കഴിഞ്ഞ വർഷത്തെ പുകയില വിരുദ്ധ ദിനത്തിന്റെ ഭാഗമായി നടത്തിയ ബോധവത്കരണ ക്യാമ്പ് ഒരു ഗ്രാമപ്രദേശത്തായിരുന്നു. പുകയിലയേക്കുറിച്ചും മറ്റ് പുകയില വസ്തുക്കളേക്കുറിച്ചും പുകയില എങ്ങനെ ആരോഗ്യത്തെ ബാധിക്കുന്നു എന്നതിനേപ്പറ്റിയും ഫസ്റ്റ് ഹാൻഡ് സ്മോക്ക്, സെക്കൻഡ് ഹാൻഡ് സ്മോക്ക്, തേർഡ് ഹാൻഡ് സ്മോക്ക് എന്നിവയേക്കുറിച്ചുമെല്ലാം സംസാരിച്ചു
ഈ പ്രായത്തിൽ പുകയിലയുടെ ദൂഷ്യഫലങ്ങളേക്കുറിച്ച് അറിഞ്ഞാൽ മാത്രമേ ബോധവൽക്കണം ലക്ഷ്യം കാണുകയുള്ളൂ എന്ന ഉദ്ദേശത്തോടുകൂടിയാണ് പല ക്ലാസുകളും കുട്ടികൾക്ക് വേണ്ടി എടുക്കാറുള്ളത്. ക്ലാസ് കഴിഞ്ഞ് ഇറങ്ങാൻ നിന്നപ്പോൾ എല്ലാവരും പുറത്തേക്ക് പോയി തുടങ്ങിയിരുന്നു, അപ്പോൾ ഒരു കുട്ടി എന്റെ മുന്നിൽ വന്നു.
ഡോക്ടർ എന്റെ പേര് അഭിനവ്, 16 വയസ്സായി. ഞാൻ സിഗരറ്റ് വലിച്ചിട്ടുണ്ട്. ഇപ്പോൾ നല്ലോണം വലിക്കുന്നുണ്ട്.
ഞാനൊന്ന് ഞെട്ടി!!
അവന്റെ മുഖത്ത് നിസംഗതാ ഭാവമായിരുന്നു.
''വീട്ടിൽ എല്ലാവരും പുകവലിക്കുന്നവരാണ് ഡോക്ടർ. അച്ഛൻ സിഗരറ്റാണ് വലിക്കുക. അമ്മ മുറുക്കാനും പുകയിലയും ചവയ്ക്കും. അച്ഛൻ ഭക്ഷണം കഴിഞ്ഞാലും ചായ കുടിക്കുമ്പോഴുമൊക്കെ വലിക്കും. അമ്മ എല്ലാരുടെയും കൂടെ ഇരുന്നാണ് മുറുക്കുക... എനിക്ക് പുകയിലയുടെ മണം ഇഷ്ടമാണ് ഡോക്ടർ. അച്ഛന്റെ കീശയിൽ നിന്നാണ് ആദ്യമായി ഞാൻ സിഗരറ്റ് എടുത്തത്. അച്ഛൻ വലിക്കുന്ന പോലെ ബാത്‌റൂമിൽ പോയി ട്രൈ ചെയ്തു… ഇപ്പോ അത് ശീലമായി.
പുകയില ഇത്ര പ്രശ്നമാണെന്ന് ഞാൻ ഇപ്പോൾ ഡോക്ടർ ചിത്രങ്ങളൊക്കെ കാണിച്ചു തന്നപ്പോഴാണ് അറിയുന്നത്. പക്ഷെ എനിക്ക് നിർത്തണമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് അതിനു വേറെ ഒരു കാരണം കൂടിയുണ്ട്. എന്റെ അനിയത്തി ചെറുതാണ് ഇപ്പോൾ ഒന്നാം ക്ലാസ്സിലായി. ഞാനായിരുന്നു അവളുടെ ബെസ്റ്റ് ഫ്രണ്ട്. പക്ഷെ ഇപ്പോ അവളെന്റെ അടുത്ത് വരുന്നില്ല. എന്നെ ഭൂതത്തിന്റെ മണമാണെന്നാ പറയുന്നേ. അവളെ കൊഞ്ചിക്കാൻ എനിക്കിഷ്ടമാ മാഡം. പക്ഷേ ഇപ്പോ അവൾ എന്റെ അടുത്തേക്ക് വരുന്നേയില്ല. എനിക്ക് സിഗരറ്റ് കിട്ടാതിരുന്നാൽ വലിയ പ്രശ്നമാണ്. എങ്ങനെയാ ഇതൊന്ന് നിർത്തുക? ഇന്നത്തോടുകൂടി ഞാൻ തീരുമാനിച്ചു, എനിക്കിത് നിർത്തണം ഡോക്ടർ. പക്ഷെ എന്റെ കയ്യിൽ പൈസ ഇല്ല. വീട്ടിൽ എങ്ങനെയാ ചോദിക്കാ.''
ഈ ഗ്രാമപ്രദേശത്ത് ഇങ്ങനെ ഒരു സ്കൂൾ കുട്ടിയുടെ ജീവിതത്തിന് മുന്നിൽ ഇത്ര വിഷമത്തോടെ നിൽക്കേണ്ടി വരുമെന്ന് ഞാൻ വിചാരിച്ചതേയില്ല.
പതിയെ അവനിൽ നിന്ന് കാര്യങ്ങൾ എല്ലാം ചോദിച്ചറിയുകയും കൗൺസിലിങ് സെഷന് വരാൻ ആവശ്യപ്പെടുകയും ചെയ്തു. പൈസ ഒന്നും വേണ്ട, കൃത്യമായി വന്നാൽ എല്ലാം നമുക്ക് ശരിയാക്കാം എന്നവനോട് ഞാൻ പറഞ്ഞു.
ചെറിയ പ്രായം ആയതുകൊണ്ടും അവന് തന്നെ നിർത്താൻ ആഗ്രഹം ഉള്ളത് കൊണ്ടും ബുദ്ധിമുട്ടില്ലാതെ ഈ ശീലം മാറ്റാൻ ആവുമെന്ന് ഉറപ്പുണ്ടായിരുന്നു.
അവിടുന്ന് മടങ്ങിയ വഴിയിലുടനീളം അഭിനവിന്റെ വാക്കുകൾ എന്റെ മനസ്സിൽ മുഴങ്ങിക്കൊണ്ടിരുന്നു. പിയർ പ്രഷർ ആണ് സാധാരണയായി ഞങ്ങൾ കുട്ടികളിൽ പുകവലി തുടങ്ങാനുള്ള പ്രധാന കാരണമായി ചർച്ച ചെയ്യാറുള്ളത്. പക്ഷെ അഭിനവിന്റെ കാര്യത്തിൽ സ്വന്തം വീട് തന്നെയായിരുന്നു ആ പ്രഷർ. മാതാപിതാക്കളുടെ ശീലങ്ങൾ കുട്ടികൾ പോലും അറിയാതെ അവരിലേക്കെത്തുന്നു. കുട്ടികൾക്ക് ഏറ്റവും വലിയ മാതൃക മാതാപിതാക്കൾ തന്നെയാണ്.
സത്യം പറഞ്ഞാൽ അവൻ കൗൺസിലിങ്ങിന് വരുമോ എന്നതുതന്നെ എനിക്ക് സംശയമായിരുന്നു. പക്ഷേ അവൻ കൃത്യമായി വന്നു. മിടുക്കനായിരുന്നു. ആറ് മാസം സമയമെടുത്തു. പക്ഷെ ശീലം അധികമാരും അറിയാതെ അവൻ പൂർണ്ണമായി നിർത്തി. ഇപ്പോൾ ഡിഗ്രിക്ക് പഠിക്കുന്ന അവൻ കഴിഞ്ഞ ദിവസം തന്റെ രണ്ടു സുഹൃത്തുക്കളെ കൂടി പുകവലി നിർത്തിക്കാൻ കൊണ്ടുവന്നു. ഇവർ വലി നിർത്തിയാൽ എനിക്ക് കൂടി നല്ലതല്ലേ എന്നായിരുന്നു അന്ന് അവൻ പറഞ്ഞത്. പാസ്സീവ് സ്‌മോക്കിങ് പ്രശ്നം വേണ്ടല്ലോ എന്ന്. ഓരോ പുകയിലാവിരുദ്ധ ദിനം വരുമ്പോഴും ഞാൻ അഭിനവിനെ ഓർക്കാറുണ്ട്.
1987 മുതൽ ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ എല്ലാവർഷവും മെയ് 31 ലോകപുകയിലവിരുദ്ധ ദിനമായി ആചരിക്കുന്നു. ഈ വർഷത്തെ ലോകപുകയിലവിരുദ്ധ ദിനത്തിലെ പ്രമേയം Unmasking the Appeal: Exposing Industry Tactics on Tobacco and Nicotine Products എന്നതാണ്.
ലോകം ഇതുവരെ നേരിട്ടതിൽ വച്ച് ഏറ്റവും വലിയ പൊതുജനാരോഗ്യ ഭീഷണികളിലൊന്നാണ് പുകയില ഉപയോഗം. പുകയില ഉപയോക്താക്കളുടെ എണ്ണത്തിൽ ഇന്ത്യ ആഗോളതലത്തിൽ 2-ാം സ്ഥാനത്തും ലോകാരോഗ്യ സംഘടനയുടെ തെക്ക് കിഴക്കൻ ഏഷ്യ മേഖലയിൽ ഒന്നാം സ്ഥാനത്തുമാണ്. ഇന്ത്യയിൽ 15 വയസ്സും അതിൽ കൂടുതലുമുള്ള മുതിർന്നവരിൽ 28.6% പേർ നിലവിൽ ഏതെങ്കിലും രൂപത്തിൽ പുകയില ഉപയോഗിക്കുന്നു. കേരളത്തിൽ 22.9% പുരുഷന്മാരും 3.6% സ്ത്രീകളും ഒന്നുകിൽ പുകയില വലിക്കുന്നു അല്ലെങ്കിൽ പുകയില്ലാത്ത പുകയില ഉപയോഗിക്കുന്നു.
ഓരോ വർഷവും ഏഴുദശലക്ഷം പേരാണ് പുകവലി മൂലം മരിക്കുന്നത്. നാലായിരത്തിൽ കൂടുതൽ രാസവസ്തുക്കളടങ്ങിയ ഈ പുകയിൽ 250 എണ്ണം അത്യധികം അപകടകാരികളാണ്. എൺപതിലധികം രാസവസ്തുക്കൾ അർബുദത്തിന് കാരണമാകുന്നു. മുതിർന്നവരിൽ നിഷ്ക്രിയ പുകവലി ഹൃദയസംബന്ധവും ശ്വാസകോശസംബന്ധമായ രോഗങ്ങൾക്ക് കാരണമാകുന്നു. പൊതുസ്ഥലങ്ങളിൽ ഏതാണ്ട് പകുതിയോളം കുട്ടികളും പുകയിലയുടെ പുക ശ്വസിക്കാൻ ഇടവരുകയും ഹൃദയസംബന്ധമായും ശ്വാസകോശസംബന്ധവുമായ അസുഖങ്ങൾക്കും പല തരത്തിലുള്ള അർബുദത്തിനും ഇത് കാരണമാകുകയും ചെയ്യുന്നു.
എങ്ങനെയാണ് പുകവലി ഉപേക്ഷിക്കുക ?
പുകയില വിമുക്തി 'ഫൈവ് എ' മോഡൽ എന്നാണ് അറിയപ്പെടുന്നത്.
1. 5 A model Ask Assess Advise Assist Arrange
Ask- വ്യക്തിയോട് പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗത്തെക്കുറിച്ചും എത്രത്തോളം നിർത്താൻ ആഗ്രഹിക്കുന്നു എന്നതിനെ പറ്റിയും ചോദിച്ചു മനസ്സിലാക്കുന്നു.
Assess- തീവ്രത, സിഗരറ്റുകളുടെ എണ്ണം, ഉപയോഗിക്കുന്നതിന്റെ ഇടവേള, സിഗരറ്റ് ഉപയോഗിക്കാൻ നയിക്കുന്ന കാര്യങ്ങൾ, മാനസികാരോഗ്യ ആരോഗ്യപ്രശ്നങ്ങൾ, നിർത്താൻ ഉണ്ടായ പ്രചോദനം എന്നിവയെ പറ്റി ചോദിച്ചു മനസ്സിലാക്കുന്ന ഘട്ടം.
Advise- പുകയില നിർത്താനുള്ള ഉപദേശങ്ങൾ നൽകാം, ടെക്നിക്കുകൾ കൊടുക്കുന്നു, പുകവലിയുടെ ദൂഷ്യവശങ്ങളെ പറ്റി ബോധവൽക്കരിക്കുന്നു.
Assist- quit ഡേറ്റ് (നിർത്താൻ ഉദ്ദേശിക്കുന്ന ദിവസം ) കണ്ടെത്താനും ആവശ്യമായ ചികിത്സ ഉറപ്പിക്കാനും സഹായിക്കുന്നു..
Arrange- ചികിത്സ തുടങ്ങിയവർക്ക് തുടർന്നുള്ള സേവനങ്ങൾ നൽകുന്നു
പുകവലി നിർത്തണമെങ്കിൽ ആദ്യം ചെയ്യേണ്ടത് പുകവലി പൂർണ്ണമായും ഉപേക്ഷിക്കാൻ തീരുമാനം കൈക്കൊള്ളുക എന്നതാണ്. പിന്നീട് തൊട്ടടുത്ത ദിവസം തന്നെ പുകവലി നിർത്തുന്നതാണ് നല്ലത്.
പുകവലി നിർത്താൻ നിരവധി മാർഗങ്ങളുണ്ട്, ഏത് തിരഞ്ഞെടുക്കണം എന്ന് നിങ്ങൾക്ക് സ്വയം തീരുമാനിക്കാം.
- പെട്ടെന്ന് ഉപേക്ഷിക്കുക, അല്ലെങ്കിൽ നിങ്ങൾ ഉപേക്ഷിക്കുന്ന തീയതി വരെ പുകവലി തുടരുക, എന്നിട്ട് പെട്ടെന്ന് നിർത്തുക.
- ക്രമേണ ഉപേക്ഷിക്കുക, അല്ലെങ്കിൽ നിങ്ങൾ ഉപേക്ഷിക്കുന്ന തീയതി വരെ സാവധാനം സിഗരറ്റ് വലിക്കുന്നതിന്റെ എണ്ണം കുറയ്ക്കുക, തുടർന്ന് നിർത്തുക.
പുകവലി നിർത്തേണ്ട ദിവസം തിരഞ്ഞെടുത്തു കഴിഞ്ഞാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- പുകവലിക്കരുത്.
- തിരക്കുകളിൽ ഏർപ്പെടുക.
- എൻ.ആർ.ടി. (NICOTINE REPLACEMENT THERAPY) ഉപയോഗിക്കാൻ നിങ്ങൾ തിരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ നിങ്ങളുടെ എൻ.ആർ.ടിയുടെ ഉപയോഗം ഉടൻ ആരംഭിക്കുക.
- പുകവലി നിർമാർജന പരിപാടിയിൽ പങ്കെടുക്കുകയോ അല്ലെങ്കിൽ ഒരു സ്വയം സഹായ പദ്ധതി പിന്തുടരുകയോ ചെയ്യുക.
- കൂടുതൽ വെള്ളവും ജ്യൂസും കുടിക്കുക.
- മദ്യം ഉപയോഗിക്കുന്നവരാണെങ്കിൽ അതും ഒഴിവാക്കുക
- പുകവലിക്കുന്ന വ്യക്തികളുമായുള്ള സമ്പർക്കം ഒഴിവാക്കുക.
- പുകവലിക്കാനുള്ള ശക്തമായ പ്രേരണയുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക.
പുകവലി നിർത്തുന്ന ദിവസത്തിൽ പലതവണ പുകവലിക്കാനുള്ള ആഗ്രഹം നിങ്ങൾക്ക് മിക്കവാറും അനുഭവപ്പെടും. പുകവലിക്കാനുള്ള പ്രേരണ ചെറുക്കാൻ ഇനി പറയുന്ന പ്രവർത്തനങ്ങൾ നിങ്ങളെ സഹായിച്ചേക്കാം
- ആസക്തി കടന്നുപോകുന്നതുവരെ കാത്തിരിക്കുക. പുകവലിക്കാനുള്ള ത്വര പലപ്പോഴും 3 മുതൽ 5 മിനിറ്റിനുള്ളിൽ വരുന്നു.
- ആഴത്തിലുള്ള ശ്വാസനം. മൂന്ന് പ്രാവശ്യം എന്ന കണക്കിൽ നിങ്ങളുടെ മൂക്കിലൂടെ സാവധാനം ചെയ്യുക
- ആസക്തി മറികടക്കാൻ വെള്ളം കുറച്ച് കുറച്ചായി കുടിച്ചുകൊണ്ടിരിക്കുക.
- സ്വയം ശ്രദ്ധ തിരിക്കാൻ മറ്റെന്തെങ്കിലും ചെയ്യുക. വേണമെങ്കിൽ പുറത്ത് നടക്കാൻ പോകുക.
ഈ നാല് കാര്യങ്ങൾ ഓർമിക്കുന്നത് പലപ്പോഴും പുകവലിക്കുവാനുള്ള നിങ്ങളുടെ പ്രേരണ മറികടക്കാൻ സഹായിക്കും.
2. NRT (Nicotine Replacement Therapy). പുകവലി ഉപേക്ഷിക്കാൻ സഹായിക്കുന്ന മികച്ച മാർഗമാണിത് . പുകവലി ഉപേക്ഷിക്കാനുള്ള നിങ്ങളുടെ ശ്രമത്തെ തടസ്സപ്പെടുത്തിയേക്കാവുന്ന ആസക്തിയും, പിൻവലിക്കൽ ലക്ഷണങ്ങളും എൻ.ആർ.ടിക്ക് കുറയ്ക്കാൻ കഴിയും. നിങ്ങളുടെ ശരീരം സിഗരറ്റിൽ നിന്ന് അകറ്റുന്നതിനും പുകയിലയിൽ കാണപ്പെടുന്ന മറ്റ് രാസവസ്തുക്കൾ നിൽക്കുന്നതിൽ നിന്ന് നിങ്ങളെ ഒഴിവാക്കുന്നതിനും ഇടയിലും, നിയന്ത്രിത അളവിൽ നിക്കോട്ടിൻ നൽകുന്നതിനാണ് എൻ.ആർ.ടികൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ചില NRT സംവിധാനങ്ങൾ ഇവയാണ്
- തൊലിപ്പുറത്ത് ഒട്ടിക്കുന്നവ
- ച്യൂയിംഗ് ഗം
- ലോസേൻജസ്
- മൂക്കിൽ ഉപയോഗിക്കുവാനുള്ള നേസൽ സ്പ്രേ (ഡോക്ടറുടെ കുറിപ്പടി ഉണ്ടെങ്കിൽ മാത്രം)
- ഇൻഹേലർ (ഡോക്ടറുടെ കുറിപ്പടി ഉണ്ടെങ്കിൽ മാത്രം) എൻ.ആർ.ടി. പിന്തുടരുവാൻ നിങ്ങൾ തീരുമാനിച്ചിട്ടുണ്ടെങ്കിൽ,
നിങ്ങൾ പുകവലി ഉപേക്ഷിക്കുന്നതിന് മുമ്പ് ഒരു ആരോഗ്യ വിദഗ്ദനുമായോ, ടോബാകോ സെസ്സാഷൻ സ്പെഷ്യലിസ്റ്റുമായോ, അവയുടെ ഡോസിനെ കുറിച്ച് ചർച്ച ചെയ്യുക. എൻ.ആർ.ടി. ഉപയോഗിച്ച് നിങ്ങൾ പുകവലി ഉപേക്ഷിക്കാൻ കൂടുതൽ സാധ്യതയുണ്ടെങ്കിലും, പുകയില ഉപേക്ഷിക്കുക മാത്രമല്ല, നിക്കോട്ടിനിലേക്കുള്ള നിങ്ങളുടെ ആസക്തി അവസാനിപ്പിക്കലാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
ഈ ഉത്പന്നങ്ങൾ ഉപയോഗിക്കുമ്പോൾ തലകറക്കം, ബലഹീനത, ഓക്കാനം, ഛർദ്ദി, വേഗതയേറിയ അല്ലെങ്കിൽ ക്രമരഹിതമായ ഹൃദയമിടിപ്പ്, അല്ലെങ്കിൽ ചർമത്തിന്റെ വീക്കം എന്നിവ ചിലരിലെങ്കിലും അനുഭവപ്പെടാറുണ്ട്. അത്തരം സാഹചര്യത്തിൽ ഉടൻ ഡോക്ടറെ ബന്ധപ്പെടുക.
3. മരുന്നുപയോഗിച്ചുള്ള ചികിത്സ
പുകവലി ശീലം ഒഴിവാക്കാൻ സഹായിക്കുന്നതിന് നിക്കോട്ടിൻ രഹിതമായ രണ്ട് മരുന്നുകൾ എഫ്ഡിഎ അംഗീകരിച്ചിട്ടുണ്ട്. ബ്യൂപ്രോപിയോൺ (Bupropione ) , വാരെനിക്ലൈൻ (varanicicline ) എന്നിവയാണ് അവ. ഇത് വാങ്ങുന്നതിനായി ഡോക്ടറുടെ കുറിപ്പടി ആവശ്യമുള്ളതിനാൽ, നിങ്ങളുടെ ഡോക്ടറോടോ ടുബാക്കോ സെസേഷൻ സ്പെഷ്യലിസ്റ്റിന്റെ അടുത്തോ ഇതിനേക്കുറിച്ച് സംസാരിക്കുക. തലച്ചോറിലെ രാസവസ്തുക്കളിൽ ബ്യൂപ്രോപിയോൺ പ്രവർത്തിക്കുന്നു. അത് നിക്കോട്ടിൻ ആസക്തിയിൽ കുറവ് വരുത്തുന്നതിന് പങ്കുവഹിക്കുകയും നിക്കോട്ടിൻ പിൻവലിക്കലിന്റെ ലക്ഷണങ്ങളും ബുദ്ധിമുട്ടുകളും കുറയ്ക്കുകയും ചെയ്യുന്നു. ബ്യൂപ്രോപിയോൺ ടാബ്ലെറ്റ് രൂപത്തിൽ പന്ത്രണ്ട് ആഴ്ച്ച കഴിക്കണം. എന്നാൽ ആ സമയത്ത് നിങ്ങൾ വിജയകരമായി പുകവലി ഉപേക്ഷിച്ചിട്ടുണ്ടെങ്കിൽ, പുകവലി വീണ്ടും തുടങ്ങുവാനുളള സാധ്യത കുറയ്ക്കുന്നതിന് നിങ്ങൾക്ക് 3 മുതൽ 6 മാസം വരെ ഇത് ഉപയോഗിക്കാം. തലച്ചോറിലെ നിക്കോട്ടിൻ റിസപ്റ്ററുകളുമായി വാരെനിക്ലൈൻ ഇടപെടുന്നു, ഇത് പുകയില ഉപയോഗത്തിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്ന ആനന്ദം കുറയ്ക്കുകയും, നിക്കോട്ടിൻ പിൻവലിക്കൽ ലക്ഷണങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു. പന്ത്രണ്ട് ആഴ്ചത്തേക്ക് വാരെനിക്ലൈൻ ഉപയോഗിക്കുക. പക്ഷേ, നിങ്ങൾ ഈ ശീലം തടയുന്നത് വിജയകരമായി പാലിച്ചിട്ടുണ്ടെങ്കിൽ, പുകവലി വീണ്ടും തുടങ്ങുവാനുളള സാധ്യത കുറയ്ക്കുന്നതിന് വീണ്ടും ഒരു പന്ത്രണ്ട് ആഴ്ച കൂടി ഈ മരുന്ന് ഉപയോഗിക്കാം. പെരുമാറ്റ വ്യതിയാനങ്ങൾ, വിഷാദാവസ്ഥ, മോശം മാനസികാവസ്ഥ, കോപം, ശത്രുത മനോഭാവം, ആത്മഹത്യാ പ്രവണതകൾ അല്ലെങ്കിൽ ശ്രമങ്ങൾ എന്നിവ ഈ മരുന്നുകൾ ഉപയോഗിക്കുന്നത് മൂലം ഉണ്ടാകാൻ സാധ്യതയുണ്ട്.
4. പെരുമാറ്റശീലം മെച്ചപ്പെടുത്തുന്നതിന് പിന്തുണ തേടുക. പുകവലിയിൽ നിങ്ങൾക്കുള്ള വൈകാരികവും ശാരീരികവുമായ ആശ്രയത്വം മൂലം, നിങ്ങൾ അത് ഉപേക്ഷിച്ച ദിവസത്തിന് ശേഷം നിക്കോട്ടിൻ ഉപയോഗത്തിൽ നിന്നുള്ള വിട്ടുനിൽക്കൽ വെല്ലുവിളി ഉണ്ടാക്കുന്നു. ഇതിൽ നിന്ന് പുറത്തുകടക്കാൻ, ഈ ആശ്രയത്വം പരിഹരിക്കേണ്ടതുണ്ട്. കൗൺസിലിംഗ് സേവനങ്ങൾ, സ്വയം സഹായ സാമഗ്രികൾ, മറ്റ് പിന്തുണയ്ക്കായുള്ള സേവനങ്ങൾ എന്നിവ പരീക്ഷിക്കുന്നത് ഈ സമയം നേരിടുവാൻ സഹായിക്കും. ശാരീരിക ലക്ഷണങ്ങൾ കാലക്രമേണ മെച്ചപ്പെടുമ്പോൾ, വൈകാരികമായ പ്രശ്നങ്ങളും അകലുന്നു. ഇത്തരം പെരുമാറ്റശീലവുമായി ബന്ധപ്പെട്ട ചികിത്സ ഗ്രൂപ്പ് തെറാപ്പി മുതൽ വ്യക്തിപരമായും ഫോൺ വഴിയോ ഓൺലൈൻ വഴിയോ ഉള്ളതുമായ വ്യക്തിഗത കൗൺസിലിംഗ് എന്നിങ്ങനെ പല തരത്തിൽ ആകാം. യാതൊരു പിന്തുണയുമില്ലാതെയുള്ള രീതി അവലംബിക്കുന്നതുമായി താരതമ്യപ്പെടുത്തുമ്പോൾ സ്വയം സഹായ സാമഗ്രികൾ ഉപയോഗിച്ചുള്ള രീതി പുകവലി ഉപേക്ഷിക്കുന്നതിന്റെ നിരക്ക് വർധിപ്പിക്കും. പക്ഷേ മൊത്തത്തിൽ, വ്യക്തിഗത കൗൺസിലിങ് ഏറ്റവും ഫലപ്രദമായ രീതിയാണ്. നാഷണൽ ഹെൽത്ത് മിഷനും ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്തും സംയുക്തമായുള്ള സംരംഭമായുള്ള ദിശ -1056 ഇത്തരം ചികിത്സകൾ സൗജന്യമായി നൽകുന്നുണ്ട്.
പുകവലി ശീലമാക്കിയവർ അത് ഉപേക്ഷിക്കുമെന്ന തീരുമാനമെടുക്കുക. ശാസ്ത്രീയമായ മാർഗങ്ങൾ ഉപയോഗിച്ച് നിക്കോട്ടിൻ ആസക്തിയിൽ നിന്ന് പൂർണമായും മുക്തമാവാനും, നല്ല ശീലം ആരംഭിക്കുവാനും കഴിയും. ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ കണക്ക് പ്രകാരം, ഓരോ വർഷവും 40 ലക്ഷത്തോളം ആളുകൾ പുകവലി ഒഴിവാക്കുന്നുണ്ട്. ഈ കണക്ക് ആശ്വാസകരമാണ്.
Content Highlights: Beyond Peer Pressure: Understanding the Root Causes of Adolescent Smoking & Effective Interventions
Published: 31 May 2025, 06:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented