
2022-ലാണ് ഓട്ടോ ഇമ്മ്യൂൺ ഡിസീസ് ആയ മയോസൈറ്റിസ് സ്ഥിരീകരിച്ചുവെന്ന് തെന്നിന്ത്യൻ താരം സാമന്ത തുറന്നുപറഞ്ഞത്. തുടർന്ന് ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നടി അഭിനയത്തിൽ നിന്നും താത്കാലിക ഇടവേളയെടുക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ നാലുവർഷങ്ങൾക്കിപ്പുറം കടന്നുപോയ കാലത്തേക്കുറിച്ച് വീണ്ടും പങ്കുവെച്ചിരിക്കുകയാണ് സാമന്ത.
ടിഎച്ച്ആർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിനിടെയാണ് സാമന്തയുടെ തുറന്നുപറച്ചിൽ. വർക്കൗട്ടിലൂടെയും ജീവിതരീതിയിലൂടെയുമൊക്കെയാണ് താൻ ആത്മവിശ്വാസം കെട്ടിപ്പടുത്തത്. എന്നാൽ രോഗസ്ഥിരീകരണം ജീവിതം പാടെ മാറ്റിമറിച്ചു. കരുതലോടെയാണ് താൻ ആത്മവിശ്വാസം കെട്ടിപ്പടുത്തത്. എന്നാൽ ഒരുരോഗം വരുന്നതോടെ താളംതെറ്റും. സ്വന്തം വ്യക്തിത്വം നഷ്ടമാകുന്നതുപോലെ അനുഭവപ്പെട്ടിരുന്നുവെന്നും നടി പറഞ്ഞു.
അതിജീവനശേഷി, വിശ്വാസം, പ്രതീക്ഷ എന്നീ പ്രധാനഗുണങ്ങളാണ് രോഗം തന്നെ പഠിപ്പിച്ചതെന്നും സാമന്ത പറയുന്നു. അതിന്റെ ഫലമായി എല്ലാം മെച്ചപ്പെട്ടു. ഇതിലൂടെ കടന്നുപോകാതിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നുവെങ്കിലും ജീവിതത്തിൽ വിലമതിക്കാനാവാത്ത ചില പാഠങ്ങൾ പഠിപ്പിച്ചുതന്നു. എന്തുകൊണ്ട് എനിക്കുവന്നു എന്നു ചിന്തിച്ചിരുന്ന അവസ്ഥയിൽ നിന്ന് ഇതിൽനിന്നും എന്തോ പഠിക്കാനുണ്ട് എന്ന തിരിച്ചറിവിലേക്കെത്താൻ സമയമെടുത്തുവെന്നും സാമന്ത കൂട്ടിച്ചേർത്തു.
എന്താണ് മയോസൈറ്റിസ്?
ശരീരത്തിന്റെ പ്രതിരോധശക്തി മസിലുകളെ കീഴ്പ്പെടുത്തുന്ന അവസ്ഥയാണിത്. ഇത് ശരീരത്തിലാകെ വീക്കത്തിനും വേദനയ്ക്കും കാരണമാകും. വിവിധ തരത്തിലുള്ള മയോസൈറ്റുകൾ ശരീരത്തിലെ വിവിധ മസിലുകളെ ബാധിക്കാം. എങ്കിലും കൈകളും തോൾഭാഗവും, കാലുകളും അരഭാഗവും, അടിവയറും നട്ടെല്ലും തുടങ്ങിയ ഭാഗങ്ങളിലെ മസിലുകളെയാണ് മയോസൈറ്റിസ് കൂടുതലായും ബാധിക്കുന്നത്.
ചിലരിൽ കണ്ണുകൾ, ഡയഫ്രം, ഈസോഫാഗസ് എന്നിവിടങ്ങളിൽ മസിൽ ക്ഷയത്തിനും കാരണമാകാം. മയോസൈറ്റിസിന്റെ യഥാർഥ കാരണത്തെക്കുറിച്ച് ഇനിയും വിദഗ്ധർക്ക് കണ്ടെത്താനായിട്ടില്ല. ലക്ഷണങ്ങൾക്ക് അനുസരിച്ച ചികിത്സയാണ് നൽകുക. വ്യായാമം, ശാരീരിക പ്രവർത്തനങ്ങൾ തുടങ്ങിയവ ചെയ്ത് രോഗം ബാധിച്ച ഭാഗങ്ങളിലെ മസിലുകളെ ശക്തിപ്പെടുത്താനും ഡോക്ടർമാർ നിർദേശിക്കാറുണ്ട്.
എല്ലുകൾക്ക് ബലക്ഷയവും ശരീരത്തിന് വേദനയും അനുഭവപ്പെടുന്ന രോഗമാണ് മയോസൈറ്റിസ്. നിരന്തരമായി വേദനയും ക്ഷീണവും അനുഭവപ്പെടുന്നതും ഈ രോഗത്തിന്റെ ലക്ഷണമാണ്. ഇരിക്കാനും നിൽക്കാനുമുള്ള പ്രയാസം, തല ഉയർത്തിപ്പിടിക്കാനാവാത്ത അവസ്ഥ തുടങ്ങിയവയെല്ലാം മയോസൈറ്റിസ് രോഗത്തിന്റെ ലക്ഷണങ്ങളായി കണ്ടുവരാറുണ്ട്.
മയോസൈറ്റിസ് ഏതെല്ലാം വിധത്തിൽ
ലക്ഷണങ്ങൾക്കും രോഗം ബാധിച്ച ഭാഗത്തിനും അനുസരിച്ചാണ് ഡോക്ടർമാർ ഏതുതരം മയോസൈറ്റിസ് ആണെന്നു നിശ്ചയിക്കുക. പോളിമയോസൈറ്റിസ്, ഡെർമാറ്റോമയോസൈറ്റിസ്, ഇൻക്ലൂഷൻ ബോഡി മയോസൈറ്റിസ് എന്നിവയാണ് വിവിധ തരം വിഭാഗങ്ങൾ.
പോളിമയോസൈറ്റിസ്: ഒരേസമയം ഒന്നിലധികം മസിലുകളെ ബാധിക്കുന്ന വിധമാണ് പോളിമയോസൈറ്റിസ്. ഇരുന്നു കഴിഞ്ഞാലുടൻ എഴുന്നേൽക്കുമ്പോഴും പടികൾ കയറുമ്പോഴും വസ്തുക്കൾ ഉയർത്തുമ്പോഴുമൊക്കെ ബുദ്ധിമുട്ട് നേരിടുന്നത് പോളിമയോസൈറ്റിസിന്റ് ലക്ഷണങ്ങളാണ്. ശരീരത്തിന്റെ മധ്യഭാഗത്തും സമീപത്തുമുള്ള മസിലുകളെയാണ് ഇത് ബാധിക്കുന്നത്. കാലക്രമേണ ബാധിക്കുന്ന ഈ അവസ്ഥ കൂടുതലും പ്രായപൂർത്തിയായവരിലാണ് കാണാറുള്ളത്.
ഡെർമാറ്റോമയോസൈറ്റിസ്: മസിലുകൾക്ക് പുറമെ ത്വക്കിനെയും ബാധിക്കുന്ന അവസ്ഥയാണ് ഡെർമാറ്റോമയോസൈറ്റിസ്. മാസങ്ങളോളം എടുത്താണ് ഈ അവസ്ഥ പുരോഗതി പ്രാപിക്കുക. ചികിത്സ എത്ര നേരത്തേ ആരംഭിക്കുന്നുവോ അത്രത്തോളം അവസ്ഥ സങ്കീർണമാകാതിരിക്കും. ചിലരിൽ ഈ അവസ്ഥ ഗുരുതരമാവുകയും ചിലയിനം കാൻസർ സാധ്യത വർധിപ്പിക്കുകയും ചെയ്തേക്കാം.
ഇൻക്ലൂഷൻ ബോഡി മയോസൈറ്റിസ്: അമ്പതു വയസ്സിനു മുകളിലുള്ളവരെ ബാധിക്കുന്ന മസിൽ ഡിസീസാണ് ഇൻക്ലൂഷൻ ബോഡി മയോസൈറ്റിസ്. കൈകളിലെയും കാലുകളിലെയും മുട്ടിനു താഴെയുമുള്ള മസിലുകൾക്ക് ബലക്ഷയം സംഭവിക്കുകയാണ് ഇവിടെ ചെയ്യുന്നത്. തൊണ്ടയിലെ മസിലുകളെ ബാധിക്കുക വഴി വിഴുങ്ങാനും ബുദ്ധിമുട്ട് നേരിടാം. ഈ അവസ്ഥയിലൂടെ കടന്നുപോകുന്നവർക്ക് ചെറിയ വസ്തുക്കൾ പോലും പിടിക്കാനോ, നടക്കാനോ, നിൽക്കാനോ, ഭക്ഷണം ഇറക്കാനോ, കൈകൾ കൊണ്ട് ബട്ടൺ ഇടുന്ന പ്രവൃത്തി വരെ ചെയ്യാനോ ബുദ്ധിമുട്ട് നേരിടാം.
ലക്ഷണങ്ങൾ
- മസിലുകളുടെ ബലഹീനത
- സന്ധികളിലെയും മസിലുകളിലെയും വേദന
- അമിതക്ഷീണം
- വീക്കം
- ശ്വസിക്കാനും വിഴുങ്ങാനുമുള്ള ബുദ്ധിമുട്ട്
മയോസൈറ്റിസ് ഏതുവിധമാണ് എന്നതിന് അനുസരിച്ച് ലക്ഷണങ്ങളും വ്യത്യാസപ്പെട്ടിരിക്കും.
കാരണം
മയോസൈറ്റിസിന് പിന്നിലെ കാരണത്തെക്കുറിച്ച് ഇപ്പോഴും വിദഗ്ധർക്ക് കണ്ടെത്താനായിട്ടില്ല. രോഗപ്രതിരോധശേഷി ശരീരത്തെ സംരക്ഷിക്കുന്നതിന് പകരം ആക്രമിക്കുന്നതിന്റെ ഫലമായാണ് മയോസൈറ്റിസ് പോലുള്ള ഓട്ടോ ഇമ്മ്യൂൺ ഡിസീസുകൾ ഉണ്ടാകുന്നത്. ലൂപസ്, റുമാറ്റോയ്ഡ് ആർത്രൈറ്റിസ്, സ്ക്ലീറോഡെർമ തുടങ്ങിയവ ഉള്ളവരിലും കോമൺ കോൾഡ്, ഇൻഫ്ലുവൻസ, എച്ച്.ഐ.വി. എന്നിവ ബാധിച്ചതിനു ശേഷം ചിലരിലും ഈ അവസ്ഥ കാണാറുണ്ട്.
സ്ഥിരീകരണം
ശാരീരിക പരിശോധനകൾക്കും ചില ടെസ്റ്റുകൾക്കും ശേഷമാണ് രോഗനിർണയം നടത്തുക. ലക്ഷണങ്ങൾക്കനുസരിച്ച് ശരീരത്തിന്റെ ചലനം പരിശോധിക്കുന്ന ഡോക്ടർമാർ രക്തപരിശോധന, എം.ആർ.ഐ, ഇ.എം.ജി., മസിൽ ബയോപ്സി എന്നിവ ചെയ്തതിനു ശേഷം രോഗസ്ഥിരീകരണം നടത്തും.
ചികിത്സ
മയോസൈറ്റിസിനു മാത്രമായ ചികിത്സ ഇതുവരെ കണ്ടെത്തിയിട്ടില്ല. എന്നാൽ ലക്ഷണങ്ങൾ ലഘൂകരിച്ച് ദൈനംദിന പ്രവൃത്തികൾ സുഗമമാക്കാനുള്ള ചികിത്സയാണ് നൽകുക. രോഗം ബാധിച്ച മസിലുകളെ കരുത്തമാക്കാൻ വ്യായാമവും സ്ട്രെച്ചിങ്ങും നിർദേശിക്കുകയും ചെയ്യും.
Content Highlights: Samantha Ruth Prabhu shares her journey with myositis, an autoimmune disease, and how it transformed her life and taught her resilience.
Published: 11 Sept 2026, 03:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented