നീലേശ്വരം: ആറുമാസത്തോളം നീണ്ട വിശ്രമകാലം കഴിഞ്ഞ് വീണ്ടുമൊരു തെയ്യാട്ടക്കാലത്തിനെ വരവേൽക്കാനൊരുങ്ങി കലാകാരന്മാർ. തെയ്യച്ചമയങ്ങളൊരുക്കിയും പുതുക്കിയും കളിയാട്ടക്കാലത്തിനു തയ്യാറെടുക്കുകയാണിവർ. വറുതിക്കാലമെന്ന് വിശേഷിപ്പിക്കുന്ന വിശ്രമകാലത്തും തെയ്യക്കോപ്പുകളുടെ പരിപാലനവും പുതുക്കലുമാണ് ഇവരുടെ തൊഴിൽ. ഒപ്പം നിത്യാനുഷ്ഠാനങ്ങളുടെ പാലനവും. മാറിയ കാലത്ത് ജീവിതോപാധിക്കായി പല തൊഴിലുകളിൽ ഏർപ്പെടുമെങ്കിലും തെയ്യത്തിനായി ജീവിതം സമർപ്പിച്ചവർക്ക് ജോലിക്കൊപ്പം അനുഷ്ഠാനപരമായ കാര്യങ്ങൾക്കും സമയം കണ്ടെത്തേണ്ടി വരുന്നു.

To advertise here,

പുതുമയെത്തി, ഇവിടെയും

പാരമ്പര്യമൊഴിയാതെ തെയ്യക്കോപ്പുകളിലേക്കും ചമയങ്ങളിലേക്കുമെല്ലാം റെഡിമെയ്ഡ് സംസ്‌കാരവും അതത് തെയ്യക്കോലങ്ങൾക്കുള്ള കോപ്പുകളും മറ്റും വാടകയ്ക്ക് നൽകുന്ന സ്ഥാപനങ്ങളുമൊക്കെ പതിയെയെങ്കിലും കളിയാട്ടക്കാലത്തേക്കെത്തിക്കഴിഞ്ഞു. തെയ്യംകലാകാരന്മാർ തന്നെയാണ് ഇവയെല്ലാം നടത്തുന്നതും. മുരിക്കുകൊണ്ടുള്ളതാണ് തെയ്യക്കോലങ്ങൾക്കുള്ള അലങ്കാരങ്ങൾ. ഭഗവതിച്ചമയം, വെള്ളാട്ടച്ചമയം തുടങ്ങി വകഭേദങ്ങളുണ്ടിതിൽ.

വലിയമുടി, മോട്ടം, പക്കപ്പാമ്പ്, നാഗപടം, മഞ്ഞാമ്മലാടി, വെളിമ്പൻ തുടങ്ങിയ വൈവിധ്യമാർന്ന അലങ്കാരങ്ങളാണ് ഓരോ തെയ്യക്കോലത്തിനുമുള്ളത്.

ഓരോ തെയ്യക്കോപ്പും കാലങ്ങളോളം സൂക്ഷിച്ചുവെക്കണം. അതേസമയം തിളക്കമൊട്ടും ചോരാനും പാടില്ല. മെഴുകും ചക്കപ്പശയുമെല്ലാം ഉരുക്കി മെഴുകി തീകാച്ചിയെടുത്താണ് ചൂട്ടുകറ്റവെളിച്ചത്തിൽ തിളക്കമേറി നിൽക്കുന്ന തെയ്യക്കോപ്പുകളോരോന്നും സൂക്ഷിക്കുന്നതെന്ന് തെയ്യംകലാകാരൻ നീലേശ്വരം തൈക്കടപ്പുറം പാലിച്ചോൻ അമ്പലപരിസരത്തെ ബാബു മണക്കാടൻ പറയുന്നു. അജാനൂർ മണലിൽ സ്വദേശിയാണ് ഇദ്ദേഹം. കാഞ്ഞങ്ങാട് ഐ.സി.ഐ.സി.ഐ. ബാങ്കിൽ ജോലി ചെയ്യുന്ന മകൻ കിരൺ ബാബുവും ജോലികളിൽ സഹായിക്കാനായി കൂടെയുണ്ട്.

തെയ്യച്ചമയങ്ങൾക്ക് തിളക്കമേറ്റാനായി ഇപ്പോൾ ടച്ച് വുഡും സ്റ്റെയിനറുമൊക്കെ ഉപയോഗിച്ചുതുടങ്ങിയിട്ടുണ്ട്. നേരത്തേ വട്ടരക്ക്, കോലരക്ക് തുടങ്ങിയ സാധനങ്ങളാണ് ഉപയോഗിച്ചിരുന്നത്. പരമ്പരാഗതമായി ഉപയോഗിച്ചിരുന്ന സാധനങ്ങൾ പലതും ഇപ്പോൾ കിട്ടാനില്ല. ഉള്ളതിനു വലിയ വില കൊടുക്കേണ്ടതായും വരുന്നു.

പ്രതീക്ഷയായി പുതുതലമുറ

മാറ്റങ്ങളുണ്ടെങ്കിലും കളിയാട്ടക്കാവുകളിലെ ഓലപ്പണി, തെയ്യങ്ങളുടെ മുഖപ്പാളയൊരുക്കുന്ന പാളപ്പണി, മുഖച്ചമയങ്ങൾ, വാദ്യം, തോറ്റം എന്നിവയെല്ലാം ഇപ്പോഴും പഴയരീതിയിൽ തന്നെ തുടരുകയാണ്. ചായില്യം, മനയോല എന്നിവ വാങ്ങാൻ കിട്ടുമെങ്കിലും ഇവ ഉപയോഗിക്കണമെങ്കിൽ കൃത്യമായ കൂട്ടും കണക്കുമറിയണം.

ഇതിലേക്ക് പുതുതലമുറ ആകൃഷ്ടരായി എത്തുന്നതുമാത്രമാണ് ഏക ആശ്വാസമെന്നും ബാബു മണക്കാടൻ പറയുന്നു. പൂർണസമർപ്പണത്തിനൊപ്പം കളിയാട്ടക്കാലങ്ങളിൽ പലപ്പോഴും ഉറക്കംപോലുമില്ലാതെ തുടർച്ചയായി കളിയാട്ടങ്ങളുണ്ടാകുമെന്നതുമെല്ലാം വലിയ പരിശീലനം വേണ്ട കാര്യങ്ങളാണ്.

അധ്വാനമെത്രയേറിയാലും പടിവാതിൽക്കലെത്തിയ മറ്റൊരു കളിയാട്ടക്കാലത്തെയും വിശ്വാസതീക്ഷ്ണതയോടെ വരവേൽക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് തെയ്യംകലാകാരന്മാർ.