ഉദിനൂർ : നിർദിഷ്ട ഉദിനൂർ റെയിൽവേ മേൽപ്പാലത്തിന്റെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട്‌ സാമൂഹിക ആഘാത പഠനത്തിന്റെ ഭാഗമായുള്ള പൊതുവാദം കേൾക്കൽ നടന്നു. പാലം നിർമാണത്തിനായി ഭൂമി, വീടുകൾ എന്നിവ നഷ്ടപ്പെടുന്ന 32 കുടുംബങ്ങളുടെ പ്രതിനിധികൾ പങ്കെടുത്തു. സർക്കാർ പുറമ്പോക്ക് ഭൂമി ഉണ്ടായിട്ടും അവ പരിഗണിക്കാതെ സ്വകാര്യ ഭൂമിയിലൂടെയുള്ള നിർമാണം കാരണമാണ് ഇത്രയധികം പേർക്ക് ഭൂമിയും കിടപ്പാടവും നഷ്ടമാകുന്നതെന്നും പാലത്തിന്റെ അലൈൻമെന്റിൽ ചെറിയ മാറ്റംവരുത്തിയാൽ വലിയതോതിൽ ആഘാതം കുറയ്ക്കാൻ കഴിയുമെന്നും ഭൂമി നഷ്ടപ്പെടുന്നവർ പറഞ്ഞു. ഇരിട്ടി അങ്ങാടിക്കടവ് ഡോൺ ബോസ്കോ ആർട്സ് ആൻഡ് സയൻസ് കോളേജ് അധികൃതർ ഭൂമിയും വീടും നഷ്ടപ്പെടുന്ന പ്രദേശങ്ങൾ സന്ദർശിച്ചും അഭിപ്രായങ്ങൾ ആരാഞ്ഞും തയ്യാറാക്കിയ കരട് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊതുവാദം കേൾക്കൽ സംഘടിപ്പിച്ചത്.

To advertise here,

ഹൊസ്ദുർഗ് തഹസിൽദാർ എം. സ്മിത, കിഫ്ബി ഉദ്യോഗസ്ഥരായ എം. ഗോപാലകൃഷ്ണൻ, എം.വി. ഷാജു, ആർ.ബി.ഡി.സി.കെ. സീനിയർ മാനേജർ കെ. അനീഷ്, ഡെപ്യൂട്ടി തഹസിൽദാർ പി. പദ്മനാഭൻ, ആഘാതപഠനം നടത്തിയ കെ. സെബാസ്റ്റ്യൻ, വില്ലേജ് ഓഫീസർ കെ. ചന്ദ്രൻ, പടന്ന ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.സി. സുബൈദ, വൈസ് പ്രസിഡന്റ് പി.പി. സുധാകരൻ, അംഗങ്ങളായ പി. കൈരളി, ഇ.വി. ചിത്ര എന്നിവർ പങ്കെടുത്തു. കിഫ്ബി പദ്ധതിയിൽ ഉൾപ്പടുത്തി 34 കോടി രൂപ ചെലവിലാണ് പാലം നിർമിക്കുന്നത്. റോഡ്സ് ആൻഡ്‌ ബ്രിഡ്ജസ് ഡിവലപ്മെന്റ് കോർപ്പറേഷൻ കേരള (ആർ.ബി.ഡി.സി.കെ.)യ്ക്കാണ് നിർമാണച്ചുമതല.