മുറ്റത്തെ മുരിങ്ങമരം പൂത്തുലഞ്ഞു നില്‍ക്കുന്ന അന്ന് മുതല്‍ മുരിങ്ങക്കായക്ക് വേണ്ടിയുള്ള കാത്തിരിപ്പായിരിക്കും. മുരിങ്ങക്കായ നിറയേ പിടിച്ചു തുടങ്ങിയാല്‍ പിന്നേ മുരിങ്ങയ്ക്ക സാമ്പാറിലും ഉപ്പേരികളിലും മറ്റു കൂട്ട് കറികളിലും ഒക്കെ പ്രത്യക്ഷപ്പെട്ടുകൊണ്ടേയിരിക്കും. ഇതിലേറ്റവും സൂപ്പര്‍ ഹിറ്റ് വിഭവമാണ് മുരിങ്ങയ്ക്ക ഫ്രൈ.

To advertise here,

കൊങ്കണി ഭക്ഷണശാഖയില്‍ ഊണിനൊപ്പം ഇത്തരം എണ്ണയില്‍ വറുത്തെടുക്കുന്ന പച്ചക്കറി വിഭവങ്ങള്‍ക്ക് പ്രചാരം കൂടുതലാണ്. അതില്‍ ഏറ്റവും ആരാധകര്‍ മുരിങ്ങയ്ക്ക ഫ്രൈക്കാണെന്ന് പറഞ്ഞാല്‍ അതിലൊട്ടും അതിശയോക്തി ഇല്ല.  എണ്ണയില്‍ വറുത്തു വരുമ്പോള്‍ ഇതിന്റെ രുചിയും മണവും അതിവിശേഷം ആണ്.

ഇതിന്റെ അടിസ്ഥാന കൂട്ട് മിക്കവാറും എല്ലാ പച്ചക്കറികള്‍ക്കും ഒന്ന് തന്നെയാണ് : മുളകുപൊടി, ഉപ്പ്, കായം. ശേഷം അരിപ്പൊടിയില്‍ പുതഞ്ഞെടുത്ത് വറുത്തെടുക്കും. എങ്കിലും അതാത് പച്ചക്കറികള്‍ അവയുടെ തനത് രുചിയോടെ വറുത്ത് വരുമ്പോള്‍ രുചിയും മാറും.

പച്ചരി കുതിര്‍ത്ത് ശേഷം വറ്റല്‍ മുളകും കായവും ചേര്‍ത്തരച്ചെടുക്കുന്നതാണ് പരമ്പരാഗത രീതി. അതാവുമ്പോള്‍ കൂട്ട് എണ്ണയില്‍ ഇളകി പോവാതെ പച്ചക്കറിയില്‍ പുതഞ്ഞു നില്‍ക്കും. എങ്കിലും എളുപ്പവഴി എന്ന നിലക്ക് ഇക്കാലത്തു മിക്കവാറും എല്ലാരും പൊടികള്‍ ചേര്‍ത്ത് മാരിനേറ്റ് ചെയ്‌തെടുക്കും.

ആവശ്യമുള്ള സാധനങ്ങള്‍

  • മുരിങ്ങക്കായ   -3 വലുത്
  • കാശ്മീരി മുളകുപൊടി - 3-4 ടീസ്പൂണ്‍ വരെ
  • കായപ്പൊടി     - 1 ടീസ്പൂണ്‍
  • അരിപ്പൊടി / (ഇടിയപ്പം പൊടി )            - 1/2 കപ്പ്
  • ഉപ്പ്        -  ആവശ്യത്തിന്
  • എണ്ണ- വറുക്കാന്‍ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

മുരിങ്ങയ്ക്ക സാമ്പാറിനൊക്കെ മുറിക്കും പോലെ അരിഞ്ഞെടുക്കുക.

ശേഷം മുളകുപൊടി, കായപ്പൊടി, ഉപ്പ് എന്നിവ മുരിങ്ങയ്ക്കയിലേക്ക് ചേര്‍ത്ത് നന്നായി പുരട്ടി എടുക്കുക.
തീരെ ഡ്രൈ ആയിപ്പോവുക ആണെങ്കില്‍ മാത്രം ഒരല്പം വെള്ളം തളിച്ചു കൊടുക്കുക.
അരമണിക്കൂര്‍ നേരം ഈ കൂട്ട് മാരിനേറ്റ് ചെയ്തെടുക്കുക. ശേഷം കഷ്ണങ്ങള്‍ ഓരോന്നായി അരിപ്പൊടിയില്‍ പുതഞ്ഞു എടുക്കുക.
( ഫോട്ടോയില്‍ മാരിനേറ്റ് ചെയ്തതും, അരിപ്പൊടിയില്‍ പുതഞ്ഞതുമായ കഷ്ണങ്ങള്‍ കൂടെ കാണാം )
ഇനി എണ്ണ നന്നായി ചൂടായി വരുമ്പോള്‍ മുരിങ്ങയ്ക്ക കഷ്ണങ്ങള്‍ ഓരോന്നായി എണ്ണയിലേക്ക് ഇടാം. എണ്ണയിലിട്ട ഉടനെ തവി വെച്ച് ഇളക്കാതിരിക്കുക..
രണ്ടോ മൂന്നോ മിനിറ്റുകള്‍ക്ക് ശേഷം മാത്രം ഇതിനെ എണ്ണയില്‍ മറിച്ചിടുക. ശേഷം തീ കുറച്ചു നന്നായി മൊരിഞ്ഞു വരും വരെ പാകം ചെയ്യുക.
ചൂടോടെ ചോറിനൊപ്പം വിളമ്പാവുന്ന വിഭവമാണിത്.

(ശ്രദ്ധിക്കുക :ഒരിക്കലും ഇത്തരം ഫ്രൈക്കുള്ള അരിപ്പൊടിയായി പുട്ട് പൊടി എടുക്കാതിരിക്കുക. ഒട്ടുമേ തരി ഇല്ലാത്ത നല്ല സ്മൂത്ത് ആയ ഇടിയപ്പം പൊടിയോ മറ്റോ തന്നെ എടുക്കുക)