എൽ.ഡി.എഫ്.-യുഡി.എഫ്. അവിശുദ്ധ കൂട്ടുകെട്ടെന്ന് ബി.ജെ.പി.

To advertise here,

പൂച്ചാക്കൽ : ചേന്നംപള്ളിപ്പുറം പഞ്ചായത്ത് ഭരണം ബി.ജെ.പി.യിൽനിന്ന് തിരിച്ചുപിടിച്ചതിൽ കോൺഗ്രസ് കേന്ദ്രങ്ങളിൽ ആഹ്ലാദം. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും വൈസ് പ്രസിഡന്റ് സ്ഥാനവും കോൺഗ്രസിനാണ് ലഭിച്ചത്.

കോൺഗ്രസ് ഒറ്റപ്പുന്ന ഭാഗത്ത് ആഹ്ലാദ പ്രകടനം നടത്തി. ഡി.സി.സി. സെക്രട്ടറി ടി.കെ. പ്രതുലചന്ദ്രൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.ടി. രാധാകൃഷ്ണൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ജഗദീഷ് ഡി.മാന്താനത്ത്, ടോമി ഉലഹന്നാൻ, അപ്പുക്കുട്ടൻനായർ, നൈസി ബെന്നി, ഷീലാ രഘുവരൻ, ബെന്നി കണ്ണാന്തറ, എസ്. ജ്യോതിശ്രീ, അഗസ്റ്റിൻ കൊച്ചുവെളി, പി.എൻ. ബിജു തുടങ്ങിയവർ നേതൃത്വം നൽകി.

തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫും യു.ഡി.എഫും അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയതായി ബി.ജെ.പി. ഭാരവാഹികൾ ആരോപിച്ചു. ബി.ജെ.പി. ഭരണത്ത അവിശ്വാസപ്രമേയം വഴി പുറത്താക്കിയതും ഇതേ കൂട്ടുകെട്ടാണെന്ന് മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റും ബി.ജെ.പി. നേതാവുമായ ദിനേശ് കുമാർ ആരോപിച്ചു.

വിപ്പ് ലംഘിച്ച് കോൺഗ്രസിന് വോട്ടുചെയ്ത രണ്ട് സി.പി.എം. അംഗങ്ങൾക്കെതിരേ നടപടിയെടുക്കുമെന്ന് സി.പി.എം. നേതൃത്വം പറയുന്നു. അഞ്ച് അംഗങ്ങളുള്ള സി.പി.എം. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കു സ്ഥാനാർഥികളെ മത്സരിപ്പിക്കാനാണ് തീരുമാനിച്ചിരുന്നത്.

ഒരു മുന്നണിയെയും പിന്തുണക്കേണ്ടെന്നായിരുന്നു സി.പി.എം. അംഗീകരിച്ച നയവും തീരുമാനവുമെന്ന്‌ ഏരിയ സെക്രട്ടറി ബി. വിനോദ് അറിയിച്ചു.

അതേസമയം കോൺഗ്രസിനു പരസ്യവോട്ട് ചെയ്ത സി.പി.എം. അംഗങ്ങൾ നിലപാട് വ്യക്തമാക്കിയിട്ടില്ല.