ഇന്ന് ലോക പുകയിലവിരുദ്ധ ദിനം

നെടുങ്കണ്ടം: 2019 ജനുവരി ഒന്ന്. സുഹൃത്തുക്കളായ നെടുങ്കണ്ടം ചേമ്പളം മുള്ളുകാലായിൽ ബെന്നി ജോസഫും (56), നന്തിക്കാട്ട് ബൈജു ജേക്കബും (45) ഒരു പുതുവർഷ പ്രതിജ്ഞ എടുത്തു. പുകവലി ഉപേക്ഷിക്കും എന്നതായിരുന്നു അത്. ബാഹ്യപ്രേരണയിലോ നിർബന്ധത്തിലോ ആയിരുന്നില്ല ആ തീരുമാനം. ജീവിതം തിരിച്ചുപിടിക്കാനായി സ്വയം എടുത്തതായിരുന്നു.
ഏഴുവർഷം മുമ്പ് എടുത്ത ആ തീരുമാനം പിന്നീടുള്ള ജീവിതത്തെ അദ്‌ഭുതകരമായി സ്വാധീനിച്ചുവെന്ന് ഇരുവരും പറയുന്നു. സ്‌കൂൾ കാലഘട്ടം മുതൽതന്നെ ഇരുവരും പുകവലി ശീലമാക്കിയിരുന്നു. മുതിർന്നവർ കത്തിച്ച് ഉപേക്ഷിച്ച കുറ്റി ബീഡി കൗതുകത്തിന് വലിച്ചായിരുന്നുതുടക്കം.
പിന്നീടുള്ള കാലം തന്റെ ജീവിതം പുകവലിക്കാൻ വേണ്ടിയായിരുന്നു എന്നുപറഞ്ഞാൽ അതിശയോക്തിയാകില്ലെന്ന് ബെന്നി പറയുന്നു. ദിവസം മൂന്ന് പാക്കറ്റ് ബീഡിയും സിഗരറ്റും വേണമായിരുന്നു. വിശപ്പ് അനുഭവപ്പെട്ടതേയില്ല. ജീവൻ നിലനിർത്താൻവേണ്ടി മാത്രം ആഹാരം കഴിച്ചു. കൂടെ കഠിനാധ്വാനവും. ക്രമേണ ആരോഗ്യം ക്ഷയിക്കുന്നതായി തിരിച്ചറിഞ്ഞു.
പത്തടി നടന്നാൽ കിതപ്പും ശ്വാസംമുട്ടലും ക്ഷീണവും ആയി. ശരീരഭാരം കുറഞ്ഞുവന്നു. വില്ലൻ പുകവലി ആണെന്ന് തിരിച്ചറിഞ്ഞിട്ടും നിർത്താൻ സാധിച്ചില്ലെന്ന് ബെന്നി പറയുന്നു. ഇതുതന്നെയായിരുന്നു ബൈജുവിന്റെ അവസ്ഥയും. ഒരുദിവസം രണ്ട് പായ്ക്കറ്റ് സിഗരറ്റും ബീഡിയും വേണമായിരുന്നു ബൈജുവിന്. കയറ്റിറക്ക് തൊഴിലാളികളായ ഇരുവർക്കും മദ്യപാനവും ഉണ്ടായിരുന്നു. 1000 രൂപയ്ക്ക് ജോലി ചെയ്താൽ 700 രൂപയോളം സിഗരറ്റിനും മദ്യത്തിനുമായി ചെലവഴിച്ചു. ജീവിതതാളം തെറ്റുന്നുവെന്ന മനസ്സിലാക്കിയ ഇരുവരും ഒരുമിച്ച് ഇതെല്ലാം നിർത്താൻ തീരുമാനിക്കുകയായിരുന്നു.
പുകവലിയും മദ്യപാനവും നിർത്തിയതോടെ സാമ്പത്തികമായും ശാരീരികമായും വലിയ മാറ്റമാണുണ്ടായെന്ന്, നിലവിൽ ഉടുമ്പൻചോലയിൽ എസ്‌റ്റേറ്റ് മാനേജരായി ജോലി ചെയ്യുന്ന ബൈജു പറയുന്നു. വർഷങ്ങളോളം മുടങ്ങിക്കിടന്ന വീടുപണി പൂർത്തീകരിച്ചു. ഭക്ഷണത്തിന് രുചി കൂടി. കുടുംബത്തിനൊപ്പം കൂടുതൽസമയം ചെലവഴിക്കാനും കഴിയുന്നു.
പുകവലി നിർത്തിയശേഷമുള്ള രണ്ടാഴ്ച അതീവ ദുഷ്‌കരമായിരുന്നുവെന്ന് ബെന്നി പറയുന്നു. ഭക്ഷണശേഷവും അല്ലാതെയും കൈ യാന്ത്രികമായി സിഗരറ്റ് ലക്ഷ്യമാക്കി പോക്കറ്റിലേയ്ക്ക് പോയി. ദേഷ്യവും ഉത്കണ്ഠയും വന്നു. എല്ലാത്തിനോടും വിരക്തിയും അനുഭവപ്പെട്ടു. എന്നാൽ, കാലക്രമേണ ഇതെല്ലാം മാറി. ശാന്തിയും സമാധാനവും ആരോഗ്യവും വീണ്ടെടുത്തപ്പോൾ കുടുംബാംഗങ്ങളും സന്തോഷത്തിലായെന്ന് ഇരുവരും സാക്ഷ്യപ്പെടുത്തുന്നു.
Content Highlights: How Two Friends Quit Smoking and Transformed Their Lives Forever
Published: 31 May 2026, 08:02 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented