
മേയ് 31ന് ലോക പുകയിലരഹിത ദിനമായി ആചരിച്ചു വരുന്നു. ആകർഷണീയതയുടെ ചുരുളഴിക്കുക: പുകയിലയുടെ അടിമത്തത്തെ ചെറുക്കുക എന്നതാണ് 2026ലേക്ക് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിരിക്കുന്ന സന്ദേശം. ചെറുപ്പക്കാരെ ലക്ഷ്യമിട്ടുള്ള പുകയില, നിക്കോട്ടിൻ ഉൽപ്പന്നങ്ങളുടെ ചതിക്കുഴികളെ തുറന്നുകാട്ടാൻ ഇത് ആഹ്വാനം ചെയ്യുന്നു. പുകയില ഉപയോഗത്തെ സാധാരണവൽക്കരിക്കുകയും ആകർഷണീയമാക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ട് മാധ്യമങ്ങൾ യുവാക്കൾക്കിടയിൽ പുകയിലയുടെ ഉപയോഗത്തെ വളരെയധികം കൂട്ടുന്നു. ഈ വർഷത്തെ പുകയിലരഹിത ദിനത്തിന്‍റെ പ്രധാന ലക്ഷ്യങ്ങൾ യുവതലമുറയെ പുകയിലയിൽ നിന്ന് സംരക്ഷിക്കുക, അവരെ പുകയിലയുടെ അടിമത്തത്തിൽ നിന്നും മോചിപ്പിക്കുക, പുകയിലക്കെതിരെയുള്ള നിയന്ത്രണങ്ങൾ ശക്തമാക്കുക തുടങ്ങിയവയാണ്.
ആഗോളതലത്തിൽ പ്രതിവർഷം 80 ലക്ഷത്തിലധികം പുകയില മരണങ്ങൾ ഉണ്ടാകുന്നു. ഇന്ത്യയിൽ എല്ലാ മുതിർന്നവരിലും ഏകദേശം 28.6 ശതമാനം പേർ പുകയില ഉപയോഗിക്കുന്നു ഇന്ത്യയിലെ മൊത്തം കാൻസർ കേസുകളിൽ 27% പുകയിലയുമായി ബന്ധപ്പെട്ടതാണ്.
പുകയില എല്ലാ രൂപത്തിലും കൊല്ലുന്നു-പുകവലിച്ചാലും ചവച്ചാലും ശ്വസിച്ചാലും. ഒരു അളവിലുള്ള പുകയില ഉപയോഗവും സുരക്ഷിതമല്ല. പുകയിലയുടെ പുകയിൽ 4000 ത്തിലധികം രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. ഇതിൽ 70 എണ്ണം എങ്കിലും അർബുദകാരികൾ ആണ്. ഇവ ശരീരത്തിലെ ആരോഗ്യകരമായ കോശങ്ങളുടെ ഡിഎൻഎ നശിപ്പിക്കുകയും സാധാരണ കോശം നന്നാക്കൽ സംവിധാനങ്ങളെ തടസ്സപ്പെടുത്തുകയും വിട്ടുമാറാത്ത വീക്കത്തിന് കാരണമാവുകയും ചെയ്യുന്നു. പുകയില ശ്വാസകോശം, വായ, അന്നനാളം, ആമാശയം, പാൻക്രിയാസ് കരൾ, വൃക്ക, മൂത്രസഞ്ചി, അസ്ഥി, മജ്ജ എന്നിവയിൽ കാൻസറിന് കാരണമാകും എന്നത് തെളിയിക്കപ്പെട്ടിട്ടുണ്ട്.
പുകയില ഉപയോഗം അർബുദം അല്ലാതെ പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നു. ഇത് ശ്വാസകോശ സംബന്ധമായും ഹൃദയസംബന്ധമായും ഉള്ള അസുഖങ്ങൾക്ക് വഴിയൊരുക്കുന്നു. ഹൃദയാഘാത സാധ്യതയും കൂട്ടുന്നു. പക്ഷാഘാതം, പ്രമേഹം, ക്ഷയം എന്നിവയ്ക്കും വഴിയൊരുക്കുന്നു. സ്ത്രീകളിൽ പുകയില ഉപയോഗം പ്രത്യുൽപാദനശേഷി കുറയ്ക്കുകയും ഗർഭകാലത്തെ സങ്കീർണതകൾക്കും അകാല ജനനത്തിനും കുറഞ്ഞ ജനനഭാരത്തിനും കാരണമാക്കുന്നു. പുരുഷന്മാരിൽ പുകയില ബീജത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നു. പുകയില ദുർബലമായ രോഗപ്രതിരോധ സംവിധാനത്തിലേക്ക് നയിക്കുന്നു. പുകയിലയുമായി ബന്ധപ്പെട്ട പല രോഗങ്ങളും വർഷങ്ങളായി നിശബ്ദമായി വികസിക്കുന്നതിനാൽ സമയബന്ധിതമായ ഇടപെടലിന് മുന്നറിയിപ്പ് അടയാളങ്ങൾ നേരത്തെ തിരിച്ചറിയുന്നത് നിർണായകമാണ്. സാധാരണ ചികിത്സകൊണ്ട് മാറാത്ത സ്ഥിരമായ ചുമ അല്ലെങ്കിൽ ശ്വാസ തടസ്സം, മൂന്ന് ആഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്ന ശബ്ദ മാറ്റങ്ങൾ, വിഴുങ്ങാനോ സംസാരിക്കാനോ ഉള്ള ബുദ്ധിമുട്ട്, ഉണങ്ങാത്ത മുറിവുകൾ, നെഞ്ചുവേദന, നിരന്തരമായ ക്ഷീണം, ശ്വസന അണുബാധകൾ തുടങ്ങിയവയിൽ ഏതെങ്കിലും ഉണ്ടെങ്കിൽ ഡോക്ടറെ കാണേണ്ടതാണ്.
പുകവലി നിഷ്കളങ്കരായ കാഴ്ചക്കാരെ പോലും വളരെ ദോഷകരമായി ബാധിക്കുന്നു. നിഷ്ക്രിയ പുകവലി, അഥവാ മറ്റൊരാളുടെ സിഗരറ്റിൽ നിന്നുള്ള പുക ശ്വസിക്കുന്നത് ഒരുപാട് ബുദ്ധിമുട്ടുണ്ടാക്കും. കുട്ടികൾ പ്രത്യേകിച്ച് അപകടസാധ്യത കൂടുതലുള്ളവരാണ്. പുക വലിക്കുന്ന കുടുംബങ്ങളിൽ വളരുന്നത് ശ്വാസകോശസംബന്ധമായ അണുബാധകൾ, ആസ്ത്മ, ചെവിയിലെ അണുബാധകൾ, പെട്ടെന്നുള്ള ശിശുമരണം എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നു.
പുകവലി വായയെയും പല്ലുകളെയും വളരെയധികം മോശമായി ബാധിക്കുന്നു. പുകയിലയുടെ ഉപയോഗം മോണകളെ ദുർബലപ്പെടുത്തി പല്ലുകൾക്ക് ആട്ടം ഉണ്ടാക്കുന്നു. പുകയിലയിലെ നിക്കോട്ടിന് പല്ലുകളിൽ കറുപ്പോ മഞ്ഞയോ കറകൾ വരുത്തുന്നു. പുകയിലയുടെ നിരന്തരമായ ഉപയോഗം വായയിൽ ദുർഗന്ധം സൃഷ്ടിക്കുന്നു. വായയിലെ അർബുദത്തിന്റെ പ്രധാന കാരണം പുകയിലയുടെ ഉപയോഗമാണ്. പുകവലിയുടെ ഉപയോഗം പൂർവാർബുദ രോഗാവസ്ഥകൾ അഥവാ ചികിത്സിച്ചില്ലെങ്കിൽ കാലക്രമേണ കാൻസറായി മാറാൻ സാധ്യത കൂടുതലുള്ള അവസ്ഥകളിലേക്ക് നയിക്കുന്നു.
ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് leukoplakia അഥവാ വെള്ളപ്പാടുകൾ ആണ് വായയിൽ ചുരണ്ടിയെടുക്കാൻ കഴിയാത്ത വേദനയില്ലാത്ത വെളുത്ത പാടുകളോ ഫലകങ്ങളോ ആയി ഇത് പ്രത്യക്ഷപ്പെടുന്നു. മറ്റൊന്ന് erythroplakia ആണ്. ഇത് വെള്ളപ്പാടുകളെക്കാൾ കുറവായാണ് കാണപ്പെടുന്നത് എങ്കിലും അതിനെക്കാൾ കൂടുതൽ അപകടകരമാണ്. വായിൽ കടും ചുവപ്പ് നിറത്തിലുള്ള വെൽവെറ്റ് പോലുള്ള പാടായി ഇത് കാണപ്പെടുന്നു. മറ്റൊന്ന് ഓറൽ ലൈക്കൺ പ്ലാനസ് ആണ്. ഇത് മോണയിലും കവിളിനുള്ളിലും വെളുത്ത വരകൾ ആയോ ചുവന്ന വീർത്തപാടുകളായോ പ്രത്യക്ഷപ്പെടുന്നു. വ്യാപകമായി ഇന്ത്യയിൽ കാണപ്പെടുന്ന ഒരു അവസ്ഥയാണ് ഓറൽ സബ് മ്യൂക്കസ് ഫൈബ്രോസിസ്. വെറ്റിലയും പാക്കും ചവയ്ക്കുന്നത് മൂലം വായിലെ മൃദുവായ ആവരണത്തിന്‍റെ ക്രമാനുഗതമായ കാഠിന്യത്തിന് ഇത് കാരണമാകുന്നു. ഇത് വായ തുറക്കാനുള്ള ബുദ്ധിമുട്ടും വായ്ക്കുള്ളിൽ എരിച്ചിലും ഉണ്ടാക്കുന്നു. താഴെപ്പറയുന്നവയിൽ ഏതെങ്കിലും ബുദ്ധിമുട്ട് രണ്ടാഴ്ചയിൽ കൂടുതൽ ഉണ്ടെങ്കിൽ ഒരു ദന്ത ഡോക്ടറെ നിർബന്ധമായും കാണേണ്ടതാണ്
• വായിൽ കാരണമില്ലാത്ത വെള്ളയോ ചുമന്നതോ ആയ പാടുകൾ.
• സുഖപ്പെടാത്ത വായ്പുണ്ണ്.
• വായ മുഴുവനായി തുറക്കാനുള്ള ബുദ്ധിമുട്ട്.
• നാവിന്‍റെ ചലനം പരിമിതമാകുന്നു.
• വായിൽ ഉള്ള മുഴകൾ അല്ലെങ്കിൽ വീക്കം.
• വ്യക്തമായ കാരണമില്ലാതെ വായിൽ രക്തസ്രാവം.
പുകവലിക്ക് എതിരെയുള്ള നിയമനിർമാണങ്ങൾ പുകയില ഉപയോഗം ജനങ്ങൾക്കിടയിൽ വളരെയധികം കുറയ്ക്കുവാൻ സഹായിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളിൽ പുകവലി നിരോധിച്ചുകൊണ്ടുള്ള കേരള ഹൈക്കോടതി വിധിയും പുകയില പുകവലി പരസ്യങ്ങൾ നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര ഗവൺമെൻറ് നടപടിയും ഇതിൽ പ്രധാനമാണ്. പാൻ മസാല നിരോധിച്ച കേരള സർക്കാരിന്റെ നടപടി പൊതുജന ആരോഗ്യരംഗത്ത് വളരെയധികം ഗുണം ചെയ്തു. വലിയതോതിലുള്ള ആരോഗ്യ സർവേകൾ അനുസരിച്ച് ഇന്ത്യയിലെ മുതിർന്നവരിൽ സിഗരറ്റ് വലിക്കുന്നതിലും മൊത്തത്തിലുള്ള പുകയില ഉപയോഗത്തിലും നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. എങ്കിലും ഈ കാര്യത്തിൽ നാം ഇനിയും ഒരുപാട് മുന്നോട്ടുപോകാൻ ഉണ്ട്. ഇതിനായി പൊതുജനത്തെ ബോധവത്കരിക്കേണ്ടത് ആവശ്യമാണ് പുകയില ഉപയോഗവും പുകവലിയും നിയന്ത്രിക്കാൻ ബോധവൽക്കരണ ക്ലാസുകൾ സെമിനാറുകൾ സംവാദങ്ങൾ ചിത്രരചന മത്സരം തുടങ്ങിയവ യുവാക്കൾക്കും കുട്ടികൾക്കും ഇടയിൽ നടത്തേണ്ടതുണ്ട്. ഇവിടെയാണ് പുകയിലരഹിത ദിനത്തിന്‍റെ പ്രാധാന്യം വരുന്നത്.
പുകയില ഉപയോഗം വേണ്ട എന്ന് വയ്ക്കുന്നത് ശാരീരികവും മാനസികവുമായ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു. പുകയില ഉപേക്ഷിക്കാൻ പല വഴികൾ ഉണ്ട്. നിക്കോട്ടിൻ റീപ്ലേസ്മെൻറ് തെറാപ്പി, ബ്യൂപ്രിയോൺ പോലെ ഉള്ള കുറിപ്പടി മരുന്നുകൾ, പിന്തുണ ഗ്രൂപ്പുകൾ തുടങ്ങിയവയുടെ സഹായം തേടാവുന്നതാണ്. ഇന്ത്യയുടെ നാഷണൽ ടുബാക്കോ ക്വിറ്റ് ലൈൻ (1 8 0 0-11- 2356) സൗജന്യ കൗൺസിലിങ്ങും പിന്തുണയും നൽകുന്നു. ഈ ദിവസം പുകയില ഉപയോഗം ഉപേക്ഷിക്കാനും ആരോഗ്യകരമായ ഒരു ജീവിത രീതി തിരഞ്ഞെടുക്കാനുള്ള തുടക്കമാക്കാം.
(തിരുവനന്തപുരം ഗവൺമെന്റ് ഡെന്റൽ കോളേജിൽ പബ്ലിക് ഹെൽത്ത് ഡെന്റിസ്ട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ഡോ. വിവേക് എസ്. തിരുവനന്തപുരം ഗവൺമെന്റ് ഡെന്റൽ കോളേജിൽ ഹൗസ് സർജനാണ് ഡോ. കൃപ മറിയം പ്രകാശ്.)
Content Highlights: 2026 WHO theme focuses on protecting youth from tobacco and nicotine manipulation., Tobacco contains 4000+ chemicals, 70 of which are known carcinogens., Major oral health risks include leukoplakia, erythroplakia, and oral submucous fibrosis
Published: 31 May 2026, 10:37 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented