കോട്ടയം: ഗർഭാശയഗള കാൻസർ തടയാൻ 14 വയസ്സുള്ളവർക്ക് സൗജന്യമായി നൽകുന്ന ദേശീയ എച്ച്.പി.വി. വാക്സിനേഷൻ പദ്ധതിയിൽ കേരളം മെല്ലപ്പോക്കിൽ. ലക്ഷ്യംകൈവരിക്കാൻ സാധിക്കാഞ്ഞതിനാൽ ഓഗസ്റ്റ് 31-ന് അവസാനിക്കേണ്ട വാക്സിനേഷൻ ഡിസംബർ 31-വരെ നീട്ടി. ഗുജറാത്ത്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, മിസോറം സംസ്ഥാനങ്ങൾ 100 ശതമാനം വാക്സിൻ നൽകിയപ്പോൾ കേരളത്തിൽ 64 ശതമാനം കുട്ടികൾക്ക് മാത്രമാണ് വാക്സിൻ നൽകിയത്. പത്തനംതിട്ടയിൽ മാത്രമാണ് 90 ശതമാനത്തിന് മുകളിലെത്തിയത്. 96.57 ശതമാനം. ഏറ്റവും പിന്നിൽ മലപ്പുറം ജില്ലയാണ്. 31.14 ശതമാനം. വടക്കൻ ജില്ലകളിൽ വയനാട് ഒഴികെ ഭൂരിഭാഗം മേഖലകളിലും പകുതിയിലധികംപേരും വാക്സിൻ എടുക്കാൻ മടിക്കുന്നു. വയനാട്ടിൽ 72.73 ശതമാനം പേർ വാക്സിൻ എടുത്തു. മധ്യകേരളത്തിലെ തൃശ്ശൂർ 73.18 ശതമാനം കൈവരിച്ച് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. തെക്കൻകേരളത്തിലെ ഭൂരിഭാഗം ജില്ലകളും 80 ശതമാനത്തിലധികം ലക്ഷ്യം കൈവരിച്ചു.

To advertise here,

ആദ്യഘട്ടത്തിൽ, 14-ാംപിറന്നാൾ ആഘോഷിക്കുന്ന പെൺകുട്ടികൾക്കാണ് വാക്സിൻ നൽകുന്നത്. വിപണിയിൽ 4000 രൂപ വരും. എല്ലാ രക്ഷാകർത്താക്കളും കുട്ടികൾക്ക് വാക്‌സിൻ ലഭിച്ചെന്ന് ഉറപ്പാക്കണമെന്നും പ്രാഥമികാരോഗ്യകേന്ദ്രതലം മുതലുള്ള ജില്ലയിലെ എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും വാക്‌സിൻ സൗജന്യമായി ലഭ്യമാണെന്നും ആരോഗ്യവകുപ്പ് പറയുന്നു. ഗർഭാശയത്തിന്റെ താഴ്ഭാഗത്തെ ബാധിക്കുന്ന (സെർവിക്സ്) കാൻസറാണ് ഗർഭാശയഗള കാൻസർ. 99.7 ശതമാനം ഗർഭാശയഗള കാൻസറുകളും ഹ്യൂമൻ പാപ്പിലോമ വൈറസ് (എച്ച്.പി.വി.) കാരണമാണ് ഉണ്ടാകുന്നത്. ബോധവത്‌കരണം ശക്തമാക്കി ഡിസംബർ 31-നകം മുഴുവൻപേരെയും വാക്സിനേഷൻ പരിധിയിൽ കൊണ്ടുവരാനുള്ള തീവ്രശ്രമത്തിലാണ് ആരോഗ്യവകുപ്പ്.

വാക്സിൻ ശതമാനക്കണക്ക്: ജില്ലാ അടിസ്ഥാനത്തിൽ

പത്തനംതിട്ട- 96.57, കൊല്ലം- 87.97, കോട്ടയം- 86.13, ആലപ്പുഴ- 85.84, തിരുവനന്തപുരം- 85.62, ഇടുക്കി- 81.47, എറണാകുളം- 75.27, തൃശ്ശൂർ- 73.18, വയനാട്- 72.73, കണ്ണൂർ- 56.65, പാലക്കാട്- 56.37, കോഴിക്കോട്- 49.69, കാസർകോട്- 45.44, മലപ്പുറം- 31.14.