കൊങ്കണി ഭക്ഷണങ്ങളിൽ രുചിക്കൊപ്പം പ്രധാനമാണ് ആരോഗ്യവും ആഹാരസാധനങ്ങൾ പാഴാക്കാതിരിക്കലും. പച്ചക്കറികളായാലും അതിന്റെ കഴിയുന്നത്ര ഭാഗങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തും. തൊലിയാകട്ടെ, ഉള്ളിലെ കാമ്പാകട്ടെ, പോഷക സമ്പുഷ്ടമായ രീതിയിൽ രുചിക്കൊട്ടും കുറവ് വരുത്താതെ വിഭവങ്ങളായി മാറും.

To advertise here,

സാധാരണ വേസ്റ്റ് ബക്കറ്റിലേക്ക് തള്ളുന്ന പച്ചക്കറികളുടെ പുറം തൊലിയിൽ ആയിരിക്കും അതിന്റെ പോഷകങ്ങൾ അത്രയും നിറഞ്ഞിരിക്കുന്നത്. കാലാകാലങ്ങളായി അതിന്റെ ഗുണം മനസ്സിലാക്കിയുള്ള നിരവധി വിഭവങ്ങളാണ് കൊങ്കണി ഭക്ഷണരീതിയിൽ അടങ്ങിയിട്ടുള്ളത്. കടച്ചക്ക, കുമ്പളം, ഇവയുടെ ഒക്കെ തൊലി ചെത്തി ഉരുളക്കിഴങ്ങിനൊപ്പം ചേർത്ത് മെഴുക്കുപുരട്ടിയുണ്ടാക്കുന്നത് വളരെ രുചികരമാണ്. 

പടവലങ്ങ കുരുവും കാമ്പും നേരെ ചെന്നെത്തുക "സന്നാ പോളോ " എന്ന പേരിൽ വിളിക്കുന്ന കൊങ്കണി സ്റ്റൈൽ അട ദോശയിലേക്കാണ്. മത്തങ്ങയുടെ കാമ്പ് ആണേൽ രുചികരമായ ചമ്മന്തിയായും മാറും. എന്തിനേറെ, പണ്ടൊക്കെ മത്തങ്ങാക്കുരു പോലും കളയാതെ അടുപ്പിന്റെ പിന്നിൽ ആ ചൂടത്തു വെച് ഉണക്കി തൊലി ഇളക്കി കഴിച്ച ഓർമ ഇന്നുമുണ്ട്.  നേന്ത്രക്കായ തൊലിയും രുചികരമായ വിഭവമാക്കും. 

എരിശ്ശേരിയും തോരനുമൊക്കെ മലയാളികൾക്ക് ഒഴിച്ച് കൂടാൻ പറ്റാത്തതാണ്. ഇത്തരത്തിലുള്ള ഒരു പ്രധാനിയെയാണ് ഇന്ന് പരിചയപ്പെടുത്തുന്നത് . പീച്ചിങ്ങ എന്നും, നരമ്പൻ എന്നും താരോപ്പീരിക്ക എന്നുമൊക്കെ അറിയപ്പെടുന്ന ആ കക്ഷി. പേരിലുള്ള പോലെ എഴുന്നു നിൽക്കുന്ന ഞരമ്പ് പോലുള്ള ഭാഗം ഭക്ഷ്യയോഗ്യമായ നാരുകൾ ഏറെ അടങ്ങിയതാണ്. ഒരിക്കലും ഒഴിവാക്കാൻ പാടില്ലാത്തത്. അപ്പോൾ അതിന്റെ രുചികരമായ ചമ്മന്തിയും, കൂടെ പീച്ചിങ്ങ  കൊണ്ടുള്ള ഉപ്പേരിയുമാണിന്ന് ഫോട്ടോയിൽ കാണുന്നത്.

" ഘോസാളെ " എന്നാണ് കൊങ്കണിയിൽ പീച്ചിങ്ങായെ വിളിക്കുന്നത്.  ഞരമ്പിനെ " ശീരെ " എന്നും. അപ്പോ ഒരുമിച്ചു പറഞ്ഞാൽ " ഘോസാളെ ശീരെ ചട്ട്ണിയും, കൂടെ ഘോസാളെ ഉപ്കരി / ഉപ്പേരിയും.

പീച്ചിങ്ങ തൊലി ചമ്മന്തി 

ചേരുവകൾ

പീച്ചിങ്ങയുടെ തൊലി -  1 എണ്ണത്തിന്റെ 
ജീരകം - 1/2  ടീസ്പൂൺ 
പച്ചമുളക് - 2- 3  എണ്ണം
തേങ്ങാ - 1/2 കപ്പ് 
വാളൻ പുളി - ഒരു ചെറിയ കഷ്ണം 
ഉപ്പ്- ആവശ്യത്തിന്
വെളിച്ചെണ്ണ - 1 ടീസ്പൂൺ 

തയ്യാറാക്കുന്ന വിധം

ഒരു പാനിൽ എണ്ണ ചൂടാക്കി ജീരകം ചേർത്ത് മൂപ്പിക്കുക. ഇതിലേക്ക് പച്ചമുളകും പീച്ചിങ്ങ തൊലിയും ചേർത്ത് ഒരു അഞ്ചു മിനിറ്റ് നേരം വഴറ്റുക.
ഉപ്പും ചേർക്കാം. ശേഷം അടുപ്പിൽ നിന്നും മാറ്റി ചൂടാറാൻ വെയ്ക്കുക. ചൂടാറിയതിനു ശേഷം തേങ്ങയും പുളിയും ചേർത്തു അല്പം വെള്ളം ചേർത്തു ചമ്മന്തി അരച്ചെടുക്കാം.

പീച്ചിങ്ങ ഉപ്പേരി

ചേരുവകൾ

പീച്ചിങ്ങ    -1
കടുക്      -1 ടീസ്പൂൺ
വറ്റൽ മുളക്  -4-6
ശർക്കര    -ഒന്നര ടീസ്പൂൺ
തേങ്ങ      -1/4 കപ്പ്‌
ഉപ്പ്     -ആവശ്യത്തിന്
വെളിച്ചെണ്ണ   -2 ടീസ്പൂൺ 

തയ്യാറാക്കുന്ന വിധം

ഞരമ്പ് നീക്കം ചെയ്ത പീച്ചിങ്ങ  കനം അധികം കുറയ്ക്കാതെ കുഞ്ഞ് കഷ്ണങ്ങളായി അരിയുക.   ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കടുകും വറ്റൽമുളകും കൂടെ അരിഞ്ഞിട്ടു മൂപ്പിക്കുക.  ഇതിലേക്ക് പീച്ചിങ്ങ അരിഞ്ഞത് ചേർത്ത് ഉപ്പുമിട്ടു വഴറ്റുക. ശർക്കര കൂടെ ചേർക്കാം. എന്നിട്ടുടനെ അടച്ചു വെയ്ക്കാം. ഇതിലൊട്ടും വെള്ളം തളിക്കുക പോലും വേണ്ട. വളരെ പെട്ടെന്ന് വെന്ത് വരും. വെന്ത ഉടനെ ഒരു പിടി തേങ്ങാ ചേർത്തു ഇളക്കുക. തുറന്നു വെച്ചു പാകം ചെയ്ത് മൂന്നുനാലു മിനിറ്റുകൾക്ക്  ശേഷം വാങ്ങി വെയ്ക്കാം. വേണമെങ്കിൽ അതിലുള്ള  ചാറ് അല്പം വറ്റിയ്ക്കാതെ വെച്ചാലും നല്ല സ്വാദാണ്.