മുന്നോട്ട് ആഞ്ഞുപിടിക്കുന്നത് മൂലം കൺസ്ട്രെയിനും കഴുത്തിലെ ആഘാതവും വർദ്ധിക്കുന്നു.

പരിഹാര മാർഗ്ഗങ്ങളും വ്യായാമങ്ങളും

  • എർഗണോമിക്സ്: സ്ക്രീനുകൾ എപ്പോഴും കണ്ണിന്റെ നേർരേഖയിൽ (Eye-Level) മാത്രം ഉപയോഗിക്കുക. നട്ടെല്ലിന് കൃത്യമായ സപ്പോർട്ട് നൽകുന്ന കസേരകൾ ഉപയോഗിക്കുക.
  •  20-20-20 റൂൾ: ഓരോ 20 മിനിറ്റ് കൂടുമ്പോഴും സ്ക്രീനിൽ നിന്ന് ശ്രദ്ധ മാറ്റി ചെറിയ ഇടവേളകൾ എടുക്കുക. ഇടവേളകളിൽ കഴുത്ത് സ്ട്രെച്ച് ചെയ്യുക.
  • വ്യായാമങ്ങൾ: ചിൻ ടക്ക് (Chin Tucks - 10 തവണ), സ്കാപ്പുലർ റിട്രാക്ഷൻ (Scapular Retraction - 10 തവണ), ചെസ്റ്റ് സ്ട്രെച്ചിങ്, ഡയാഫ്രമാറ്റിക് ബ്രീത്തിങ് എന്നിവ ശീലിക്കുക.
  • പുനരധിവാസ രീതി: രോഗലക്ഷണങ്ങൾ ഉള്ളവർ 6 മുതൽ 10 ആഴ്ച വരെ ഹോം എക്സസൈസ് പ്രോഗ്രാമും, 4 ആഴ്ചത്തെ മോഡിഫൈഡ് സെർവിക്കൽ എക്സസൈസുകളും ഫിസിയോതെറാപ്പിസ്റ്റിന്റെ നിർദ്ദേശപ്രകാരം പരിശീലിക്കുന്നത് നട്ടെല്ലിന്റെ അനാട്ടമിക്കൽ ഘടന വീണ്ടെടുക്കാൻ സഹായിക്കും.

കൃത്യമായ എർഗണോമിക് മാറ്റങ്ങളിലൂടെയും പതിവായുള്ള വ്യായാമങ്ങളിലൂടെയും ഫിസിയോതെറാപ്പി ചികിത്സയിലൂടെയും ടെക്സ്റ്റ് നെക്ക് സിൻഡ്രോമിനെ പൂർണ്ണമായി പ്രതിരോധിക്കാനും നട്ടെല്ലിന്റെ ആരോഗ്യം സംരക്ഷിക്കാനും സാധിക്കും.

തലശ്ശേരി മിഷൻ ഹോസ്പിറ്റലിൽ കൺസൾട്ടന്റ് ഓർത്തോപീഡിക് സർജനാണ് ലേഖകൻ.