കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ യാത്രാദുരിതം

To advertise here,

കോലഞ്ചേരി : നവീകരണം അവസാനിക്കാതെ കൊച്ചി-ധനുഷ്‌കോടി ദേശീയപാത. നവീകരണ പ്രവർത്തനം തുടങ്ങി മൂന്നുവർഷം കഴിഞ്ഞിട്ടും പണി തീർന്നിട്ടില്ല. റോഡിന്റെ പലഭാഗത്തും അപകടക്കുഴികളും നിർമാണത്തിലെ അപാകങ്ങളും മൂലം വലയുന്നത് യാത്രക്കാരാണ്.

കോലഞ്ചേരി ബ്ലോക്ക് ജങ്ഷനു സമീപം വളവിൽ പൈപ്പ് പൊട്ടി റോഡ് പൊളിഞ്ഞിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും റോഡിന്റെ അറ്റകുറ്റപ്പണി നടത്താത്തതുമൂലം ഇവിടെ അപകടങ്ങൾ പതിവാണ്. 400 മീറ്റർ മാത്രമാണ് ഇവിടെ ടാറിങ് പൂർത്തിയാകാതെ അപകടമുണ്ടാക്കുന്നത്. പുതുപ്പനത്ത് അപകടക്കുഴിയിൽ വീണ് കോലഞ്ചേരിയിലെ വസ്ത്രവ്യാപാരി കെന്നഡി (59) ക്ക് ഗുരുതര പരിക്കേറ്റു. പത്താംമൈലിൽ ദിവസവും ചെറിയ അപകടങ്ങൾ നടക്കുന്നുണ്ട്.

വടയമ്പാടി ഭഗവതീ ക്ഷേത്രത്തിനു മുൻപിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി വലിയ കുഴിയുണ്ടായത് വെറുതേ മണ്ണിട്ടുനികത്തി അപകട സൂചനക്കുറ്റികൾ വെച്ച് ഒന്നര വർഷം കഴിഞ്ഞിട്ടും റോഡ് പുനർനിർമാണത്തിന് നടപടിയായില്ല. ഇവിടെ റോഡ് ഉയർന്നും താണും ടാറിങ് പൊളിഞ്ഞുനിൽക്കുന്നതാണ് വാഹനങ്ങളുടെ നിയന്ത്രണം നഷ്ടമായി അപകടത്തിൽപ്പെടാൻ കാരണം. ഇവിടെ ആംബുലൻസ് തലകീഴായി മറിഞ്ഞിട്ടുണ്ട്. ദേശീയപാതയിൽ ഇത്രയുംകാലം ജനങ്ങളെ വലച്ച നവീകരണ പ്രവർത്തനം നടന്നിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. വാട്ടർ അതോറിറ്റിയുടെ വലിയ കുടിവെള്ള പൈപ്പ് പൊട്ടുന്നതാണ് ദേശീയപാതാ നവീകരണം വൈകാൻ കാരണമെന്നാണ് ദേശീയപാതാ അധികൃതർ പറയുന്നത്. കാലഹരണപ്പെട്ട പൈപ്പുകൾ മാറ്റി പുതിയത് സ്ഥാപിക്കുവാൻ ഇനി വർഷങ്ങൾ തന്നെ വേണ്ടിവരുമെന്നാണ് വാട്ടർ അതോറിറ്റിയുടെ വിശദീകരണം.

നിലവിൽ പൈപ്പ് മാറ്റി സ്ഥാപിക്കണമെന്നുള്ള അറിയിപ്പ് സംസ്ഥാന സർക്കാരിനു നൽകിയിട്ടുണ്ട്. ചൂണ്ടിയിലും പുത്തൻകുരിശിലും നിലവിലുള്ള സ്ലാബുകൾ മാറ്റി പുതിയത് സ്ഥാപിക്കുമെന്ന ദേശീയപാതാ അതോറിറ്റിയുടെ വാഗ്ദാനവും നടപ്പായില്ലെന്ന് വ്യാപാരികൾ പറഞ്ഞു. മാനാന്തടത്തും പെരുവംമുഴിയിലും റോഡ് വീതികൂട്ടുന്ന പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിട്ടില്ല.

കഴുന്നിലത്തി താഴത്ത് തോടിന് കുറുകേയുള്ള പാലം വീതികൂട്ടുന്നതിന് നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയെങ്കിലും കമ്പികൾ തുരുമ്പെടുത്ത് കാടുകയറി നശിക്കുന്നതല്ലാതെ പണി തീർന്നിട്ടില്ല. ദേശീയപാത പുനർനിർമാണം നടത്തിയ പലയിടത്തും റോഡിൽ വെള്ളക്കെട്ടും വർധിച്ചിട്ടുണ്ട്.