ഡിപ്പോയിലെ 46 ബസുകൾ ഉൾപ്പെടെ 116 ബസുകൾക്ക് പാർക്കിങ് വേണം

To advertise here,

ചെങ്ങന്നൂർ : ചെങ്ങന്നൂരിൽനിന്നുള്ള കെ.എസ്.ആർ.ടി.സി.യുടെ ശബരിമല സർവീസിന് 70 ബസുകളെത്തും. ഒക്ടോബർ രണ്ടാംവാരം നടക്കുന്ന കെ.എസ്.ആർ.ടി.സി. അവലോകന യോഗത്തിൽ ബസ് സർവീസ് സംബന്ധിച്ച് അന്തിമരൂപമാകും. പുതിയ ബസ് സ്റ്റാൻഡ് നിർമാണം തുടങ്ങിയതിനാൽ ബസുകൾ എവിടെ പാർക്കുചെയ്യുമെന്നതിനെ സംബന്ധിച്ച് രൂപമായിട്ടില്ല. ഡിപ്പോയിലെ 46 ബസുകൾക്കുൾപ്പെടെ 116 ബസുകൾക്കാണ് പാർക്കിങ് സൗകര്യമൊരുക്കേണ്ടത്.

സ്വകാര്യ കമ്പനിയുടെ മൊബൈൽ ടവർ, ഇന്ധന പമ്പ് എന്നിവ മാറ്റിയതോടെ ബസ് സ്റ്റാൻഡ് നിർമാണം അടുത്തയാഴ്ച മുതൽ പൂർണതോതിൽ തുടങ്ങും. ഇതിനായി സ്റ്റാൻഡ് മറച്ചുകെട്ടുന്ന ജോലികൾ നടന്നുവരുകയാണ്. നിർമാണം തുടങ്ങിയാൽ ബസുകളൊന്നും പ്രവേശിപ്പിക്കില്ല. നിലവിൽ കോട്ടയം ഭാഗത്തേക്കുള്ള ബസുകൾ സ്റ്റാൻഡിൽ പ്രവേശിക്കാതെ റോഡിൽ നിർത്തിയാണ് ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത്. നിർമാണം പൂർണതോതിൽ തുടങ്ങുന്നതോടെ ബസുകളുടെ പാർക്കിങ് പ്രതിസന്ധിയാകും. ശബരിമല സർവീസിനുള്ള ബസുകൾകൂടി എത്തുമ്പോൾ പാർക്കിങ്ങിന് സുരക്ഷിത സ്ഥലം കണ്ടെത്തണം.

എം.സി. റോഡരികിൽ ബസുകൾ നിർത്തിയിടുന്നത് സുരക്ഷിതമല്ലെന്നാണ് കെ.എസ്.ആർ.ടി.സി. ജീവനക്കാർ പറയുന്നത്. രാത്രിയിൽ ചരക്കുലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ സഞ്ചരിക്കുന്നതും അവർ ചൂണ്ടിക്കാട്ടുന്നു. അതേസമയം കല്ലിശ്ശേരി പഴയ പാലത്തോടുചേർന്ന് ബസുകൾക്ക് പാർക്കിങ് ഏർപ്പെടുത്തുന്നത് പരിഗണനയിലാണ്. എന്നാൽ, ഈ സ്ഥലം മതിയാകില്ല. സ്വകാര്യ സ്ഥലങ്ങൾ പാർക്കിങ്ങിനു കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.