നഗരസഭാധ്യക്ഷയെ അധിക്ഷേപിക്കാൻ അയാൾ ആരാണെന്ന് ഡി.സി.സി. പ്രസിഡന്റ്
ആലപ്പുഴ : ആലപ്പുഴ നഗരസഭാധ്യക്ഷ മോളി ജേക്കബ്ബിനെ പൂതനയെന്നു വിളിച്ച് അധിക്ഷേപിച്ച വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സരയെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് സമരം. ആലപ്പുഴ നോർത്ത്-സൗത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലാണു സമരം നടത്തിയത്.
ഡി.സി.സി. പ്രസിഡന്റ് ബി. ബാബുപ്രസാദ് ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ല കമ്മിറ്റി അടിമമനോഭവം വെടിഞ്ഞ് സംസ്ഥാന പ്രസിഡന്റ് രാജു അപ്സരയെ തിരുത്താൻ തയ്യാറാകണമെന്ന് ഉദ്ഘാടനപ്രസംഗത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.നഗരസഭാധ്യക്ഷയെ അധിക്ഷേപിച്ചിട്ട് ഉറച്ചുനിൽക്കുന്നുവെന്നാണ് അയാൾ പറഞ്ഞത്. അങ്ങനെചെയ്യാൻ അയാൾ ആരാണ്? ഒരു സംഘടനയുടെ പ്രസിഡന്റു മാത്രമാണ് രാജു അപ്സര. തിരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധിയെ അവഹേളിക്കാൻ രാജു അപ്സരയ്‌ക്ക് അവകാശമില്ല. എന്നാൽ, ഒരു ജനപ്രതിനിധിയെ അവഹേളിച്ചതു തള്ളിപ്പറയാൻ സംഘടനപോലും തയ്യാറായില്ല. അവർ അടിമക്കൂട്ടങ്ങളെപ്പോലെ പ്രസിഡന്റിനെ പിന്തുണയ്ക്കാനാണു ശ്രമിച്ചത്. വ്യാപാരികളിൽ ഒരാളെങ്കിലും രാജു അപ്സരയെ തിരുത്താൻ തയ്യാറാകണമായിരുന്നു. പ്രതിപക്ഷ രാഷ്ട്രീയപാർട്ടികളുടെ കെണിയിൽ വീണ് രാഷ്ട്രീയപ്രവേശനത്തിനുള്ള അവസരമായാണു രാജു അപ്സര കാണുന്നത്. നഗരസഭാധ്യക്ഷ മോളി ജേക്കബ്ബിനെ കണ്ടു മാപ്പുപറഞ്ഞില്ലെങ്കിൽ അതിശക്തമായ സമരം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
കെ.പി.സി.സി. വൈസ് പ്രസിഡന്റ് എ.എ. ഷുക്കൂർ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി. ജനറൽ സെക്രട്ടറി ജി. സഞ്ജീവ് ഭട്ട് അധ്യക്ഷനായി. നോർത്ത് ബ്ലോക്ക് പ്രസിഡന്റ് കെ.എ. സാബു, ഡി.സി.സി. വൈസ് പ്രസിഡന്റ് പി.ജെ. മാത്യു, ഡി.സി.സി. ജനറൽ സെക്രട്ടറി സിറിയക് ജേക്കബ്, എം.എസ്. സർജു, സി.വി. മനോജ്‌കുമാർ, ആർ.ആർ. ജോഷിരാജ്, എം. രവീന്ദ്രദാസ് തുടങ്ങിയവർ സംസാരിച്ചു.
'സമരം വ്യാപാരികളെ അവഗണിക്കാൻ'
:സമരം വ്യാപാരികളെ അവഗണിക്കാനും ആവശ്യങ്ങൾ നിരാകരിക്കാനുമാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ല ജനറൽ സെക്രട്ടറി വർഗീസ് വല്യാക്കൽ പറഞ്ഞു. ഒരു വാക്കിന്റെ പേരുപറഞ്ഞുള്ള ഇത്തരം പ്രതിഷേധസമരം വിഷയത്തിൽനിന്ന് ഒളിച്ചോടാനാണ്.
എന്തു വന്നാലും മുല്ലയ്ക്കൽ-കൈചൂണ്ടി റോഡിൽ വഴിയോരക്കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്ന തീരുമാനം പിൻവലിക്കുന്നതുവരെ സംഘടന സമരത്തിൽനിന്നു പിന്തിരിയില്ല. രാജു അപ്സരയുടെ പിന്നിൽ സംഘടന പാറപോലെ ഉറച്ചുനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
Published: 24 Sept 2026, 02:51 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented