ഒരു പാത്രത്തിലേക്ക് അൽപം ഐസ് കട്ടകളിടുന്നു. പിന്നാലെ ഉപ്പും മുളകുപൊടിയും കുരുമുളകും ചേർത്തു നന്നായി മിക്സ് ചെയ്ത് കറുമുറാ കഴിക്കുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സാമൂഹികമാധ്യമത്തിൽ വൈറലാകുന്ന വീഡിയോകളിലൊന്നാണിത്. പരീക്ഷിച്ചുനോക്കിയെന്നും അടിപൊളിയെന്നുമൊക്കെ പറഞ്ഞ് പലരും തങ്ങളുടേതായ രീതിയിൽ വീഡിയോ പകർത്തി പങ്കുവെച്ചു. ആദ്യകാഴ്ചയിൽ അതിശയം തോന്നുമെങ്കിലും ഐസ് ഈറ്റിങ് ചലഞ്ച് അത്ര ഹെൽത്തി ശീലമല്ലെന്നതാണ് യാഥാർഥ്യം. പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്കു നയിക്കുന്ന ഈ ശീലം ചിലപ്പോൾ ഒളിഞ്ഞിരിക്കുന്ന പൈക എന്ന അവസ്ഥയുടെ ഭാഗമായുമുണ്ടാവാം.

To advertise here,

ഐസ് കഴിച്ചുവെന്നുകരുതി എന്താണു പ്രശ്നം എന്നു ചിന്തിക്കുന്നവർ ഏറെയായിരിക്കും. എന്നാൽ ഐസ് തീറ്റ ദന്താരോഗ്യം തകരാറിലാക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. മനുഷ്യശരീരത്തിലെ ഏറ്റവും കട്ടിയുള്ള ടിഷ്യൂ ആണ് ഇനാമലെങ്കിലും കട്ടിയുള്ളതും തണുത്തുറഞ്ഞതുമായ ആഹാരപദാർഥങ്ങൾ കഴിക്കുന്നതിലൂടെ ഇനാമലിനും അതുവഴി പല്ലുകൾക്കും തകരാറുണ്ടാവും. ഐസ് ഓൺലി ഡയറ്റ് പോലുള്ള ട്രെൻഡാകുന്ന ചലഞ്ചുകൾക്കു പുറകെ പോയാൽ ഗ്ലൂക്കോസ് നില കുത്തനെ താഴെ പോവുക, കടുത്ത ക്ഷീണം, ബ്രെയിൻ ഫോഗ് തുടങ്ങിയവയ്ക്കും കാരണമാകാം.

ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം പൈക എന്ന ആരോഗ്യപ്രശ്നത്തിന്റെ ഭാഗമായാണോ ഇവ കഴിക്കുന്നത് എന്നു തിരിച്ചറിയണമെന്നതാണ്. പോഷകമൂല്യമില്ലാത്തതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ വസ്തുക്കൾ കുറഞ്ഞത് ഒരു മാസത്തോളമെങ്കിലും കഴിക്കുന്ന ഈറ്റിങ് ഡിസോർഡറാണ് പൈക . ഇതുള്ളവർ മണ്ണ്, ചെളി, മണൽ, ഐസ്, ചോക്ക്, പേപ്പർ, മുടി, സോപ്പ് തുടങ്ങിയവ കഴിക്കും. ഐസ് കഴിക്കുന്നതിനോടുള്ള ആസക്തി കൂടുന്നതിനെ പാഗോഫാജിയ എന്നാണുപറയുന്നത്. ശരീരത്തിൽ അയേണിന്റെ അളവു കുറയുന്നതും അനീമിയയുമൊക്കെയാണ് പ്രധാനമായും ഐസ് കഴിക്കാനുള്ള തോന്നൽ ഉണ്ടാക്കുന്നതിനു പിന്നിൽ. ഇതുകൂടാതെ കാൽസ്യം കുറയുക, സമ്മർദം, ഒബ്സസീവ് കംപൽസീവ് ഡിസോർഡർ തുടങ്ങിയവയും പാഗോഫാജിയയിലേക്കു നയിക്കാറുണ്ട്. വായ വരണ്ടിരിക്കുന്നതു തടയാൻ ഐസ് ചവയ്ക്കുന്നവരുമുണ്ട്.

പാഗോഫാജിയയുടെ ലക്ഷണങ്ങൾ

  • ദിവസവും ഐസ് കഴിക്കാനുള്ള തോന്നൽ
  • അമിതക്ഷീണം, തളർച്ച, ഊർജക്കുറവ്
  • ‌വിളറിയ ചർമം
  • തലവേദന
  • നാവ് വീർത്തിരിക്കുക

സ്ഥിരീകരണം

ബ്ല‍ഡ് കൗണ്ടും ഫൈരിറ്റിൻ ടെസ്റ്റും പരിശോധിച്ച് അയേൺ നിലയും ഹീമോഗ്ലോബിന്റെ അളവും വിലയിരുത്തും. ശേഷം അയേൺ കുറവെങ്കിൽ സപ്ലിമെന്റുകളും ആഹാരരീതിയിൽ മാറ്റങ്ങളും നിർദേശിക്കും.

പൈകയേക്കുറിച്ച് കൂടുതലയറിയാം

ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കൾ കഴിക്കുന്ന അവസ്ഥയെ പറയുന്ന പേരാണിത്. പ്രത്യേകിച്ച് കുട്ടികളിലും ചിലതരം രോഗാവസ്ഥയുള്ളവരിലുമാണ് ഇതുകണ്ടുവരാറുള്ളത്. പൊതുവേ ഈയവസ്ഥ ഉപദ്രവകാരിയല്ലെങ്കിലും കഴിക്കുന്ന വസ്തുക്കൾ പലതും അപകടാവസ്ഥയുണ്ടാക്കാം. തെറാപ്പിയിലൂടെയും ജീവിതശൈലീമാറ്റങ്ങളിലൂടെയും ഇതിന് പരാഹാരം കണ്ടെത്താമെന്നാണ് വിദഗ്ധർ പറയുന്നത്. അസാധാരണമായ വസ്തുക്കൾ തിന്നുന്ന പൈക എന്ന ഒരിനം പക്ഷിയുടെ പേരിൽ നിന്നാണ് ഈയവസ്ഥയ്ക്കും ഈ പേര് ലഭിച്ചത്.

ആരെയെല്ലാം ബാധിക്കാം?

ഏതു പ്രായക്കാരേയും പൈക ബാധിക്കാമെങ്കിലും പ്രത്യേകിച്ച് മൂന്നുവിഭാഗങ്ങളിലാണ് കണ്ടുവരാറുള്ളത്. ആറുവയസ്സിനു താഴെയുള്ള കുട്ടികൾ, ഗർഭിണികൾ കൂടാതെ ഓട്ടിസം സ്പെക്ട്രം ഡിസോർഡർ, സ്കിസോഫ്രീനിയ തുടങ്ങിയ പ്രശ്നങ്ങൾ ഉള്ളവരെയും ബാധിക്കാം.

സങ്കീർണതകൾ

ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കൾ കഴിക്കാനുള്ള ത്വര ഇക്കൂട്ടർക്ക് തടയാനാകില്ല, എന്തൊക്കെതരം വസ്തുക്കളാണ് തിന്നുന്നത് എന്നതിനെ അപേക്ഷിച്ച് അവസ്ഥയും സങ്കീർണമാകാം. കഴിച്ചാലും പ്രശ്നമില്ലാത്ത ചില വസ്തുക്കളാണ് ചിലർ ശീലമാക്കുന്നതെങ്കിൽ മറ്റുചിലർ ടോക്സിക് ആയ അപകടകരമായ വസ്തുക്കൾ കഴിക്കുന്നത് ശീലമാക്കാം. ചിലരിൽ മുടി വരെ തിന്നുന്ന ശീലമുണ്ടാകാം. ഇത് ദഹനപ്രക്രിയയെ താറുമാറിലാക്കും. മാത്രമല്ല സ്വയം ഈയവസ്ഥ ആലോചിച്ച് മാനസികനില തകരാറിലാവുകയും ചെയ്യും. മണ്ണുംമറ്റും തിന്നുന്ന ശീലമുള്ളവരിൽ പാരസൈറ്റ്, ഫംഗി, ബാക്ടീരിയ, വൈറസ് അണുബാധകളുമുണ്ടാകാം. പൈക എന്ന അവസ്ഥയുള്ള പലർക്കും അതേക്കുറിച്ച് വിദഗ്ധരോട് തുറന്നുപറയാനോ ചികിത്സ തേടാനോ ഭയവും മടിയും മൂലം കഴിയാറില്ല.

ലക്ഷണങ്ങൾ

  • അനീമിയ
  • വിരശല്യം
  • മലബന്ധം
  • അണുബാധ
  • ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥ
  • ഹൃദയസ്പന്ദനത്തിലെ തകരാറുകൾ
  • ചെറുകുടലിലെയും വൻകുടലിലെയും തടസ്സങ്ങൾ
  • ലെഡ് പോയ്സണിങ്

ഇക്കൂട്ടർ പൊതുവേ കഴിക്കുന്നവ

ചാരം, ചോക്ക്, മണ്ണ്, പൗഡർ, മുട്ടയുടെ തോട്, വിസർജ്യം, മുടി, നാരുകൾ, ഐസ്, പേപ്പർ, ചെറിയ കല്ലുകൾ, മൃഗങ്ങൾക്കുള്ള ഭക്ഷണങ്ങൾ, സോപ്പ്, കമ്പിളിയോ വസ്ത്രമോ.

കാരണം

എന്താണ് പൈകയ്ക്ക് പിന്നിലെ കാരണമെന്നത് സംബന്ധിച്ച യഥാർഥ കാരണമൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. പക്ഷേ ചില ഘടകങ്ങൾ സാധ്യത വർധിപ്പിക്കാം. അമിതസമ്മർദത്തിലൂടെ കടന്നുപോകുന്നവർ അതിനെ മറികടക്കാൻ ഈ ഈറ്റിങ് ഡിസോർഡറിൽ അഭയം തേടാറുണ്ട്. കുട്ടിക്കാലത്തെ അരക്ഷിതാവസ്ഥകളും മറ്റും ഇതിലേക്ക് നയിച്ചേക്കാം. അയൺ, കാൽസ്യം, സിങ്ക് തുടങ്ങിയവയുടെ കുറവുകളും കാരണമാകാറുണ്ട്. ഗർഭവും സിക്കിൾ സെൽ അനീമിയ രോഗവും ഈയവസ്ഥയിലേക്ക് നയിക്കാറുണ്ട്. ചില മരുന്നുകളും പൈകയ്ക്ക് സമാനമായ അവസ്ഥയിലേക്ക് നയിക്കുമെന്ന് പറയാറുണ്ട്.

ചികിത്സ

ഗർഭിണികളിലെ പൈക സ്വാഭാവികമായി തന്നെ ഇല്ലാതാവുകയാണ് പതിവ്. പൊതുവേ തെറാപ്പികളിലൂടെയും മറ്റും ഭക്ഷ്യയോഗ്യമായവയെയും അല്ലാത്തവയെയും തിരിച്ചറിയാൻ പഠിപ്പിക്കുകയും മറ്റുകാര്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ സഹായിക്കുകയും ചെയ്യും. ചിലഘട്ടങ്ങളിൽ ആന്റിസൈക്കോട്ടിക് മരുന്നുകളും നൽകാറുണ്ട്.