അർബുദങ്ങളിലെ അപകടകാരിയാണെന്നാണ് പാൻക്രിയാറ്റിക് കാൻസർ അറിയപ്പെടുന്നത്. രോഗലക്ഷണങ്ങൾ തിരിച്ചറിയാൻ വൈകുന്നതുകൊണ്ടുതന്നെ അതിജീവന സാധ്യത കുറവുള്ള അർബുദമാണിത്. പാൻക്രിയാറ്റിക് കാൻസർ സംബന്ധിച്ച് അവേബാധം പ്രചരിപ്പിക്കുന്നതിനായാണ് എല്ലാവർഷവും നവംബറിലെ മൂന്നാമത്തെ ബുധനാഴ്ച്ചയാണ് ലോക പാൻക്രിയാറ്റിക് ദിനമായി ആചരിക്കുന്നത്.
ആഗോളതലത്തിൽ കാൻസർ മരണങ്ങൾക്കു കാരണമാകുന്ന രോഗങ്ങളുടെ പട്ടികയിൽ ആറാംസ്ഥാനത്താണ് പാൻക്രിയാറ്റിക് കാൻസർ. 2026-ൽ മാത്രം ഏകദേശം 531000 പുതിയ രോഗനിർണ്ണയങ്ങളും ഏകദേശം 490000 മരണങ്ങളും ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ലക്ഷണങ്ങളും രോഗസ്ഥിരീകരണം വൈകുന്നതുകൊണ്ടുതന്നെ സൈലന്റ് കില്ലർ എന്നറിയപ്പെടുന്ന അർബുദമാണിത്.
പ്രാരംഭഘട്ടത്തിൽ കണ്ടെത്താൻ കഴിയാത്തതിനാൽ ചികിത്സ പരിമിതമായ കാൻസറാണിത്. ലക്ഷണങ്ങൾ പ്രകടമായി തുടങ്ങുമ്പോഴേക്കും രോഗം ശരീരത്തിന്റെ പലഭാഗങ്ങളിലും വ്യാപിച്ചിരിക്കും. അവസാന ഘട്ടങ്ങളിൽ തിരിച്ചറിയുമ്പോൾ രോഗിയുടെ അതിജീവന നിരക്ക് പതിമൂന്ന് ശതമാനമായി കുറയും. കൂടാതെ പാൻക്രിയാറ്റിക് ട്യൂമറുകൾ കട്ടിയുള്ള ഒരു പാളിയാൽ മൂടപ്പെട്ടതാണ്. ഇത് പ്രതിരോധ കോശങ്ങളേയും കീമോതെറാപ്പി മരുന്നുകളേയും പ്രതിരോധിക്കാൻ പ്രാപ്തമാണ്. ഇതുകൊണ്ടാണ് പല കാൻസർ മരുന്നുകളും പാൻക്രിയാറ്റിക് കാൻസറിന് ഫലപ്രദമാകാത്തത്.
കുടുംബത്തിൽ അടുത്തബന്ധത്തിൽ ആർക്കെങ്കിലും പാൻക്രിയാറ്റിക് കാൻസർ ഉണ്ടെങ്കിൽ ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് രോഗസാധ്യത രണ്ടുമുതൽ അഞ്ചുമടങ്ങായി വർധിപ്പിക്കുന്ന ഘടകമാണിത്. പാൻക്രിയാറ്റിക് കാൻസർ സ്ഥിരീകരണത്തിൽ ജനിതകഘടകങ്ങൾക്കും പ്രാധാന്യമുണ്ട്.
പാൻക്രിയാറ്റിക് കാൻസർ-ശ്രദ്ധവേണം
പാൻക്രിയാസിലെ കോശങ്ങളുടെ അമിതവളർച്ച മൂലമുണ്ടാകുന്ന അർബുദമാണിത്. ഭക്ഷണം ദഹിക്കാനുള്ള എൻസൈമുകളെ ഉത്പാദിപ്പിക്കുന്നതും രക്തത്തിലെ ഷുഗർനില നിയന്ത്രിക്കാനുള്ള ഹോർമോൺ ഉത്പാദിപ്പിക്കുന്നതുമൊക്കെ പാൻക്രിയാസ് ആണ്. പാൻക്രിയാറ്റിക് ഡക്റ്റൽ അഡിനോകാർസിനോമയാണ് ഏറ്റവും സാധാരണയായി കണ്ടുവരുന്നത്. പ്രാരംഭഘട്ടങ്ങളിൽ തിരിച്ചറിയപ്പെടാതെ പോകാനുള്ള സാധ്യതയും ഈ അർബുദത്തിൽ കൂടുതലാണ്. അതിനു പ്രധാനകാരണം പാൻക്രിയാറ്റിക് അർബുദം ശരീരത്തിലെ മറ്റ് അവയവങ്ങളിലേക്ക് പടരുന്നതിന് മുമ്പ് ലക്ഷണങ്ങളിൽ പ്രകടമാകില്ല എന്നതാണ്.
ലക്ഷണങ്ങൾ
വയറുവേദന
പാൻക്രിയാറ്റിക് കാൻസറിന്റെ പ്രാരംഭലക്ഷണങ്ങളിൽ ഒന്നാണ് വയറിൻ്റെ മുകൾഭാഗത്ത് വേദന അനുഭവപ്പെടുന്നത്. ഇത് പുറകുവശത്തേക്ക് വ്യാപിക്കാനും സാധ്യതയുണ്ട്. വളരെ ചെറിയ തോതിലോ ഒരുതരം കടച്ചിൽ പോലെയോ ഈ വേദന അനുഭവപ്പെട്ടേക്കാം. ഇടവിട്ട് വരുന്നതിനും തുടർച്ചയായി നിലനിൽക്കുന്നതിനും സാധ്യതയുണ്ട്. മിക്ക ആളുകളും ഇത് ദഹനക്കേടോ മാനസിക പിരിമുറുക്കമോ ആണെന്ന് കരുതി ഈ അസ്വസ്ഥതയെ അവഗണിക്കുകയാണ് പതിവ്. അതിനാൽ, സാധാരണ ചികിത്സകളോട് പ്രതികരിക്കാതെ വേദന തുടരുകയാണെങ്കിൽ ഉടൻ വൈദ്യസഹായം തേടാം.
ഭാരക്കുറവും വിശപ്പില്ലായ്മയും
ഡയറ്റെടുക്കാതെ തന്നെ ശരീരഭാരം കുറയുന്നതും വിശപ്പില്ലായ്മയും സാധാരണയായി നാം അവഗണിക്കുന്ന ലക്ഷണങ്ങളിലൊന്നാണ്. അർബുദം ശരീരത്തിൻ്റെ ദഹനപ്രക്രിയയെ തടസ്സപ്പെടുത്തുകയും വിശപ്പ് കുറയ്ക്കുകയും ചെയ്യുന്നുതാകാം ഇതിന് കാരണമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ പറയുന്നു. പതുക്കെ ബോധപൂർവം ശരീരഭാരം കുറയുന്നതിൽനിന്ന് വ്യത്യസ്തമാണ് അറിയാതെ ഭാരം കുറയുന്നത്.
മഞ്ഞപ്പിത്തം
പാൻക്രിയാറ്റിക് കാൻസർ ഉള്ളവരുടെ രക്തത്തിൽ ബിലിറുബിൻ അടിഞ്ഞുകൂടുന്നതിനാൽ ചർമത്തിനും കണ്ണിനും മഞ്ഞനിറം വരാൻ സാധ്യതയുണ്ട്. ഇത് മഞ്ഞപ്പിത്തത്തിന് കാരണമാകുന്നു. അർബുദം ബൈൽ ഡക്റ്റിൽ തടസ്സമുണ്ടാക്കുകയും പിത്തരസം ഒഴുകുന്നത് തടയുകയും ചെയ്യുന്നു. അതിനാൽ, ചർമത്തിലെ നിറവ്യത്യാസങ്ങളിൽ ശ്രദ്ധവേണം. മഞ്ഞപ്പിത്തത്തോടൊപ്പം കടുത്ത നിറമുള്ള മൂത്രം ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ ഉടൻ വൈദ്യസഹായം തേടേണ്ടതാണ്.
ദഹനസംബന്ധമായ പ്രശ്നങ്ങൾ
പാൻക്രിയാറ്റിക് അർബുദത്തിന്റെ ലക്ഷണങ്ങളിൽ ഒന്നാണ് ദഹനസംബന്ധമായ പ്രശ്നങ്ങൾ. മുഴകൾ വളരുന്നത് ദഹനപ്രക്രിയയെ തടസ്സപ്പെടുത്തുന്നു. ഇത് ഓക്കാനം, ഛർദ്ദി, ദഹനക്കേട് എന്നിവയ്ക്ക് കാരണമാകും. ഇതിന് പുറമെ മലബന്ധവും വയറിളക്കവും ഉണ്ടാകാനും സാധ്യതയുണ്ട്. ഈ ലക്ഷണങ്ങൾക്ക് സാധാരണ അസുഖങ്ങളുമായി സാമ്യമുള്ളതിനാൽ ഇവയെ ദഹനപ്രശ്നങ്ങളാണെന്ന് തെറ്റിദ്ധരിച്ച് അവഗണിക്കാറാണ് പതിവ്. ദീർഘകാലം ദഹനവ്യവസ്ഥയെ ബാധിക്കുന്ന ഏതൊരു മാറ്റം ശ്രദ്ധയിൽപ്പെട്ടാലും ഒരു ഡോക്ടറെ കാണേണ്ടതാണ്.
ഇതുകൂടാതെ മൂത്രത്തിന് ഇരുണ്ടനിറം, ചൊറിച്ചിൽ, പ്രമേഹം, കൈയിലോ, കാലിലോ വേദനയും വീക്കവും, അമിതക്ഷീണം തുടങ്ങിയവയും പ്രകടമാകും.
(മുകളിൽ പറഞ്ഞ ലക്ഷണങ്ങൾ മറ്റ് രോഗങ്ങളുടെ ഭാഗമായുമുണ്ടായേക്കാം. ഒരു വിദഗ്ധ ഡോക്ടറെ കണ്ട് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്)
Content Highlights: Pancreatic cancer, known as a silent killer, often goes undetected until advanced stages, significantly reducing survival rates.
Published: 19 Nov 2026, 12:50 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented