ഒരു ഹെൽത്ത് ചെക്കപ്പിന് വന്നപ്പോഴാണ് ഞാൻ ആദ്യമായി മാത്യുവിനെ കാണുന്നത്. 55 വയസ്സായിരുന്നു മാത്യുവിന്. മുഖത്ത് ഒരിത്തിരി ക്ഷീണമുണ്ട്. തുടർന്ന് ആരോഗ്യവിവരങ്ങൾ അന്വേഷിച്ചപ്പോൾ പ്രത്യേകിച്ച് ബുദ്ധിമുട്ടുകൾ ഒന്നുമില്ലെന്നും എന്നാൽ 40 വർഷമായി പുകവലിക്കുകയും ഇടയ്ക്കൽപം മദ്യപിക്കുകയും ചെയ്യുന്നുണ്ടെന്ന വിവരം പറഞ്ഞു. ഒരൽ‌പം കുറ്റബോധത്തോടെയാണ് മാത്യു ഇക്കാര്യം പറഞ്ഞതും ഒപ്പം ഡോക്ടർമാരോട് കള്ളം പറയരുതല്ലോ എന്ന കൂട്ടിച്ചേർക്കലും.

To advertise here,

വീട്ടുകാർക്കോ സുഹൃത്തുക്കള്‍ക്കോ ഇതിനെപ്പറ്റി കൂടുതൽ അറിയില്ല മാഡം, ഞാൻ എന്ത് ചികിത്സയ്ക്ക് പോകുമ്പോഴും ഒറ്റയ്ക്കാണ് പോകാറ്, ഇതൊക്കെ പറയാൻ എനിക്ക് മടിയാണ്- അദ്ദേഹം പറഞ്ഞു. ഹിസ്റ്ററി എടുത്തതിനു ശേഷം ക്ലിനിക്കൽ എക്സാമിനേഷൻ ചെയ്യുന്ന സമയത്ത് പരിശോധനയിൽ വായ്ക്കുള്ളിൽ ചെറിയ മാറ്റം കണ്ടു. കവിളിലെ രണ്ടുഭാഗത്തായി ചുവന്ന പാടുകൾ വന്നിട്ടുണ്ട്. പുകവലിയുടെ ഭാഗമായിട്ടുള്ളത് തന്നെ.

ശബ്ദത്തിലെ ചെറിയ വ്യത്യാസവും ഇടയ്ക്കിടെയ്ക്കുള്ള ചുമയും ഞാൻ ശ്രദ്ധിച്ചിരുന്നു. ശബ്ദത്തിന്റെ മാറ്റത്തെക്കുറിച്ചും ചുമയെ കുറിച്ചും ചോദിച്ചപ്പോൾ അത് വയസ്സായതു കൊണ്ടായിരിക്കും മാഡം എന്ന് അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു. പുകവലിയും മദ്യപാനവും കൊണ്ടുണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ച് അദ്ദേഹത്തെ പറഞ്ഞു മനസിലാക്കി. ടെസ്റ്റുകളുടെ റിപ്പോർട്ടും ചെസ്റ്റ് എക്സ് റേയും വന്നതിനുശേഷം ബാക്കി തീരുമാനിക്കാം എന്നു പറഞ്ഞു.

റിപ്പോർട്ട് വന്നപ്പോൾ എക്സ്റേയിൽ ശ്വാസകോശത്തിന്റെ ഭാഗത്തായി ചില മാറ്റങ്ങൾ കണ്ടു. സ്മോക്കിങ് നിർത്തുന്നതിനെ പറ്റിയും കൂടുതലായി ഈ മാറ്റങ്ങൾ മനസ്സിലാക്കാൻ സി ടി സ്കാൻ എടുക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയും അദ്ദേഹത്തോട് പറഞ്ഞു, സിടി സ്കാൻ എടുക്കാൻ പോകുമ്പോൾ ബൈസ്റ്റാൻഡർ ആവശ്യം ഉണ്ടോ എന്നായിരുന്നു ആദ്യ ചോദ്യം.

എവിടെ നിന്നാണെങ്കിലും സ്കാൻ ചെയ്യാൻ അദ്ദേഹം തയ്യാറായിരുന്ന. പിറ്റേദിവസം തന്നെ സി ഇ സി ടി ചെസ്റ്റ് സ്കാൻ ചെയ്ത് റിപ്പോർട്ടുമായി വന്നിട്ടുണ്ടായിരുന്നു.

അൽസറേഷൻ ഉണ്ട്. നിയോപ്ലാസ്റ്റിക് എറ്റിയോളജി (NEOPLASTIC ETIOLOGY - SUPRAGLOTTIC AND GLOTTIC CARCINOMA ) കാൻസർ ആവാൻ സാധ്യതയുള്ളത് കൊണ്ട് തന്നെ ലാരിൻജോസ്കോപ്പിയും എച്ച്പി ഇ കോറിലേഷനും പറഞ്ഞിട്ടുണ്ട്!!(LARYNGOSCOPY AND HPE CORRELATION ). ഒരു ഹെഡ് ആൻഡ് നെക്ക് സർജൻ ആണ് അത് ചെയ്യേണ്ടത്.

അതുകൊണ്ടുതന്നെ അദ്ദേഹത്തെ വിട്ടത് എംസിസിയിൽ എന്നെ പഠിപ്പിച്ച സാറിന്റെ അടുത്തേക്ക് തന്നെയായിരുന്നു. ഞാൻ റെഫറൽ ലെറ്റർ എഴുതി സാറിനെ വിളിച്ചു പറഞ്ഞു.

ഉള്ളിലെ പേടി പുറത്തു കാണിക്കാതിരിക്കാൻ അദ്ദേഹം ശ്രമിക്കുന്നുണ്ടായിരുന്നു. പേടി മറക്കാനാണോ എന്നറിയില്ല ഒ.പി. ടേബിളിൽ ഇരുന്ന എന്റെ പുസ്തകം കണ്ടിട്ട് മാഡം എഴുതിയതാണോ, അതെ കാൻസറിനെ അതിജീവിച്ചവരുടെ കഥകളാണ് കൂടുതൽ എന്ന് പറഞ്ഞു. അടുത്തതായി എഴുതാൻ പോവുന്ന കഥാപാത്രമായിരിക്കുമോ ഞാൻ എന്ന് അദ്ദേഹം തമാശ പോലെ പറഞ്ഞു.

ഇത് കാൻസർ എന്ന് നമുക്ക് പറയാൻ ആയിട്ടൊന്നുമില്ല. സാധ്യത ഉള്ളതുകൊണ്ട് ഒന്ന് ചെയ്യണം എന്ന് ഞാൻ വീണ്ടും ഓർമപ്പെടുത്തി. വളരെ സമാധാനത്തോട് കൂടി തന്നെയാണ് അദ്ദേഹം പോയത്. ഹെഡ് ആൻഡ്‌ നെക്ക് സർജറി ഡിപ്പാർട്മെന്റിൽ നിന്ന് ലാറിൻജോസ്‌കോപ്പി ചെയ്തത് നോർമൽ ആയിരുന്നു. കാൻസർ ആയിട്ടുള്ള ഒന്നുമില്ല. ചെറിയ കട്ടിയുള്ള ഭാഗം നാവിന്റെ പുറകു വശത്ത് തൊണ്ടയുടെ തുടക്കഭാഗത്തായിട്ടുണ്ട്. കൂടുതൽ ബുദ്ധിമുട്ട് എന്തെങ്കിലും വരുന്നുണ്ടെങ്കിൽ ആ സമയത്ത് ബയോപ്സി ചെയ്യാമെന്നായിരുന്നു തീരുമാനിച്ചത്. റിപ്പോർട്ട് ഇങ്ങനെയാണ് എന്ന മെസേജ് സർ അയച്ചപ്പോൾ എനിക്കുണ്ടായ സന്തോഷം ചെറുതൊന്നുമല്ല . പേടിക്കേണ്ടതായി ഒന്നുമില്ല എന്ന് ഒരു ഒരു രോഗിയോട് പറയുന്നതിന്റെ സന്തോഷം വേറെ തന്നെയാണ്.

ഏതു രോഗിയെയും പോലെ തന്നെ ഡോക്ടറും ആഗ്രഹിക്കുക ഒന്നും ഉണ്ടാവരുത് എന്ന് തന്നെയാണ്. മാത്യു ഒരാഴ്ചയ്ക്ക് ശേഷം എന്നെ കാണാൻ വന്നു. ആ മുഖത്ത് വളരെയധികം ഒരു സന്തോഷം. വേറൊന്നിനും വന്നതല്ല മാഡം, റിപ്പോർട്ട് കണ്ടിട്ടുണ്ടാവും എന്നറിയാം. ഒന്ന് കണ്ടു നന്ദി അറിയിക്കാൻ വന്നതാണെന്നു പറഞ്ഞു.

‘ഡോക്ടർ എന്റെ ജീവിതത്തിൽ വളരെയധികം മാറ്റം വരുത്തി. ഞാനിപ്പോൾ പുകവലി മുഴുവനായി നിർത്തി. അത് മാത്രമല്ല പുക വലിക്കുന്നവരോട് ഞാൻ അത് ചെയ്യരുത് എന്ന് പറയാറുണ്ട്. മദ്യപാനം ഒട്ടും തന്നെയില്ല,’  അദ്ദേഹം പറഞ്ഞു.

ഹെഡ് ആൻഡ് നെക്ക് കാൻസറുകൾക്ക് പല കാരണങ്ങൾ ഉണ്ടെങ്കിലും പുകയിലയും മദ്യപാനവുമാണ് പ്രധാന അപകടകാരികൾ. HPV വൈറസ് അണുബാധ, അൾട്രാവയലറ്റ് വികിരണങ്ങൾ, ജനിതക മാറ്റങ്ങൾ, പാരമ്പര്യം എന്നിവ മറ്റു കാരണങ്ങൾ ആണ്.

തുടർച്ചയായ തൊണ്ടവേദന, വിഴുങ്ങാനുള്ള ബുദ്ധിമുട്ട്, പരുക്കൻ ശബ്ദം, വിശദീകരിക്കാനാവാത്ത പനി, ഭാരം കുറയൽ, ഉണങ്ങാത്ത വ്രണങ്ങൾ, വിട്ടുമാറാത്ത ചുമ, ശബ്ദത്തിൻ്റെ മാറ്റങ്ങൾ, ചെവി വേദന, കഴുത്തിലെ കയലകൾ എന്നിവ തലയിലെയും കഴുത്തിലെയും കാൻസറിന്റെ പ്രാരംഭ ലക്ഷണങ്ങൾ ആകാം. ഇത്തരം ലക്ഷണങ്ങൾ കാണുകയാണെങ്കിൽ എത്രയും പെട്ടെന്ന് ഒരു ഡോക്ടറെ സമീപിക്കേണ്ടതാണ്. അതേസമയം ഈ ലക്ഷണങ്ങളെല്ലാം കാൻസറിന്റെ ആവണമെന്ന് നിർബന്ധവുമില്ല. പക്ഷെ ഇത്തരം സാഹചര്യത്തിൽ വിദഗ്ധ പരിശോധന അനിവാര്യവുമാണ്‌.

ഫൈൻ നീഡിൽ ആസ്പിറേഷൻ സൈറ്റോളജി (FNAC), ബയോപ്സ്സി എന്നിവയാണ് വിദഗ്ധ പരിശോധനയിൽ വരുന്നത്. കൂടാതെ കമ്പ്യൂട്ടഡ് ടോമോഗ്രാഫി (CT), മാഗ്നെറ്റിക് റസ്സനൻസ് ഇമേജിങ്, പോസിട്രോൺ എമിഷൻ ടോമോഗ്രാഫി(PET) തുടങ്ങിയ ഇമേജിങ് ടെക്നിക്കുകൾ രോഗത്തിന്റെ വ്യാപ്തി നിർണയിക്കാനും രോഗപ്പകർച്ച തിരിച്ചറിയാനും സഹായിക്കുന്നു.

ഇത്തരം കാൻസറുകളുടെ ഉചിതമായ ചികിത്സ വിവിധ സ്റ്റേജിങ് വഴിയാണ് നിർണയിക്കുന്നത്. ട്യൂമറിന്റെ വലിപ്പം , നോഡുകളുടെ (കയലകളുടെ) ഇടപെടൽ, രോഗം പടരുന്നത് എന്നിവ പരിഗണിച്ചുകൊണ്ട് TNM വർഗീകരണമാണ് സാധാരണയായി ഉപയോഗിക്കുന്ന സ്റ്റേജിങ് സിസ്റ്റം. സ്റ്റേജ് ഒന്ന് (ആദ്യം)മുതൽ സ്റ്റേജ് നാല്(അവസാനം) വരെയാണ് ഇത്.

കാൻസറിന്റെ ഘട്ടം, ബാധിച്ച അവയവം, മൊത്തത്തിലുള്ള രോഗിയുടെ ആരോഗ്യസ്ഥിതി ഉൾപ്പെടെയുള്ള വിവിധ ഘടകങ്ങളെ ആശ്രയിച്ചാണ് ചികിത്സാ രീതി. ശസ്ത്രക്രിയ, കീമോതെറാപ്പി, റേഡിയോ തെറാപ്പി, ടാർഗെറ്റഡ് തെറാപ്പി എന്നിവ വിവിധ ചികിത്സാരീതികളിൽ ഉൾപ്പെടുന്നു..

ശസ്ത്രക്രിയ പലപ്പോഴും പ്രാഥമിക ചികിത്സ ഉപാധിയാണ്. ട്യൂമർ റിസെക്ഷൻ, കയല വിച്ഛേദിക്കൽ പുനനിർമാണ നടപടിക്രമങ്ങൾ എന്നിവ ചികിത്സയിൽ ഉൾപ്പെട്ടേക്കാം. കീമോ തെറാപ്പിയും റേഡിയോതെറാപ്പിയും ഒറ്റയ്ക്കോ സംയോജിതമായോ മുഴകൾ ചുരുക്കുന്നതിനും കാൻസർ കോശങ്ങളെ ഇല്ലാതാക്കുന്നതിനും ഉപയോഗിക്കാം.

കാൻസർ കോശങ്ങൾക്കെതിരെ ശരീരത്തിന്റെ പ്രതിരോധ പ്രതികരണം വർദ്ധിപ്പിക്കുന്നതിനോ അല്ലെങ്കിൽ പ്രത്യേക തന്മാത്ര വൈകല്യങ്ങൾ ലക്ഷ്യമിട്ടുള്ള ചികിത്സാ ഓപ്ഷനുകളാണ് ഇമ്മ്യൂണോ തെറാപ്പിയും ടാർഗറ്റ് തെറാപ്പിയും.

കാൻസർ പ്രതിരോധത്തിൽ ഏറ്റവും പ്രധാനം പുകവലി ഉപേക്ഷിക്കുന്നതും മദ്യപാനം ഒഴിവാക്കുന്നതും ആണ്. കൂടാതെ സൂര്യാഘാതത്തിൽ നിന്നും സംരക്ഷണമേൽകുന്ന രീതിയിൽ വസ്ത്രങ്ങൾ ധരിക്കുക, സൺസ്ക്രീൻ ഉപയോഗിക്കുക തുടങ്ങിയവ ജീവിതത്തിൻറെ ഭാഗമാക്കുക. എച്ച് പി വി ക്ക് എതിരായ വാക്സിനേഷൻ, പ്രത്യേകിച്ച് കൗമാരക്കാർക്ക് ഒരു ഫലപ്രദമായ പ്രതിരോധ നടപടിയാണ്. പതിവ് സ്ക്രീനിങ് , സ്വയം പരിശോധനകൾ, സാധ്യതയുള്ള ലക്ഷണങ്ങളെ കുറിച്ചുള്ള അവബോധം എന്നിവ കാൻസർ നേരത്തേ കണ്ടെത്തുന്നതിന് സഹായിക്കും.