പ്രായമാകുന്നതിനനുസരിച്ച് മുട്ടുവേദന കൂടാറുണ്ട്. എന്നാൽ, ഇപ്പോൾ ചെറുപ്പക്കാരിലും മുട്ടുവേദന കണ്ടുവരുന്നുണ്ട്. നടക്കുമ്പോഴും പടികൾ കയറുമ്പോഴുമൊക്കെ മുട്ടുവേദന കൂടുന്നുവെന്നതാണ് പലരുടെയും പരാതി. നിത്യജീവിതത്തിലെ ചില ശീലങ്ങളും മുട്ടുവേദന കൂടാൻ കാരണമാകാറുണ്ട്. അവ ഏതൊക്കെയെന്നു പരിശോധിക്കാം.
ദിവസത്തിൽ ഏറിയ പങ്കും ഇരിക്കുന്നവരിൽ മുട്ടുവേദന കൂടാനുള്ള സാധ്യത കൂടുതലായിരിക്കും. മണിക്കൂറുകളോളം ഇരിക്കുന്നത് മുട്ടിലെ പേശികളുടെ ആരോഗ്യം തകരാറിലാക്കും. ഈ പേശികൾ ക്ഷയിക്കുമ്പോൾ ദൈനംദിന പ്രവർത്തികളെ ബാധിക്കാൻ തുടങ്ങും. കാൽമുട്ടുകൾ മടക്കിക്കൊണ്ട് ദീർഘനേരം ഇരിക്കുന്നത് മരവിപ്പുണ്ടാവാനും കാരണമാകും. തുടർച്ചയായി മണിക്കൂറുകളോളം ഇരിക്കുന്നതിന് പകരം ഇടയ്ക്കിടെ എഴുന്നേൽക്കാനും നടക്കാനും അല്ലെങ്കിൽ കാലുകൾ പതുക്കെ ചലിപ്പിക്കാനും ശ്രമിക്കണം.
ശാരീരിക പ്രവർത്തനം മെച്ചപ്പെടുത്തുന്നതിൽ പടികൾ കയറുന്നതിനു വലിയ പങ്കുണ്ട്. എന്നാൽ ശരീരത്തിന് ആവശ്യമായ പരിശീലനമോ, കരുത്തോ ഇല്ലാതെ തുടർച്ചയായി പടികൾ കയറുന്നത് കാൽമുട്ടുകളുടെ ഭാരം കൂട്ടും. നേരത്തേ കാൽമുട്ടിനു വേദനയോ, കാലുകളിൽ ബലക്ഷയമോ ഉള്ളവരാണെങ്കിൽ മുട്ടുവേദനയുണ്ടാവാനിടയുണ്ട്.
വ്യായാമം ചെയ്യുംമുമ്പ് വാംഅപ് ചെയ്യേണ്ടത് നിർബന്ധമാണ്. എന്നാൽ വാം അപ്പില്ലാതെ വ്യായാമം തുടങ്ങുന്നത് സന്ധികൾക്കും പേശികൾക്കും ആയാസം നൽകും. കഠിനമായ വ്യായാമങ്ങൾ ചെയ്യുന്നതിനുമുമ്പ് വാംഅപ് ചെയ്ത് ശരീരത്തെ സജ്ജമാക്കുക. ഇതിലൂടെ മുട്ടുവേദന കുറയ്ക്കാനാവും. വ്യായാമത്തിനിടയിൽ മുട്ടുവേദനയുണ്ടെങ്കിൽ അവഗണിക്കുന്നതും പ്രശ്നമാണ്. നിലവിൽ വേദനയുണ്ടെങ്കിൽ അത് ശ്രദ്ധിക്കാടെ വ്യയാമം ചെയ്യുന്നതിലൂടെ മുട്ടിന് സമ്മർദം കൂടുകയും പരിക്കുണ്ടാവാനുമിടയുണ്ട്.
മുട്ടുവേദനയെ അകറ്റിനിർത്താൻ തിരഞ്ഞെടുക്കുന്ന ചെരിപ്പുകളുടെ കാര്യത്തിലും ശ്രദ്ധവേണം. കൃത്യമായി പാകമായ പാദത്തിന് പൂർണ രക്ഷ നൽകുന്ന ചെരിപ്പുകൾ വേണം തിരഞ്ഞെടുക്കാൻ. പ്രത്യേകിച്ച് വ്യായാമം ചെയ്യുമ്പോൾ അനുയോജ്യമായതും സുഖകരവും പാകമാകുന്നതുമായ ചെരിപ്പുകൾ തിരഞ്ഞെടുക്കണം.
ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു കാര്യം ഉദാസീനമായ ജീവിതശൈലിയാണ്. ശാരീരിക പ്രവർത്തനങ്ങൾ തീരെ ഇല്ലാതിരിക്കുന്നത് പേശികളെ ക്ഷയിപ്പിക്കും. ഇത് കാൽമുട്ടിൽ വേദനയുണ്ടാക്കാൻ കാരണമാകും. നടക്കുക, സൈക്ലിംഗ്, നീന്തുക തുടങ്ങിയ പ്രവർത്തനങ്ങൾ പേശികളെ കരുത്താർന്നതാക്കും.
ശരീരഭാരം അമിതമായിരിക്കുന്നതും കാൽമുട്ടുകളുടെ ആരോഗ്യം തകരാറിലാക്കും. ശരീരഭാരം കൂടുന്നത് കാലക്രമേണ കാൽമുട്ട് വേദനയ്ക്കും ആർത്രൈറ്റിസ് പോലുള്ള പ്രശ്നങ്ങൾക്കും കാരണമായേക്കാം. സമീകൃത ആഹാരത്തിലൂടെയും ശാരീരിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തിയും ശരീരഭാരം കുറച്ച് മുട്ടുവേദനയും കുറയ്ക്കാനാവും.
മോശം പോസ്ച്ചറും കാൽമുട്ടുവേദനയിലേക്കു നയിക്കും. നേരെ നിൽക്കാനും നിവർന്നു നിൽക്കാനും ശ്രദ്ധിക്കണം. വ്യായാമം ചെയ്യുമ്പോഴും ശരിയായ പോസ്ച്ചർ പാലിക്കുക. ജീവിതശൈലിയും വണ്ണംവെക്കുന്നതുമൊക്കെ മുട്ടുവേദനയ്ക്ക് ആക്കം കൂട്ടുന്ന ഘടകങ്ങളാണ്. അതുകൊണ്ട് വാർധക്യം ആകുന്നതുവരെ കാത്തുനിൽക്കാതെ 20-കളിലും 30-കളിലും തന്നെ കാൽമുട്ട് പരിചരണം ആരംഭിക്കേണ്ടതാണ്.
വേദന വന്നാൽ
മുട്ടുവേദനയ്ക്ക് ഇടയാക്കുന്ന കാരണങ്ങൾ കണ്ടെത്തി പരിഹരിച്ചാൽ വേദനയുടെ കാഠിന്യം കുറയ്ക്കാൻ കഴിയും. വേദന അനുഭവപ്പെട്ടു തുടങ്ങിയാൽ ജനറൽ മെഡിസിൻ ഡോക്ടറെയോ ഫിസിക്കൽ മെഡിസിൻ സ്പെഷലിസ്റ്റിനെയോ (ഫിസിയാട്രിസ്റ്റ്) സമീപിക്കാം. എക്സറേ പരിശോധനയിലൂടെ പ്രധാന പ്രശ്നങ്ങൾ തിരിച്ചറിയാൻ കഴിയും. ലിഗമെന്റ്, പേശികൾ എന്നിവയിലെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ ചിലപ്പോൾ എം.ആർ.ഐ സ്കാൻ ആവശ്യമായേക്കാം. പെട്ടെന്നുള്ള മുട്ടുവേദന മാറ്റാനായി ഐസ്പാക്ക്, ചൂടുപിടിക്കൽ എന്നീ മാർഗങ്ങൾ ഫലപ്രദമാണ്. ഐസ്ക്യൂബുകൾ ഒരു തുണിയിൽ കെട്ടി വേദനയുള്ള ഭാഗത്ത് അമർത്തിവെക്കുന്നതാണ് ഐസ്പാക്ക്. നീരുണ്ടെങ്കിൽ ഏറ്റവും ഫലപ്രദമായ മാർഗമാണ് ഇത്. മുട്ടിന്റെ മുൻഭാഗത്തും പിൻഭാഗത്തും ഐസ്പാക്ക് വയ്ക്കണം. വേദനയ്ക്ക് ആശ്വാസം ലഭിക്കുന്നതുവരെ ഇതുതുടരാം. കാൽമുട്ടിന് നീരില്ലെങ്കിൽ തുണി ചൂടുവെള്ളത്തിൽ മുക്കിയോ ഹോട്ട്ബാഗ് ഉപയോഗിച്ചോ ചൂടുപിടിക്കാം.
മുട്ടിനുള്ള വ്യായാമങ്ങൾ
മുട്ടുവേദനയുള്ള ചിലരെങ്കിലും വേദന കുറയ്ക്കാനായി തീരെ അനങ്ങാതിരിക്കുകയോ പൂർണവിശ്രമമെടുക്കുകയോ ചെയ്യാറുണ്ട്. ഇത് ശരിയല്ല. ഒട്ടും നടക്കാതിരുന്നാൽ കാൽമുട്ടിനെ സഹായിക്കുന്ന പേശികളുടെ ബലം കുറഞ്ഞേക്കാം. അതുകൊണ്ടുതന്നെ പേശികൾക്ക് ബലം നൽകുന്ന ലഘുവ്യായാമങ്ങൾ ഡോക്ടറുടെ നിർദേശപ്രകാരം ചെയ്യാം. ഒരു കസേരയിൽ ഇരുന്നശേഷം കാലുകൾ കഴിയുന്നത്ര പിന്നോട്ടും മുന്നോട്ടും ചലിപ്പിക്കുക. ചരിഞ്ഞു കിടന്ന് കാൽ മുകളിലേക്കും താഴേക്കും ചലിപ്പിക്കുക. അതുപോലെ മുന്നിലേക്കും ചലിപ്പിക്കാം. കാൽനീട്ടിയിരിക്കുക. മുട്ടിന് അടിയിൽ ചെറിയൊരു ചുരുട്ടിവവെക്കാം. ഇതിൽ കാൽമുട്ടിന്റെ ഭാഗംകൊണ്ട് അമർത്താം.
Content Highlights: Learn how everyday habits like prolonged sitting and improper footwear can exacerbate knee pain and discover effective strategies to alleviate discomfort.
Published: 18 Sept 2026, 04:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented