ഈ പുരുഷ ദിനത്തിൽ എന്റെ മനസ്സിലേക്ക് കടന്നുവരുന്നൊരു മുഖമുണ്ട്. എന്റെ സുഹൃത്തിന്റെ ഭർത്താവിന്റെ അച്ഛനാണത്. പേര് രവീന്ദ്രൻ. വളരെ കർക്കശക്കാരനായ വളരെയധികം സ്നേഹമുള്ള കരുത്തനായ ഒരു മനുഷ്യനാണ് അദ്ദേഹം. മിലിറ്ററിയിൽ നിന്ന് വിരമിച്ച ഭർതൃപിതാവിന്റെ ആരോഗ്യാവസ്ഥ പങ്കുവെക്കാനാണ് സുഹൃത്ത് ശ്രുതി അന്ന് വിളിച്ചത്. അച്ഛന് മാറിൽ ചെറിയ വേദനയുണ്ടെന്നും അടുത്തദിവസം വന്നാൽ കാണാൻ കഴിയുമോ എന്നും അറിയാനായിരുന്നു അവൾ വിളിച്ചത്. അടുത്തദിവസം രാവിലെ തന്നെ ശ്രുതിയും ഭർത്താവും അച്ഛനും എത്തി.

To advertise here,

ഒ.പയിൽ കയറിയപ്പോൾ തന്നെ എഴുപതുകാരനായ അദ്ദേഹത്തിന്റെ മുഖത്തുള്ള അസ്വസ്ഥത കാണാമായിരുന്നു. മാറിൽ ചെറിയ വേദനയുണ്ട് എന്നതായിരുന്നു പ്രശ്നം. അവിടെ മുഴയാണോ എന്നാണ് സംശയം. മുമ്പത്തെ ഹിസ്റ്ററി ചോദിച്ചപ്പോഴാണ് 8 വർഷംമുമ്പ് റീനൽ സെൽ കാർസിനോമ (വൃക്കയെ ബാധിക്കുന്ന കാൻസർ ) ബാധിച്ചിരുന്നുവെന്ന് പറഞ്ഞത്. ആർസിസിയിൽ വെച്ചാണ് സർജറിയും കീമോതെറാപ്പിയും കഴിഞ്ഞത്.

സ്തനത്തിൽ ചുവപ്പ്, അടരുന്ന ചർമം; സ്ത്രീകളിൽ മാത്രമല്ല പുരുഷന്മാരിലും വരും സ്തനാർബുദം, കരുതൽ വേണം

അഞ്ചുവർഷത്തോളം ഫോളോ അപ്പിന് പോയി. ചികിത്സയൊക്കെ കഴിഞ്ഞതിനുപിന്നാലെയാണ് കല്യാണം നടന്നതെന്നും ചികിത്സാകാലത്തുടനീളം കരുത്തനായാണ് അദ്ദേഹത്തെ കണ്ടിട്ടുള്ളതെന്നും മകനും മരുമകളും ഒരുപോലെ പറഞ്ഞു.

പരിശോധനയിൽ ഏകദേശം രണ്ട് സെന്റീമീറ്ററോളമുള്ള മുഴ കണ്ടെത്തി. ചെറുതായി ചുമരിൽ ഒന്ന് തട്ടിയതിനുശേഷമാണ് വേദന തോന്നിയതെന്നും പറഞ്ഞു.

എന്താണെങ്കിലും അൾട്രാസൗണ്ട് സ്കാൻ ചെയ്ത് നോക്കാം, അതിനുശേഷം ബാക്കി തീരുമാനിക്കാം എന്നുപറഞ്ഞ് അൾട്രാസൗണ്ടിന് വിട്ടു.

അൾട്രാസൗണ്ട് റിപ്പോർട്ടിൽ ബി രാഡ്സ് ഫോർ ലീഷൻ കാൻസർ ആവാൻ സാധ്യത ഉള്ളത് )തന്നെയായിരുന്നു, വാസ്കുലാരിറ്റിയും ഉണ്ട്.

ഞാൻ സംസാരിക്കുമ്പോഴൊക്കെ അദ്ദേഹം വളരെയധികം ആകുലതയോടെ വേറെ ബുദ്ധിമുട്ടുള്ളതൊന്നും ആവാൻ സാധ്യതയില്ലല്ലോ എന്ന് ചോദിക്കുന്നുണ്ടായിരുന്നു.

" എന്താണെങ്കിലും നമുക്ക് നോക്കാം. ബയോപ്സി എടുക്കണം എന്നുപറഞ്ഞ് ഞാൻ അദ്ദേഹത്തെ ആശ്വസിപ്പിച്ചു "

ബയോപ്സി റിപ്പോർട്ട് വന്നപ്പോൾ "ഇൻവസീവ് ഡക്റ്റൽ കാർസിനോമ" ആയിരുന്നു. ഒരിക്കൽ കാൻസർ അതിജീവിച്ച ഒരു ഫാമിലിക്ക് അടുത്ത ഒരു കാൻസർ എത്രത്തോളം ഭയാനകമായിരിക്കുമെന്ന് എനിക്കറിയാമായിരുന്നു.

അതുകൊണ്ടുതന്നെ ആദ്യം ഞാൻ ശ്രുതിയെ വിളിച്ച് കാര്യങ്ങൾ സംസാരിച്ചു. പക്ഷേ അച്ഛൻ ഒരു രീതിയിലും അക്സെപ്റ്റ് ചെയ്യുന്നില്ല, എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ല എന്നാണ് ശ്രുതി പറഞ്ഞത്.

അച്ഛൻ ട്രീറ്റ്മെന്റ് എടുക്കുന്നില്ല എന്ന തീരുമാനത്തിൽ തന്നെയായിരുന്നു. രണ്ടുദിവസം കഴിഞ്ഞിട്ടും കാണാതായപ്പോൾ ഞാൻ വിളിച്ചു.

ശ്രുതി അച്ഛന് ഫോൺ കൊടുത്തു.

എന്താണെങ്കിലും ഒന്ന് വരു, നമ്മുക്ക് നേരിട്ട് സംസാരിക്കാം എന്നു ഞാൻ പറഞ്ഞു. മനസില്ലാ മനസ്സോടെയാണെങ്കിലും അദ്ദേഹം വരാമെന്ന് സമ്മതിച്ചു. പക്ഷേ നിങ്ങൾ രണ്ടുപേരും ഒ.പിയിൽ കയറരുതെന്ന് ആദ്ദേഹം ശ്രുതിയോട് പറഞ്ഞിരുന്നു.

ഇതിനകം ഒരു കാൻസറിനെ അതിജീവിച്ച ഇത്രയും കരുത്തനായ ആയ അച്ഛന് ഇപ്പോഴെന്താണ് പറ്റിയതെന്നു ഞാൻ അദ്ദേഹത്തോട് ചോദിച്ചു.

ഡോക്ടറോട് കാര്യങ്ങൾ പറയാം, ചികിത്സ വേണ്ടെന്ന് ശ്രുതിയോട് ഒരുപാടുതവണ പറഞ്ഞതാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

വൃക്കയിലെ കാൻസർ വന്നപ്പോൾ ഞാൻ അതിജീവിച്ചു എന്നുള്ളത് ശരിയാണ്. പക്ഷേ മാറിലെ കാൻസർ പുരുഷന്മാർക്ക് വരും എന്നതുപോലും എനിക്ക് അറിയില്ലായിരുന്നു. ഞാൻ ആളുകളോട് എന്താണ് പറയുക. സ്ത്രീകൾക്ക് മാത്രം വരുന്ന കാൻസർ എനിക്ക് വന്നു എന്നോ?- അദ്ദേഹം ചോദിച്ചു

രോഗത്തിന്റെ ഗൗരവമോ ബാക്കിയുള്ള ബുദ്ധിമുട്ടുകളും ഒന്നുമല്ലായിരുന്നു അദ്ദേഹത്തിന്റെ പ്രശ്നം. " സ്തനാർബുദം" എന്ന വാക്കായിരുന്നു.

ഇത് പുതിയൊരു കാൻസറാണെന്നും വൃക്കയുമായി സംബന്ധിച്ച ഒന്നും ആവണമെന്ന് നിർബന്ധമില്ലെന്നും ഞാൻ പറഞ്ഞു.

വൃക്കയിലോ മറ്റെവിടെയെങ്കിലോ ആയിരുന്നെങ്കിൽ പ്രശ്നമില്ലായിരുന്നുവെന്നു മാറിലെ കാൻസർ താങ്ങാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

70 വയസ്സായില്ലേ ഇനി കുറച്ചുകാലംകൂടി എങ്ങനെയെങ്കിലും തള്ളിനീക്കാം എന്നതാണ് തന്റെ തീരുമാനമെന്നും ഈയൊരു പ്രായത്തിൽ ചികിത്സ സ്വീകരിക്കൽ‌ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു.

ചിത്രങ്ങൾ കാണിച്ചും മറ്റ് ഉദാഹരണങ്ങളിലൂടെയുമൊക്കെ അദ്ദേഹത്തിന് പലരുടെയും അനുഭവങ്ങൾ പങ്കുവെച്ചു. പക്ഷേ ഓരോ സംസാരത്തിലും ട്രീറ്റ്മെന്റ് എടുക്കില്ല എന്ന ഉറച്ച തീരുമാനത്തിലായിരുന്നു. ആരോടും പറയാതെ ട്രീറ്റ്മെന്റ് ചെയ്യാമെന്ന ഉറപ്പിൽ ഞാൻ അദ്ദേഹത്തെ ഹയർ ട്രീറ്റ്മെന്റ് സെന്ററിലേക്ക് അയച്ചു. റൈറ്റ് റാഡിക്കൽ മാസ്റ്റമി ചെയ്തു. പരിശോധനാ റിപ്പോർട്ട് പ്രകാരം മുഴയ്ക്ക് ഒരു നിശ്ചിത വലുപ്പമുണ്ടായിരുന്നെങ്കിലും, അടുത്തുള്ള ലിംഫ് ഗ്രന്ഥികളിലേക്ക് രോഗം പടർന്നിരുന്നില്ല. പക്ഷേ ആ റിപ്പോർട്ട് കേൾക്കാൻ ആ അച്ഛൻ ഉണ്ടായില്ല അന്ന് രാവിലെ ഒരു ഹാർട്ടറ്റാക്ക് ഉണ്ടായി അദ്ദേഹം മരണപ്പെടുകയാണ് ഉണ്ടായത്.

പുരുഷന്മാർക്കും സ്തനാർബുദം വരാം എന്ന യാഥാർഥ്യം ഇന്നും പലർക്കും അറിയില്ല. ഈ പുരുഷദിനത്തിൽ രവീന്ദ്രൻ എന്ന ആ അച്ഛനെ ഓർക്കുമ്പോൾ, രോഗത്തെക്കാൾ ഉപരിയായി അതിനെക്കുറിച്ചുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടുകൾ ഒരാളുടെ മനസ്സിനെ എത്രത്തോളം ബാധിക്കുമെന്നതാണ് ഞാൻ ഓർക്കുന്നത്.

സ്തനാർബുദം സ്ത്രീകളിൽ മാത്രം കണ്ടുവരുന്ന രോഗമാണെന്ന ധാരണ ഇന്നും നമ്മുടെ സമൂഹത്തിലുണ്ട്. എന്നാൽ പുരുഷന്മാരിലും സ്തനകലകൾ ഉള്ളതിനാൽ അവരിലും സ്തനാർബുദം ഉണ്ടാകാം. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിൽ ഇത് വളരെ അപൂർവമാണെങ്കിലും, സാധാരണയായി കണ്ടുവരുന്ന രൂപം Invasive Ductal Carcinoma തന്നെയാണ്.

പുരുഷന്മാരിൽ സ്തനാർബുദം പലപ്പോഴും വൈകിയാണ് തിരിച്ചറിയപ്പെടുന്നത്. കാരണം, സ്തനാർബുദം പുരുഷന്മാരെയും ബാധിക്കാമെന്ന അറിവില്ലായ്മയും, സ്തനത്തിലെ മാറ്റങ്ങളെ ഗൗരവമായി കാണാത്തതും, ചിലപ്പോൾ അതിനെക്കുറിച്ച് തുറന്നുപറയാനുള്ള മടിയുമാണ്.

സ്തനത്തിൽ മുഴ അനുഭവപ്പെടുക, മുലക്കണ്ണിൽ മാറ്റങ്ങൾ ഉണ്ടാകുക, സ്രവം വരിക, ചർമത്തിൽ അസാധാരണമായ മാറ്റങ്ങൾ കാണുക തുടങ്ങിയ ലക്ഷണങ്ങൾ അവഗണിക്കരുത്. പുരുഷന്മാരിലും ഇത്തരം ലക്ഷണങ്ങൾ ഉണ്ടായാൽ പരിശോധനയും ആവശ്യമായാൽ ബയോപ്സിയും നടത്തേണ്ടതാണ്.

എന്നാൽ ഇവിടെ രോഗം ശരീരത്തെ മാത്രമല്ല ബാധിക്കുന്നത്. ഒരു പുരുഷന് കാൻസർ രോഗനിർണയം ലഭിക്കുമ്പോൾ അയാളുടെ ആത്മവിശ്വാസത്തെയും പുരുഷത്വത്തെക്കുറിച്ചുള്ള ധാരണകളെയും സാമൂഹികമായ ഇടപെടലുകളെയും അത് ബാധിച്ചേക്കാം. പ്രത്യേകിച്ച് സ്തനാർബുദം പോലുള്ള രോഗങ്ങൾ പുരുഷന്മാരിൽ ഉണ്ടാകുമ്പോൾ, രോഗത്തെക്കുറിച്ചുള്ള അറിവില്ലായ്മയും സമൂഹത്തിന്റെ തെറ്റായ ധാരണകളും അവരുടെ മാനസിക സംഘർഷം വർധിപ്പിക്കാം.

കാൻസർ എന്ന രോഗനിർണയം തന്നെ വലിയൊരു മാനസിക ആഘാതമാണ്. ഭയം, ഉത്കണ്ഠ, വിഷാദം, ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ, കുടുംബത്തെക്കുറിച്ചുള്ള ചിന്തകൾ എന്നിവ രോഗിയുടെ മാനസികാരോഗ്യത്തെ ബാധിക്കാം.

ചിലർ അത് തുറന്നുപറയും. മറ്റു ചിലർ നിശ്ശബ്ദതയ്ക്കുള്ളിൽ ഒളിപ്പിക്കും.

നമ്മുടെ സമൂഹം പുരുഷന്മാരോട് എപ്പോഴും ശക്തരായിരിക്കാനാണ് ആവശ്യപ്പെടുന്നത്. കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനും പ്രതിസന്ധികളിൽ തളരാതെ നിൽക്കാനും അവരെ പഠിപ്പിക്കുന്നു. എന്നാൽ ശക്തനായിരിക്കുക എന്നതിന്റെ അർത്ഥം ഒരിക്കലും കരയരുത്, ഭയപ്പെടരുത്,സ്വന്തം വേദനകൾ മറച്ചുവെക്കണം എന്നതല്ല.

പുരുഷന്മാർക്കും കരയാം. അവർക്കും തളരാം. അവർക്കും മാനസിക പിന്തുണ ആവശ്യമാണ്. സഹായം തേടുന്നതും സ്വന്തം ആശങ്കകൾ തുറന്നുപറയുന്നതും ബലഹീനതയുടെ ലക്ഷണമല്ല.

രോഗചികിത്സയിൽ ശരീരത്തിന്റെ ആരോഗ്യത്തോടൊപ്പം മനസ്സിന്റെ ആരോഗ്യത്തിനും തുല്യപ്രാധാന്യം നൽകണം. കുടുംബത്തിന്റെ പിന്തുണയും, സുഹൃത്തുക്കളുടെ കരുതലും ആരോഗ്യപ്രവർത്തകരുടെ മാനുഷികമായ ഇടപെടലുകളും രോഗിയുടെ ചികിത്സായാത്രയിൽ വലിയ പങ്കുവഹിക്കുന്നു.