നടിയും സോഷ്യൽ മീഡിയ ഇൻഫ്‌ലുവൻസറുമായ അഹാന കൃഷ്ണയുടെ വിവാഹത്തിന് അമ്മൂമ്മയായ വസന്തയെ ക്ഷണിച്ചില്ലെന്ന വിമർശനങ്ങൾ കൊഴുക്കുന്നതിനിടെ അഹാനയുടെ അമ്മ സിന്ധുകൃഷ്ണ നൽകിയ മറുപടി ശ്രദ്ധ നേടുകയാണ്. ‘ഞങ്ങളുടെ മൂത്ത പെൺകുട്ടിയുടെ വിവാഹം കഴിഞ്ഞു. ഏറ്റവും സ്വപ്നതുല്യമായ ഒരു വിവാഹത്തിന് സാക്ഷ്യം വഹിക്കാൻ ഞങ്ങൾക്കെല്ലാവർക്കും കഴിഞ്ഞു..അമ്മുവും നിമിഷും.. നിങ്ങൾ ഇരുവരുടെയും ജീവിതത്തിൽ ലോകത്തിലെ എല്ലാ സന്തോഷങ്ങളും ഉണ്ടാകട്ടെ..’ എന്ന കുറിപ്പോടെ മകളുടെ വിവാഹ ചിത്രങ്ങൾ സിന്ധു സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിനടിയിലാണ് വിമർശനവുമായി ഒരാൾ എത്തിയത്.

To advertise here,

അഹാനയുടെ മകളുടെ വിവാഹത്തിന് സിന്ധുവിന് ക്ഷണമുണ്ടാകട്ടെ എന്നായിരുന്നു കമന്റ്. ആ വലിയ മനസ്സിന് നന്ദിയുണ്ടെന്നായിരുന്നു ഇതിനോടുള്ള സിന്ധുവിന്റെ പ്രതികരണം. അഹാനയുടെ കുടുംബവും അമ്മൂമ്മയും തമ്മിലുള്ള പ്രശ്‌നം വിവാഹത്തിന് മുൻപ് സോഷ്യൽ മീഡിയയിലൂടെ അഹാന തുറന്നുപറഞ്ഞിരുന്നു.

അതുപോലെ അഹാനയുടെ ബ്രൈഡൽ ലുക്കിനെ പരിഹസിച്ചവർക്കും സിന്ധു മറുപടി നൽകിയിട്ടുണ്ട്. അഹാന ഡാൻസ് അരങ്ങേറ്റത്തിന് പോവുകയാണോ എന്നായിരുന്നു ഒരാളുടെ ചോദ്യം, നിങ്ങൾ വരുന്നുണ്ടോ എന്നായിരുന്നു സിന്ധുവിന്റെ മറുപടി. പണ്ട് വിവാഹത്തിന് വന്ന് സദ്യ പോരാ സ്വർണം പോര എന്ന് കുറ്റംപറഞ്ഞിരുന്നവർ ഇന്ന് ഓൺലൈനിലേക്ക് കൂടുമാറിയെന്നാണ് സിന്ധു ഇതിനെ വിശേഷിപ്പിക്കുന്നത്. ഇതേ പോസ്റ്റിന് കീഴെ ഒരു പെൺകുട്ടിയുടെ ഏറ്റവും വിശേഷപ്പെട്ട ദിവസത്തിൽ അവരെ വിമർശിക്കുന്നതിനെ എതിർത്തും നിരവധി പേർ എത്തിയിട്ടുണ്ട്. അഹാന വിവാഹത്തിന് തിരഞ്ഞെടുത്തത് പരമ്പരാഗത ദ്രാവിഡ ശൈലിയാണെന്നും ഇവ ഭരതനാട്യത്തിന് വേണ്ടി മാത്രം ഉപയോഗിക്കുന്നതല്ലെന്നും ചിലർ ചൂണ്ടിക്കാണിക്കുന്നുണ്ട്്.

'ഇൻസ്റ്റാഗ്രാമിലെ പുതിയ കാലത്തെ വധുവിന്റെ പതിവ് നിർവചനങ്ങൾ പിന്തുടരുന്നതിന് പകരം, തന്റെ പാരമ്പര്യത്തെയും പൂർവ്വികരുടെ ശൈലിയെയും വിവാഹദിനത്തിൽ ആദരിക്കാൻ തിരഞ്ഞെടുത്ത സുന്ദരിയായ ശക്തയായ ഒരു സ്ത്രീയെയാണ് അഹാനയിൽ കാണുന്നത്. ഇൻസ്റ്റാഗ്രാമിലെ ഫാഷൻ ഉപദേശകർ അഭിനന്ദിക്കുമായിരുന്ന പേസ്റ്റൽ നിറങ്ങൾക്ക് പകരം, മധ്യകാലഘട്ടത്തിലെ ഒരു രാജ്ഞിയെപ്പോലെ തോന്നിപ്പിക്കുന്ന ആന്റിക് ആഭരണങ്ങൾക്കൊപ്പം ഏറ്റവും കടുപ്പത്തിലുള്ള ചുവന്ന സാരി അണിഞ്ഞ് ഒരുങ്ങാൻ നിങ്ങൾ എടുത്ത തീരുമാനത്തിൽ അഭിമാനിക്കുന്നു. നിങ്ങൾ ഈ ലുക്കിൽ തിളങ്ങി!' തുടങ്ങി അഹാനയുടെ ലുക്കിനെ പ്രശംസിച്ചും കമന്റുകളുണ്ട്.