മഴക്കാലമായതോടെ പനിയും ശ്വാസമുട്ടലുമെല്ലാം പലരേയും ബുദ്ധിമുട്ടിച്ചുതുടങ്ങിയിട്ടുണ്ട്. ശ്വാസകോശത്തിന്റെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. തുടര്‍ച്ചയായി മലിനവായുവും വിഷാംശങ്ങളും ശ്വസിക്കുന്നത് ശ്വാസകോശത്തിന്റെ ആരോഗ്യത്തെ ഇല്ലാതാക്കും.

To advertise here,

ശ്വാസകോശം ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും കൃത്യമായ മാറ്റങ്ങള്‍ ആവശ്യമാണ്. ചില ഭക്ഷണങ്ങളും പാനീയങ്ങളും ശ്വാസകോശത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് ഗുണകരമാണ്. അവ ഏതൊക്കെയെന്ന് അറിഞ്ഞിരിക്കാം.

തുളസി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ വലിയരീതിയില്‍ സഹായിക്കും. തുളസിയ്ക്ക് ആന്റി ഓക്‌സിഡന്റ്- ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളുണ്ട്. ഇത് ശ്വാസകോശത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്ത് ശ്വസനം സുഗമമാക്കാന്‍ സഹായിക്കും. ഇതിനായി തുളസിയിലയിട്ട ചായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
 
അതുപോലെ ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളുള്ള ഒന്നാണ് ഇഞ്ചി. ഇതും ശ്വാസകോശത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യാനും ശ്വാസകോശത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും. ഇതിനായി ഇഞ്ചി ചായ ഡയറ്റില്‍ പതിവാക്കാം. 

വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ ഭക്ഷണങ്ങള്‍ ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. ഇലക്കറികള്‍ കഴിക്കാം. പ്രത്യേകിച്ച് ചീര കഴിക്കുന്നതും ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് ഗുണകരമാണ്.ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നത് ശ്വാസകോശത്തിലെ വീക്കം തടയാന്‍ ഗുണം ചെയ്യും.

മഞ്ഞളും ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ഗുണം ചെയ്യും. ഇതിലുള്ള കുര്‍ക്കുമിന് ആന്റി ഓക്‌സിഡന്റ്, ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുണ്ട്. വെളുത്തുള്ളിയും ശ്വാസകോശത്തിന്റെ ആരോഗ്യം ശക്തിപ്പെടുത്തും. വെളുത്തുള്ളിയിലെ അലിസിന് ആന്റി- ഇന്‍ഫ്‌ളമേറ്ററി- ആന്റി- മൈക്രോബിയല്‍ ഗുണങ്ങളുണ്ട്. ഇവയും ശ്വാസകോശത്തെ രോഗങ്ങളില്‍ നിന്നും സംരംക്ഷിക്കും.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)