ഊണിനു നല്ല എരിവുള്ള കറി ഉണ്ടെങ്കിൽ കുശാലാണ്. അതിപ്പോ മീൻ മുളകിട്ടതായാലും നല്ല പച്ചക്കറി കൊണ്ടുള്ള കറികളായാലും. കൂട്ടിന് മോര് കറിയോ പരിപ്പ് കറിയോ ഒക്കെ ആണേൽ പിന്നേ പറയുകയെ വേണ്ട.

To advertise here,

ഇത്തരത്തിൽ പച്ചക്കറികൾ ചേർത്തുള്ള എരിവുള്ള കറികൾ കൊങ്കണികളുടെ രുചിക്കൂട്ടുകളിൽ പ്രധാനമാണ്. ഇതിന് പറയുന്ന പേരാണ്  "സോങ്ക്". ഇന്ന് പരിചയപ്പെടുത്തുന്ന വിഭവം ഉരുളക്കിഴങ്ങും സവാളയും ചേർത്തുള്ള "സോങ്ക്" ആണ്. ചോറിനോപ്പമോ ചപ്പാത്തിക്കോ ഒക്കെ കൂട്ടായി വിളമ്പാവുന്നതാണ്.

ചേരുവകൾ
ഉരുളക്കിഴങ്ങ്2 വലുത്
സവാള3 ഇടത്തരം
വറ്റൽ മുളക്10 - 12 എണ്ണം
മല്ലി1 ടീസ്പൂൺ
വാളൻ പുളിഒരു നെല്ലിക്ക വലുപ്പത്തിൽ
കടുക്1 ടീസ്പൂൺ
വെളിച്ചെണ്ണ2 - 3 ടീസ്പൂൺ
ഉപ്പ്ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
ഉരുളക്കിഴങ്ങും സവാളയും ചെറു ചതുര കഷ്ണങ്ങൾ ആക്കുക. ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി, അതിൽ കടുക് ചേർത്ത് പൊട്ടിക്കുക.
ഇതിലേക്ക് സവാള ചേർത്ത് ഉപ്പുമിട്ട് വഴറ്റുക. സവാളയുടെ നിറം മാറി തുടങ്ങുമ്പോൾ ഉരുളക്കിഴങ്ങ് ചേർക്കാം. നന്നായൊന്ന് വഴറ്റി ഇതിലേക്ക് ഒരു കപ്പ്‌ വെള്ളവുമൊഴിച്ചു തിള വരുമ്പോൾ ചെറുതീയിൽ അടച്ചു വെച്ച് വേവിയ്‌ക്കുക. ഇനി ഒരൽപം എണ്ണയിൽ വറ്റൽ മുളക് ചെറുതീയിൽ വറുത്തെടുക്കുക. വറുത്ത വറ്റൽ മുളകും മല്ലിയും പുളിയും നന്നായി അരച്ചെടുക്കുക. ശ്രദ്ധിക്കുക, മല്ലി വറുക്കേണ്ടതില്ല. പാതി വെന്ത ഉരുളക്കിഴങ്ങ് കൂട്ടിലേക്ക് ഈ അരപ്പ് ചേർത്ത് ഇളക്കുക. ചെറുതീയിൽ തന്നെ ചാറ് കുറുകി ഉരുളക്കിഴങ്ങ് വെന്തു പാകമാകും വരേ പാകം ചെയ്യാം. ഒരല്പം ചാറോടു കൂടെ സോങ്ക് തയ്യാറാക്കാം.