വിദഗ്ധ നിർദേശമില്ലാതെ വേദനാസംഹാരികളും ആന്റിബയോട്ടിക്കുകളും നിരന്തരം കഴിക്കുന്നവർക്ക് മുന്നറിയിപ്പുമായി കേന്ദ്ര ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ( CDSCO). അനിയന്ത്രിതമായ ഉപയോഗം വൃക്കയുടെ ആരോഗ്യം അപകടത്തിലാക്കുമെന്നു പറഞ്ഞ സി.ഡി.എസ്.സി.ഒ. അശാസ്ത്രീയമായ ഉപയോഗം നിയന്ത്രിക്കാൻ ഡോക്ടർമാർക്കും ഫാർമസിസ്റ്റുകൾക്കും രോഗികൾക്കും നിർദേശം നൽകി.

To advertise here,

വിദ്ഗധ നിർദേശമില്ലാതെ വേദനാസംഹാരികളും ആന്റിബയോട്ടിക്കുകളും പതിവായി ഉപയോഗിക്കുന്നത് വൃക്കസംബന്ധമായ സങ്കീർണ്ണതകളിലേക്കും ആന്റിമൈക്രോബയൽ പ്രതിരോധത്തിനും കാരണമാകുമെന്ന് മുന്നറിയിപ്പിൽ പറയുന്നു. ഡ്രഗ്സ് & കോസ്മെറ്റിക്സ് ആക്റ്റ് & റൂൾസ് പ്രകാരം വേദനസംഹാരികളായി ഉപയോഗിക്കുന്ന നോൺ-സ്റ്റിറോയ്ഡൽ ആന്റി-ഇൻഫ്ലമേറ്ററി മരുന്നുകളും (എൻ.എസ്.ഐ.ഡി) ആന്റിബയോട്ടിക്കുകളും കുറിപ്പടിയോടെ മാത്രമേ വിൽക്കാനും വിതരണം ചെയ്യാനും പാടുള്ളൂവെന്നും സി.ഡി.എസ്.സി.ഒ വ്യക്തമാക്കി.

സ്വയം ചികിത്സയ്ക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഡ്രഗ് റെഗുലേറ്റർ വ്യക്തമാക്കി. ഡോക്ടറുടെ നിർദേശമില്ലാതെ എൻ.എസ്.ഐ.ഡി മരുന്നുകളും ആന്റിബയോട്ടിക്കുകളും ഉപയോഗിക്കരുത്. ആന്റിബയോട്ടിക്കുകൾ നിർദ്ദേശിക്കപ്പെട്ട രോഗികൾ അവ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം മാത്രമേ കഴിക്കാവൂ. വൃക്കസംബന്ധമായ അസുഖങ്ങളുള്ളവർ ആണെങ്കിൽ മരുന്നുകഴിക്കുംമുമ്പ് അക്കാര്യം ഡോക്ടറെ അറിയിക്കുകയുംവേണം.

രോഗിയുടെ ആരോഗ്യാവസ്ഥ, മറ്റ് രോഗങ്ങൾ, മറ്റ് മരുന്നുകൾ, മറ്റ് അപകടസാധ്യതാഘടകങ്ങൾ എന്നിവ കണക്കിലെടുത്ത് ആവശ്യമുള്ളപ്പോൾ മാത്രമേ ഡോക്ടർമാർ എൻ.എസ്.ഐ.ഡി മരുന്നുകളും ആന്റിബയോട്ടിക്കുകളും നിർദേശിക്കാവൂ എന്നും ഡ്രഗ് റെഗുലേറ്റർ വ്യക്തമാക്കുന്നു.

വൃക്കസംബന്ധമായ തകരാറുകൾ, നിർജലീകരണം, ഹൃദ്രോഗം അല്ലെങ്കിൽ മറ്റ് അവസ്ഥകൾ എന്നിവയുള്ള രോഗികൾക്ക് എൻ.എസ്.ഐ.ഡി മരുന്നുകൾ നിർദ്ദേശിക്കുമ്പോൾ ഡോക്ടർമാർ ജാഗ്രത പാലിക്കണമെന്നും സി.ഡി.എസ്.സി.ഒ ആവശ്യപ്പെട്ടിട്ടുണ്ട്.

ഷെഡ്യൂൾ H, H1 മറ്റ് കുറിപ്പടി മരുന്നുകൾ എന്നിവയുടെ വിൽപ്പനയും വിതരണവും നിയന്ത്രിക്കുന്ന നിയമപരമായ വ്യവസ്ഥകൾ ഫാർമസിസ്റ്റുകളും ചില്ലറ വ്യാപാരികളും വിതരണക്കാരും കർശനമായി പാലിക്കണമെന്നും സി.ഡി.എസ്.സി.ഒ നിർദേശിച്ചു. ആന്റിബയോട്ടിക്കുകളോ കുറിപ്പടി ആവശ്യമുള്ള എൻ.എസ്.ഐ.ഡി മരുന്നുകളോ ഉപയോഗിച്ചുള്ള സ്വയംചികിത്സ ഫാർമസിസ്റ്റുകളും ചില്ലറ വ്യാപാരികളും പ്രോത്സാഹിപ്പിക്കരുതെന്നും മരുന്നുകളിൽ അച്ചടിച്ചിരിക്കുന്ന മുന്നറിയിപ്പുകളും വിൽപ്പന വ്യവസ്ഥകളും പാലിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. എൻ.എസ്.ഐ.ഡി മരുന്നുകളുടെയും ആന്റിബയോട്ടിക്കുകളുടെയും യുക്തിസഹമായ കുറിപ്പടികളും നിരീക്ഷണ സംവിധാനങ്ങളും ശക്തമാക്കാൻ ആശുപത്രികൾക്കും ആരോഗ്യ സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

വേദനസംഹാരികളുടെ അമിതോപയോഗം കരൾരോഗത്തിനും കാരണമാകുന്നതിനേക്കുറിച്ച് അടുത്തിടെ ഒരു പഠനം പുറത്തുവന്നിരുന്നു. തെറാപ്യൂട്ടിക് അഡ്വാൻസസ് ഇൻ ഗ്യാസ്ട്രഎൻട്രോളജിയിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. വേദനസംഹാരികൾ അമിതമായി കഴിക്കുന്നത് മൂലം കരളിന്റെ ആരോഗ്യം തകരാറിലാവുന്നതിനെ ഡ്രഗ് ഇൻഡ്യൂസ്ഡ് ലിവർ ഇഞ്ചുറി എന്നാണ് പറയുന്നത്. അളവില്ലാതെ, അമിത ഡോസ് പാരസീറ്റമോൾ കഴിക്കുന്നത് കരളിന്റെ ആരോഗ്യം നശിപ്പിക്കും. നിലവിൽ കരൾരോഗങ്ങൾ ഉള്ളവർ, മദ്യപിക്കുന്നവർ, പാരസീറ്റമോൾ അടങ്ങിയ മറ്റ് മരുന്നുകൾ എന്നിവ കഴിക്കുന്നവരാണെങ്കിൽ ഇതിനുള്ള സാധ്യത വീണ്ടും കൂടും.

ഡോക്ടർമാരുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്ന പ്രവണത വർധിക്കുന്നത് ആശങ്കാജനകമാണെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും (ഐ.സി.എം.ആർ.) വ്യക്തമാക്കിയിരുന്നു. കൃത്യമായ രോഗനിർണയമില്ലാതെയും ശരിയായ അളവിൽ അല്ലാതെയും ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നത് രോഗാണുക്കൾ മരുന്നിനെതിരായ പ്രതിരോധശേഷി നേടാൻ ഇടയാക്കും. ഇതോടെ കൂടുതൽ ശക്തമായതോ ഉയർന്ന അളവിലുള്ളതോ ആയ മരുന്നുകൾ ആവശ്യമായി വരുമെന്നും അവർ മുന്നറിയിപ്പുനൽകി. ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകൾ നൽകരുതെന്ന് സർക്കാർ നിർദേശമുണ്ടെങ്കിലും ദുരുപയോഗം ഇപ്പോഴും തുടരുന്നുണ്ട്.