കൂത്താട്ടുകുളം : നവരാത്രിയുടെ ഭാഗമായി ക്ഷേത്രങ്ങളിലാരംഭിച്ച അക്ഷരപൂജയുടെ സമാപന ദിനമായ ബുധനാഴ്ച രാവിലെ ഏഴിന് വിദ്യാരംഭ ചടങ്ങ് ആരംഭിക്കും. പ്രത്യേകം തയ്യാറാക്കിയ സരസ്വതീ മണ്ഡപങ്ങളിൽ കുട്ടികളെ എഴുത്തിനിരുത്തും. കൂത്താട്ടുകുളം ഓണംകുന്ന് ഭഗവതീ ക്ഷേത്രത്തിൽ മേൽശാന്തി ബിജു നാരായണൻ നമ്പൂതിരി കാർമികത്വം വഹിക്കും.
ഇലഞ്ഞിക്കാവ് അന്നപൂർണേശ്വരി-ഭദ്രകാളി ക്ഷേത്രത്തിൽ വിദ്യാരംഭം, മേൽശാന്തി പുത്തില്ലത്ത് മനോജ് വൈക്കത്തിന്റെ മുഖ്യകാർമികത്വത്തിൽ നടക്കും.കുട്ടികളുടെ എഴുത്തിനിരുത്തൽ രാവിലെ ഏഴ് മുതൽ എട്ട് വരെ ആചാര്യൻ ശ്രീകുമാർ ഇലഞ്ഞിയുടെ കാർമികത്വത്തിൽ നടക്കും. കോഴിപ്പിള്ളി ഭഗവതീ ക്ഷേത്രത്തിൽ ഇടമന ഇല്ലത്ത് സുനിൽകുമാർ നമ്പൂതിരി കാർമികത്വം വഹിക്കും. ഡോ. പി.എൻ. ഹരിശർമ എഴുത്തിനിരുത്ത് ചടങ്ങിന് നേതൃത്വം നൽകും. പാലക്കുഴ ഭഗവതീ ക്ഷേത്രം, മണ്ണത്തൂർ തുരുത്തുമുറ്റത്ത് ഭഗവതീ ക്ഷേത്രം, ഒലിയപ്പുറം ഭഗവതീ ക്ഷേത്രം, തിരുമാറാടി എടപ്രക്കാവ്, കാക്കൂർ ആമ്പശ്ശേരിക്കാവ്, പെരുമ്പടവം ഭഗവതീ ക്ഷേത്രം, മുത്തലപുരം ക്ഷേത്രം എന്നിവിടങ്ങളിൽ വിദ്യാരംഭ ചടങ്ങുകൾ നടക്കും.
പിറവം : കുഞ്ഞുങ്ങൾക്ക് അറിവിന്റെ ആദ്യക്ഷരം കുറിക്കുന്ന വിദ്യാരംഭ ചടങ്ങുകൾക്ക് ക്ഷേത്രങ്ങളൊരുങ്ങി. വിജയദശമി വിദ്യാരംഭ ചടങ്ങുകൾക്ക് മുന്നോടിയായി ക്ഷേത്രങ്ങളിൽ ഞായറാഴ്ച വൈകീട്ട് പൂജ വെച്ചു. തിങ്കളാഴ്ചയും ദുർഗാഷ്ടമിയായിരുന്നു. ചൊവ്വാഴ്ചയാണ് മഹാനവമി. പൂജ വെച്ച കേന്ദ്രങ്ങളിൽ വിശേഷാൽ പൂജകളും വിവിധ കലാ പരിപാടികളുമുണ്ട്. ബുധനാഴ്ച രാവിലെ സരസ്വതീ പൂജയെ തുടർന്ന് പൂജയെടുപ്പും വിദ്യാരംഭവും നടക്കും. ആചാര്യന്മാർ കുരുന്നുകളുടെ നാവിൽ സ്വർണം കൊണ്ട് 'ഹരിശ്രീ ' കുറിക്കും. തുടർന്ന് അരിയിൽ അക്ഷരമെഴുതിക്കും. പിറവം പാഴൂർ പെരുംതൃക്കോവിൽ ക്ഷേത്രത്തിൽ മേൽശാന്തി മനോജ് നമ്പൂതിരി ആചാര്യനാകും. പിറവം പള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിൽ ഭാഗവതാചാര്യൻ പെരുമ്പിള്ളി ഗണേശൻ നമ്പൂതിരി കുട്ടികളെ ആദ്യക്ഷരമെഴുതിക്കും.
പിറവം കളമ്പൂക്കാവ് ദേവീ ക്ഷേത്രത്തിൽ റിട്ട. പ്രധാനാധ്യാപകൻ എൻ.സി. ശ്രീകുമാർ, സി.പി. ഗോപിനാഥൻ എന്നിവർ കുട്ടികളെ എഴുത്തിനിരുത്തും. ഓണക്കൂർ ദേവീ ക്ഷേത്രത്തിൽ ബാല സാഹിത്യകാരൻ ഹരീഷ് ആർ. നമ്പൂതിരിപ്പാട് കുട്ടികളെ എഴുത്തിനിരുത്തും. നെച്ചൂർ മടക്കിൽക്കാവിൽ ബുധനാഴ്ച രാവിലെ സരസ്വതീ പൂജയെ തുടർന്ന് ക്ഷേത്രംതന്ത്രി പുലിയന്നൂർ രവി നമ്പൂതിരിപ്പാട് കുട്ടികളെ എഴുത്തിനിരുത്തും. രാമമംഗലം പെരുംതൃക്കോവിൽ ക്ഷേത്രം, ഊരമന ക്ഷേത്രം, ഊരമന വള്ളൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, രാമമംഗലം കുഴിപ്പള്ളിക്കാവ് ഭഗവതി ക്ഷേത്രം, കിഴുമുറി പാടത്ത് കാവ് ഭഗവതി ക്ഷേത്രം, മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം, വെളിയനാട് വേഴത്തുമ്യാൽ ഭഗവതി ക്ഷേത്രം, പാഴൂർ കാരൂർക്കാവ് ദേവീ ക്ഷേത്രം തുടങ്ങി ഓട്ടേറെ ക്ഷേത്രങ്ങളിൽ കുട്ടികൾക്ക് അറിവിന്റെ ആദ്യക്ഷരം കുറിക്കാൻ വിപുലമായ സൗകര്യങ്ങളുണ്ട്.
നവരാത്രിയാഘോഷങ്ങളുടെ ഭാഗമായി രാമമംഗലം പെരുംതൃക്കോവിൽ ക്ഷേത്രത്തിൽ നടക്കുന്ന ദശാവതാരം ചന്ദനം ചാർത്തൽ മഹാനവമിയായി ചൊവ്വാഴ്ച ഭഗവാന്റെ വിശ്വരൂപ ദർശനത്തോടെ സമാപിക്കും.
ക്ഷേത്രത്തിൽ തിങ്കളാഴ്ച വൈകീട്ട് ആർ.എൽ.വി. നിധീഷിന്റെ നേതൃത്വത്തിൽ പഞ്ചാരിമേളം നടന്നു. നിധീഷിന്റെ ശിഷ്യരായ കുരുന്നുകളടക്കം പതിന്നാല് പേർ ചെണ്ടയിൽ കൊട്ടിക്കയറി.
വിജയ ദശമിയായ ബുധനാഴ്ച രാവിലെ സരസ്വതീ പൂജയെ തുടർന്ന് റിട്ട. സംസ്കൃതാധ്യാപിക ഉള്ളപ്പള്ളിൽ ആനന്ദവല്ലിയമ്മ കുട്ടികളെ എഴുത്തിനിരുത്തും.
Published: 20 Oct 2026, 02:38 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented