കാസർകോട് : നഗരമധ്യത്തിലെ 'ആത്മഹത്യാമുനമ്പെന്നു' ദുഷ്കീർത്തികേട്ട ചന്ദ്രഗിരിപ്പാലത്തിന്റെ കൈവരികൾക്ക് സംരക്ഷണമൊരുക്കാൻ ഇരുമ്പുവേലി ഒരുങ്ങുന്നു. കാഞ്ഞങ്ങാട്-കാസർകോട് സംസ്ഥാനപാതയിലെ ചന്ദ്രഗിരിപ്പാലത്തിലെ കൈവരിയിലാണ് സംരക്ഷണ ഇരുമ്പുവേലി സ്ഥാപിക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നത്. കാസർകോട് നഗരസഭയുടെ നേതൃത്വത്തിലാണ് പ്രവൃത്തി ആരംഭിച്ചത്. ആദ്യഘട്ടത്തിൽ പാലത്തിന്റെ ഒരുഭാഗത്താണ് സംരക്ഷണവേലി നിർമിക്കുന്നത്. നഗരസഭാ മുൻ ഭരണസമിതി സംരക്ഷണഭിത്തി നിർമിക്കാൻ ഫണ്ട് നീക്കിവെച്ചിരുന്നു. ഭരണസമിതി കാലാവധി കഴിഞ്ഞിട്ടും വേലിനിർമാണം നീണ്ടുപോകുകയായിരുന്നു. എട്ടുലക്ഷം രൂപ വകയിരുത്തിയിരുന്നു. മറുഭാഗത്തുള്ള പ്രവൃത്തി തുടങ്ങണമെങ്കിൽ പുതിയ ഭരണസമിതി യോഗം തീരുമാനിച്ച് തുക വകയിരുത്തിയശേഷം മാത്രമേ സാധിക്കൂവെന്നാണ് നഗരസഭാ അധികൃതർ അറിയിക്കുന്നത്.

To advertise here,

ചന്ദ്രഗിരിപ്പാലത്തിൽനിന്ന് മൂന്നുവർഷത്തിനിടെ ഒട്ടേറെപ്പേർ പുഴയിൽചാടി ആത്മഹത്യ ചെയ്തിരുന്നു. ഇതോടെയാണ്‌ വേലി കെട്ടാനുള്ള തീരുമാനത്തിലേക്ക്‌ എത്തിയത്‌. പാലത്തിന് മുകളിൽനിന്ന് ആത്മഹത്യ ചെയ്തവരുടെ എണ്ണം വർധിച്ചത് ഏറെ ചർച്ചയായിരുന്നു. നാട്ടുകാരും സന്നദ്ധസംഘടനകളും പ്രതിഷേധിക്കുകയും പാലത്തിന്റെ കൈവരിയിൽ സംരക്ഷണവേലി സ്ഥാപിക്കണമെന്ന് നിരന്തരം ആവശ്യപ്പെടുകയും ചെയ്തിരുന്നു.

അറവുമാലിന്യവും കടകളിലെയും വീട്ടിൽ നടക്കുന്ന സത്കാരച്ചടങ്ങുകളുടെയും ഭക്ഷണാവശിഷ്ടങ്ങളും മറ്റു മാലിന്യവും രാത്രിയിൽ വാഹനങ്ങളിൽ എത്തി പുഴയിലേക്ക് വലിച്ചെറിയുകയും ചെയ്യുന്നത്‌ പതിവാണ്‌. നഗരസഭയുടെ അധീനതയിലുള്ള സ്ഥലത്താണ് പാലം സ്ഥിതിചെയ്യുന്നത്. പാലം കഴിഞ്ഞാൽ ചെമ്മനാട് പഞ്ചായത്താണ്.

നുഴഞ്ഞുകയറ്റം സാധ്യം

മാലിന്യം വലിച്ചെറിയുന്നതും പുഴയിൽ ചാടി ആത്മഹത്യചെയ്യുന്നതും തടയാനാണ് കമ്പിവേലി സ്ഥാപിച്ചതെന്നു പറയുമ്പോഴും ഇതിന് തുനിഞ്ഞിറങ്ങുന്നവരെ തടയാൻ സാധിക്കുന്ന വിധമല്ല, നിലവിലെ വേലിയെന്ന്‌ ആക്ഷേപമുണ്ട്. സ്ഥാപിച്ച കമ്പിവേലിക്കും പാലത്തിന്റെ കൈവരിക്കുമിടയിൽ ഒരാൾക്ക് എളുപ്പത്തിൽ നുഴഞ്ഞുകയറാൻ സാധിക്കുന്ന വിടവുണ്ട്. ഇതിലൂടെ കടന്ന് പുഴയിലേക്ക് ചാടാനും മാലിന്യം വലിച്ചെറിയാനും സാധിക്കുമെന്നാണ് ആക്ഷേപം. രണ്ടടിയാണ് ഇവിടെയുള്ള വിടവ്. ഇങ്ങനെ വേലിസ്ഥാപിച്ചാൽ അത് ഫണ്ട് ചെലവഴിക്കൽ മാത്രമായൊതുങ്ങുമെന്നും വേലികൊണ്ട് ഉപകാരമൊന്നും ഇല്ലാതെയാകുമെന്നുമാണ് ഉയരുന്ന ആക്ഷേപം.