വണ്ണംകുറയ്ക്കാനും പ്രായം കുറവ് തോന്നിക്കാനുമൊക്കെ കുറുക്കുവഴികൾ തേടുന്നവർ നിരവധിയുണ്ട്. ഇവ പലതും അശാസ്ത്രീയം ആയിരിക്കുമെന്നു മാത്രമല്ല പാർശ്വഫലങ്ങളും പിടിവിടാതെയുണ്ടാവും. ഇത്തരത്തിൽ അടുത്തിടെയായി സാമൂഹികമാധ്യമത്തിൽ തരംഗമാകുന്നൊരു സംഗതിയുണ്ട്. പെപ്റ്റൈഡിന്റെ വ്യാപകമായ ഉപയോഗമാണത്. ആഗോളതലത്തിൽ തന്നെ ഇവയുടെ ഉപയോഗം വൻതോതിൽ വർധിച്ചിട്ടുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. അടുത്തിടെ ബെംഗളൂരുവിലെ കോറമംഗലത്ത് നടത്താനിരുന്ന 'പെപ്റ്റൈഡ് പാർട്ടി' കർണാടക ഫുഡ് സേഫ്റ്റി& ഡ്രഗ് അഡ്മിനിസ്ട്രേഷൻ റദ്ദാക്കിയിരുന്നു. ഇതിനു പിന്നാലെ പെപ്റ്റൈഡ് ആസക്തി ചർച്ചകളിൽ ഉയരുകയാണ്.
കോറമംഗലയിൽ ഓഗസ്റ്റ് 29-ന് നടത്താൻ നിശ്ചയിച്ചിരുന്ന 'പെപ്റ്റൈഡ് പാർട്ടി'യാണ് അധികൃതരുടെ ഇടപെടലിനെത്തുടർന്ന് റദ്ദാക്കിയത്. സംഗീതം ഉൾപ്പെടെയുള്ള സാധാരണ പാർട്ടിക്കൊപ്പം 'പെപ്റ്റൈഡ് ടേസ്റ്റിംഗ്' കൂടി വാഗ്ദാനം ചെയ്തുകൊണ്ടാണ് ഓൺലൈനിൽ ഇതേക്കുറിച്ചുള്ള പരസ്യം പ്രചരിച്ചത്. ബയോഹാക്കർമാർ, ഫിറ്റ്നസ് ഇൻഫ്ലുവൻസർമാർ തുടങ്ങിയവരെ പങ്കെടുപ്പിച്ച് പെപ്റ്റൈഡ് സാംപിൾ നൽകുകയാണ് ചെയ്യുന്നത്. ശേഷം ഇവരെക്കൊണ്ട് പെപ്റ്റൈഡ് അടിസ്ഥാനമാക്കിയുള്ള ഉത്പന്നങ്ങൾ പ്രചരിപ്പിക്കുകയായിരുന്നു ലക്ഷ്യം. ബയോഹാക്കിംഗ് ഇവന്റ് എന്ന രീതിയിലായിരുന്നു പരസ്യം നടത്തിയത്. ഇതിനു പിന്നാലെ ആരോഗ്യമേഖലയിൽ നിന്നൊന്നാകെ പെപ്റ്റൈഡ് പാർട്ടിക്കെതിരെ എതിർപ്പുയരുകയും ചെയ്തിരുന്നു. പെപ്റ്റൈഡ് തയ്യാറാക്കിയതിനേക്കുറിച്ചും അതിലെ ഘടകങ്ങളേക്കുറിച്ചും നിർമാതാക്കളേക്കുറിച്ചും ഡോസേജിനേക്കുറിച്ചുമൊക്കെ വിലയിരുത്തിയതിനുശേഷമാണ് പാർട്ടി റദ്ദാക്കാൻ എഫ്.എസ്.ഡി.എ. തീരുമാനിച്ചത്.
എന്താണ് തരംഗമാകുന്ന പെപ്റ്റൈഡ്?
അമിനോ ആസിഡുകളുടെ ചെറിയ ശൃംഖലകളാണ് പെപ്റ്റൈഡുകൾ, പ്രോട്ടീനുകളുടെ ചെറിയ രൂപങ്ങളാണിവ. ഹോർമോണുകളെ നിയന്ത്രിക്കുന്നതിലും ന്യൂറോ ട്രാസ്മിറ്ററുകളെ പുറത്തുവിടുന്നതിലും ടിഷ്യു തകരാറുകൾ പരിഹരിക്കുന്നതിലും ഇവ പ്രധാന പങ്കുവഹിക്കുന്നു എന്ന് ലങ്കാസ്റ്റർ സർവകലാശാലയിലെ ക്ലിനിക്കൽ അനാട്ടമി ലേണിംഗ് സെന്റർ ഡയറക്ടർ ആദം ടെയ്‌ലർ പറയുന്നു.
ശരീരത്തിന് സ്വന്തമായി ചില പെപ്റ്റൈഡുകൾ നിർമ്മിക്കാൻ കഴിയും. മാംസം, മുട്ട, അല്ലെങ്കിൽ പയർവർഗ്ഗങ്ങൾ തുടങ്ങിയ ഭക്ഷണത്തിലെ പ്രോട്ടീനുകളിൽ കാണപ്പെടുന്ന അമിനോ ആസിഡുകൾ ഉപയോഗിച്ചാണ് മറ്റുള്ളവ നിർമ്മിക്കുന്നത്. ലബോറട്ടറികളിലും പെപ്റ്റൈഡുകൾ സൂക്ഷ്മമായി നിർമ്മിക്കാൻ സാധിക്കും. ഇവയാണ് പലപ്പോഴും മരുന്നുകൾ, സപ്ലിമെന്റുകൾ എന്നിവയിലൂടെ പുറത്തിറങ്ങുന്നത്.
പ്രമേഹം, എൻഡോക്രൈൻ തകരാറുകൾ തുടങ്ങിയവ ചികിത്സിക്കുന്നതിനായി എഫ്.ഡി.എ (FDA) അംഗീകരിച്ച ചില മരുന്നുകളിലും പെപ്റ്റൈഡുകൾ ഉപയോഗിക്കുന്നുണ്ട്.
രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിനുള്ള ഇൻസുലിൻ കുത്തിവയ്പ്പ് ഒരു പെപ്റ്റൈഡാണ്. അതുപോലെ അമിതവണ്ണവും ടൈപ്പ് 2 പ്രമേഹവും ചികിത്സിക്കാനുപയോഗിക്കുന്ന GLP-1 മരുന്നുകളും പെപ്റ്റൈഡുകളാണ്. ഇൻസുലിനും ഓസെംപിക് പോലുള്ള പുതിയ GLP-1 മരുന്നുകളും ഉൾപ്പെടെ യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ അംഗീകാരമുള്ള 100-ലധികം മരുന്നുകൾ പെപ്റ്റൈഡ് അടിസ്ഥാനമാക്കിയുള്ളവയാണ്.
അതേസമയം സാമൂഹികമാധ്യമത്തിൽ ഇപ്പോൾ തരംഗമാകുന്ന പെപ്റ്റൈഡ് കുത്തിവെപ്പുകളിലേറെയും എഫ്.ഡി.എ അംഗീകരിച്ചിട്ടില്ലാത്തവയാണ്. നിയന്ത്രണങ്ങളില്ലാത്ത ഈ പരീക്ഷണാത്മക സംയുക്തങ്ങളുടെ ഗുണനിലവാരം സ്ഥിരീകരിച്ചിട്ടില്ല. സെമാഗ്ലുടൈഡ് പോലെയുള്ള അംഗീകൃത മരുന്നുകളുടെ വ്യാജ പതിപ്പുകളുമാവാം. പെപ്റ്റൈഡ് അടിസ്ഥാന മരുന്നുകളുടെ അനിയന്ത്രിത ഉപയോഗം ഗുരുതരമായ അലർജി ഉൾപ്പെടെയുള്ള അപകടസാധ്യതകൾ വർധിപ്പിക്കാമെന്ന മുന്നറിയിപ്പും എഫ്.ഡി.എ. നൽകുന്നുണ്ട്. അർബുദമുള്ളവരിൽ രോഗവ്യാപനത്തിന് ആക്കംകൂട്ടാനും സാധ്യതയുണ്ട്. പേശികളുടെ തളർച്ച, സെപ്സിസ് എന്നിവയ്ക്കുപോലും സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു. ജൂലൈയിൽ ലാസ്വേഗാസിൽ നടന്ന ആന്റിഏജിങ് ഫെസ്റ്റിവലിനിടെ പെപ്റ്റൈഡ് ഇൻജക്ഷനുകൾ കുത്തിവെച്ച രണ്ടുസ്ത്രീകൾക്ക് പിന്നാലെ നാക്ക് വീർക്കുകയും ശ്വസന തടസ്സങ്ങളും ഉണ്ടായെന്ന് ഗാർഡിയൻ ലേഖനം പറയുന്നു.
മനുഷ്യരിൽ പരീക്ഷിക്കാത്തവ
ഇൻഫ്ലുവൻസർമാർ പ്രചരിപ്പിക്കുന്ന പല സിന്തറ്റിക് പെപ്റ്റൈഡുകളും മനുഷ്യരിൽ പരീക്ഷിച്ചുവിജയം കണ്ടവയല്ല മറിച്ച് ലാബുകളിലും മൃഗങ്ങളിലും മാത്രം പരീക്ഷിച്ചവയാണെന്ന് കാലിഫോർണിയ സർവകലാശാലയിലെ മോളിക്യുലാർ ബയോളജിസ്റ്റ് പോൾ നോഫ്ലർ പറയുന്നു. പുതിയ രക്തക്കുഴലുകളുടെ വളർച്ചയെ ത്വരിതപ്പെടുത്തി കേടുവന്ന ടിഷ്യൂ നന്നാക്കുമെന്ന് അവകാശപ്പെടുന്ന ചില പെപ്റ്റൈഡുകൾ കാൻസറിന്റെ പ്രാരംഭഘട്ടങ്ങളിലുള്ള കോശവളർച്ചയ്ക്ക് ആക്കംകൂട്ടുമെന്ന് അദ്ദേഹം പറയുന്നു.
കായിക പ്രകടനം വർധിപ്പിക്കുക, പേശികളുടെ വളർച്ച വർധിപ്പിക്കുക, കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുക, ലൈംഗികാരോഗ്യം മെച്ചപ്പെടുത്തുക, രോഗശമനം വേഗത്തിലാക്കുക, വീക്കം കുറയ്ക്കുക, പ്രായമാകുന്ന പ്രക്രിയയെ മന്ദഗതിയിലാക്കാൻ സഹായിക്കുക തുടങ്ങിയ ആവശ്യങ്ങൾക്കായാണ് പലരും പെപ്റ്റൈഡ് ഇഞ്ചക്ഷനുകളിൽ അഭയംതേടുന്നത്. എന്നാൽ ഓൺലൈനിലൂടെയും വെൽനസ് ക്ലിനിക്കുകളിലൂടെയും നിലവിൽ വിപണനം ചെയ്യപ്പെടുന്ന പല പെപ്റ്റൈഡുകളും എഫ്.ഡി.എ നിയന്ത്രിക്കുന്നതോ അംഗീകരിച്ചതോ അല്ല. പകരം, അവ പരീക്ഷണ ഘട്ടത്തിലുള്ള സംയുക്തങ്ങളാണ്. എഫ്.ഡി.എ. അംഗീകരിച്ച പെപ്റ്റൈഡ് മരുന്നുകൾ വിജയകരമാണെന്ന് കരുതി ഓൺലൈനിൽ പ്രചരിപ്പിക്കപ്പെടുന്ന പരീക്ഷണാത്മക സംയുക്തങ്ങൾ സുരക്ഷിതമെന്നോ, ഫലപ്രാപ്തിയുള്ളതെന്നോ തെറ്റിദ്ധരിക്കരുതെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പു നൽകുന്നു.
അമേരിക്കയിലെ ടെക് ജീവനക്കാർക്കിടയിൽ വ്യാപകം
ഡിസ്‌കോർഡ്, ടെലിഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെ പെപ്റ്റൈഡ് അധിഷ്ഠിത മരുന്നുകളുടെ വിൽപന അമേരിക്കയിൽ വ്യാപകമാണെന്ന് ഗാർഡിയനിൽ പ്രസിദ്ധീകരിച്ച ലേഖനം പറയുന്നു. പരിക്കുകളിൽ നിന്നുള്ള മോചനം, കായികക്ഷമത, ശരീരഭാരം കുറയ്ക്കൽ, മാനസിക പ്രവർത്തനം, സുഖകരമായ ഉറക്കം, യുവത്വം തുളുമ്പുന്ന ചർമം തുടങ്ങിയവയ്ക്കായാണ് പലരും ഇവയിൽ ആകൃഷ്ടരാവുന്നത്. ടെക് ജീവനക്കാർക്കിടയിൽ വൻതോതിൽ ഇവയുടെ ഉപയോഗമുണ്ടെന്നും ലേഖനം പറയുന്നുണ്ട്. ' സൂപ്പർപവർ' എന്ന സ്റ്റാർട്ടപ്പിന്റെ സ്ഥാപകർ ഉച്ചഭക്ഷണ സമയത്ത് എളുപ്പത്തിൽ കുത്തിവയ്ക്കുന്നതിനായി പെപ്റ്റൈഡ് വയലുകൾ അവരുടെ ഓഫീസിലെ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നുണ്ട്. കൂടാതെ സാൻ ഫ്രാൻസിസ്കോയിൽ നടന്ന ഒരു പെപ്റ്റൈഡ് പാർട്ടിയിൽ ലിക്വിഡ് പെപ്റ്റൈഡുകൾ എങ്ങനെ കുത്തിവെക്കാം എന്ന് ലാബിലെ വസ്ത്രംധരിച്ച ഒരാൾ വിശദീകരിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
ഇൻഫ്ലുൻസറെയല്ല ഡോക്ടറെ കേൾക്കണം
ശരീരത്തിൽ സിഗ്നലിംഗ് തന്മാത്രകളായി പ്രവർത്തിക്കുന്ന അമിനോ ആസിഡുകളുടെ ചെറിയ ശൃംഖലകളാണ് പെപ്റ്റൈഡുകൾ. ആരോഗ്യവിദഗ്ധന്റെ മേൽനോട്ടമില്ലാതെ ഇവ ഉപയോഗിക്കരുതെന്ന് ഡൽഹി എയിംസിലെ മെഡിസിൻ ഡിപ്പാർട്മെന്റ് പ്രൊഫസർ ഡോ. നവൽ കെ. വിക്രമം പി.ടി.ഐ.യോടു പറഞ്ഞു. പെപ്റ്റൈഡ് ഉപയോഗം വ്യാപകമാവുന്നത് കരുതലോടെ കാണണമെന്നും പെപ്റ്റൈഡുകളിൽ ചിലത് വിപുലമായ ക്ലിനിക്കൽ ഗവേഷണങ്ങൾക്ക് വിധേയമായവയും വൈദ്യശാസ്ത്രത്തിൽ ഉപയോഗിക്കപ്പെടുന്നതുമാണെങ്കിൽ മറ്റു ചിലത് ഇനിയും പരീക്ഷണ ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ഘടകങ്ങളുടെ ഉപയോഗം നിർബന്ധമായും രോഗികളുടെ ആരോഗ്യാവസ്ഥ, തെളിവുകൾ തുടങ്ങിയവ അടിസ്ഥാനമാക്കിയാവണം.
സുരക്ഷിതമായ ഉപയോഗത്തേക്കുറിച്ചോ, ദീർഘനാൾ ഉപയോഗിക്കുന്നതിന്റെ പ്രത്യാഘാതങ്ങളേക്കുറിച്ചോ വേണ്ടത്ര തെളിവുകളില്ലാതെ ഇത്തരം പരീക്ഷണാത്മക സംയുക്തങ്ങൾ ശരീരത്തിൽ കുത്തിവെക്കുകയാണ് ചെയ്യുന്നത്. ഈ മേഖലയിൽ ഇതിനകം ആധിപത്യം സ്ഥാപിച്ച മരുന്നുകളെല്ലാം ക്ലിനിക്കൽ ട്രയലുകൾക്കും നിയന്ത്രണ സംവിധാനങ്ങളുടെ മേൽനോട്ടത്തിലും ഗുണനിലവാരം ഉറപ്പാക്കിയും വിപണിയിൽ എത്തിയതിനുശേഷം പോലും നിരീക്ഷണം ഉറപ്പാക്കിയും വിൽക്കുന്നവയാണ്. അതല്ല ഇപ്പോൾ വ്യാപകമായി ഉപയോഗിക്കുന്ന പെപ്റ്റൈഡുകളുടെ സ്ഥിതി.
ഇൻഫ്ലുവൻസർമാരുടെ വാക്കുകേട്ട് പെപ്റ്റൈഡ് അടിസ്ഥാനമാക്കിയുള്ള ചികിത്സാരീതിയുമായി മുന്നോട്ടുപോവുംമുമ്പ് ഡോക്ടറുടെ വിദഗ്ധോപദേശം തേടി ഉത്പന്നത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തേണ്ടത് പ്രധാനമാണ്.
Content Highlights: Peptide injections gain popularity as social media influencers promote them, raising concerns about safety and FDA approval among health e
Published: 08 Sept 2026, 03:14 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented