
പ്രാതല്‍ വിഭവങ്ങളില്‍ വ്യത്യസ്തത ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍? അതല്ല, ദോശയും ഇഡ്ഡലിയില്‍ നിന്നും ഒരു മാറ്റം ആഗ്രഹിക്കാത്തവരാണെങ്കില്‍ അവര്‍ക്കും തീര്‍ച്ചയായും ഈ 'മച്ച്ക്കട്ട്' തയ്യാറാക്കി നോക്കാം. കാരണം ഇഡ്ഡലിയുടെയും ദോശയുടെയും ഒരപൂര്‍വ കോമ്പിനേഷന്‍ ആണ് ഈ കൊങ്കണി വിഭവമായ മച്ച്ക്കട്ട്. 'ദൊഡ്ഢക്ക് ' എന്നും ഇതേ പലഹാരത്തിന് പേരുണ്ട്.
ഉഴുന്നും റവയുമാണ് പ്രധാന ചേരുവകള്‍. അരി ചേര്‍ക്കാത്തത് കൊണ്ട് തന്നെ അരിഭക്ഷണം പൊതുവില്‍ ഒഴിവാക്കുന്ന വിശേഷ ദിവസങ്ങളിലും കൊങ്കണികള്‍ മച്ച്ക്കട്ടിനെ ആശ്രയിക്കുന്നു.
ഇരുമ്പ് ചീനച്ചട്ടിയില്‍ അല്പം കടുക് താളിച്ചു മാവ് കട്ടിയില്‍ ഒഴിച്ചു ചെറുതീയില്‍ രണ്ട് വശവും മൊരിച്ചെടുക്കുന്നതാണ് മച്ച്ക്കട്ടിന്റെ പാചകരീതി. മാവ് പുളിപ്പിക്കേണ്ട ആവശ്യമില്ലാത്തതിനാല്‍ എളുപ്പത്തില്‍ തയ്യാറാക്കാനും പറ്റും. പണ്ടൊക്കെ സാധാരണ ഇഡ്ഡലി മാവ് ബാക്കി വന്നാല്‍ വൈകീട്ടത്തേക്കുള്ള പലഹാരം ആയും ഇതവതരിക്കും. വിറകടുപ്പിലെ ചെറുതീയില്‍ ഇരുമ്പ് ചീനച്ചട്ടിയില്‍ ഇത് മൊരിഞ്ഞു വരുമ്പോഴുള്ള മണവും രുചിയും ഒന്ന് വേറെ തന്നെ.
ആവശ്യമുള്ള സാധനങ്ങള്‍
ഉഴുന്ന് - 1 കപ്പ്
വറുത്ത റവ - രണ്ടര കപ്പ്
- ഇഞ്ചി -1 ഇഞ്ച് നീളത്തില്‍
- പച്ചമുളക് - 3-5 എണ്ണം
- ഉപ്പ് -ആവശ്യത്തിന്
- കടുക് - ആവശ്യത്തിന്
- വെളിച്ചെണ്ണ - 1/4 കപ്പ്
തയ്യാറാക്കുന്ന വിധം
ഉഴുന്ന് കഴുകി 4-5 മണിക്കൂര്‍ കുതിര്‍ത്ത് വെയ്ക്കുക.
സാധാരണ ഇഡ്ഡലിയ്ക്ക് അരയ്ക്കും പോലെ നന്നായി അരച്ചെടുക്കുക. രണ്ട് കപ്പ് വെള്ളത്തില്‍, റവ ഒരു പത്തു മിനിറ്റുകളോളം കുതിര്‍ത്ത് വെയ്ക്കുക. ഇതിനു ശേഷം ഈ റവ ഉഴുന്ന് മാവിലേക്ക് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് പൊടിയായി അരിഞ്ഞ ഇഞ്ചിയും പച്ചമുളകും ചേര്‍ക്കാം. ഉപ്പ് ആവശ്യത്തിന് ചേര്‍ക്കാം. ഇഡ്ഡലി മാവിന്റെ അയവു മതിയാകും മാവിന്.
ഇനി ഒരു ചീനച്ചട്ടി ചൂടാക്കി ഒന്നര ടീസ്പൂണ്‍ വെളിച്ചെണ്ണയൊഴിച്ചു ചൂടാകുമ്പോള്‍ കാല് ടീസ്പൂണ്‍ കടുക് താളിക്കാം. കടുക് പൊട്ടിയ ഉടനെ , ഒരു വലിയ തവി മാവ് ഒഴിച്ച് ചെറുതീയില്‍ അടച്ചു വെയ്ക്കുക. മാവ് പരത്താറില്ല. ചീനച്ചട്ടിയുടെ കുഴിയില്‍ ഒഴിച്ചാല്‍ മാത്രം മതി. അഞ്ചു മിനിറ്റുകള്‍ക്കുള്ളില്‍ ദോശയുടെ അടിഭാഗം മൊരിഞ്ഞാല്‍ ദോശ തിരിച്ചിട്ടു മറുവശവും മൊരിക്കുക .
സാമ്പാറോ ചട്ടിണിയോ അച്ചാറോ ചേര്‍ത്ത് കഴിക്കാം.
ശ്രദ്ധിക്കുക :
1. ഇതിനുള്ള മാവ് പുളിപ്പിച്ചും തയ്യാറാക്കുന്നവരുണ്ട്. പുളിപ്പിച്ച മാവ് തന്നെ വേണംന്നുണ്ടെങ്കില്‍ ഉഴുന്ന് തലേ നാള് അരച്ച്, റവ രാവിലെ ചേര്‍ക്കാവുന്നതാണ്.
2. റവ കുതിരാന്‍, ഗ്രൈന്‍ഡര്‍/മിക്സിയിലെ ഉഴുന്ന് മാവ് എടുത്തതിനു ശേഷം കഴുകാന്‍ എടുത്ത വെള്ളം ഉപയോഗിക്കാം.
3. ഇതേ മാവ് ഉപയോഗിച്ച് ഇഡ്ഡലിയും ഉണ്ടാക്കാം.
4. ഇഞ്ചി പച്ചമുളക് അരിഞ്ഞു ചേര്‍ക്കുന്നതിന് പകരം ഉഴുന്ന് അരയ്ക്കുമ്പോ കൂടെ ചേര്‍ക്കാം.
5. ഇരുമ്പു ചീനച്ചട്ടി ഇല്ലായെങ്കില്‍ മറ്റേതെങ്കിലും അടിവശം കട്ടിയായുള്ള ചീനച്ചട്ടി ഉപയോഗിക്കാം.
Content Highlights: konkani vasari, konkani style breakfast machkatt, food, recipes
Published: 03 Nov 2022, 09:13 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented