ദീർഘകാലരോഗങ്ങളുടെ ഈറ്റില്ലമാണ് കേരളം. ഒരിക്കലും അവസാനിക്കാത്ത ചികിത്സകൾക്കു വിധേയരാകേണ്ടിവരുന്നവരുടെ എണ്ണംകൂടുതലുള്ള നാട്.

കേരളത്തിലെ ആരോഗ്യരംഗത്തേക്ക് കുത്തകകളുടെ കുത്തൊഴുക്കാണ്. പല വൻകിട ആശുപത്രികളും ബഹുരാഷ്ട്രക്കമ്പനികൾ ഏറ്റെടുത്തുകഴിഞ്ഞിരിക്കുന്നു. നാട്ടിൻപുറങ്ങളിലെ ചെറുകിട ക്ലിനിക്കുകളാകട്ടെ പലതും പൂട്ടിപ്പോയി. അല്ലാത്തവയെ ഇതേ ശൃംഖലകൾ വിഴുങ്ങി. സ്വകാര്യ ആശുപത്രികളിലേക്ക് പണമൊഴുകിക്കൊണ്ടിരിക്കുമ്പോൾ കേരളത്തിന്റെ ആരോഗ്യമേഖലയുടെ നട്ടെല്ലായിരുന്ന സർക്കാർ ആശുപത്രികളാകട്ടെ കടുത്ത ദാരിദ്ര്യത്തിലാണ്. വൻ നിക്ഷേപവും കഴുത്തറപ്പൻ ചികിത്സാച്ചെലവും കടക്കെണിയിലാകുന്ന കുടുംബങ്ങളും സ്വകാര്യമേഖലയിൽ നിത്യകാഴ്ച. സർക്കാർമേഖലയിലാണെങ്കിൽ ഫണ്ടില്ലായ്മയും പരിമിതികളും ചികിത്സയ്ക്കായുള്ള കാത്തിരിപ്പും. വലിയൊരു ‘ആരോഗ്യ അടിയന്തരാവസ്ഥ’യിലാണ് കേരളമിന്ന്.
2023 സെപ്റ്റംബർ 16
മീനങ്ങാടി പോലീസ് സ്റ്റേഷൻ, വയനാട്
മരിച്ചയാൾ: കണിയാമ്പറ്റ പഞ്ചായത്തിലെ അരിമൂല സ്വദേശി അജയ്‌രാജ്
മരണകാരണം: ഭാരിച്ച ചികിത്സാച്ചെലവ്, രോഗം, കടബാധ്യത
നിരന്തരം പിടിപെട്ട രോഗങ്ങളും ചികിത്സയ്ക്കായി മുടക്കിയ ലക്ഷങ്ങളുമാണ് ഏട്ടൻ മരിക്കാൻ കാരണം. പാവപ്പെട്ടവരുടെ വീട്ടിൽ ഒരു രോഗം കയറിക്കൂടിയാൽ പിന്നെ വല്യ പാടാ സാറേ..’' -ഭാരിച്ച ചികിത്സാച്ചെലവ് അജയ്‌രാജിന്റെ ജീവനെടുത്തതിനെക്കുറിച്ച് സഹോദരനും കണിയാമ്പറ്റയിലെ ഓട്ടോ ഡ്രൈവറുമായ ജയരാജ് പറഞ്ഞുനിർത്തി.
അധ്വാനിച്ച് തരക്കേടില്ലാതെ കുടുംബം പുലർത്തുന്ന ചെറുപ്പക്കാരനായിരുന്നു അജയ്‌രാജ്, 2020 വരെ. വർക്‌ഷോപ്പിലും ദീർഘദൂര ബസിലുമൊക്കെ ജോലിനോക്കി. പെട്ടെന്നൊരു ദിവസം നടുവേദനവന്നു. പിന്നെ പൂർണകിടപ്പിലായി. ആയുർവേദവും അലോപ്പതിയുമെല്ലാം മാറിമാറി നോക്കിയിട്ടും പല ഡോക്ടർമാരെ കണ്ടിട്ടും കിടന്നകിടപ്പിൽത്തന്നെ. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞതോടെയാണ് എഴുന്നേറ്റു നടക്കാനായത്.
ചികിത്സയ്ക്കായി ആറുലക്ഷം രൂപയോളം ചെലവായി. ജോലിക്കുപോകാൻ കഴിയാത്ത ആരോഗ്യസ്ഥിതിയായതിനാൽ വരുമാനവും നിലച്ചു. ഇൻഷുറൻസും ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നു കിട്ടിയ പതിനായിരം രൂപയായിരുന്നു സർക്കാരിൽനിന്നു കിട്ടിയ ആകെയുള്ള സഹായം. അതിനിടെയാണ് ഇടിത്തീപോലെ വൃക്കരോഗംകൂടി സ്ഥിരീകരിക്കുന്നത്.
ഭാരിച്ചജോലികളൊന്നും എടുക്കാൻ പാടില്ലാത്തതിനാൽ ഉപജീവനത്തിനായി ലോട്ടറിക്കച്ചവടം തുടങ്ങി. വീട്ടുചെലവ്, പഴയചികിത്സയുടെ പേരിലുണ്ടായിരുന്ന കടം, എല്ലാംകൊണ്ടും പ്രശ്നങ്ങൾ. സുഹൃത്തുക്കളടക്കം പലരും സഹായിച്ചു. പക്ഷേ, എത്രകാലം? മരുന്നിനും യാത്രയ്ക്കും മറ്റുചെലവുകൾക്കുമായി 8000 രൂപയോളം ആകുമായിരുന്നു. ഒരു നിവൃത്തിയുമില്ലാതെവന്നപ്പോൾ, സാമൂഹികമാധ്യമത്തിൽനിന്നു കിട്ടിയ ലിങ്കിലൂടെ ലോൺ ആപ്പ് വായ്പയുമെടുത്തു. അധികം വൈകിയില്ല, തിരിച്ചടവുതുക ചോദിച്ച് ആപ്പുകാരുടെ ഭീഷണി ഫോൺകോളുകൾ വന്നുതുടങ്ങി.
അനന്തമായി നീളുന്ന ചികിത്സയും കടവും ആപ്പുകാരുടെ ഭീഷണിയും അജയ്‌രാജിന്റെ മനസ്സിൽ അവസാനിക്കാത്ത ചോദ്യങ്ങളായി. ഒരുദിവസം കല്പറ്റയിൽ ലോട്ടറി ടിക്കറ്റുകൾ എടുക്കാൻപോയ അജയ്‌രാജ് മടങ്ങിവന്നില്ല. നാട്ടുകാരും ബന്ധുക്കളും നടത്തിയ തിരച്ചിലിൽ അരിമൂല എസ്‌റ്റേറ്റിനു സമീപം ബൈക്ക് ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി, തൊട്ടടുത്ത മരത്തിൽ ഒരുമുഴം കയറിൽ ജീവനൊടുക്കിയനിലയിൽ അജയ്‌രാജിനെയും.
ഇവരെ മരണത്തിലേക്ക് തള്ളിവിടുന്നതാര്?
‘‘രോഗം വന്നതുമൂലം ചികിത്സിക്കാൻ പണമില്ലാതെ വിഷാദത്തിലേക്കുപോകുന്നത് വലിയൊരു സാമൂഹികപ്രശ്നമാണ്. ദീർഘകാല ശാരീരികരോഗങ്ങൾ പിടിപെടുന്ന ആളുകളിൽ ഈ പ്രവണത, പ്രത്യേകിച്ച് കണ്ടുവരുന്നുണ്ട്. ജീവിതത്തിൽ അവർക്കുള്ള പ്രതീക്ഷ നഷ്ടപ്പെട്ടുപോകും. അതോടെ ആത്മഹത്യയിൽ അഭയംപ്രാപിക്കും’’ -പ്രശസ്ത മാനസികാരോഗ്യവിദഗ്‌ധനും ‘ചേതന’ സെന്റർ ഫോർ ന്യൂറോ സൈക്യാട്രിക് ഡയറക്ടറുമായ ഡോ. പി.എൻ. സുരേഷ് കുമാർ പറയുന്നു.
അദ്ദേഹത്തിന്റെ വാക്കുകൾക്കൊപ്പം ചേർത്തുവെക്കാവുന്ന ചില കണക്കുകൾകൂടി കേൾക്കുക: 2024-ൽ സംസ്ഥാനത്ത് 10,865 പേരാണ് വിവിധകാരണങ്ങളാൽ ജീവനൊടുക്കിയത്. ഇതിൽ 2035 പേരും ആ വഴി തിരഞ്ഞെടുക്കാനുള്ള കാരണം ശാരീരികരോഗങ്ങളാണ്. കേരളത്തിലെ ആകെ ആത്മഹത്യകളിൽ 18.73 ശതമാനം വരുമിത് (കേരള പോലീസ് ക്രൈം റെക്കോഡ്‌സ് ബ്യൂറോ).
ദീർഘകാല ശാരീരിക രോഗങ്ങൾ പിടിപെട്ടവരും കിടപ്പിലായവരും അവരെ ഏറെക്കാലമായി പരിചരിക്കുന്ന ഉറ്റവരുമൊക്കെ ഇങ്ങനെ ജീവനൊടുക്കിയവരിൽപ്പെടും. ഭാരിച്ച ചികിത്സാച്ചെലവുണ്ടാക്കുന്ന സാമ്പത്തികബാധ്യതമുതൽ മറ്റുള്ളവരെ എന്തിന് ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നുവെന്ന തോന്നൽവരെ ഇത്തരക്കാരിൽ ആത്മഹത്യാപ്രവണത സൃഷ്ടിച്ചേക്കാമെന്ന് മാനസികാരോഗ്യവിദഗ്ധർ പറയുന്നു.
ദീർഘകാലരോഗങ്ങളുടെ ഈറ്റില്ലമാണ് കേരളം. ഒരിക്കലും അവസാനിക്കാത്ത ചികിത്സകൾക്കു വിധേയരാകേണ്ടിവരുന്നവരുടെ എണ്ണംകൂടുതലുള്ള നാട്. നമുക്കുചുറ്റുമുള്ള പല ആത്മഹത്യകൾക്കും കാരണങ്ങളുമില്ല. ‘അവൻ/അവൾ എന്തിനിത് ചെയ്തു’ എന്ന ഹൃദയത്തിൽനിന്നുള്ള ചോദ്യത്തിന് മറഞ്ഞിരിക്കുന്ന ഉത്തരങ്ങളിലൊന്നാണ് ചികിത്സാച്ചെലവും അതുണ്ടാക്കിവെക്കുന്ന ബാധ്യതകളും.
പിടിവിടുന്ന ചികിത്സാച്ചെലവ്
കേരളത്തിൽ ഏറ്റവും കൂടുതൽ വിലക്കയറ്റമുണ്ടായ മേഖലയേതെന്നു ചോദിച്ചാൽ ഒരു ഉത്തരമേയുള്ളൂ -ആരോഗ്യമേഖല. 11 വർഷത്തിനിടെ മലയാളിയുടെ ചികിത്സാച്ചെലവ് 250 ശതമാനത്തിലേറെയാണ് വർധിച്ചത്. കഴിഞ്ഞ ആറുവർഷത്തെമാത്രം കണക്കെടുത്താൽ ഭയപ്പെടുത്തുന്ന രീതിയിലാണ് ഈ കുതിപ്പ്. ഇക്കാലയളവിൽ 200 ശതമാനത്തിലേറെയാണ് വർധന. 2019-ൽ സ്വകാര്യ ആശുപത്രികളിൽ ശരാശരി 28,775 രൂപയാണ് മലയാളി ചികിത്സയ്ക്കായി ചെലവഴിച്ചിരുന്നത്. ഇന്നത് 56,150 രൂപയായി. ഇക്കാലയളവിൽ സർക്കാർ ആശുപത്രികളിലേത് 4469 രൂപയിൽനിന്ന് 9433 രൂപയായി. സേവനമേഖലയെന്ന് പറയുമ്പോഴും പണത്തിനുമീതെ ഒരു സേവനവും പറക്കില്ലെന്നാണ് കേരളം നൽകുന്ന പാഠം.
ചികിത്സാ കടക്കെണിയിലാണ് നാം
വ്യക്തിഗതവരുമാനത്തിന്റെ അഞ്ചിലൊന്നും ചികിത്സയ്ക്കായി ചെലവിടുന്ന നാടാണ് കേരളം. സംസ്ഥാന ആസൂത്രണ ബോർഡിന്റെയും ദേശീയ സാംപിൾ സർവേ സംഘടനയുടെയും ഔദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം, സംസ്ഥാനത്ത് ജനങ്ങളുടെ വരുമാന വളർച്ചയെക്കാൾ വലിയ വേഗത്തിലാണ് ചികിത്സാച്ചെലവുകൾ കുതിച്ചുയരുന്നത്. ആറുവർഷത്തിനിടെ സംസ്ഥാനത്തെ ശരാശരി വരുമാനത്തിൽ 18.24 ശതമാനത്തിന്റെ വളർച്ചയാണുണ്ടായത്. ഇതേ കാലയളവിൽ സാധാരണക്കാരുടെ പ്രതിശീർഷ ആരോഗ്യച്ചെലവ് 116.7 ശതമാനത്തോളം വർധിച്ചു. 100 രൂപ വരുമാനംകിട്ടിയാൽ 22 രൂപയോളം ചികിത്സയ്ക്കായിമാത്രം ചെലവിടേണ്ടിവരുമെന്ന് ചുരുക്കം.
ആശങ്കാജനകം
വാർഷികവരുമാനത്തിന്റെ ഏതാണ്ട് 22 ശതമാനത്തോളം തുക ആരോഗ്യ ആവശ്യങ്ങൾക്കായി മാത്രം മാറ്റിവെക്കേണ്ടിവരുന്ന ആശങ്കാജനകമായ അവസ്ഥയാണിപ്പോൾ. ഇത് സാധാരണക്കാരുടെ കുടുംബബജറ്റുകളെ പ്രതിസന്ധിയിലാക്കി. ആവശ്യസാധനങ്ങൾ വാങ്ങാനുള്ള ശേഷി കുറയ്ക്കും. വിപണിയിൽ കൃത്രിമ പണപ്പെരുത്തിനും കാരണമാകും. ചികിത്സയ്ക്കായി കുടുംബങ്ങൾ ഗത്യന്തരമില്ലാതെ ബ്ലേഡ് പലിശക്കാരെയടക്കം ആശ്രയിക്കുന്നത് ചികിത്സാ കടക്കെണി പ്രതിഭാസത്തിനു കാരമമാകുന്നുണ്ട്. ഇത്തരത്തിൽ കിടപ്പാടംപോലും നഷ്ടപ്പെടുന്ന കുടുംബങ്ങളുടെ എണ്ണം കേരളത്തിൽ വല്ലാതെ വർധിക്കുന്നുണ്ട്.
ഡോ.എസ്. ഷിബിനു
സാമ്പത്തികശാസ്ത്രവിഭാഗം മേധാവി
തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജ്
(തുടരും)
Content Highlights: Kerala's healthcare crisis deepens as treatment costs soar, impacting families and leading to financial burdens and tragic outcomes for many residents.
Published: 22 Sept 2026, 11:31 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented