പാലിയേറ്റിവ് കെയർ സംബന്ധമായി മാസത്തിലൊരിക്കലെങ്കിലും ഗൃഹസന്ദർശനത്തിന് പോവാറുണ്ടായിരുന്നു. ഡോക്ടർ, നഴ്സ്, ആ പ്രദേശത്തെ സന്നദ്ധ പ്രവർത്തകർ എന്നിവരടങ്ങിയ ഒരു സംഘമായാണ് ഞങ്ങൾ ഓരോ വീടുകളിലും പോകാറുള്ളത്. കാൻസർ രോഗത്തിന്റെ അവസാന സ്റ്റേജുകളിൽ ജീവിതത്തിനും മരണത്തിനുമിടയിൽ ജീവിക്കുന്ന രോഗികളെയാണ് കാണാൻ പോവക. പലരും അബോധാവസ്ഥയിലുള്ളവർ ആയിരിക്കും. അവരിൽ പലരും പുറംലോകത്തുള്ളവരെ കാണുന്നത് ഞങ്ങളെ പോലുള്ളവർ പോകുമ്പോളാണ്. വീടുകളിൽ ഒരു മുറിയിൽ ഒരേ കിടക്കയിൽ ജീവിതത്തിന്റെ ഏറ്റവും മോശം അവസ്ഥയിൽ തള്ളി നീക്കുന്നവരാകും അവരിലേറെയും. മരുന്നുകൾക്ക് അവരുടെ ജീവിതത്തിൽ ഒന്നും ചെയ്യാൻ ഉണ്ടാവാറില്ല. മോർഫിൻ ഡോസിൽ മാത്രം ജീവിക്കുന്നവരാണ് പലരും. ഈ യാത്രക്കിടയിൽ കണ്ടുമുട്ടിയ മറക്കാനാവാത്ത നിരവധിപേരുണ്ട്. അതിലൊരാളായിരുന്നു ദിവാകരേട്ടൻ.

To advertise here,

ആൾക്ക് ശ്വാസകോശ കാൻസറാണ് കീമോതെറാപ്പി 4 സൈക്കിൾ കഴിഞ്ഞു. പാലിയേറ്റീവ് പരിചരണം തുടങ്ങിയിട്ട് ഏകദേശം മൂന്നുമാസമായി.

വലിയ ദേഷ്യക്കാരനായിരുന്നു ദിവാകരേട്ടൻ എന്നാണ് കേട്ടത്. മകനും ഭാര്യയുമാണ് കൂടെയുള്ളത്. അദ്ദേഹത്തിന്റെ പുകവലിയും മദ്യപാനവും യാത്രകളും ആ നാട്ടിൽ എല്ലാവർക്കും തന്നെ അറിയുന്ന കാര്യമായിരുന്നു.

ഞങ്ങൾ എപ്പോൾ പോയാലും ചായയും ഭക്ഷണവുമൊക്കെ തരണമെന്ന് വീട്ടുകാരോട് പറയുമായിരുന്നു. മോർഫിൻ ഡോസേജ് അടുത്തിടെയാണ് കൂട്ടിയത്. വേദന നിയന്ത്രണവിധേയമാണ്.ശ്വാസംമുട്ടലോ മറ്റു ബുദ്ധിമുട്ടുകളോ ഒന്നുമില്ല.ജനലിനരികിലാണ് അദ്ദേഹം കിടന്നിരുന്നത്. ഞാൻ മരുന്നുകൾ നോക്കി ബാക്കി കാര്യങ്ങൾ ബന്ധുക്കൾക്ക് പറഞ്ഞു കൊടുക്കുന്നതിനിടെ, ദിവാകരേട്ടൻ എന്നോടെന്തോ സംസാരിക്കാനുള്ളതുപോലെ സൂക്ഷ്മമായി എന്നെ നോക്കുന്നുണ്ട്.

അടുത്ത ദിവസം വരാം എന്നുപറഞ്ഞ് ഞാൻ എഴുന്നേൽക്കാൻ തുടങ്ങുമ്പോഴേക്കും അദ്ദേഹം എന്റെ കൈ പിടിച്ചിട്ട് ഡോക്ടർ അൽപനേരംകൂടി ഇരിക്കാമോ എന്നുപറഞ്ഞു.

എനിക്കിനി കുറച്ചു കാലം കൂടിയേ ഉള്ളൂ എന്ന് മനസ്സ് പറയുന്നു. ദിവസങ്ങൾ അധികമില്ല എന്നുതോന്നുന്നു. ഞാനൊരു മുൻശുണ്ഠിക്കാരനും ഗുണ്ടയുമൊക്കെയായിരുന്നു നാട്ടിലും വീട്ടിലും. അതുകൊണ്ടുതന്നെ കുറെ ശത്രുക്കളുമുണ്ട്. നാട്ടുകാർ ശത്രുക്കൾ ആയതിൽ എനിക്കിപ്പോൾ വിഷമമില്ല, പക്ഷേ.. എന്റെ സഹോദരനുമായി ഞാൻ 15 വർഷമായി മിണ്ടിയിട്ട്. എനിക്ക് അവനെയൊന്നു കാണണം.- നെടുവീർ‌പ്പോടെ അദ്ദേഹം പറഞ്ഞു.

ഇതുകേട്ട മകനും അദ്ദേഹത്തിന്റെ ഭാര്യയും ഒന്നു ഞെട്ടി. സഹോദരനോട് എത്രമാത്രം വൈരാഗ്യം ഉണ്ടായിരുന്നു എന്നുള്ള കാര്യം അതിൽനിന്നു തന്നെ മനസ്സിലായി.

എല്ലാം എന്റെ തെറ്റാണ്. വാശി കുറച്ചധികമായിപ്പോയി- ദിവാകരേട്ടൻ വീണ്ടും പറഞ്ഞുതുടങ്ങി

അതിനെന്താ നമുക്ക് വഴിയുണ്ടാക്കാമല്ലോ എന്ന് ഞാൻ പറഞ്ഞു

ഞാൻ വിളിച്ചാൽ അവൻ വരില്ല ഡോക്ടർ, എങ്ങനെയെങ്കിക്കും എന്നെയൊന്നു സഹായിക്കണം എന്നാണ് അദ്ദേഹം പറഞ്ഞത്.

ഉടൻതന്നെ മകനോട് സഹോദരനെ വിളിക്കാൻ പറഞ്ഞു. തൊട്ടടുത്തുതന്നെയാണ് അദ്ദേഹത്തിന്റെയും വീട്. അൽപനേരം കഴിഞ്ഞപ്പോൾ മുറ്റത്ത് അദ്ദേഹം നിൽക്കുന്നു. സഹോദരൻ ആ വിളിക്കായി കാത്തുനിൽക്കുന്നതുപോലെ ആയിരുന്നു. പിന്നീടൊരുദിവസം ഞങ്ങൾ പോയപ്പോൾ കൂടെ അനിയനും ഉണ്ട്.

ശാരീരികമായി വയ്യെങ്കിലും ആ മുഖത്ത് ഒരു തെളിച്ചം കാണാനുണ്ടായി!!

ഡോക്ടർ കണ്ടില്ലല്ലോ ഇതാണെന്റെ അനിയൻ എന്ന് ദിവാകരേട്ടൻ അഭിമാനത്തോടെ പരിചയപ്പെടുത്തി… അദ്ദേഹം സ്നേഹത്തോടെ എന്നെ നോക്കി.

പുകവലിയും മദ്യപാനവും നിർത്താൻ ഡോക്ടർ അടക്കമുള്ള എല്ലാവരും പറഞ്ഞതാണെന്നും താൻ അന്നത് ചെയ്യാതിരുന്നത് തെറ്റായെന്നും അദ്ദേഹം പറഞ്ഞു. ഇനി മറ്റൊരു ആഗ്രഹം കൂടിയുണ്ടെന്നും അത് സഹോദരനൊപ്പം ഒരുമിച്ച് ഊട്ടിയിലേക്ക് ഒരു യാത്ര പോവണമെന്നതാണെന്നും അദ്ദേഹം പറഞ്ഞു. തണുപ്പാണെന്നും കാലാവസ്ഥയുടെ പ്രശ്നവുമൊക്കെ അറിയാമെന്നും ഡോക്ടർ സമ്മതിച്ചാൽ മാത്രമേ പോവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

ആ നിമിഷത്തിൽ ഞാൻ ചിന്തിച്ചത് രോഗത്തേക്കുറിച്ചല്ല ജീവിതത്തേക്കുറിച്ചായിരുന്നു. കൂടുതൽ ഒന്നും ആലോചിക്കാതെ

സമ്മതം നൽകി. ഏതാനും ദിവസങ്ങൾ മാത്രംശേഷിക്കുന്ന അദ്ദേഹത്തിന് മരിക്കുന്നതിനു മുൻപുള്ള ആഗ്രഹം നിറവേറ്റുന്നതിൽ തെറ്റില്ല.

സമ്മതം കൊടുക്കാനുള്ള തീരുമാനം തെറ്റല്ല. പാലിയേറ്റിവ് കെയർ എന്നത് ജീവിതം നീട്ടുക മാത്രമല്ല ജീവിതത്തിന്റെ അവസാന നിമിഷങ്ങൾ ആശ്വാസത്തോടെ ജീവിക്കാൻ സഹായിക്കുകയെന്നതുകൂടിയാണ്.

ആ സമ്മതം ഒരു ചികിത്സല്ല കരുണയാണ്. സംസാരത്തിനിടയിലെല്ലാം അനിയന്റെ കൈ അദ്ദേഹം മുറുകെപ്പിടിക്കുന്നുണ്ടായിരുന്നു. അടുത്തയാഴ്ച വരാമെന്നു പറഞ്ഞു ഞങ്ങളിറങ്ങി. ഊട്ടിയാത്രയ്ക്ക് ശേഷം ആറുമാസം കൂടി ദിവാകരേട്ടൻ ജീവിച്ചു.

വലിയ പാഠശാലകളാണ് പാലിയേറ്റീവ് കെയറുകൾ. ഓരോ നാട്ടിലും ഒരു പെയിൻ ആൻഡ് പാലിയേറ്റീവ് സെന്ററും അതിലെ നിരവധി പെയിൻ ആൻഡ് പാലിയേറ്റീവ് പ്രവർത്തകരും ഉണ്ടാകും.

പക്ഷേ പാലിയേറ്റീവ് രോഗികൾക്കോ ഇത്തരം രോഗികൾ ഉള്ള വീട്ടുകാർക്കോ അല്ലാതെ പെയിൻ ആൻഡ് പാലിയേറ്റീവ് പ്രവർത്തകർ എന്താണ് ചെയ്യുന്നത് എന്ന് അധികം അറിയാറില്ല, കൂടുതൽ അറിയാൻ ആരും ശ്രമിക്കാറുമില്ല. പെയിൻ ആൻഡ് പാലിയേറ്റീവ് പ്രവർത്തനം അനുഭവത്തിൽ വന്ന ആളുകൾക്ക് മാത്രമേ എന്തുമാത്രം ബുദ്ധിമുട്ടേറിയതും മഹത്തരവുമായ പ്രവർത്തനങ്ങളാണ് ഓരോ പെയിൻ ആൻഡ് പാലിയേറ്റീവ് പ്രവർത്തകനും ചെയ്യുന്നത് എന്ന് മനസ്സിലാവൂ.

പാലിയേറ്റീവ് എന്ന വാക്കിന്‍റെ ഉത്ഭവം പാലിയർ (Palliere) എന്ന പുതപ്പ് അഥവാ ആവരണം എന്ന അർത്ഥം വരുന്ന ലാറ്റിൻ പദത്തിൽ നിന്നാണ്.. വേദനാപൂർണ്ണമോ സങ്കീർണമോ ആയ രോഗങ്ങൾ ബാധിച്ചവരുടെയും കുടുംബാംഗങ്ങളുടെയും ജീവിതനിലവാരം ഉയർത്തി രോഗലക്ഷണങ്ങൾ മാത്രം ചികിത്സിച്ച് അന്ത്യകാല ക്ലേശങ്ങൾ പരമാവധി കുറച്ച് ഓരോ രോഗിയുടെയും മാനസികവും സാമൂഹികവും ആദ്ധ്യാത്മകവുമായ പ്രശ്നങ്ങൾക്ക് പരിഹാരങ്ങൾ നിർദ്ദേശിച്ച് അവരുടെ ബുദ്ധിമുട്ടുകൾ കുറക്കുന്ന ചികിത്സാതത്വമാണ് പാലിയേറ്റീവ് പരിചരണം..

പാലിയേറ്റീവ് പരിചരണത്തിന്റെ പ്രവർത്തനം

ഡോക്ടർമാർ, പാലിയേറ്റീവ് കെയർ പരിശീലനം കിട്ടിയ നഴ്സുകൾ, ഒരു കൂട്ടം സന്നദ്ധ പ്രവർത്തകർ എന്നിവർ കൂടിയുള്ള ഒരു കൂട്ടായ്മയാണ് ഓരോ പാലിയേറ്റീവ് കെയർ യൂണിറ്റും.

ആശുപത്രികളിലോ പുറത്തുള്ള സ്ഥാപനങ്ങളിലോ രോഗിയുടെ വീട്ടിലോ ആയി ചികിത്സകൾ നൽകാം.

പാലിയേറ്റീവ് കെയർ എന്ന ശുശ്രൂഷ ശാഖയ്ക്ക് ഒൻപത് പ്രധാന ദൗത്യങ്ങളുണ്ടെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

  • വേദനയിൽ നിന്നും മറ്റ് ദുരിതങ്ങളിൽ നിന്നും ആശ്വാസം നൽകുക.
  • ജീവനെ വിലമതിക്കുകയും എന്നാൽ മരണത്തെ സ്വാഭാവിക പ്രക്രിയയായി കാണുകയും ചെയ്യുക.
  • മരണം നീട്ടി വയ്‌ക്കാനോ വേഗത്തിലാക്കാനോ ശ്രമിക്കാതിരിക്കുക.
  • രോഗ ശുശ്രൂഷയിൽ മാനസികവും ആത്മീകവുമായ വശങ്ങളെ സമന്വയിപ്പിക്കുക.
  • മരണംവരെ രോഗിക്ക് ഊർജ്ജസ്വലമായ ജീവിതം നയിക്കാൻ വേണ്ട സഹായം ചെയ്തുകൊടുക്കുക.
  • രോഗിയുടെ ബന്ധുക്കൾക്ക് രോഗിയുടേയും അവരുടേയും അവസ്ഥകളോട് പൊരുത്തപ്പെടുന്നതിനു സഹായിക്കുക.
  • രോഗിയുടേയും ബന്ധുക്കളുടേയും ആവശ്യങ്ങൾ നിറവേറ്റുന്നതിന് കൗൺസിലിങ് അടക്കമുള്ള സംയോജിത മാർഗ്ഗങ്ങൾ അവലംബിക്കുക,അവരുടെ ജീവിത നിലവാരത്തെയും രോഗാവസ്ഥയെത്തന്നെയും മെച്ചപ്പെടുത്തുക.
  • കാൻസർ രോഗത്തിന്റെ തുടക്കത്തിൽതന്നെ കീമോതെറാപ്പി,റേഡിയേഷൻ,തുടങ്ങിയ രോഗശമന ഉപാധികൾ എന്നിവ ഉപയോഗപ്പെടുത്തി ക്ലേശപൂർണ്ണമായ രോഗാവസ്ഥ ഒഴിവാക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുക.

പാലിയേറ്റീവ് പരിചരണത്തിൽ ഓങ്കോളജി ചികിത്സയുടെ പ്രാധാന്യം

അസുഖത്തിൽ നിന്നും രക്ഷ പ്രാപിക്കുന്നതിനുപരി രോഗിയുടെ അസ്വസ്ഥകളെ ചികിത്സിക്കാനായി റേഡിയോതെറാപ്പി ,കീമോതെറാപ്പി ,സർജറി എന്നിവ ഒറ്റയ്ക്കോ ഒരുമിച്ചോ ആയി ചെയ്യുന്നത് പാലിയേറ്റീവ് പരിചരണത്തിന്ന്റെ സമഗ്രമായ ഒരു ഘടകമാണ് .

റേഡിയോതെറാപ്പിയുടെ പങ്ക്

50 മുതൽ 60% വരെ രോഗികൾക്കും റേഡിയോതെറാപ്പി ആവശ്യമാണ്. വേദന കുറയ്ക്കാൻ (പ്രത്യേകിച്ച് മജ്ജവേദന), രക്തസ്രാവം കുറയ്ക്കാൻ, കുമിളകളും വ്രണങ്ങളും ഉണക്കാൻ ഒക്കെ റേഡിയോതെറാപ്പി സഹായിക്കുന്നു. മജ്ജയിലേക്കും തലച്ചോറിലേക്കും നടുവിലേക്കും പടർന്നിട്ടുള്ള കാൻസറുകൾക്കാണ് റേഡിയോതെറാപ്പി കൂടുതലായും ചെയ്യാറ്.

ശസ്ത്രക്രിയയുടെ പങ്ക്

ഗുണവും ദോഷവും താരതമ്യം ചെയ്ത് ഗുണമാണ് കൂടുതൽ എന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ സർജറി നിർദ്ദേശിക്കാറുള്ളൂ. പലപ്പോഴും വലിയ മുഴകൾ കാരണം പല അവയവങ്ങളിലും തടസ്സം സംഭവിക്കാം. ശ്വാസം നിൽക്കാനും മൂത്ര സംബന്ധമായ തടസ്സങ്ങൾക്കും കാരണമാകാം. ഇത്തരം സാഹചര്യങ്ങളിൽ ശസ്ത്രക്രിയ അത്യാവശ്യമായി വരാറുണ്ട്. മെഡിക്കൽ തെറാപ്പി/റേഡിയോതെറാപ്പി തുടങ്ങിയവ ഫലം കാണാതെ വരുമ്പോൾ കയ്യിലോ കാലിലോ വ്യാപിച്ചു പടർന്ന രോഗങ്ങൾ ഉണ്ടെങ്കിൽ സർജറി ചെയ്ത് നീക്കം ചെയ്യാറുണ്ട്.

കെട്ടിക്കിടക്കുന്ന ദ്രാവകം പുറന്തള്ളാനുള്ള പ്രക്രിയകൾ, വലിയ മുഴകളുടെ നീക്കം ചെയ്യൽ, രക്തസ്രാവം തടയാനുള്ള വാസ്കുലാർ ലൈഗേഷൻസ്, മജ്ജയിൽ വ്യാപിച്ചിട്ടുള്ള കാൻസർ രോഗം ഫിക്സ് ചെയ്യൽ, പാലിയേറ്റീവ് റീ സെക്ഷൻ, ബൈപ്പാസ് പ്രൊസീജറുകൾ, സ്റ്റോമ, stending, വെർട്ടിബ്രോ പ്ലാസ്റ്റി(Vertebroplasy), കൈഫോ പ്ലാസ്റ്റി(kyphoplasty) തുടങ്ങിയവയാണ് പ്രധാനപ്പെട്ട ശസ്ത്രക്രിയകൾ.

കീമോതെറാപ്പിയുടെ പങ്ക്

കൺവെൻഷണൽ സിസ്റ്റമിക് തെറാപ്പി കൂടാതെ മെട്രോണോമിക് തെറാപ്പി( metronomic chemotherapy)ആണ് പുതിയതായി ചെയ്തുവരുന്നത്. ഡോസുകൾ കുറവുള്ള വായിൽ കൂടെ കൊടുക്കാവുന്ന celcoxib,tamoxifen,thalidomide എന്നിവയാണ് കൊടുത്തു വരുന്നത്.

ആദ്യകാലങ്ങളിൽ പാലിയേറ്റീവ് പരിചരണം ലഭിച്ചിരുന്നത് അർബുദരോഗികൾക്കു മാത്രമായിരുന്നു . എന്നാൽ ഇന്ന് ശ്വാസകോശരോഗങ്ങൾ, വൃക്കരോഗങ്ങൾ, നാഡീരോഗങ്ങൾ , ഹൃദയസംബന്ധ രോഗങ്ങൾ എന്നിവക്കെല്ലാം സപാലിയേറ്റീവ് കെയർ സഹായിക്കുന്നു. മരണഭീതിയുള്ള രോഗങ്ങൾക്കടിമപ്പെട്ട കുട്ടികൾക്കായും പ്രത്യേക വിഭാഗം നടത്തിവരുന്നു. സാമൂഹ്യാധിഷ്ഠിത പാലിയേറ്റീവ് കെയർ കേരളത്തിൽ സ്വീകാര്യമായിരിക്കൊണ്ടിരിക്കുകയാണ്.