നാം നിത്യവും ഉപയോഗിക്കുന്ന പാല് യഥാര്ഥ പാല് അല്ലെങ്കിലോ?

പാലും പാലുല്പന്നങ്ങളുമില്ലാത്ത ഒരു ദിവസം നമുക്ക് സങ്കല്പിക്കാൻ കഴിയുമോ? അത്രത്തോളം പ്രാധാന്യമാണ് പാലിന് ഇന്ത്യൻ ഭക്ഷണ സംസ്‌കാരത്തിൽ ഉള്ളത്. പക്ഷെ നാം നിത്യവും ഉപയോഗിക്കുന്നത് പാൽ യഥാർഥ പാൽ അല്ലെങ്കിലോ? മഹാരാഷ്ട്രയിൽ പാലിൽ മായം കലർത്തുന്ന റാക്കറ്റിനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് മഹാരാഷ്ട്ര എഫ്ഡിഎ കമ്മിഷണർ തുക്കാറാം മുന്ധെ ഫുഡ്ഫാർമറിന് നൽകിയ പോഡ്കാസ്റ്റിൽ പങ്കുവച്ചിരിക്കുന്നത്. മഹാരാഷ്ട്രയിൽ നടക്കുന്ന ഭക്ഷ്യസുരക്ഷാ പരിശോധനകളിലൂടെ ഇതിനകം വൈറലാണ് മുന്ധെ. കൃത്രിമ പാലിന്റെ നിർമാണത്തെക്കുറിച്ചും, വിതരണശൃംഖലയിൽ എത്തുന്നതിനെക്കുറിച്ചും തടയാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചുമെല്ലാം പോഡ്കാസ്റ്റിൽ വളരെ വിശദമായി മുന്ധെ സംസാരിക്കുന്നുണ്ട്.
സ്‌കിമ്മ്ഡ് മിൽക്ക് പൗഡർ, കെമിക്കൽസ്, കോസ്റ്റിക് സോഡ, എന്തിന് ഷാംപൂ വരെ സിന്തറ്റിക് മിൽക്കിന്റെ നിർമാണത്തിനായി ഉപയോഗിക്കുന്നുണ്ടെന്നാണ് മുന്ധെ പറയുന്നത്. ഈ ചേരുവകൾ പ്രത്യേക അനുപാതത്തിൽ കലർത്തിയാണ് സിന്തറ്റിക് മിൽക്ക് ഉണ്ടാക്കുന്നത്. നിർമാണത്തിന് വളരെ കുറഞ്ഞ ചെലവ് മാത്രമാണ് വരുന്നതും. പശുവിൻ പാലിനോട് സാമ്യമുള്ള കൃത്രിമ പാൽ നിർമിക്കുന്നതിനായി ലിറ്ററിന് ഏകദേശം 15 രൂപയും എരുമപ്പാലിന്റേതിന് സമാനമായ പാൽ നിർമിക്കാൻ 30 രൂപയും മാത്രമേ ചെലവാകൂ എന്ന് മുന്ധെ ചൂണ്ടിക്കാണിക്കുന്നു. ലിറ്ററിന് 40 രൂപ മുതൽ 50 രൂപ വരെയാണ് പശുവിൻ പാലിന് സാധാരണ ഈടാക്കാറുള്ളത്. യഥാർഥ പാലിലേക്ക് കൃത്രിമ പാൽ കൂട്ടിച്ചേർത്താൻ വൻലാഭം ഉണ്ടാക്കാൻ അതിനാൽ സാധിക്കും. ഇത് നിയമവിരുദ്ധമാണെന്ന് മാത്രമല്ല നികൃഷ്ടവുമാണെന്ന് മുന്ധെ പോഡ്കാസ്റ്റിൽ അഭിപ്രായപ്പെടുന്നുണ്ട്.
പാൽശേഖരണ കേന്ദ്രങ്ങളിലും ശീതീകരണകേന്ദ്രങ്ങളിലും വിവിധ ഘട്ടങ്ങളായി മായം കലർത്തൽ നടക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. ഈ പാലാണ് പിന്നീട് ഡയറികളിലേക്ക് വിതരണം ചെയ്യുന്നതും പാലുല്പന്നങ്ങൾ നിർമിക്കാനായി ഉപയോഗിക്കുന്നതും. ഈ റാക്കറ്റുകളുടെ ഉറവിടങ്ങൾ കണ്ടെത്താൻ സാധിക്കുകയാണെങ്കിൽ മാത്രമേ മായം കലർത്തൽ തടയാൻ സാധിക്കൂവെന്ന് മുന്ധെ പറയുന്നു. പാൽ ശേഖരണ കേന്ദ്രങ്ങൾക്ക് ഏത് കർഷകനാണ് പാൽ നൽകിയതെന്നും, കർഷകന് എത്ര പശുക്കൾ അല്ലെങ്കിൽ എരുമകൾ ഉണ്ട്, എത്ര പാൽ ശേഖരിച്ചു എന്ന് അറിയണം. ഈ രേഖകൾ സൂക്ഷിക്കേണ്ടത് നിയമപരമായി നിർബന്ധമാണ്. മഹാരാഷ്ട്ര കർശനമായി രേഖകൾ പരിശോധിച്ചുവരികയാണെന്ന് മുന്ധെ പറയുന്നു. അതുപോലെ ഡിജിറ്റൽ ട്രാക്കിംഗ് വഴി സംശയാസ്പദമായ പാൽ വിതരണം വേഗത്തിൽ കണ്ടെത്താൻ കഴിയുമെന്നും അദ്ദേഹം പറയുന്നുണ്ട്.
Published: 06 Aug 2026, 12:27 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented