ക്രിക്കറ്റ് പ്രേമികളുടെ മാത്രമല്ല വിരാട് കോലി ഫിറ്റ്‌നസ് പ്രേമികളുടേയും പ്രിയപ്പെട്ട താരമാണ്. അദ്ദേഹത്തിന്റെ അചഞ്ചലമായ അര്‍പ്പണബോധവും ദിനചര്യകളിലുള്ള ചിട്ടയുമെല്ലാം നാട്ടില്‍ പാട്ടാണ്. തന്റെ ഭക്ഷണക്രമത്തിലും പതിവ് വ്യായാമങ്ങളിലുമൊന്നും ഒരുതരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും അദ്ദേഹം തയ്യാറല്ല.

To advertise here,

സ്പോര്‍ട്സ് ബ്രോഡ്കാസ്റ്ററായ ജതിന്‍ സപ്രു അടുത്തിടെ രണ്‍വീര്‍ ഷോ പോഡ്കാസ്റ്റില്‍ കോലിയുടെ ഭക്ഷണ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയപ്പോഴാണ് വീണ്ടും ഇതൊക്കെ ചര്‍ച്ചയായിരിക്കുന്നത്.  
പോഷകമൂല്യത്തില്‍  ശ്രദ്ധ കേന്ദ്രീകരിക്കുന്ന കര്‍ശനമായ ഭക്ഷണക്രമം പിന്തുടരുന്ന കോലി തന്റെ ഫിറ്റ്നസ് എങ്ങനെ നിലനിര്‍ത്തുന്നുവെന്നാണ് ജതിന്‍ സപ്രു പറയുന്നത്.

താന്‍ രുചിയ്ക്ക് വേണ്ടിയുള്ള ഭക്ഷണം കഴിക്കല്‍ നിര്‍ത്തിയെന്ന് കോലി പറഞ്ഞെന്ന് അദ്ദേഹം വെളിപ്പെടുത്തി. ബേക്ക് ചെയ്ത ചിക്കനും ആവിയില്‍ വേവിച്ച പച്ചക്കറികളുമാണ് അദ്ദേഹം കഴിച്ചിരുന്നതെന്നും ജതിന്‍ പറയുന്നു.

ഒരു ഐപിഎല്‍ സീസണില്‍ മുഴുവന്‍ അദ്ദേഹം തന്റെ കര്‍ശനമായ ഡയറ്റ് പിന്‍തുടരുന്നത് നേരിട്ട് കണ്ടെന്ന് ജതിന്‍ പറയുന്നു. തന്റെ ശരീരത്തിന് എന്തൊക്കെയാണ്  വേണ്ടതെന്ന് മനസിലാക്കിയാണ് വിരാടിന്റെ ഡയറ്റ്. വിരാടിനൊപ്പമുള്ള വിമാനയാത്രയിലുണ്ടായ അനുഭവത്തേക്കുറിച്ചും ജതിന്‍ പറയുന്നുണ്ട്. 

വിമാനയാത്രയ്ക്കിടെ കോഫി സെറ്റ്, നട്ട്‌സ് സെറ്റ്, പ്രോട്ടീന്‍ ബാര്‍ സെറ്റ് തുടങ്ങിയ അവശ്യസാധനങ്ങള്‍ നിറച്ച വലിയ ബാഗ് കൊണ്ട് പോകുന്നത് തന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. അതൊക്കെ ഏതൊക്കെ സമയത്താണ് കഴിക്കേണ്ടതെന്നതിലും വിരാടിന് കൃത്യമായ ക്രമവുമുണ്ട്. എത്ര നേരത്തെയുള്ള വിമാനയാത്രയിലും തന്റെ ഡയറ്റ് കൃത്യമായി പിന്‍തുടരാന്‍ വിരാട് ശ്രദ്ധിക്കുമെന്നും ജതിന്‍ പറയുന്നു.