സോഷ്യല് മീഡിയയിലെ കണ്ടന്റ് ക്രിയേറ്റര്മാരുടെ പ്രിയപ്പെട്ട സബ്ജക്ടായി മുന്ധെ മാറി.

ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ സോഷ്യൽ മീഡിയയിലെ ഹീറോ ആയി മാറിയിരിക്കുകയാണ് തുകറാം മുന്ധെ ഐ.എ.എസ് എന്ന എഫ്ഡിഎ കമ്മിഷണർ. മുംബൈ തെരുവുകളിലെ ഫുഡ്സ്റ്റാളുകൾ മുതൽ എക്‌സ്‌ക്ലൂസീവ് ഫുഡ് ക്ലബ്ബുകൾവരെ പക്ഷഭേദമില്ലാതെ മുണ്ഡെ പരിശോധന നടത്തി. ശുചിത്വ ലംഘനം നടത്തിയവർക്കെതിരെയും ഭക്ഷ്യ സുരക്ഷാ ചട്ടങ്ങൾ പാലിക്കാത്തവർക്കെതിരെയും മുന്നും പിന്നുമില്ലാതെ നടപടിയെടുത്തു. ബിസിനസ് ഭീമന്മാർക്കും സാധാരണ കച്ചവടക്കാർക്കും ലൈസൻസ് സസ്‌പെൻഷൻ ഉൾപ്പെടെ നോട്ടീസുകൾ ലഭിച്ചു. മഹാരാഷ്ട്ര കണ്ട ഏറ്റവും ശക്തമായ ഭക്ഷ്യസുരക്ഷാ കാമ്പെയ്‌നാണ് മുന്ധെ തുടക്കം കുറച്ചത്.
ദിവസം ശരാശരി ഇരുപതിൽകൂടുതൽ പരിശോധനകൾ മുണ്ഡെയുടെ നേതൃത്വത്തിൽ നടക്കുന്നുണ്ടെന്നാണ് മുംബൈയിൽനിന്നുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഒന്നും രണ്ടുമല്ല 50 കോടിയുടെ ഭക്ഷ്യ ഉല്പന്നങ്ങളാണ് മുന്ധെയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പിടിച്ചെടുത്തത്. 56 റെസ്റ്ററന്റുകൾക്ക് ലൈസൻസ് നഷ്ടപ്പെട്ടു. ഗുഡ്ക സിൻഡിക്കേറ്റുകൾക്കെതിരെ മഹാരാഷ്ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്ട് പ്രകാരം നടപടി സ്വീകരിച്ചു. മൊത്തത്തിൽ മഹാരാഷ്ട്രയുടെ ഭക്ഷ്യമേഖല നിന്നു വിറച്ചു. സോഷ്യൽ മീഡിയയിലെ കണ്ടന്റ് ക്രിയേറ്റർമാരുടെ പ്രിയപ്പെട്ട സബ്ജക്ടായി മുന്ധെ മാറി. മൂന്നുമാസങ്ങൾക്കുള്ളിൽ എഡിഎയുടെയും മുന്ധെയുടെയും വാർത്തകൾ നിരന്തരം മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുകയാണ്.
സ്വാഭാവികമായും ഹോട്ടൽ, റെസ്റ്ററന്റ് ഉടമകൾ പരാതിയുമായി കോടതിയിലെത്തി. ചൂടേറിയ വാദപ്രതിവാദങ്ങൾക്കിടയിലാണ് ബോംബെ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് രവീന്ദ്ര ഗൂഗെയും ജസ്റ്റിസ് ഗൗതം അൻഖാദും അടങ്ങിയ ബെഞ്ച്, റെഗുലേറ്ററി അതോറിറ്റി നടപടിയെടുക്കുന്നത് സ്വകാര്യ റെസ്റ്റോറന്റുകളെ മാത്രം ലക്ഷ്യം വച്ചാണോ എന്ന സംശയമുന്നയിച്ചത്. നിയമം സ്വകാര്യ സ്ഥാപനങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും ഒരുപോലെയാണ് കോടതി ചൂണ്ടിക്കാട്ടുകയും ചെയ്തു. കോടതിയുടെ ആശങ്കകളോട് പ്രതികരിച്ച തുകറാം മുന്ധെ സർക്കാർ, അർദ്ധ-സർക്കാർ സ്ഥാപനങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കുമെന്നും ഒരു സ്ഥാപനവും ഭക്ഷ്യസുരക്ഷാ നിയമങ്ങളിൽനിന്ന് ഒഴിവാക്കപ്പെടില്ലെന്നും ഉറപ്പുനൽകി.
അത് വെറുമൊരു ഉറപ്പായിരുന്നില്ല, തൊട്ടടുത്ത ദിവസം തുകറാം മുണ്ഡെയും ഉദ്യോഗസ്ഥരും ബോംബെ ഹൈക്കോടതി വളപ്പിലെ കാന്റീനുകളിലെത്തി. കർശന പരിശോധനയിൽ അവിടെ പ്രവർത്തിച്ചിരുന്ന മൂന്നു കാന്റീനുകളിൽ രണ്ടെണ്ണത്തിന് ഭക്ഷ്യസുരക്ഷാ ലൈസൻസ് ഇല്ലെന്ന് കണ്ടെത്തുകയും കാന്റീനുകൾ പൂട്ടിക്കുകയും ചെയ്തു. ലൈസൻസുള്ള മൂന്നാമത്തെ കാന്റീനാകട്ടെ ശുചിത്വം പാലിക്കാത്തതിനും ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ പാലിക്കാത്തതിനും നടപടി നേരിട്ടു. തീർന്നിട്ടില്ല സംസ്ഥാന വ്യാപകമായി നടത്തുന്ന ഭക്ഷ്യസുരക്ഷാ പരിശോധനയുടെ ഭാഗമായി ഇനി മന്ത്രാലയം കാന്റീൻ ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങളിൽ സമാനമായ പരിശോധനകൾ നടത്തുമെന്ന് എഫ്ഡിഎ കോടതിയെ അറിയിച്ചിട്ടുണ്ട്.
കർക്കശമായ ഭരണശൈലിയിലൂടെയും നിയമങ്ങൾ നടപ്പാക്കുന്നതിലൂടെയും വളരെ നേരത്തേതന്നെ പേരുകേട്ടയാളാണ് മുന്ധെ. അഴിമതി വിരുദ്ധ പ്രചാരണങ്ങൾക്ക് ഇതിനുമുൻപേ നേതൃത്വം നൽകിയിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. റെസ്റ്ററന്റുകളിൽ സൗജന്യ കുടിവെള്ളം നിർബന്ധമാക്കി, മഹാരാഷ്ട്രയിൽ അനലോഗ് പനീറിനും മദ്യത്തിനും വരെ വിലക്ക് നേരിട്ടു. ഇതെല്ലാം മുന്ധെയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയുടെ ബാക്കിപത്രമാണ്. വെറുതെ പരിശോധന നടത്തുക മാത്രമല്ല സിന്തറ്റിക് പാൽ ഉൾപ്പെടെയുള്ളവ എത്രത്തോളം പ്രശ്‌നം സൃഷ്ടിക്കുന്നുണ്ടെന്ന് മാധ്യമങ്ങളിലൂടെ ബോധവൽക്കണവും മുന്ധെ നടത്തി.
കർഷക കുടുംബത്തിൽ ജനിച്ചുവളർന്ന മുന്ധെ കഠിനാധ്വാനത്തിലൂടെയാണ് ഇന്നുകാണുന്ന നിലയിലേക്കെത്തുന്നത്. ജനിച്ചുവളർന്ന പശ്ചാത്തലം സ്വാഭാവികമായും അദ്ദേഹത്തിന്റെ മൂല്യങ്ങളെ ഊതിക്കാച്ചി. തൊഴിൽ ധാർമ്മികതയെ സ്വാധീനിച്ചു. അതുകൊണ്ടുതന്നെ ജനങ്ങളുടെ ഓഫീസറെന്നും യുവത്വത്തിന്റെ ഐക്കണെന്നും മഹാരാഷ്ട്രയുടെ വാട്ടർമാനെന്നും മാധ്യമങ്ങൾ അദ്ദേഹത്തെ വിശേഷിപ്പിച്ചു. കർക്കശ നിലപാടുകളുടെ പേരിൽ 21 വർഷത്തെ സേവനത്തിനിടയിൽ 25 തവണ സ്ഥലം മാറ്റപ്പെട്ട ഉദ്യോഗസ്ഥനാണ് മുന്ധെയെന്ന് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഏത് പദവിയിൽ ഇരുന്നാലും തന്റെ മുദ്ര പതിച്ചേ അദ്ദേഹം അവിടെനിന്ന് ഇറങ്ങാറുള്ളൂ. ഓരോ ഫയലും ഓരോ മനുഷ്യജീവിതമാണെന്ന ഓർമയോടെ ഇടപെടുന്നതുകൊണ്ടായിരിക്കാം ആളുകൾ അദ്ദേഹത്തെ തങ്ങളുടെ സ്വന്തം ഉദ്യോഗസ്ഥനായി കാണുന്നത്.
Published: 06 Aug 2026, 11:32 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented