ഹാർട്ട് അറ്റാക്കിനുശേഷം വ്യായാമം എങ്ങനെ, എത്രത്തോളം എന്നത് സംബന്ധിച്ചുള്ള കാര്യങ്ങൾ പ്രധാനമാണ്. ഹാർട്ട് അറ്റാക്ക് ഹൃദയത്തിന്റെ പ്രവർത്തനത്തെ എത്രത്തോളം ബാധിച്ചിട്ടുണ്ട് എന്ന് വിലയിരുത്തിയാണ് വ്യായാമത്തിന്റെ തോത് തീരുമാനിക്കുക. ഹാർട്ടിന്റെ പമ്പിങ് 45 ശതമാനത്തിന് മുകളിലാണെങ്കിൽ ഹാർട്ട് അറ്റാക്കിനുശേഷം 48 മണിക്കൂർ കഴിയുമ്പോൾ ദിവസവും പത്തുമിനിറ്റ് വീതം ശരാശരി നൂറ് അടി നടക്കാൻ നിർദേശിക്കും. രണ്ടാഴ്ചവരെ ഇതേരീതിയിൽ തുടരും. അതിന് ശേഷം 15 മുതൽ 20 മിനിറ്റ് വരെയുള്ള നടത്തത്തിലേക്ക് മാറാം. നാലാഴ്ച കഴിയുമ്പോൾ മുൻപ് ചെയ്തിരുന്നതുപോലുള്ള സാധാരണജീവിതത്തിലേക്ക് മടങ്ങാം. പടിപടിയായി ഓരോ കാര്യങ്ങളും ചെയ്തുതുടങ്ങാം.

To advertise here,

'ഗ്യാസിന്റെയും ഹൃദയാഘാതത്തിന്റെയും ലക്ഷണങ്ങളിൽ സാമ്യമേറെ, ഒരുമിനിറ്റ് പോലും വൈകരുത്' 

വ്യായാമത്തിന്റെ തീവ്രത പ്രധാനമാണ്. നമുക്ക് നടക്കുമ്പോൾ പാട്ടുപാടാൻ പറ്റുന്നുണ്ടെങ്കിൽ അത് ലോ ഇന്റൻസിറ്റി വ്യായാമമാണ്. നടക്കുമ്പോൾ പാട്ടുപാടാൻ പറ്റില്ല, എന്നാൽ സംസാരിക്കാൻ പറ്റുന്നുണ്ടെങ്കിൽ അത് മോഡറേറ്റ് ഇന്റൻസിറ്റി വ്യായാമമാണ്. നടക്കുമ്പോൾ സംസാരിക്കാൻ പോലും പറ്റുന്നില്ലെങ്കിൽ അത് ഹൈ ഇന്റൻസിറ്റി വ്യായാമമാണ്. അപ്പോൾ ലോ ഇന്റൻസിറ്റി വ്യായാമമാണ് ആദ്യത്തെ രണ്ടാഴ്ച നിർദേശിക്കുന്നത്. രണ്ടാഴ്ച കഴിഞ്ഞ് പതുക്കെ മോഡറേറ്റ് ഇന്റൻസിറ്റി വ്യായാമത്തിലേക്കും നാലാഴ്ച കഴിഞ്ഞ് ഹൈ ഇന്റൻസിറ്റി വ്യായാമത്തിലേക്കും മാറാൻ സാധിക്കും.

ജിമ്മിൽ പോകുക, ഷട്ടിൽ കളിക്കുക തുടങ്ങിയ വ്യായാമങ്ങൾ ചെയ്തവരാണെങ്കിൽ ഹാർട്ട് അറ്റാക്കിനുശേഷം ഒരു മാസത്തിന് ശേഷം ട്രെഡ്മിൽ ടെസ്റ്റ്കൂടി ചെയ്തതിന് ശേഷമാണ് അത്തരം വ്യായാമങ്ങൾ വീണ്ടും തുടങ്ങുന്നകാര്യം തീരുമാനിക്കുക. അവർക്ക് വ്യായാമംചെയ്യാൻ എത്രത്തോളം ശേഷിയുണ്ട് എന്ന് പരിശോധനയിലൂടെ വിലയിരുത്തും. അതായത് പതുക്കെപ്പതുക്കെ വ്യായാമത്തിന്റെ തീവ്രത കൂട്ടിക്കൊണ്ടുവരാനാണ് നിർദേശിക്കുക.

ഹാർട്ട് അറ്റാക്ക് കൂടുതൽ ആഘാതം ഹൃദയത്തിന് വരുത്തിയിട്ടുണ്ടെങ്കിൽ, അതായത് പമ്പിങ് ശേഷി 45 ശതമാനത്തിലും താഴെയാണെങ്കിൽ, രോഗിക്ക് ശ്വാസമുട്ടൽ പോലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ നാലാഴ്ചവരെ വിശ്രമം നിർദേശിക്കും. അതിന് ശേഷമേ പതുക്കെപ്പതുക്കെ വ്യായാമങ്ങൾ ചെയ്തുതുടങ്ങാൻ പാടുള്ളൂ. മാത്രമല്ല ഒരു ഡോക്ടറുടെ മേൽനോട്ടത്തിലുള്ള വ്യായാമപരിശീലനമായിരിക്കും അവർക്ക് കൂടുതൽ അനുയോജ്യം.

ഹാർട്ട് അറ്റാക്ക് വന്നവർ പിന്നീട് വ്യായാമം ചെയ്യുമ്പോൾ നെഞ്ചിൽ വേദന, അമിതമായ കിതപ്പും നെഞ്ചിടിപ്പും, കിതപ്പും തലകറക്കവും ഒക്കെ തോന്നുകയാണെങ്കിൽ അപ്പോൾത്തന്നെ വ്യായാമം നിർത്തുക. ഉടൻ ഡോക്ടറെ കാണുകയുംചെയ്യുക.

‘നെഞ്ചെരിച്ചിലിനു സമാനമായ വേദന കൈയിലേക്കും പടർന്നാൽ ശ്രദ്ധിക്കണം, പ്രമേഹവും പുകവലിയും അപകടസാധ്യത കൂട്ടും’ 

ഹാർട്ട് അറ്റാക്കിനുശേഷം ഹൃദയാരോഗ്യം സംരക്ഷിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ, ഒഴിവാക്കേണ്ടഭക്ഷണങ്ങൾ എന്നിവ എന്തൊക്കെ?

ഹാർട്ട് അറ്റാക്ക് ഉണ്ടാവാനിടയായ കാരണമാണ് തുടർന്നുള്ള ഭക്ഷണരീതി തീരുമാനിക്കുന്നതിൽ പ്രധാന ഘടകം. അതായത് ഹാർട്ട് അറ്റാക്ക് ഉണ്ടായവരിൽ പ്രമേഹമുണ്ടെങ്കിൽ ഷുഗർ കുറയ്ക്കാനുള്ള ഡയറ്റ് ആവശ്യമായിവരും. അന്നജം കൂടുതൽ അടങ്ങിയ ആഹാരങ്ങളും ഗ്ലൈസിമിക് ഇൻഡക്സ് കൂടുതലുള്ള പഴങ്ങളും നിയന്ത്രിക്കണം. പഴുത്ത ചക്ക, മാങ്ങ എന്നിവ കുറയ്ക്കുക, മധുരം, മൈദകൊണ്ടുണ്ടായ ആഹാരങ്ങൾ, ജ്യൂസ് എന്നിവ ഒഴിവാക്കുക.

അമിത കൊഴുപ്പുള്ള ആഹാരങ്ങൾ ഒഴിവാക്കണം. പ്രത്യേകിച്ചും ട്രാൻസ്ഫാറ്റുകൾ അടങ്ങിയ ഭക്ഷണങ്ങൾ. എണ്ണയിൽ വറുത്തെടുത്ത ഭക്ഷണങ്ങൾ ഒഴിവാക്കുക. വെണ്ണ, നെയ്യ് പാൽക്കട്ടി എന്നിവ കുറയ്ക്കുക.

ഒരുദിവസത്തെ ഡയറ്റിൽ കൊഴുപ്പ് 20 ശതമാനത്തോളം ആകാം. അതിൽ പത്ത് ശതമാനത്തിൽ താഴെയായിരിക്കണം കൊളസ്ട്രോൾ അടങ്ങിയ ഭക്ഷണം. 40 ശതമാനത്തോളം ഊർജം അന്നജം അടങ്ങിയ ഭക്ഷണത്തിൽനിന്നും ബാക്കി പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളുമാണ് വേണ്ടത്. പയർ, കടല, ബീൻസ്, മുട്ടയുടെ വെള്ള, മീൻ, ചിക്കൻ എന്നിവയിൽ പ്രോട്ടീൻ ഉണ്ട്. റെഡ് മീറ്റ് പൊതുവേ ഒഴിവാക്കണം. മീനിൽ പ്രത്യേകിച്ചും കടൽ മത്സ്യങ്ങളായ മത്തി, അയല എന്നിവ തിരഞ്ഞെടുക്കാം. ചെമ്മീൻ, ഞണ്ട് തുടങ്ങിയ തോടുള്ള മത്സ്യങ്ങൾ ഒഴിവാക്കുക. ഇവയിൽ കൊളസ്ട്രോൾ അളവ് കുറച്ച് കൂടുതലാണ്.

പഴങ്ങൾ ധാരാളമായി ഉൾപ്പെടുത്തണം. പ്രമേഹമില്ലാത്തവരാണെങ്കിൽ എല്ലാ പഴങ്ങളും കഴിക്കാം. പ്രമേഹമുള്ളവർക്ക് ആപ്പിൾ, മുസംബി, പേരക്ക, പപ്പായ, ഞാവൽ എന്നിവ ഉൾപ്പെടുത്താം. നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ പച്ചക്കറികൾ കൂടുതൽ കഴിക്കണം. ധാരാളം പച്ചക്കറികളും പഴങ്ങളും, കൂടുതൽ പ്രോട്ടീൻ, കുറഞ്ഞ അളവിൽ കൊഴുപ്പും അന്നജവും ഇതാണ് കൂടുതൽ ഉചിതം.

പാചകം ചെയ്യുമ്പോൾ ഡീപ് ഫ്രയിങ് ഒഴിവാക്കുക. കുറഞ്ഞ ചൂടിലുള്ള പാചകമാണ് നിർദേശിക്കുന്നത്. ഒരേതരം എണ്ണതന്നെ ഉപയോഗിക്കാതെ വിവിധതരം പാചക എണ്ണകൾ മാറിമാറി ഉപയോഗിക്കാനാണ് പുതിയ നിർദേശം. തവിടെണ്ണ, കടുകെണ്ണ എന്നിവയൊക്കെയാണ് കൂടുതൽ ഉചിതം. ഇവയിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ കൂടുതലുണ്ട്. ചമ്മന്തിപ്പൊടി, സാലഡ് എന്നിവയിലെല്ലാം ഉപയോഗിക്കാൻ ഒലീവ് ഓയിലാണ് നല്ലത്. ഡീപ് ഫ്രൈ ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അതിന് ഉചിതം വെളിച്ചെണ്ണയാണ്. എങ്ങനെയായാലും ഒരു ദിവസം അഞ്ച് ടീസ്പൂണിൽ കൂടുതൽ എണ്ണ ഉപയോഗിക്കാൻ പാടില്ല. ഉപ്പ് അധികമുള്ള ഭക്ഷണങ്ങളും ഒഴിവാക്കണം.

ഒരാൾ കുഴഞ്ഞു വീണാൽ അത് ഹാർട്ട് അറ്റാക്ക് മൂലമാണ് എന്ന് എങ്ങനെ മനസ്സിലാക്കാം?

എല്ലാ കുഴഞ്ഞുവീഴലും ഹാർട്ട് അറ്റാക്ക് കൊണ്ടാകണമെന്നില്ല. 10 ശതമനം ഹാർട്ട് അറ്റാക്ക് കൊണ്ടാകാം. അതുകൊണ്ട് ഒരാൾ കുഴഞ്ഞുവീണാൽ അത് ഹൃദയസ്തംഭനമാണോ എന്ന് തിരിച്ചറിയണം.

കുഴഞ്ഞുവീണ വ്യക്തിയെ തട്ടിവിളിക്കുക, ശ്വാസമെടുക്കുന്നുണ്ടോ എന്ന് നോക്കുക, അദ്ദേഹത്തിന് ഹൃദയമിടിപ്പുണ്ടോ എന്ന് പൾസ് നോക്കി മനസ്സിലാക്കാൻ പറ്റുന്നവരാണെങ്കിൽ അത് പരിശോധിക്കുക.

ഹൃദയസ്തംഭനമാണെങ്കിൽ പൾസ് ഉണ്ടാകില്ല, ശ്വാസം എടുക്കുന്നുണ്ടാകില്ല, തട്ടിവിളിച്ചാലും പ്രതികരണം ഉണ്ടാകില്ല. അങ്ങനെയെങ്കിൽ അപ്പോൾതന്നെ സി.പി.ആർ. തുടങ്ങുക. ഉടൻ തന്നെ ആംബുലൻസ് വിളിക്കുക. സി.പി.ആർ ചെയ്തുകൊണ്ടുതന്നെ ഹാർട്ട് അറ്റാക്ക് ചികിത്സയ്ക്ക് സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റുക.

സി.പി.ആർ. ചെയ്ത് ഹൃദയമിടിപ്പ് തിരിച്ചുലഭിച്ചുകഴിഞ്ഞാൽ എടുക്കുന്ന ഇ.സി.ജിയിൽ വ്യതിയാനം കാണുമ്പോഴാണ് ഇത് ഹൃദയാഘാതം കാരണമാണ് കുഴഞ്ഞ് വീണത് എന്ന് ഉറപ്പിക്കാനാകുക.

ഹാർട്ട് അറ്റാക്ക് അല്ലാത്ത അവസ്ഥകൾകൊണ്ടും കുഴഞ്ഞുവീഴാം. അണുബാധകൊണ്ടോ വൃക്കരോഗംകൊണ്ടോ കരൾരോഗംകൊണ്ടോ തലച്ചോറിലെ രക്തസ്രാവം കൊണ്ടോ ഇങ്ങനെ സംഭവിക്കാം.

കൂടാതെ ചാനലോപ്പതി അതായത് ഹൃദയത്തിലെ ഇലക്ട്രിക്കൽ സ്പന്ദനങ്ങളിലുണ്ടാകുന്ന തകരാറുകൾ കുഴഞ്ഞുവീഴലുകൾക്ക് കാരണമാകാം. ഇത് ജന്മനാലുള്ള തകരാറുകളാണ്. ബ്രുഗാഡ സിൻഡ്രോം ലോങ് ക്യു ടി സിൻഡ്രോം എന്നീ രോഗങ്ങളിൽ ഇത്തരം കുഴഞ്ഞ് വീഴ്ച ഉണ്ടാകാറുണ്ട്. ഹൃദയത്തിന്റെ ഭിത്തിക്ക് കട്ടികൂടുന്ന രോഗാവസ്ഥയായ ഹൈപ്പോട്രോഫിക് ഓബ്സ്ട്രക്ടീവ് കാർഡിയോ മയോപ്പതി ഉള്ളവരിലും പെട്ടെന്നുള്ള കുഴഞ്ഞുവീഴൽ സംഭവിക്കാം. പമ്പിങ് 35 ശതമാനത്തിൽ താഴെയുള്ളവരിലും ഹൃദയസ്തംഭന സാധ്യത കൂടുതലാണ്.

ഒരാൾക്ക് ഹാർട്ട് അറ്റാക്ക് സംഭവിക്കുകയാണെങ്കിൽ ഉടൻ ചെയ്യേണ്ടത് എന്തൊക്കെയാണ്?

മുൻപ് അനുഭവപ്പെട്ടിട്ടില്ലാത്തവിധം നെഞ്ചിൽ മുഴുവനായി ഭാരം കെട്ടിനിറഞ്ഞിരിക്കുന്നതുപോലുള്ള അനുഭവം, ഇടത്തേക്കൈയിലേക്കോ വലത്തേക്കൈയിലേക്കോ കഴുത്തിലേക്കോ പുറം ഭാഗത്തേക്കോ വേദന വരിക, വിയർക്കുക, കടുത്ത ക്ഷീണം, എന്തോ സംഭവിക്കാൻ പോകുന്നുവെന്ന തോന്നൽ എന്നിവ ഒരുമിച്ച് വരികയാണെങ്കിൽ അത് ഹാർട്ട് അറ്റാക്ക് സംബന്ധിച്ച പ്രശ്‌നമാകാൻ സാധ്യതയുണ്ട്. ഉടൻ ആശുപത്രിയിലെത്തി ചികിത്സതേടുക. ഇ.സി.ജി പരിശോധനയിൽ വലിയ വ്യതിയാനം കാണുന്നുണ്ടെങ്കിൽ അത് മേജർ ഹാർട്ട് അറ്റാക്കും ഇ.സി.ജിയിൽ കാര്യമായ വ്യതിയാനം ഇല്ലെങ്കിൽ അത് മൈനർ ഹാർട്ട് അറ്റാക്ക് ആണെന്നും മനസ്സിലാക്കാം. ഇ.സി.ജിയിൽ വലിയ വ്യതിയാനം കാണിക്കുന്നുണ്ടെങ്കിൽ എത്രയും പെട്ടെന്ന് പ്രൈമറി ആൻജിയോപ്ലാസ്റ്റി ചെയ്യും. ആൻജിയോപ്ലാസ്റ്റി ചെയ്യാൻ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റാൻ 90 മിനിറ്റിൽക്കൂടുതൽ സമയം വേണ്ടിവരുമെങ്കിൽ രക്തക്കട്ട അലിയിക്കാനുള്ള ത്രോംബെലൈസിസ് ചികിത്സ നൽകും.

ലക്ഷണങ്ങൾ ഉണ്ടായിരുന്ന വ്യക്തിക്ക് ഇ.സി.ജി. പരിശോധനയിൽ നോർമലാണ് എങ്കിൽ ട്രോപോണിൻ എന്ന രക്തപരിശോധന നടത്തും. ട്രോപോണിൻ ടെസ്റ്റ് പോസിറ്റീവ് ആണെങ്കിൽ മൈനർ ഹാർട്ട് അറ്റാക്ക് ആണെന്ന് വിലയിരുത്താം. അപ്പോൾ അഡ്മിറ്റ്‌ചെയ്ത് ചികിത്സ നൽകും. ആൻജിയോഗ്രാം പരിശോധന നടത്തും. ഇനി ട്രോപോണിൻ നെഗറ്റീവ് ആണെങ്കിൽ ഹാർട്ട് അറ്റാക്ക് ഉണ്ടായിട്ടില്ല എന്നുമാത്രമാണ് അർഥമാക്കുന്നത്. എന്നാൽ ഹാർട്ട് അറ്റാക്കിന് മുൻപുള്ള ഒരു അവസ്ഥയുണ്ട്. അൺസ്റ്റേബിൾ അൻജൈന എന്നുപറയും. ഈ അവസ്ഥയിൽ വേദന വന്നുപോകും. എന്നാൽ ഇ.സി.ജി., രക്തപരിശോധന ഇവയെല്ലാം നോർമൽ ആയിരിക്കും. ഈ സ്റ്റേജിനെ വാണിങ് ഹാർട്ട് അറ്റാക്ക് എന്നുപറയും. ഇത് തിരിച്ചറിയുകയാണെങ്കിൽ ഹാർട്ട് അറ്റാക്ക് വരുന്നത് പ്രതിരോധിക്കാനാകും.

രാത്രികാലങ്ങളിലെ അമിത കൊഴുപ്പടങ്ങിയ ഭക്ഷണശീലങ്ങൾ ഹൃദയാരോഗ്യത്തെ വലിയ തോതിൽ ബാധിക്കുന്നുണ്ടോ?

ഇത് അടുത്തകാലത്തായി ഉണ്ടായ ജീവിതശൈലീ മാറ്റമാണ്. ഹാർട്ട് അറ്റാക്കിനുള്ള അപകടഘടകങ്ങളിൽ ഈ പുതിയ ഘടകംകൂടി ഇപ്പോൾ ഉൾപ്പെടുന്നുണ്ട്. രണ്ട് തരത്തിൽ ഈ ജീവിതശൈലി ദോഷകരമാകുന്നുണ്ട്. രാത്രി വൈകി അമിതമായി ഭക്ഷണം കഴിക്കുന്നത് ഉറക്കക്കുറവിനും കാരണമാകുന്നുണ്ട്. ഉറക്കം കുറയുമ്പോൾ സ്ട്രസ്സ് ഹോർമോൺ കൂടും. അതോടൊപ്പം ശരീരഭാരം കൂടാനുള്ള സാധ്യതയുമുണ്ട്.

നമ്മുടെ എല്ലാ അവയവങ്ങൾക്കും ഡയൂണൽ റിഥം (ഉശൗൃിമഹ ൃവ്യവോ) ഉണ്ട്. അതായത് രാവിലെ പ്രവർത്തനം സജീവമായി രാത്രിയാകുമ്പോൾ അതിന്റെ പ്രവർത്തനം മന്ദഗതിയിലാകുകയും ചെയ്യുന്ന ഒരുതാളമുണ്ട്. ഉറങ്ങാൻ നേരത്ത് അവയവങ്ങളുടെ പ്രവർത്തനം എല്ലാം ഇതുപോലെ കുറഞ്ഞനിലയിലേക്ക് എത്തും. ഇതിന്റെ ഭാഗമായി ദഹന-ഉപാപചയ പ്രവർത്തനങ്ങളും കുറയും. ഈ സമയത്ത് കൊഴുപ്പ് കൂടുതലുള്ള ഭക്ഷണം എത്തുമ്പോൾ കരൾ അത് ഊർജമായി മാറ്റാതെ കൊഴുപ്പായിത്തന്നെ ശരീരത്തിൽ സംഭരിച്ചുവെക്കും. അതുകൊണ്ട് ഫാറ്റിലിവറും അമിതവണ്ണവുമൊക്കെ ഉണ്ടാകാനുള്ള സാധ്യത കൂടും. ഇൻസുലിൻ റസിസ്റ്റൻസിലേക്കും ഇത് നയിക്കും. ഇതെല്ലാം ഹൃദയധമനിയിൽ ബ്ലോക്ക് ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്ന കാര്യങ്ങളാണ്.

ഹാർട്ട് അറ്റാക്ക് കഴിഞ്ഞവരിൽ പിന്നീടുള്ള ലൈംഗികജീവിതത്തിൽ പ്രത്യേകമായി എന്തെങ്കിലും കരുതൽ ആവശ്യമാണോ?

ഹാർട്ട് അറ്റാക്ക് കാരണം ഹൃദയത്തിന് കാര്യമായ ക്ഷതം സംഭവിച്ചിട്ടില്ലാത്തവർക്ക് രണ്ടാഴ്ച കഴിയുമ്പോൾ സാധാരണ ലൈംഗികജീവിതത്തിലേക്ക് തിരിച്ചുവരാം. ഇക്കാര്യത്തിൽ ആ വ്യക്തിക്കുള്ള സംശയമുണ്ടെങ്കിൽ ഒരു സ്‌ക്രീനിങ് ടെസ്റ്റിലൂടെ വിലയിരുത്താം. അതായത് 20 മുതൽ 30 വരെ സ്റ്റെപ്പുകൾ കിതപ്പില്ലാതെ കയറാൻ പറ്റുമെങ്കിൽ സാധാരണ ലൈംഗികജീവിതത്തിന് തടസ്സമില്ല എന്ന് മനസ്സിലാക്കാം. കാരണം സാധാരണ ലൈംഗികബന്ധത്തിന് അത്രയും ഊർജമാണ് ആവശ്യമായി വരിക.

ഹാർട്ട് അറ്റാക്കിനെത്തുടർന്ന് ഹൃദയത്തിന് കുറേക്കൂടി ക്ഷതം സംഭവിച്ചിട്ടുണ്ടെങ്കിൽ നാലാഴ്ച കഴിഞ്ഞ് ലൈംഗികബന്ധം തുടങ്ങുന്നതാണ് സുരക്ഷിതം.

ആരോഗ്യകരമായ ജീവിതശൈലി പാലിക്കാതെ 40 വയസ്സുവരെ ജീവിച്ച ഒരാൾ പെട്ടെന്ന് ഒരു ദിവസംമുതൽ ഹെവി ജിം വർക്ക്ഔട്ടുകൾ തുടങ്ങുന്നത് ഹാർട്ട് അറ്റാക്കിനുള്ള സാധ്യത വർധിപ്പിക്കുമോ?

40 വയസ്സുകഴിഞ്ഞാൽ പെട്ടെന്ന് ഒരുദിവസം മുതൽ കഠിനവ്യായാമങ്ങളിലേക്ക് പോകുന്നത് ഒഴിവാക്കണം. പകരം തുടക്കത്തിൽ തീവ്രത കുറഞ്ഞ വ്യായാമങ്ങൾ പുതുക്കെ ചെയ്തുതുടങ്ങുകയാണ് വേണ്ടത്. പിന്നെ മോഡറേറ്റ് വ്യായാമങ്ങളിലേക്ക് കടക്കുകയും ചെയ്യുക. ഇങ്ങനെ ഘട്ടങ്ങളായി വ്യായാമം ചെയ്തുശീലിക്കാതെ പെട്ടെന്ന് തീവ്രമായ വ്യായാമത്തിലേക്ക് കടന്നാൽ, ഹൃദയത്തിലേക്കുള്ള രക്തയോട്ടം പെട്ടെന്ന് കൂടുകയും ഹൃദയത്തിന്റെ ജോലിഭാരം കൂടുകയും ചെയ്യും. ബി.പിയും കൂടും. ഇത്തരം വ്യതിയാനങ്ങൾ വരുന്നതുകൊണ്ട് ഹൃദയധമനികളിൽ ലക്ഷണങ്ങളൊന്നുമില്ലാത്ത ബ്ലോക്ക് ഉള്ളയാൾക്ക് അത് ഗൗരവമുള്ള പ്രശ്‌നമായി മാറാൻ സാധ്യതയുണ്ട്. 40 വയസ്സിന് മുകളിലുള്ളവർ പ്രമേഹം, അമിത കൊളസ്ട്രോൾ തുടങ്ങിയ അപകടഘടകങ്ങൾ ഉള്ളവർകൂടിയാണെങ്കിൽ തീവ്രവ്യായാമത്തിലേക്ക് പോകുന്നതിന് മുൻപ് ഹൃദയസംബന്ധമായ പരിശോധനകൾ നടത്തുന്നത് നല്ലതാണ്. ട്രെഡ്മിൽ ടെസ്റ്റ്, ഇ.സി.ജി., എക്കോ എന്നിവ ഇതിൽ ഉൾപ്പെടും. കൂടാതെ മറ്റ് അപകടഘടകങ്ങൾ നിയന്ത്രണത്തിലല്ലേ എന്ന് പരിശോധിക്കുകയും വേണം.

മറ്റ് അപകടഘടകങ്ങൾ ഒന്നുമില്ലാത്തവരാണെങ്കിൽക്കൂടി വ്യായാമം ചെയ്യുന്നതിനിടയിൽ അമിതമായ ക്ഷീണം, തലകറക്കം, നെഞ്ചുവേദന തുടങ്ങിയ പ്രയാസങ്ങൾ തോന്നുകയാണെങ്കിൽ ഉടൻ പരിശോധന നടത്തുകയും വേണം.

കൊച്ചി ആസ്റ്റർ മെഡ്‌സിറ്റിയിൽ ഇന്റർവെൻഷണൽ കാർഡിയോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ആണ് ലേഖകൻ.

ആരോഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത്