ചരക്കുനീക്കത്തിനു കരുത്തേകും
അങ്കമാലി: ചരക്കുഗതാഗത ശൃംഖല ശക്തിപ്പെടുത്തുന്നതിനും റെയിൽവേ വഴിയുള്ള ചരക്കുനീക്കം വർധിപ്പിക്കുന്നതിനുമായി അങ്കമാലി, കറുകുറ്റി റെയിൽവേ സ്റ്റേഷനുകളിൽ ലജിസ്റ്റിക്സ് കേന്ദ്രങ്ങൾ വരുന്നു. റെയിൽവേയുടെ അധികഭൂമി പ്രയോജനപ്പെടുത്തി സ്വകാര്യ സംരംഭകരുടെ പങ്കാളിത്തത്തോടെയാണ് കേന്ദ്രങ്ങൾ വികസിപ്പിക്കുന്നത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തിലെ വളർച്ചയും നിത്യോപയോഗ സാധനങ്ങളുടെ വിതരണ മേഖലയിലെ സാധ്യതകളും കണക്കിലെടുത്താണ് റെയിൽവേയുടെ നീക്കം.
അങ്കമാലി സ്റ്റേഷനിൽ ഏകദേശം 4,400 ചതുരശ്രമീറ്റർ സ്ഥലവും കറുകുറ്റിയിൽ 3,000 ചതുരശ്രമീറ്റർ സ്ഥലവുമാണ് പദ്ധതിക്കായി ലഭ്യമാക്കിയിരിക്കുന്നത്. ഈ സ്ഥലങ്ങൾ ഉപയോഗിക്കുന്നതിനുള്ള ലൈസൻസ് മത്സരാധിഷ്ഠിത ലേലത്തിലൂടെ സ്വകാര്യ സംരംഭകർക്ക് നൽകും. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതും കേന്ദ്രങ്ങൾ പ്രവർത്തിപ്പിക്കുന്നതും സംരംഭകരുടെ ചുമതലയായിരിക്കും.
സംഭരണശാലകൾ മുതൽ കോൾഡ്ചെയിൻ വരെ
ചരക്കുകൾ സൂക്ഷിക്കുന്ന വെയർഹൗസുകൾ, കൂടുതൽ ഉത്പന്നങ്ങൾ സംഭരിക്കാനുള്ള സൈലോകൾ, ശീതീകരണ സംവിധാനങ്ങളുള്ള കോൾഡ് ചെയിൻ കേന്ദ്രങ്ങൾ, ഓൺലൈൻ വ്യാപാരത്തിനുള്ള മൈക്രോ ഫുൾഫിൽമെന്റ് കേന്ദ്രങ്ങൾ, കാർഗോ സ്കാനിങ് സംവിധാനങ്ങൾ തുടങ്ങിയവ സ്ഥാപിക്കാനുള്ള സാധ്യതയാണ് പദ്ധതിയിലുള്ളത്. വ്യാപാര സ്ഥാപനങ്ങൾക്കും ഉത്പാദകർക്കും ചരക്കുകൾ വിപണിയിലെത്തിക്കുന്നതിന് മുൻപ് സുരക്ഷിതമായി സൂക്ഷിക്കാനും ആവശ്യാനുസരണം തരംതിരിച്ച് വിതരണം ചെയ്യാനും ഇത്തരം കേന്ദ്രങ്ങൾ സഹായിക്കും.
വിമാനത്താവളവും റെയിൽവേയും കൈകോർത്തേക്കും
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള അങ്കമാലി, കറുകുറ്റി മേഖലകളിൽ ലജിസ്റ്റിക്സ് സൗകര്യങ്ങൾ വികസിപ്പിക്കുന്നത് പ്രാദേശിക ചരക്കുഗതാഗതത്തിന് കൂടുതൽ കരുത്ത് പകരും. വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തിൽ, പ്രത്യേകിച്ച് അതിവേഗം വിറ്റഴിയുന്ന നിത്യോപയോഗ സാധനങ്ങളുടെ (എഫ്.എം.സി.ജി.) വിഭാഗത്തിൽ വളർച്ചയുണ്ടാകുന്ന സാഹചര്യത്തിൽ റെയിൽവേയ്ക്കും ഈ മേഖലയിലെ സാധ്യതകൾ പ്രയോജനപ്പെടുത്താനാകും. ചരക്കുകളുടെ സംഭരണം, കൈകാര്യം ചെയ്യൽ, വിതരണം എന്നിവ ഒരേ ശൃംഖലയിൽ ഏകോപിപ്പിക്കാൻ കഴിയുന്നത് വ്യാപാരികൾക്കും ഉത്പാദകർക്കും ഗുണകരമാകും. ദീർഘദൂര ചരക്കുനീക്കത്തിൽ റോഡിനെ മാത്രം ആശ്രയിക്കേണ്ട സാഹചര്യം കുറയ്ക്കാനും റെയിൽ ഗതാഗതത്തെ കൂടുതൽ പ്രയോജനപ്പെടുത്താനും കഴിയും. റെയിൽവേ ചരക്കുനീക്കം വർധിച്ചാൽ ചരക്ക് കൈകാര്യം ചെയ്യൽ, സംഭരണം, പാക്കിങ്, വിതരണം തുടങ്ങിയ അനുബന്ധ മേഖലകളിൽ തൊഴിലവസരങ്ങൾ രൂപപ്പെടാനും സാധ്യതയുണ്ട്.
25 വർഷത്തെ പ്രാരംഭ കരാർ
റെയിൽവേയുടെ ഭൂമി ഉപയോഗിക്കുന്നതിനുള്ള അവകാശം നയപ്രകാരം തുറന്ന മത്സരാധിഷ്ഠിത ലേലത്തിലൂടെയാണ് നൽകുന്നത്. വാർഷിക ലൈസൻസ് ഫീസ് മുൻകൂറായി അടയ്ക്കണം. പ്രാരംഭ കരാർ കാലാവധി 25 വർഷമാണ്. കരാർ കാലാവധി അവസാനിക്കുമ്പോൾ വീണ്ടും ടെൻഡർ നടത്തും. ഗതിശക്തി കാർഗോ ടെർമിനലുകൾക്കായി നീക്കിവെച്ചിട്ടുള്ള ഭൂമി ഈ പദ്ധതിയിൽ ഉൾപ്പെടില്ല.
Published: 20 Oct 2026, 02:39 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented