ഈസ്റ്ററിന് മുന്നോടിയായി നോമ്പു മുറിയ്ക്കാനുള്ള തയ്യാറെടുപ്പുകള്‍ നേരത്തെ തുടങ്ങും. പ്രഭാത ഭക്ഷണമായി അപ്പവും സ്റ്റൂവും ഉച്ചയ്ക്ക് രുചിയൂറുന്ന വിവിധ വിഭവങ്ങളെല്ലാം തന്നെ തീന്‍മേശയിലെത്തും.
ഈ ഈസ്റ്ററിന് വിരുന്നൊരുക്കാന്‍ ചില വിഭവങ്ങള്‍ പരീക്ഷിക്കാം.

To advertise here,

പാലപ്പം

പച്ചരി-മൂന്ന് കപ്പ്

വെള്ളം-രണ്ട് കപ്പ്

ചോറ്-അരക്കപ്പ്

കട്ടിയുള്ള തേങ്ങാപ്പാല്‍-രണ്ട് കപ്പ്

പഞ്ചസാര-മൂന്ന് ടേബിള്‍ സ്പൂണ്‍

ഉപ്പ്-പാകത്തിന്

ചെറു ചൂടുപാല്‍-കാല്‍ക്കപ്പ്

യീസ്റ്റ്- ഒരു ടീസ്പൂണ്‍

തയാറാക്കുന്ന രീതി

ആദ്യം അരി രണ്ട് കപ്പ് വെള്ളം ഒഴിച്ച്  നന്നായി അരച്ചെടുക്കണം. ഇത് ഒരു പാത്രത്തിലേയ്ക്ക് ഒഴിച്ചശേഷം തേങ്ങാപ്പാല്‍, പഞ്ചസാര, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ശേഷം യീസ്റ്റും ചൂടുപാലും ഇതിലേക്ക് ചേര്‍ത്ത് ഇളക്കിക്കൊടുക്കാം.

മാവ് പുളിച്ചു പൊങ്ങുന്നതിനായി ഒരു രാത്രി പാത്രം മൂടി വയ്ക്കുക. നേരിയ തീയില്‍ അപ്പച്ചട്ടി ചൂടാക്കി എണ്ണപുരട്ടി മാവൊഴിച്ച് വട്ടത്തില്‍ ചുറ്റിച്ച് മൂടിവച്ച് ചുട്ടെടുക്കാം. നോണ്‍സ്റ്റിക് പാത്രത്തില്‍ എണ്ണ ഒഴിക്കേണ്ടതില്ല. രുചിയോടെ എളുപ്പത്തില്‍ പാലപ്പം ഉണ്ടാക്കിയെടുക്കാം. 


മട്ടന്‍ സ്റ്റ്യൂ

ചേരുവകള്‍

മട്ടണ്‍ (ചെറുതായി മുറിച്ചത്) - 1 കിലോ

സവാള (നാലായി മുറിച്ചത്)- 2 കപ്പ്

ഉരുളക്കിഴങ്ങ് (നാലായി മുറിച്ചത്) - 2 കപ്പ്

ഇഞ്ചി - ചെറുത്

പച്ചമുളക് - 10 എണ്ണം

തേങ്ങ (പിഴിഞ്ഞ് ഒന്നും രണ്ടും പാലെടുക്കുക)-1

മഞ്ഞള്‍പ്പൊടി-  1/4 ടീ സ്പൂണ്‍

കുരുമുളകുപൊടി-  1ടീ സ്പൂണ്‍

അരിപ്പൊടി - 2 ടീ സ്പൂണ്‍

വെളിച്ചെണ്ണ- പാകത്തിന്

വറ്റല്‍മുളക്-  3 എണ്ണം

കടുക്-  1 ടീസ്പൂണ്‍

ഉപ്പ് - പാകത്തിന്

തയ്യാറാക്കുന്ന രീതി

പച്ചമുളക്, ഇഞ്ചി എന്നിവ ഒരുമിച്ച് ചതച്ച് ഇറച്ചി, ഉരുളക്കിഴങ്ങ്, സവാള എന്നിവയോടൊപ്പം പാകത്തിന് ഉപ്പും വെള്ളവും ഒഴിച്ച് വേവിച്ചെടുക്കണം. വെള്ളം വറ്റി വരുമ്പോള്‍ ഇറക്കി വച്ച് രണ്ടാംപാല്‍ ഒഴിച്ചുകൊടുക്കാം. തവ അടുപ്പില്‍ വെച്ച് എണ്ണയൊഴിച്ചു കടുകുപൊട്ടിച്ച് വറ്റല്‍ മുളക് ചേര്‍ത്തു വഴറ്റിയെടുക്കണം. ഇതിലേക്ക് ഇറച്ചിയിട്ടതിന് ശേഷം കുരുമുളകുപൊടി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. രണ്ടാം പാല്‍ വറ്റുമ്പോള്‍ ഒന്നാം പാലില്‍ അരിപ്പൊടി കലക്കി ഇറച്ചിയില്‍ ചേര്‍ത്തിളക്കുക. അപ്പത്തിനൊപ്പം ചൂടോടെ വിളമ്പാം.